Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാൾക്ക് പ്രസംഗിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം; ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് നെഹ്റുവിനെ വിമർശിച്ച് പാർലമെന്റിലെ കന്നി പ്രസംഗം; തീർന്നയുടൻ ആദ്യം കൈയടിച്ചത് സാക്ഷാൽ നെഹ്റുവും; ബാബറി മസ്ജിദ് തകർന്നപ്പോഴും വേദനിച്ച ആർ എസ് എസുകാരൻ; വിടവാങ്ങുന്നത് രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിച്ച യുഗപ്രഭാവൻ; എ ബി വാജ്‌പേയി പകരക്കാരനില്ലാത്ത കർമ്മയോഗി

ഒരാൾക്ക് പ്രസംഗിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം; ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് നെഹ്റുവിനെ വിമർശിച്ച് പാർലമെന്റിലെ കന്നി പ്രസംഗം; തീർന്നയുടൻ ആദ്യം കൈയടിച്ചത് സാക്ഷാൽ നെഹ്റുവും; ബാബറി മസ്ജിദ് തകർന്നപ്പോഴും വേദനിച്ച ആർ എസ് എസുകാരൻ; വിടവാങ്ങുന്നത് രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിച്ച യുഗപ്രഭാവൻ; എ ബി വാജ്‌പേയി പകരക്കാരനില്ലാത്ത കർമ്മയോഗി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'ഒരു നാൾ ഇന്ത്യയിലെ ഭരണസാരഥ്യം ഏറ്റെടുക്കാൻ കഴിയുന്ന ഒറ്റ കക്ഷിയായി,ശക്തിയാർജ്ജിച്ചു ഞങ്ങൾ തിരിച്ചുവരും' പറഞ്ഞത് ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനും, വാഗ്മിയുമായിരുന്ന അടൽ ബിഹാരി വാജ്പേയ്. 1996ൽ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങുമ്പോൾ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞ വാക്കുകളെ പലരും പരിഹസിച്ചു. പക്ഷേ അത് യാഥാർത്ഥ്യമായി. അടൽ എന്ന വാക്കിന്റെ അർത്ഥം ഉറച്ച, ദൃഢമായ, അചഞ്ചലമായ, ധൈര്യത്തോടു കൂടിയ എന്നൊക്കെയാണ്. രാഷ്ട്രീയമായി വിയോജിപ്പുകളുള്ളവർ പോലും വാജ്‌പേയി എന്ന ബഹുവിധ പ്രതിഭയെ ആദരിച്ചു. ക്വിറ്റ് ഇന്ത്യ സമരപന്തലിൽ ആരംഭിച്ച പൊതു ജീവിതം, ഇന്ത്യയുടെ ഭരണനാഥന്റെ കസേരയിൽ അവരോധിക്കപ്പെട്ടപ്പോഴും ലാളിത്യമായിരുന്നു ഈ കവിയുടെ ശൈലി.

ആർ എസ് എസ് പ്രചാരകനായിരുന്നു വാജ്പേയ്. എന്നാൽ തീവ്ര ഹിന്ദുത്വം വാക്കുകളിലും പ്രവർത്തിയിലും വാജ്പേയ് മുറുകെ പിടിച്ചില്ല. അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും നിരാശനായിരുന്ന ഏക ആർ എസ് എസ് പ്രചാരകനും വാജ്പേയ് ആയിരുന്നു. കവിത തുളുമ്പും പ്രസംഗങ്ങളിലൂടെ ഇന്ത്യയുടെ മനസ്സിനെ തന്നിലേക്ക് അടുപ്പിച്ച വാജ്പേയിക്ക് രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധങ്ങൾ സൃഷ്ടിക്കാനായി. ഇന്ത്യൻ ജനതയ്ക്ക് വാജ്പേയിലുള്ള വിശ്വാസം തിരിച്ചറിഞ്ഞാണ് എൽകെ അദ്വാനിയെ തീവ്ര നിലപാടുകാരനെ പിന്നിലോട്ട് മാറ്റി വാജ്പേയിയെ ബിജെപിയുടെ മുഖമാക്കിയത്. ഇന്ത്യയുടെ ഭരണം പിടിക്കാൻ ബിജെപിയെ സജ്ജമാക്കിയതും വാജ്പേയുടെ സർവ്വ സമ്മതിയൊന്ന് മാത്രമായിരുന്നു.

1957 ൽ പാർലമെന്റിൽ അദ്ദേഹം നടത്തിയ കന്നി പ്രസംഗം നെഹ്രുവിന്റെ പ്രതികരണ ശൈലിയെ കുറിച്ചായിരുന്നു. 'ഒരാൾക്ക് പ്രസംഗിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു'. പ്രസംഗം കഴിഞ്ഞയുടൻ ആദ്യം കൈയടിച്ചതും നെഹ്രു തന്നെയായിരുന്നുവെന്നത് ശ്രദ്ധേയം. 1996 ൽ അടൽജി ഇന്ത്യയുടെ പ്രധാനമന്ത്രി പദം രാജി വച്ചിറങ്ങിയ ശേഷം 1998 ൽ ഫെബ്രുവരിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി .അന്ന് ബിജെപി ക്ക് 179 സീറ്റും,കോൺഗ്രസ്സിന് 139 സീറ്റുമാണ് ലഭിച്ചത്. പതിമൂന്ന് പാർട്ടികളാണ് അന്ന് ബിജെപിക്ക് പിന്തുണ നൽകാനെത്തിയത്. അങ്ങനെ 1998 മാർച്ച് 13ന് വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. അവിശ്വാസ പ്രമേയം സഭയിൽ പാസായതോടെ അടൽജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വച്ചു. 1999 സപ്തംബറിൽ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. ഘടകകക്ഷികളുടെ പിന്തുണയിൽ ഇന്ത്യയിൽ വാജ്‌പേയിയുടെ നേതൃത്വത്തിൽ ദേശീയജനാധിപത്യസഖ്യം നിലവിൽ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സർക്കാർ 2004 വരെ നിലനിന്നു. പൊഖ്റാൻ ആണവ പരീക്ഷണം,കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം അങ്ങനെ പലതും വാജ്പേയിയുടെ ഭരണത്തിന് അവകാശപ്പെടാം.

പ്രഭാഷണ ചാരുതിയും, സൗമ്യ സാന്നിധ്യവും കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവ്. കവിതാ ശകലങ്ങളിലൂടെ രാജ്യത്തെ തന്നിലേക്ക് ആകർശിച്ച യുഗപ്രഭാവൻ ഇങ്ങനെയൊക്കെയാണ് രാജ്യം വാജ്പേയിയെ ഇന്ന് അടയാളപ്പെടുത്തുന്നത്. നരേന്ദ്ര മോദിയുടെ ഭരണമെത്തിയതോടെ കോൺഗ്രസുകാർ പോലും വാജ്പേയിയെ അംഗീകരിക്കുന്നത് പതിവായിരുന്നു. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇത്തരം ആൾക്കൂട്ടക്കൊലകൾ ഉണ്ടായിട്ടില്ല. ദളിതരെ ഇങ്ങനെ വേട്ടയാടിയിട്ടില്ല. വാജ്പേയ് സർക്കാർ നമ്മുടെ അടുക്കളയിൽ കയറി നാം ഉണ്ടാക്കിയതും ഉണ്ണുന്നതും എന്താണെന്ന് ചികഞ്ഞു നോക്കിയിട്ടില്ല. ഷിമോഗയിൽ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കവേ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത് വാജ്പേയി എല്ലാവരേയും അംഗീകരിച്ചാണ് ഇന്ത്യയെ ഭരിച്ചതെന്നാണ് വ്യക്തമാകുന്നത്.

1994ൽ വാജ്പേയിയെ രാജ്യത്തെ ഏറ്റവും നല്ല പാർലമെന്റേറിയനായി തെരഞ്ഞടുത്തിരുന്നു. ഈ പ്രശസ്തിപത്രത്തിൽ ഇങ്ങനെ പറയുന്നു: 'അടൽജി കഴിവുറ്റ ദേശീയ നേതാവാണ്, പണ്ഡിതനായ രാഷ്ട്രീയക്കാരനാണ്, നിസ്വാർഥനായ പൊതുപ്രവർത്തകനാണ്, കരുത്തനായ പ്രഭാഷകനാണ്, കവിയും എഴുത്തുകാരനുമാണ്, പത്രപ്രവർത്തകനാണ്; ഇതിനൊക്കെയപ്പുറം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണ്. അടൽജി ഉയർത്തിക്കാട്ടുന്നത് സാധാരണക്കാരുടെ ആഗ്രഹങ്ങളാണ്. അദ്ദേഹത്തിന്റെ പ്രവർത്തനം എല്ലായ്‌പ്പോഴും ദേശീയതയെ മുറുകെ പിടിച്ചുകൊണ്ടുള്ളതാണ്.'-ഈ വരികളെ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു വാജ്പേയിയുടെ രാഷ്ട്രീയ ജീവിതം.

വാജ്‌പേയി ഇന്ത്യയുടെ 10-ാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വാളിയാറിൽ അദ്ദേഹം ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ. ഐ. എ. ഡി. എം. കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്‌പേയി.

വാജ്‌പേയിയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാർലമെന്ററി ജീവിതത്തിനിടെ ഒൻപതു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തിലും അദ്ദേഹത്തിനു റെക്കോഡ് ഉണ്ട്. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പാർലമെന്റിലെ പ്രതിപക്ഷ നേതാവ്, പ്രധാനപ്പെട്ട വിവിധ സ്റ്റാന്റിംങ് കമ്മിറ്റികളുടെ ചെയർമാൻ തുടങ്ങിയ പദവികളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ബാല്യം മുതൽക്കേ ദേശീയ കാഴ്ചപ്പാട് പിൻതുടർന്നിരുന്ന അദ്ദേഹം ബ്രിട്ടീഷ് കോളനിഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയപ്രവേശം നടത്തിയത്. രാഷ്ട്രമീമാംസയും നിയമവും പഠിക്കുന്ന വിദ്യാർത്ഥിയെന്ന നിലയിൽ, കോളജ് വിദ്യാഭ്യാസത്തിനിടെ വിദേശകാര്യങ്ങളിൽ താൽപര്യമെടുത്തു തുടങ്ങി. ഈ താൽപര്യം ജീവിതത്തിലിങ്ങോളം നിലനിർത്തുകയും ഇന്ത്യയെ വിവിധ ബഹുരാഷ്ട്രസഭകളിലും ഉഭയരാഷ്ട്ര ചർച്ചകളിലും പ്രതിനിധാനം ചെയ്യുമ്പോൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

പത്രപ്രവർത്തകനായാണു ജീവിതം തുടങ്ങിയതെങ്കിലും ഭാരതീയ ജനസംഘത്തിൽ ചേരാൻ തീരുമാനിച്ചതോടെ 1951ൽ തൊഴിൽ ഉപേക്ഷിച്ചു. ബിജെപിയുടെ ആദ്യകാല രൂപമാണ് ഭാരതീയ ജനസംഘം. ശ്രദ്ധേയനായ കവി കൂടിയായ അദ്ദേഹത്തിനു കമ്പമുള്ള മറ്റു കാര്യങ്ങൾ സംഗീതവും പാചകവുമാണ്. മധ്യപ്രദേശിന്റെ ഭാഗമായ, രാജപ്രവിശ്യയായിരുന്ന ഗ്വാളിയോറിലെ ഒരു സാധാരണ സ്‌കൂൾ അദ്ധ്യാപക കുടുംബത്തിൽ 1924 ഡിസംബർ 25നു ജനിച്ച വാജ്‌പേയിയുടെ പൊതുജീവിതത്തിലെ വളർച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയകൗശലത്തോടും ഇന്ത്യൻ ജനാധിപത്യത്തോടും കടപ്പെട്ടിരിക്കുന്നു. ലോകത്തെക്കുറിച്ചുള്ള ഉദാരമായ കാഴ്ചപ്പാടുകൾകൊണ്ടും ജനാധിപത്യമൂല്യങ്ങളോടുള്ള അർപ്പണ മനോഭാവംകൊണ്ടും സ്വീകാര്യനായ നേതാവായി അദ്ദേഹം വളർന്നു.

സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹിക തുല്യതയുടെയും ശക്തനായ വക്താവായ വാജ്‌പേയി, രാഷ്ട്രങ്ങൾക്കിടയിൽ അർഹമായ സ്ഥാനം നേടിയെടുക്കുന്നതും മുന്നോട്ടു കുതിക്കുന്നതും അഭിവൃദ്ധി നിറഞ്ഞതുമായ കരുത്തുറ്റ ഇന്ത്യ രൂപീകൃതമാകുമെന്ന ദൃഢമായ വിശ്വാസം പുലർത്തുന്നു. എന്നും സ്വയം നവീകൃതമാകുന്നതും അടുത്ത ആയിരം വർഷത്തേക്കുള്ള വെല്ലുവിളികൾ നേരിടാൻ സജ്ജവുമായ, 5000 വർഷത്തെ സംസ്‌കാരത്തിന്റെ ചരിത്രമുള്ള ഇന്ത്യക്കു വേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP