Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടമുണ്ടായത് പിതാവിന്റെ സഹോദരിയുടെ മകളുടെ വിവാഹശേഷം നടന്ന വിരുന്നിനായി അമ്പലപ്പുഴയിലെത്തി മടങ്ങുമ്പോൾ; എഞ്ചിനീയറിങ് വിദ്യാർത്ഥിയായ മിഥുൻ മികച്ച പാട്ടുകാരൻ; മിഥുൻ പാടുന്നത് കണ്ട് അനുകരിക്കാൻ തുടങ്ങിയ അനിയൻ നിമലും സംഗീതം പിടിച്ചു; വിധി കാട്ടിയ ക്രൂരതയിൽ വിടരും മുൻപേ ഇരുവരും കൊഴിഞ്ഞു; ഇന്നലെവരെ കളിചിരികളും പാട്ടും നിറഞ്ഞ വീട്ടിൽ ഇപ്പോൾ കണ്ണീർ മാത്രം; സഹോദരങ്ങളുടെ വേർപാടിൽ തേങ്ങലോടെ നാട്ടുകാരും

അപകടമുണ്ടായത് പിതാവിന്റെ സഹോദരിയുടെ മകളുടെ വിവാഹശേഷം നടന്ന വിരുന്നിനായി അമ്പലപ്പുഴയിലെത്തി മടങ്ങുമ്പോൾ; എഞ്ചിനീയറിങ് വിദ്യാർത്ഥിയായ മിഥുൻ മികച്ച പാട്ടുകാരൻ; മിഥുൻ പാടുന്നത് കണ്ട് അനുകരിക്കാൻ തുടങ്ങിയ അനിയൻ നിമലും സംഗീതം പിടിച്ചു; വിധി കാട്ടിയ ക്രൂരതയിൽ വിടരും മുൻപേ ഇരുവരും കൊഴിഞ്ഞു; ഇന്നലെവരെ കളിചിരികളും പാട്ടും നിറഞ്ഞ വീട്ടിൽ ഇപ്പോൾ കണ്ണീർ മാത്രം; സഹോദരങ്ങളുടെ വേർപാടിൽ തേങ്ങലോടെ നാട്ടുകാരും

ആർ പീയൂഷ്

ആലപ്പുഴ: പിതാവിന്റെ സഹോദരിയുടെ മകളുടെ വിവാഹ ശേഷം നടന്ന വിരുന്നിനായി അമ്പലപ്പുഴയിലെത്തി മടങ്ങുമ്പോഴാണ് തലവടി തണ്ണൂവേലിൽ സുനിൽ - അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എം പണിക്കർ (21) നിമൽ എം. പണിക്കർ (19) കാറപകടത്തിൽ മരണപ്പെടുന്നത്. അമ്പലപ്പുഴ ആമയിടയിലെ ബന്ധുവീട്ടിൽ എത്തി രാവിലെ ഇരുവരും വീട്ടിലേക്ക് തലവടിയിലെ വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയിലാണ് അപകടം നടന്നത്.

വെള്ളിയാഴ്ച അമ്പലപ്പുഴയിൽ താമസിക്കുന്ന അമ്മാവനായ ഉത്രത്തിൽ മോഹനന്റെ മകളുടെ വിവാഹാനന്തര വിരുന്നിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അപകടത്തിൽ മരിച്ച മിഥുനും നിമലും പോയത്. വിരുന്ന് ആഘോഷം കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് വരുമെന്നു പറഞ്ഞായിരുന്നു ഇരുവരും പോയത്. എന്നാൽ സ്റ്റുഡിയോ ഫൊട്ടോ ഗ്രാഫറായ അച്ഛൻ സുനിലിനു അടിയന്തരമായി മറ്റൊരു സംസ്‌കാരച്ചടങ്ങിന് ഫോട്ടോ എടുക്കേണ്ടതായി വന്നു. അതിനാൽ രാവിലെ തന്നെ വീട്ടിലെത്താൻ നിർദേശിക്കുകയായിരുന്നു. വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.

കഴിഞ്ഞയാഴ്ചയാണ് ഇവിടുത്തെ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം വീട്ടിലേക്ക് വിരുന്നെത്തിയപ്പോൾ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. ഇരുകുടുംബങ്ങളും തമ്മിൽ വളരെ അടുപ്പമാണ്. മക്കൾ തമ്മിൽ പിരിയാത്ത കൂട്ടുകാരും. വിവാഹത്തിലും മറ്റു ചടങ്ങുകളിലും സജീവമായിരുന്നു മിഥുനും നിമലും. വിരുന്നിന് ശേഷം ഏറെ സന്തോഷത്തോടെ അവിടെ നിന്നും രാവിലെ മിഥുനും നിമലും വീട്ടിലേക്ക് തിരിച്ചു. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കൈതമുക്കിലെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.

എഞ്ചിനീയറിങ് വിദ്യാർത്ഥിയായ മിഥുൻ മികച്ച പാട്ടുകാരനായിരുന്നു. 5 വർഷമായി സംഗീതം പഠിക്കുന്നുമുണ്ട്. പ്രമുഖ ചിവി ചാനലിലെ സംഗീത മത്സരത്തിൽ പങ്കെടുക്കാനും അതിയായി ആഗ്രഹിച്ചിരുന്നു. മിഥുൻ പാടുന്നത് കണ്ട് അനുകരിക്കാൻ തുടങ്ങിയ അനിയൻ നിമലിനെയും സംഗീതം പഠിപ്പിക്കാൻ മാതാപിതാക്കൾ തുടങ്ങി. ഇതോടെ രണ്ടു പോരും നന്നായി പാട്ടു പാടാൻ തുടങ്ങി. നീരേറ്റുപുറം സെന്റ് തോമസ് സ്‌കൂളിലെ കലോത്സവങ്ങളിൽ നിമലിന്റെ പാട്ട് ഇല്ലാത്ത വേദി തന്നെ ഇല്ലായിരുന്നു. സംഗീതത്തെ അത്രമേൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന മിഥുനും നിമലും മികച്ചൊരു വേദിയിലെത്താൻ വിധി പക്ഷേ അനുവദിച്ചില്ല. ഫോട്ടോ ഗ്രാഫറായ പിതാവ് സുനിലിന്റെ കഴിവും മിഥുനുണ്ടായിരുന്നു. നല്ല ഒരു ഫോട്ടോ ഗ്രാഫർ കൂടിയായിരുന്നു മിഥുൻ. പക്ഷേ വിധി കാട്ടിയ ക്രൂരതയിൽ വിടരും മുൻപേ ഇരുവരും കൊഴിഞ്ഞു പോയി.

ഇന്നലെവരെ കളിചിരികളും പാട്ടും നിറഞ്ഞ വീടായിരുന്നു. അവിടെനിന്നു മിഥുനും നിമലും കഴിഞ്ഞദിവസം സന്തോഷത്തോടെയാണ് പോയത്. പക്ഷേ തിരിച്ചെത്താത്ത ലോകത്തേക്കു മക്കൾ പോയതറിഞ്ഞ് കരയാൻ പോലുമാകാതെ തരിച്ചിരിക്കുകയാണ് സുനിൽ. ബന്ധുക്കളുടെ സ്വാന്തന വാക്കിലും തീരാതെ അമ്മ അർച്ചനയുടെ തേങ്ങൽ ഉയരുന്നുണ്ട്. കനാൽക്കരയിലെ തണ്ണുവേലിൽ എന്ന കൊച്ചുവീട്ടിലേക്ക് ഇനിയൊരിക്കലും അവർ തിരിച്ചെത്തില്ല എന്നു വിശ്വസിക്കാൻ ഇനിയും ആർക്കുമായിട്ടില്ല. ഫാട്ടോഗ്രഫറായ സുനിൽ മക്കളുടെ വളർച്ചയുടെ ഓരോഘട്ടവും ക്യാമറയിൽ പകർത്തുമായിരുന്നു. ഇവയിൽമിക്കതും വീടിന്റെ ചുമരിലുണ്ട്. അതിലേക്കു നോക്കി കണ്ണീർ വാർക്കുകയാണ് ഇരുവരും.

കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് കൈതമുക്കിൽ നിയന്ത്രണം വിട്ട് കാർ മരത്തിലിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി ഒടിഞ്ഞ് മുൻബാഗം വെള്ളക്കെട്ടിലേക്ക് കൂപ്പുകുത്തി. മുൻബാഗം പൂർണ്ണമായും മുങ്ങിയിരുന്നതിനാൽ ഉള്ളിൽ ആളുണ്ടോ എന്ന് കാണാൻ പോലുമാകുമായിരുന്നില്ല. കാർ പൂർണമായും ചെളിയിൽ പൂണ്ടു. ഓടിയെത്തിയ നാട്ടുകാർ കയർ ഉപയോഗിച്ച് വാഹനം കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ആദ്യശ്രമം പരാജയപ്പെട്ടു. സ്ഥലത്തെത്തിയ എടത്വ പൊലീസും തകഴിയിൽ നിന്നുള്ള ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വാഹനം ജെ.സി.ബിയുടെ സഹായത്തോടെയാണ് കരയ്ക്കെത്തിച്ചത്. സ്റ്റിയറിങ്ങിനിടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. അതിനാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. എടത്വ സിഐ: എസ് ദ്വിജേഷ്, എസ്ഐ: സെസ്സിൽ ക്രിസ്റ്റ്യൻ രാജ്, അഗ്നിശമന സേന എഎസ്ടിഒ: വി.എ.സാബു, ജീവനക്കാരായ ടി.എൻ.കുഞ്ഞുമോൻ, കെ.എം.മനോജ്, ജി.ധനേഷ്, ജസ്റ്റിൻ, പ്രജീഷ്, ബി.ജിത്തു എന്നിവരുടെ നേതൃത്വത്തിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിക്കുകയായിരുന്നു.

കാറിന്റെ മുകൾ ഭാഗം വെട്ടിപ്പൊളിച്ച് ഇരുവരേയും പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് തിരുവല്ല - അമ്പലപ്പുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു. ചതുപ്പിലുണ്ടായിരുന്ന അറവ് മാലിന്യം രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കി. കാർ കയറ്റുന്നതിനിടെ മാലിന്യങ്ങളും റോഡിൽ നിരന്നു. ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്ത് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മിഥുൻ ചെന്നൈയിൽ എൻജിനിയറിങ് വിദ്യാർത്ഥിയാണ്. നിമൽ നീരേറ്റുപുറം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്‌ളാസ് കഴിഞ്ഞ് പ്‌ളസ് വൺ കോഴ്സിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. മിഥുന് ഡ്രൈവിങ് ലൈസൻസുണ്ട്. അമിത വേഗതയാണ് അപകട കാരണമെന്ന് എടത്വ പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP