Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംബിബിഎസിന് പഠിക്കാൻ സീറ്റുറപ്പിച്ച അച്ഛന്റെ അപ്രതീക്ഷിത വിയോഗം ബിസിനസ്സുകാരനാക്കി; വിജയലക്ഷ്മി കാഷ്യൂസ് വമ്പൻ വിജയമായപ്പോൾ സിനിമാ മോഹം തലയിലെത്തി; പണത്തിന് പിറകെ പോകാതെ സമാന്തര സിനിമകളെ നെഞ്ചിലേറ്റി; മലയാളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലെത്തിച്ച നിർമ്മാതാവ്; അച്ചാണി രവി അന്തരിച്ചു

എംബിബിഎസിന് പഠിക്കാൻ സീറ്റുറപ്പിച്ച അച്ഛന്റെ അപ്രതീക്ഷിത വിയോഗം ബിസിനസ്സുകാരനാക്കി; വിജയലക്ഷ്മി കാഷ്യൂസ് വമ്പൻ വിജയമായപ്പോൾ സിനിമാ മോഹം തലയിലെത്തി; പണത്തിന് പിറകെ പോകാതെ സമാന്തര സിനിമകളെ നെഞ്ചിലേറ്റി; മലയാളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലെത്തിച്ച നിർമ്മാതാവ്; അച്ചാണി രവി അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മലയാളസിനിമയെ അന്തർദേശി പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. കെ.രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര് . അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ സിനിമകളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.

നല്ല സിനിമകളുടെ നിർമ്മാതാവും തൊഴിലാളികളുടെ പ്രിയപ്പെട്ട മുതലാളിയും സാംസ്‌കാരിക രംഗത്തെ സ്‌നേഹനക്ഷത്രവുമായിരുന്നു അച്ചാണി രവി. കൊല്ലത്തെ പ്രമുഖ കശുഅണ്ടി വ്യവസായിയായിരുന്ന കൊച്ചുപിലാംമൂട് കൃഷ്ണവിലാസം ബംഗ്ലാവിൽ വെണ്ടർ കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1933 ജൂലായ് മൂന്നിനായിരുന്നു ജനനം.

പഠനത്തിൽ മിടുക്കനായിരുന്ന കെ.രവീന്ദ്രനാഥൻ നായർക്ക് മണിപ്പാൽ മെഡിക്കൽ കോളേജിൽ പിതാവ് കൃഷ്ണപിള്ള സീറ്റ് ഉറപ്പിച്ചിരുന്നു. പിതാവ് പെട്ടെന്ന് മരിച്ചതോടെ രവീന്ദ്രനാഥൻ നായർ ബിസിനസ് ഏറ്റെടുത്തു. അങ്ങനെ ആരംഭിച്ച വിജയലക്ഷ്മി കാഷ്യൂസ് സംസ്ഥാനത്തും പുറത്തുമായി 115 ഓളം ഫാക്ടറികളുള്ള വൻ സംരംഭമായി. അരലക്ഷത്തിലേറെ തൊഴിലാളികളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് സിനിമയിലേക്ക് തിരിഞ്ഞത്. 1967 ജനറൽ പിക്‌ചേഴ്‌സ് ആരംഭിച്ചു.

സത്യൻ നായകനായ അന്വേഷിച്ചു കണ്ടെത്തിയില്ല ആയിരുന്നു ആദ്യ സിനിമ. കച്ചവട സിനിമകൾ കാശ് വാരിയ സമയം. പക്ഷെ പണമായിരുന്നില്ല ലക്ഷ്യം. അങ്ങനെ സമാന്തര സിനിമകളുടെ വക്താവായി. പി. ഭാസ്‌കരനും, എ. വിൻസെന്റും എം ടിയും അടൂർ ഗോപാലകൃഷ്ണനും ജി. അരവിന്ദനും ജനറൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ സിനിമകൾ സംവിധാനം ചെയ്തു. 14 സിനിമകൾ നിർമ്മിച്ചു.

1973ൽ അച്ചാണി വൻ ഹിറ്റായതോടെ അച്ചാണി രവി എന്ന് അറിയപ്പെട്ട് തുടങ്ങി. നാല് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അച്ചാണി 14 ലക്ഷം ലാഭം നേടി. ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും പടുത്തുയർത്തിയത്. അതിപ്പോൾ ചിൽഡ്രൻസ് ലൈബ്രറിയും ആർട്ട് ഗാലറിയും സഹിതം കൊല്ലം നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമാണ്.

സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008ൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം നൽകി സർക്കാർ ആദരിച്ചു. കശുഅണ്ടി വ്യവസായത്തിലെ മുന്നേറ്റത്തിനും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013ൽ അന്തരിച്ചു. മക്കൾ - പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ. മരുമക്കൾ - രാജശ്രീ, സതീഷ് നായർ, പ്രിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP