Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

കെ ആർ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കേരളം; വിപ്ലവ നായികയ്ക്ക് തലസ്ഥാനത്തിന്റെ വിട; ജന്മനാട്ടിലേക്ക് അന്ത്യയാത്ര ചെങ്കൊടി പുതച്ച്; മരണത്തിലും അണയാത്ത പ്രണയം; ഗൗരിയമ്മയുടെ അന്ത്യവിശ്രമം ടിവി തോമസിനരികെ; ചിതയൊരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികളുടെ സ്മൃതി കുടീരമടങ്ങുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ

കെ ആർ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കേരളം; വിപ്ലവ നായികയ്ക്ക് തലസ്ഥാനത്തിന്റെ വിട; ജന്മനാട്ടിലേക്ക് അന്ത്യയാത്ര ചെങ്കൊടി പുതച്ച്; മരണത്തിലും അണയാത്ത പ്രണയം; ഗൗരിയമ്മയുടെ അന്ത്യവിശ്രമം ടിവി തോമസിനരികെ; ചിതയൊരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികളുടെ സ്മൃതി കുടീരമടങ്ങുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ അര നൂറ്റാണ്ടു കാലത്തോളം സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലടക്കം ജ്വലിക്കുന്ന പെൺകരുത്തായി നിറഞ്ഞു നിന്ന കെ ആർ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാടും നഗരവും. 16 വർഷത്തോളം ഭരണാധികാരിയായും 46 വർഷം നീണ്ട സാമാജിക ജീവിതത്തിലും ഏറെ സമയവും ചെലവിട്ട തിരുവനന്തപുരത്തു നി്ന്നും ജന്മനാട്ടിലേക്കുള്ള അന്ത്യയാത്രയ്ക്ക് മുന്നെ ധീരവനിതയുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചാണ് തലസ്ഥാന നഗരി വിടചൊല്ലിയത്.

രാഷ്ട്രീയ ജീവിതത്തിന്റെ മുക്കാൽ പങ്കും ഉയർത്തിപ്പിടിച്ച അതേ കൊടി. അതിൽ അരിവാളും ചുറ്റികയും ആലേഖനം ചെയ്തിരുന്നു. വിപ്ലവനായിക ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ പിന്നീടേറ്റുപിടിച്ച എം എ ബേബിയും എ വിജയരാഘവനുമാണ് ഇതിഹാസമായി മാറിയ ഗൗരിയമ്മയുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചത്. മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ അന്ത്യാഭിവാദ്യം നൽകി.

അന്ത്യാഞ്ജലി അർപ്പിച്ച നേതാക്കളിൽ ആ നിമിഷം സ്മരണകൾ ഇരമ്പി. ജ്വലിക്കുന്ന ഓർമ്മകൾ ഇനി കാലത്തിനും ചരിത്രത്തിനും ഒപ്പം സാക്ഷി.

ഗൗരിയമ്മയുടെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് അരൂരിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനായി അരൂരിലേക്ക് കൊണ്ടു പോയത്.

സ്വകാര്യ ആശുപത്രിയിൽ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോൾ കെ. ആർ ഗൗരിയമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ പേരാണ് എത്തിയത്. അയ്യങ്കാളി ഹാൾ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങൾ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. പൊലീസ് പാസ്സുള്ളവർക്ക് മാത്രമാണ് അന്തിമോപചാരം അർപ്പിക്കാൻ അനുവദമുണ്ടായിരുന്നത്. ഒരു പക്ഷെ കോവിഡ് കാലമല്ലായിരുന്നെങ്കിൽ ലക്ഷങ്ങൾ പങ്കെടുക്കേണ്ടിയിരുന്ന യാത്രയയപ്പ്.

കർശന കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളിൽ പൊതുദർശന സൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങീ പ്രമുഖർ അയ്യങ്കാളി ഹാളിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. എ വിജയരാഘവനും എംഎ ബേബിയും ചേർന്ന് ഗൗരിയമ്മയുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചു.

പുന്നപ്ര വയലാർ രക്തസാക്ഷികളുടെ സ്മൃതി കുടീരമടങ്ങുന്ന സ്ഥലമാണ് ആലപ്പുഴയിലെ വലിയ ചുടുകാട്. അവിടെ തന്നെയാണ് ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം ഒരുങ്ങുന്നത്. ഗൗരിയമ്മയുടെ ജീവിതസഖാവ് ടി.വി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന് സമീപത്തായാണ് ഗൗരിയമ്മയ്ക്കും ചിതയൊരുക്കുന്നത്.

കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കെആർ ഗൗരിയമ്മ. ഇന്ന് പുലർച്ചെ ഏഴ് മണിയോടെയാണ് അന്തരിച്ചത്.

ഗൗരിയമ്മ യാത്രയാകുമ്പോൾ കേരളം കേൾക്കുന്നത് ഒരു രണഗീതിയുടെ അലയൊലികളാണ്. ചേർത്തല പാണക്കാട് വിയാത്ര കളത്തിപ്പറമ്പിൽ രാമന്റെയും പാർവതിയമ്മയുടെയും മകളായി 1919 മിഥുനത്തിലെ തിരുവോണ നാളിൽ പിറന്ന കെ.ആർ. ഗൗരിയുടെ സംഭവബഹുലമായ ജീവിതം കേരള രാഷ്ട്രീയത്തിന്റെയും കമ്യൂണിസ്റ്റ് ഇടതു പ്രസ്ഥാനങ്ങളുടെയും കൂടി ചരിത്രമാണ്.

കേരളം കണ്ട വനിതാ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കരുത്തയായ ഗൗരിയമ്മ 46 വർഷം എംഎൽഎയും ആറു സർക്കാരുകളിലായി 16 വർഷം മന്ത്രിയുമായിരുന്നു. റവന്യു, എക്‌സൈസ്, വ്യവസായം, ഭക്ഷ്യം, പൊതുവിതരണം, കൃഷി, സാമൂഹികക്ഷേമം, മൃഗസംരക്ഷണം തുടങ്ങി വ്യത്യസ്തമായ വകുപ്പുകൾ കൈകാര്യം ചെയ്ത ഗൗരിയമ്മയ്ക്കാണ് ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത എന്ന റെക്കോർഡ്.

മന്ത്രിയായിരിക്കെ കാർഷിക നിയമം, കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കൽ നിരോധന ബിൽ, പാട്ടം പിരിക്കൽ നിരോധനം, സർക്കാർഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാൻ പാടില്ലെന്ന ഉത്തരവ്, സർക്കാർഭൂമിയിലെ കുടികിടപ്പുകാർക്ക് ഭൂമി കിട്ടാൻ ഇടയാക്കിയ സർക്കാർഭൂമി പതിവു നിയമം തുടങ്ങി തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചു.

വിമോചന സമരത്തെത്തുടർന്ന് ആദ്യ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടുന്നതിനു തലേന്നാണ് ഗൗരിയമ്മയുടെ ശക്തമായ ഇടപെടൽകാരണം കാർഷികബന്ധ നിയമം കേരള നിയമസഭ പാസാക്കിയത്. 1967-69 ലെ മന്ത്രിസഭക്കാലത്ത് ഗൗരിയമ്മ നിയമസഭയിലവതരിപ്പിച്ച കേരള ഭൂപരിഷ്‌കരണ ഭേദഗതി ബില്ല് പാസാക്കിയത് പിന്നീടു വന്ന അച്യുതമേനോൻ മന്ത്രിസഭയാണ്.

പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വർഷങ്ങളിൽ മാത്രമാണു പരാജയമറിഞ്ഞത്.

തുറവൂർ തിരുമല ദേവസ്വം സ്‌കൂളിലും ചേർത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇന്റർമീഡിയറ്റും സെന്റ് തെരേസാസ് കോളജിൽ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജിൽനിന്നു നിയമബിരുദവും നേടി. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേർത്തല കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.

സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരായി ചേർത്തല- അമ്പലപ്പുഴ താലൂക്കുകളിൽ ഉയർന്നുവന്ന പ്രതിഷേധവും പുന്നപ്രവയലാർ സമരവും വെടിവയ്‌പ്പും ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലേക്ക് നയിച്ചു. പി. കൃഷ്ണപിള്ളയിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച ഗൗരിയമ്മ 1948ൽ തിരു- കൊച്ചി നിയമസഭയിലേക്ക് ചേർത്തല താലൂക്കിലെ തുറവൂർ മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.


തുടർന്ന് 1952 ലും 54 ലും തിരുകൊച്ചി നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ൽ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി. മന്ത്രിസഭയിൽ അംഗമായിരുന്ന ടി.വി. തോമസിനെ വിവാഹം ചെയ്തു. 1964-ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പമായിരുന്നു ഗൗരിയമ്മ. സിപിഐയിൽ തുടർന്ന ടി.വി. തോമസുമായി അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതോടെ ഇരുവരും പിരിഞ്ഞു.

1994 ജനുവരി ഒന്നിന് ഗൗരിയമ്മ സിപിഎമ്മിൽനിന്നു പുറത്തായി. തുടർന്നു ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫിലായിരുന്ന അവർ 2016-ൽ യുഡിഎഫുമായി ഇടഞ്ഞു മുന്നണി വിട്ടു. 1957, 67, 80, 87 കാലത്തെ ഇടതുപക്ഷമന്ത്രിസഭകളിലും 2001-2006 കാലത്ത് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.

ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം വിജയത്തിനു ശേഷം നിയമസഭാ കക്ഷി നേതാവായി ഇ.കെ. നായനാരെ തിരഞ്ഞെടുത്തതോടെയാണ് പാർട്ടിയും ഗൗരിയമ്മയും തമ്മിൽ അകലം ഏറിയത്. സംസ്ഥാന കമ്മിറ്റിയിൽനിന്നു ക്ഷോഭിച്ച് ഇറങ്ങിപ്പോയ ഗൗരിയമ്മയെ അനുനയിപ്പിച്ചു വ്യവസായം, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയാക്കി.

പക്ഷേ, ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകൾ നിലനിർത്തിയതിന്റെ പേരിൽ സിഐടിയു വിഭാഗം പിണങ്ങിയതോടെ എക്‌സൈസ് വകുപ്പ് ടി.കെ. രാമകൃഷ്ണനിലേക്കു മാറ്റി. തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങളിലും കല്ലുകടിച്ചു. വിവിധ വ്യവസായ മേഖലകളിൽ സിഐടിയുവിന്റെ താൽപര്യത്തിനു വിരുദ്ധമായി ഗൗരിയമ്മ നടപ്പാക്കിയ പദ്ധതികൾ ജനശ്രദ്ധ പിടിച്ചുപറ്റി. പാർട്ടിക്കുള്ളിൽ നിന്ന് ഏറ്റവുമധികം സമ്മർദ്ദം അനുഭവിച്ച നാളുകളായിരുന്നു അത്. ആ സമ്മർദ്ദങ്ങൾക്കിടയിലും തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് ആയ ടെക്നോപാർക്ക് ഉൾപ്പെടെ കേരളത്തിന്റെ തലവര മാറ്റിയ പല വ്യവസായ സംരംഭങ്ങളും ഗൗരിയമ്മ കൊണ്ടുവന്നു.

മികച്ച നിയമസഭാ സാമാജികയ്ക്കുള്ള ബഹുമതികൾ കിട്ടിയതിനെ തുടർന്നു ചേർത്തലയിൽ മറ്റു പാർട്ടിക്കാർ ഉൾപ്പെടെയുള്ളവർ സംഘടിപ്പിച്ച സ്വീകരണയോഗങ്ങളിൽ ഗൗരിയമ്മ പങ്കെടുത്തത് അച്ചടക്കലംഘനമായി പാർട്ടി കണ്ടു. പാർട്ടി വിവരങ്ങൾ പത്രങ്ങൾക്കു ചോർത്തിക്കൊടുക്കുന്നു എന്നും അവർക്കെതിരെ ആരോപണമുയർന്നു. യുഡിഎഫ് സർക്കാരിന്റെ നിർദേശപ്രകാരം രൂപം നൽകിയ സ്വാശ്രയസമിതിയിൽ ഗൗരിയമ്മ അധ്യക്ഷയായതും പാർട്ടിയെ ചൊടിപ്പിച്ചു.

സ്ഥാനം ഒഴിയാതിരുന്നതോടെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തി. തുടർന്ന് ജില്ലാ കമ്മിറ്റി ഒരുക്കിയ 'കുറ്റപത്രം' സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെ പാർട്ടിയിൽനിന്നു തന്നെ പുറത്തേക്ക്. പുറത്താക്കപ്പെട്ടവർ ചേർന്ന് അന്നു രൂപംനൽകിയ ജനാധിപത്യ സംരക്ഷണ സമിതിയാണു പിൽക്കാലത്തു ജെഎസ്എസ് എന്ന രാഷ്ട്രീയ പാർട്ടിയായത്. ഒടുവിൽ രണ്ടുവർഷങ്ങൾക്കു മുമ്പു 22 വർഷത്തെ ഇടവേളയ്ക്കു ശേഷം ഗൗരിയമ്മ വീണ്ടും എകെജി സെന്ററിലെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP