Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

800 ഒഴിവുകൾ പങ്ക് വയ്ക്കുന്നത് ഐഎഎസ് മുതൽ ആറ് വിഭാഗങ്ങൾക്കായി; ആദ്യ 100 റാങ്കുകാർക്ക് പോലും ഐഎഎസ് ഉറപ്പില്ല; 200 വരെ കിട്ടിയാൽ ഐപിഎസ് നേടാം; ഐആർഎസിന് രണ്ടു വിഭാഗത്തിൽ നിയമനം; സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

800 ഒഴിവുകൾ പങ്ക് വയ്ക്കുന്നത് ഐഎഎസ് മുതൽ ആറ് വിഭാഗങ്ങൾക്കായി; ആദ്യ 100 റാങ്കുകാർക്ക് പോലും ഐഎഎസ് ഉറപ്പില്ല; 200 വരെ കിട്ടിയാൽ ഐപിഎസ് നേടാം; ഐആർഎസിന് രണ്ടു വിഭാഗത്തിൽ നിയമനം; സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ആവണി ഗോപാൽ

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പ്രഖ്യാപനവും ഇതിനെ അടിസ്ഥാനമാക്കി മാദ്ധ്യമങ്ങളിലെ ആഘോഷങ്ങളുമെല്ലാം വർഷാവർഷം നടക്കുന്നതാണ്. ആദ്യത്തെ റാങ്കുകളിൽ മലയാളികൾ എത്തുന്നുവെങ്കിൽ മലയാളികളുടെ ആഘോഷത്തിൽ അൽപ്പം മാറ്റുകൂടും. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയാലും ഐഎഎസ് എത്രപേർക്ക് ലഭിക്കും? ഇതേക്കുറിച്ച് സാധാരക്കാർക്ക് വ്യക്തമായ ബോധ്യം കുറവാണ്. സിവിൽ സർവീസ് നേടിയാൽ എന്തൊക്കെ സർവീസാണ് ലഭിക്കുക എന്ന് ബോധ്യപ്പെടുത്താനാണ് ഈ വിവര കുറിപ്പ്.

ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ സിവിൽ സർവീസുകളിലേക്ക് കഴിവുറ്റവരെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആർഎസ് തുടങ്ങിയവയാണ് സിവിൽ സർവീസുകളിൽ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രാധാന്യമുള്ള സർവീസ് ഐഎഎസ് ആണ്. ഏറ്റവും പ്രഗത്ഭരായവർ ഈ മേഖലയിൽ വേണം എന്നതിനാൽ ആദ്യ റാങ്കുകാർക്കാണ് മുന്തിയ പരിഗണന വരിക. രണ്ടാമതായി വരുന്നത് ഐഎഫ്എസ് ആണ്. മൂന്നാമതാണ് ഇന്ത്യൻ പൊലീസ് സർവീസ്(ഐപിഎസ് വരുന്നത്) ഇതിന് ശേഷമാണ് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) വകുപ്പുകളും വരിക.

ഇന്ത്യയിലെ വിദ്യാസമ്പന്നരായ യുവജനങ്ങളിൽ ഭൂരിഭാഗവും സ്വപ്‌നം കാണുന്ന പ്രഫഷനാണ് സിവിൽ സർവീസ്. എന്നാൽ അതിൽ അപൂർവം പേർക്ക് മാത്രമെ ആ പദവി കൈയെത്തിപ്പിടിക്കാനാവുന്നുള്ളൂ. കഴിവും അറിവും മാത്രമുണ്ടായതുകൊണ്ടു മാത്രം സിവിൽ സർവീസ് നേടാനാവില്ല. ചിട്ടയായ പരിശീലനവും തയ്യാറെടുപ്പുകളും പിഴയ്ക്കാത്ത പ്രകടനവും നടത്തിയാൽ മാത്രമെ സിവിൽ സർവീസ് നേടിയെടുക്കാനാവൂ. എഴുത്ത് പരീക്ഷയ്ക്ക് പുറമെ വ്യക്തിപരമായ കഴിവുകൾ അളക്കുന്ന ഇന്റർവ്യൂവിലും ശോഭിച്ചാൽ മാത്രമെ ഈ പരമമായ പദവിയിലെത്താനാവുകയുള്ളൂ. റാങ്ക് ലിസ്റ്റിൽ എത്തിയാൽ പോലും ഓരോരുത്തരും സ്വപ്‌നം കണ്ട കാറ്റഗറിയിലെത്തിച്ചേരണമെന്നില്ല.

സിവിൽ സർവീസ് പരീക്ഷയിൽ ഇപ്രാവശ്യം മലയാളികൾ തിളക്കമാർന്ന വിജയമാണ് കാഴ്ചവച്ചിരിക്കുന്നത്. രണ്ടാം റാങ്ക് ചങ്ങനാശ്ശേരി സ്വദേശിനി ഡോ. രേണു രാജാണ് നേടിയെടുത്തത്. ആദ്യ ശ്രമത്തിൽത്തന്നെ രേണു അതുല്യനേട്ടം കൈവരിച്ചുവെന്നതാണ് ഈ മിടുക്കിയെ വ്യത്യസ്തയാക്കുന്നത്. മലയാളം ആയിരുന്നു ഐച്ഛിക വിഷയമെടുത്തിട്ടാണ് രേണു മുൻനിരയിലെത്തിയെന്നത് ഏതൊരു മലയാളിക്കും അഭിമാനം നൽകുന്ന കാര്യമായിരുന്നു. 1236 പേരുടെ റാങ്കു പട്ടികയിൽ ആദ്യത്തെ നൂറുപേരിൽ പത്ത് മലയാളികളുണ്ടെന്നതും ശ്രദ്ധേമാണ്. മൊത്തത്തിൽ 50ൽപ്പരം മലയാളികളാണ് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നതെന്നതിന്റെ പേരിലും നമുക്ക് അഭിമാനിക്കാം. ഈ പട്ടികയിലുള്ള പത്ത് മലയാളികൾക്കും ഐഎഎസ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയും.

2014ൽ മൊത്തം ഒമ്പത് ലക്ഷം പേരാണ് യുപിഎസ് സി സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന എത്ര പേരാണ് ഐഎഎസ് എന്ന സിംഹാസനത്തിൽ എത്തിപ്പെടുന്നതെന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. മൊത്തത്തിലുള്ള 800 ഒഴിവുകൾ പങ്ക് വയ്ക്കുന്നത് ഐഎഎസ് മുതൽ ആറ് വിഭാഗങ്ങൾക്കായാണ്. എന്നാൽ റാങ്ക് ലിസ്റ്റിലെ ആദ്യ 100 റാങ്കുകാർക്ക് പോലും ഐഎഎസ് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. 200 വരെ കിട്ടിയാൽ ഐപിഎസ് നേടാം. ഐആർഎസിന് രണ്ടു വിഭാഗത്തിലാണ് നിയമനം ലഭിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പ്രവണതകളെ അടിസ്ഥാനപ്പെടുത്തിയാണീ അനുമാനം നടത്തുന്നത്.

സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്:

ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെയും ഉദ്യോഗാർത്ഥി ഉൾപ്പെടുന്ന കാറ്റഗറിയുടെയും അടിസ്ഥാനത്തിലാണിത് ഐഎഎസും തുടർന്നുള്ള തസ്തികകളും നിശ്ചയിക്കപ്പെടുന്നത്. എന്നാൽ ഒരു താരതമ്യ വിശകലനത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഐഎഎസ്, ഐപിഎസ് , ഐഎഎഫ്എസ് എന്നിവയുടെ കട്ട് ഓഫ് റാങ്ക്‌സിനെക്കുറിച്ച് ഒരു നല്ല ഉൾക്കാഴ്ച ലഭിക്കാൻ സഹായിക്കും. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ്‌ഐടി, ഐആർഎസ്‌സിആൻഡ് ഇ, ഐഎഎഎസ് എന്നീ ആറ് സർവീസുകളിലെ ഓരോ കാറ്റഗറിയിലുമുള്ളവർക്ക് 2007 മുതൽ 2013 വരെയുള്ള ഏഴ് വർഷത്തിനിടെ ലഭിച്ച അവസാന റാങ്കുകളെക്കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്. ജനറൽ,ഒബിസി, എസ്‌സി, എസ്ടി എന്നിവയാണാ കാറ്റഗറികൾ.

 

2013ൽ മൊത്തം 1029 മത്സരാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നും വെറും 180പേരെ മാത്രമാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ഐഎഎസിന് സെലക്ഷൻ ലഭിച്ചത് 91ാം റാങ്കുള്ള ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥിക്കാണ്. അവസാന ആൾ ഇന്ത്യാറാങ്കാണിത്. എന്നാൽ ഒബിസിയിൽ നിന്ന് 384ാം റാങ്കുള്ളയാൾക്കും എസ് സിയിൽ 534ാം റാങ്കുള്ളയാൾക്കും എസ്ടിയിൽ 802ാം റാങ്കുള്ളയാൾക്കും ഐഎഎസ് സെലക്ഷൻ കിട്ടിയിരുന്നുവെന്നോർക്കുക. കേന്ദ്ര സർക്കാറിന്റെ സംവരണ മാനദണ്ഡങ്ങൾ കൂടി പരിഗണിക്കപ്പെടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. എന്നാൽ അതേ വർഷം ഐഎഫ്എസിൽ ജനറൽ കാറ്റഗറിയിൽ 141 റാങ്കിന് സെലക്ഷൻ ലഭിച്ചപ്പോൾ ഒബിസി, എസ് സി, എസ്ടി, എന്നിവയ്ക്ക് യഥാക്രമം 448, 621 824 എന്നീ റാങ്കുകളുള്ളവരെ ഇതിനായി പരിഗണിച്ചിരുന്നു. ഐപിഎസിനാകട്ടെ ജനറൽ കാറ്റഗറിയിൽ 249 റാങ്കിന് അവസരം നൽകിയപ്പോൾ ഒബിസി, എസ് സി, എസ്ടി എന്നിവയിൽ യഥാക്രമം 672, 805, 917 എന്നീ റാങ്കുകളുള്ളവരെ തെരഞ്ഞെടുത്തിരുന്നു. ഐആർഎസ്‌ഐടിയിൽ ജനറൽ369, ഒബിസി 733, എസ് സി919, എസ്ടി 970 എന്നീ റാങ്കുകളുള്ളവർക്കാണ് സെലക്ഷൻ ലഭിച്ചത്.ഐആർഎസ് സിആൻഡ് സിഇയിൽ ജനറൽ 541, ഒബിസി 833, എസ് സി 1012, എസ്ടി 1043 എന്നീ റാങ്കുകളുള്ളവരെയാണ് തെരഞ്ഞടുത്തത്. ഐഎഎസിലാകട്ടെ ജനറൽ കാറ്റഗറിയിൽ 548 റാങ്ക് കിട്ടിയയാൾക്ക് അവസരം ലഭിച്ചപ്പോൾ ഒബിസിയിൽ 842ഉം എസ് സിയിൽ 1024ഉം എസ്ടിയിൽ 1098ഉം റാങ്കുള്ളവരെ സെലക്ട് ചെയ്തിട്ടുണ്ട്.

2012ൽ മൊത്തം 916 ഉദ്യോഗാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നും ഐഎഎസിന് തെരഞ്ഞെടുത്തതാകട്ടെ 178 പേരെയാണ്. അതിൽ ജനറൽ കാറ്റഗറിയിൽ നിന്ന് ലാസ്റ്റ് ആൾ ഇന്ത്യാ റാങ്കായ 116നെ തെരഞ്ഞെടുത്തപ്പോൾ ഒബിസിയിൽ നിന്ന് 266ഉം എസ് സിയിൽ 619ഉം എസ്ടിയിൽ 720ഉം റാങ്ക് കിട്ടിയവർക്ക് സെലക്ഷൻ നൽകിയിട്ടുണ്ട്. 2011ൽ മൊത്തം 881 ഉദ്യോഗാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നും 169പേരെയാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ജനറൽ കാറ്റഗറിയിൽ 97ാംറാങ്കുള്ളയാളെ ഐഎഎസിന് തെരഞ്ഞെടുത്തപ്പോൾ ഒബിസി242, എസ് സി 453, എസ്ടി451 എന്നിങ്ങനെയുള്ള റാങ്കുകളുള്ളവർക്ക് പോലും സെലക്ഷൻ കരഗതമായിരുന്നു.

2010ൽ മൊത്തം 888 ഉദ്യോഗാർത്ഥികൾ ഉണ്ടായിരുന്നു. അതിൽ നിന്ന് 149 പേരെയാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ജനറൽ കാറ്റഗറിയിൽ 83ാം റാങ്കിനെയും ഒബിസിയിലും എസ് സിയിലും എസ്ടിയിലും യഥാക്രമം 233, 402, 537 എന്നീ റാങ്കുകളുള്ളവർക്ക് ഐഎഎസുകാരായിത്തീരാൻ ഭാഗ്യം ലഭിച്ചു. 2009ലാകട്ടെ ആകെ 852 ഉദ്യോഗാർത്ഥികളായിരുന്നു. അതിൽ നിന്ന് 131 പേരെയാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ജനറൽ കാറ്റഗറിയിൽ 70 റാങ്കുള്ളയാളെ ഐഎഎസിന് തെരഞ്ഞെടുത്തപ്പോൾ ഒബിസി209, എസ് സി239, എസ്ടി 394 റാങ്കുള്ളവർക്ക് സെലക്ഷൻ ലഭിച്ചിരുന്നുവെന്നറിയുക. 2008ൽ മൊത്തം 765 ഉദ്യോഗാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്.

ഇതിൽ 119 പേരെ ഐഎഎസിന് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിൽ ഏറ്റവും പുറകിലുള്ള റാങ്കുകളിലൊന്നായ 512 നേടിയ എസ്ടി വിഭാഗത്തിലെ ഉദ്യോഗാർത്ഥിക്ക് പോലും ഐഎഎസ് ലഭിച്ചപ്പോൾ ജനറൽ കാറ്റഗറിയിൽ 81 റാങ്ക് ലഭിച്ചയാൾക്ക് പോലും കഷ്ടിച്ച് കയറിപ്പറ്റാനായുള്ളൂ. അതേ വർഷം ഒബിസി, എസ് സി കാറ്റഗറിയിൽ പെട്ടവർക്ക് യഥാക്രമം 188ഉം 313ഉം റാങ്ക് നേടിയവരും ഐഎഎസിൽ ഇടം നേടി. 2007ൽ 635 പേരാണ് ഉദ്യോഗാർത്ഥികളായുണ്ടായിരുന്നത്. ഇതിൽ നിന്ന് 111 പേരെ ഐഎഎസിന് തെരഞ്ഞെടുക്കുകയും ചെയ്തു. ജനറൽവിഭാഗത്തിൽ 78ാം റാങ്കുള്ളയാളെ ഐഎഎസിന് തെരഞ്ഞെടുത്തപ്പോൾ ഒബിസി, എസ് സി, എസ്ടി, എന്നീ കാറ്റഗറികളിൽ യഥാക്രമം 118, 293,409 എന്നീ റാങ്കുകാർക്ക് ഐഎഎസുകാരാവാൻ സാധിച്ചുവെന്നാണ് ഡാറ്റകളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

ഇപ്രാവശ്യം മൊത്തം 1236 ഉദ്യോഗാർത്ഥികളാണുള്ളത്. ഇതിൽ 590 ജനറൽകാറ്റഗറിയിലുള്ളവരാണ്. ഒബിസിയിൽ 354 പേരും എസ് സിയിൽ 194 പേരും എസ്ടിയിൽ 98 പേരുമാണുള്ളത്. ഇവരെ വിവിധ കേന്ദ്രഗവൺമെന്റ് സർവീസുകളിലേക്ക് നിയമിക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ്. ഇവരിൽ എത്ര പേർക്ക് ഐഎഎസ് കിട്ടുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.

Courtesy Graphics: ClearIAS.com

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP