Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെക്കോർഡിനായി നടത്തിയ ഫലപ്രഖ്യാപനം തിരിഞ്ഞുകൊത്തി; എസ്എസ്എൽസി വിജയശതമാനത്തിൽ മാറ്റം; ഗ്രേസ് മാർക്ക് കൂട്ടും മുമ്പ് ഫലം പ്രഖ്യാപിച്ചത് തിരിച്ചടിയായി; സോഫ്റ്റ്‌വെയറിനെ പഴിപറഞ്ഞ് വിദ്യാഭ്യാസമന്ത്രി

റെക്കോർഡിനായി നടത്തിയ ഫലപ്രഖ്യാപനം തിരിഞ്ഞുകൊത്തി; എസ്എസ്എൽസി വിജയശതമാനത്തിൽ മാറ്റം; ഗ്രേസ് മാർക്ക് കൂട്ടും മുമ്പ് ഫലം പ്രഖ്യാപിച്ചത് തിരിച്ചടിയായി; സോഫ്റ്റ്‌വെയറിനെ പഴിപറഞ്ഞ് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഏറ്റവും വേഗത്തിൽ ഫലം പ്രഖ്യാപിച്ച് റെക്കോർഡ് സൃഷ്ടിക്കാനുള്ള നീക്കം സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും തിരിച്ചടിയായി. എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താതെ ഫലം പ്രഖ്യാപിച്ചത് തിരുത്തേണ്ട ഗതികേടിലാണ് അധികൃതരിപ്പോൾ.

വിജയശതമാനത്തിലുൾപ്പെടെ മാറ്റം വരുന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. ഗ്രേസ് മാർക്കും മറ്റും കൂട്ടുന്നതിനു മുമ്പുള്ള ഫലപ്രഖ്യാപനമാണ് വിനയായത് എന്നാണ് വിലയിരുത്തൽ. അതേസമയം, സോഫ്റ്റ്‌വെയറിനെ കുറ്റം പറഞ്ഞ് തടിയൂരാനുള്ള ശ്രമമാണ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് നടത്തുന്നത്. ജില്ല അടിസ്ഥാനത്തിലുള്ള വിജയശതമാനത്തിൽ കാര്യമായ മാറ്റങ്ങൾ വരും. വിജയശതമാനത്തിൽ ഒന്നാമതായിരുന്ന കണ്ണൂർ ജില്ല പുതുക്കിയ ഫലം വരുമ്പോൾ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും. കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തും. പാലക്കാട് ജില്ലയുടെ വിജയശതമാനം 93ൽനിന്നു 96 ആയി ഉയരും.

താളപ്പിഴകൾ നിറഞ്ഞ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റി പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. 54 മൂല്യ നിർണ്ണയ കേന്ദ്രങ്ങളിലെയും വിവരങ്ങൾ വീണ്ടും വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കാൻ തുടങ്ങി. ഇപ്പോൾ പ്രസിദ്ധീകരിച്ച ഫലം പല ജില്ലകളിലും അപൂർണ്ണമാണ്. വീണ്ടും വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നതോടെ ഫലപ്രഖ്യാപനം അടിമുടി മാറുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചശേഷം വീണ്ടും മൂല്യനിർണയം നടത്തേണ്ടിവരുന്ന അവസ്ഥ ചരിത്രത്തിലാദ്യമായാണ്. പല ജില്ലകളിലേയും റിസൽട്ട് വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചതോടെ വിജയശതമാനത്തിലും മാറ്റമുണ്ടാകും. അങ്ങനെ വരുന്നത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കും.

മൂല്യനിർണയ ക്യാമ്പുകളിൽ നിന്നും ലഭിച്ച റിസൽട്ടുകൾ വെവ്വേറെ പരിശോധിക്കുന്ന ജോലിക്കായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയുടെ മാർക്കുകൾ 54 ക്യാംപുകളിൽ നിന്ന് നേരിട്ട് ശേഖരിക്കാൻ പരീക്ഷാഭവൻ നടപടി തുടങ്ങി. ഇന്നുതന്നെ തെറ്റുകൾ തിരുത്തി നാളെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പലസ്ഥലങ്ങളിലും വിദ്യാർത്ഥികളുടെ പൂർണ്ണ മാർക്ക് വിവരങ്ങൾ ഇല്ലാതെയാണ് ഫലം പ്രഖ്യാപിച്ചത്. എല്ലാ വിഷയത്തിനും പാസായ വിദ്യാർത്ഥി ഉപരിപഠനത്തിന് അർഹത നേടിയിട്ടില്ലെന്നും ഫലപ്രഖ്യാപനത്തിൽ വന്നിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനത്തിലെ അപാകതകൾ നീക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറയുന്നത്.

തട്ടിക്കൂട്ട് പ്രഖ്യാപനമാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തിങ്കളാഴ്ച വൈകിട്ട് നടത്തിയത്. പരീക്ഷാഫലത്തിന്റെ വിശദമായ വിശകലനമൊന്നും തയ്യാറാക്കാതെയായിരുന്നു ഇത്. മന്ത്രി നൽകിയ വാർത്താക്കുറിപ്പിലെ പല വിവരങ്ങളും പിന്നീട് പരീക്ഷാഭവനിൽനിന്ന് വെട്ടിത്തിരുത്തി. ഫലമറിയാനുള്ള വെബ്‌സൈറ്റുകളും നിശ്ചലമായി. പരീക്ഷാഫലം ഉൾക്കൊള്ളുന്ന സിഡി മാദ്ധ്യമങ്ങൾവഴി വിതരണംചെയ്തപ്പോൾ എല്ലാ ജില്ലയിലെയും വിജയശതമാനമടക്കമുള്ള വിവരങ്ങൾ വിശദമായി ചേർത്തിട്ടുണ്ടെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സംക്ഷിപ്തമായ വിവരണം മാത്രമേ അച്ചടിച്ചു നൽകിയതിലുണ്ടായിരുന്നുള്ളൂ. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെക്കുറിച്ചും വിശദീകരിച്ചില്ല. ഇതേക്കുറിച്ച് സംശയം ഉന്നയിച്ചപ്പോഴാണ് സിഡിയിൽ എല്ലാം ഉണ്ടെന്ന് മന്ത്രി അവകാശപ്പെട്ടത്.

മൂല്യനിർണയം ആരംഭിച്ച് 18 ദിവസങ്ങൾക്കുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കിയാണ് ഫലപ്രഖ്യാപനമെന്നായിരുന്നു വാർത്താസമ്മേളനത്തിൽ വലിയ നേട്ടമായി മന്ത്രി എടുത്തുപറഞ്ഞത്. അതിന്റെ പൊള്ളത്തരമാണ് ഫലപ്രഖ്യാപനം തുറന്നുകാട്ടിയത്. കണ്ണൂർ റവന്യൂ ജില്ലയാണ് വിജയശതമാനത്തിൽ മുന്നിലെന്നാണ് മന്ത്രി വാർത്താസസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, പരീക്ഷാഭവനിൽനിന്ന് പിന്നീടിറങ്ങിയ വാർത്താക്കുറിപ്പിൽ അതു കോഴിക്കോട് ജില്ലയായി. എസ്എസ്എൽസിയുടെ വിഷയം തിരിച്ചുള്ള വിജയശതമാനം പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചെങ്കിലും അതും അബദ്ധമായി. എസ്എസ്എൽസി വിജയം 97.99 ശതമാനമാണെങ്കിലും വിഷയം തിരിച്ചുള്ള ശതമാനക്കണക്ക് അതിൽ കൂടുതലാണ്. അഡീഷനൽ ഇംഗ്ലീഷ് ഫസ്റ്റ് പേപ്പർ, ഗുജറാത്തി, സംസ്‌കൃതം ഫസ്റ്റ് പേപ്പർ, സംസ്‌കൃതം സെക്കൻഡ്, തമിഴ് സെക്കൻഡ് എന്നിവയ്‌ക്കെല്ലാം പരീക്ഷാ ഭവന്റെ കണക്ക് അനുസരിച്ചു 100% ജയമാണ്.

മലയാളം ഒന്നാം പേപ്പറിന് 99.95 ശതമാനവും രണ്ടാം പേപ്പറിന് 99.5 ശതമാനവും ജയം. ഇംഗ്ലീഷിന് 99.7, ഹിന്ദിക്ക് 99.97, കണക്കിന് 99.33 സോഷ്യൽ സയൻസിന് 99.21, ഫിസിക്‌സിന് 99.76 എന്നിങ്ങനെയുള്ള ശതമാനക്കണക്കാണ് പരീക്ഷാഭവൻ രാത്രി വൈകി പുറത്തു വിട്ടത്.

സ്വകാര്യ ഏജൻസിയുടെ വെബ്‌സൈറ്റിൽ പരീക്ഷാഫലത്തിന്റെ വിശകലനം ലഭിക്കുമെന്നും മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ അതിലും വിശദമായ വിശകലനം ലഭിച്ചില്ല. പരീക്ഷാഫലം അറിയാൻ സ്വകാര്യ ഏജൻസിയെ ആശ്രയിക്കാൻ നിർദ്ദേശിച്ചതും ഇതാദ്യമായാണ്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഇതുവരെ കണ്ടിട്ടില്ലാത്ത ഗുരുതര വീഴ്ചയാണെന്ന് അദ്ധ്യാപകസംഘടനകളും ആക്ഷേപമുയർത്തി.

എല്ലാം സോഫ്റ്റ്‌വെയറിന്റെ തലയിൽ കെട്ടിവച്ച മന്ത്രി ആശയക്കുഴപ്പങ്ങൾ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് പറഞ്ഞു. സോഫ്റ്റ്‌വെയർ മാറിയതാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ചത്. മൂല്യനിർണയത്തിൽ ഉദാരസമീപനം സ്വീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരീക്ഷാ ഫലത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൃത്യമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ പരീക്ഷാ ഭവനും ഐടി അറ്റ് സ്‌കൂളിനും ഡി.പി.ഐ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

അതിനിടെ, എസ്.എസ്.എൽ.സി. മൂല്യനിർണയത്തിനെതിരെയും വിജയശതമാനം കൂട്ടുന്നതിനെതിരെയും രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ എംഎ‍ൽഎ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് എംഎൽഎയുടെ വിമർശനം. എസ്. എസ്. എൽ. സി. പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു കൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ ഈ വലിയ വിജയത്തിൽ തനിക്ക് ഒട്ടും ആഹ്ലാദം തോന്നുന്നില്ലെന്നാണ് ഹൈബി ഈഡൻ പറയുന്നത്.

മൂല്യ നിർണ്ണയം ഉദാരമാക്കിയും, ഗ്രേസ് മാർക്കുകൾ നൽകിയുമാണ് വിജയശതമാനം ഉയർത്തുന്നതെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അവഗണിച്ചു കൊണ്ട് നടത്തുന്ന ഈ പരീക്ഷാ നാടകം അന്താരാഷ്ട്ര തലത്തിലും മറ്റു സിലബസുകളിൽ പഠിച്ചു വരുന്ന കുട്ടികൾക്കിടയിലും മത്സരിക്കാൻ നമ്മുടെ കുട്ടികളെ യോഗ്യതയില്ലാത്തവരാക്കുകയാണ് ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ക്വാണ്ടിറ്റേറ്റീവ് റിസൾട്ട് അല്ല ക്വാളിറ്റി റിസൾട്ട് ആണ് നമുക്ക് ആവശ്യമെന്നും ഹൈബി തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഇത്തവണത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും ഞാൻ അനുമോദിക്കുന്നു. എന്നാൽ നമ്മുടെ ഈ...

Posted by Hibi Eden on Tuesday, 21 April 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP