Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

40,000 നഴ്‌സുമാരുടെ ഒഴിവ് വന്നതോടെ ഐഇഎൽടിഎസ് പരീക്ഷയ്ക്ക് ബദൽ സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ; ഇംഗ്ലീഷ് അധ്യയന മാധ്യമമായി നഴ്‌സിങ് പഠിച്ചവരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കിയേക്കും; ബദൽ ടെസ്റ്റും ബാൻഡ് കുറയ്ക്കലും പരിഗണനയിൽ; ബ്രിട്ടൻ മാലാഖമാർക്ക് മുന്നിൽ വീണ്ടും വാതിൽ തുറക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു

40,000 നഴ്‌സുമാരുടെ ഒഴിവ് വന്നതോടെ ഐഇഎൽടിഎസ് പരീക്ഷയ്ക്ക് ബദൽ സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ; ഇംഗ്ലീഷ് അധ്യയന മാധ്യമമായി നഴ്‌സിങ് പഠിച്ചവരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കിയേക്കും; ബദൽ ടെസ്റ്റും ബാൻഡ് കുറയ്ക്കലും പരിഗണനയിൽ; ബ്രിട്ടൻ മാലാഖമാർക്ക് മുന്നിൽ വീണ്ടും വാതിൽ തുറക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിൽ നഴ്‌സിങ് പഠനം പൂർത്തിയായി സ്വകാര്യ ആശുപത്രി മുതലാളിമാരുടെ കരുണ യാചിച്ച് കഴിയുന്ന അനേകായിരം മാലാഖമാർക്ക് വീണ്ടും പ്രതീക്ഷ പൂക്കുകയാണ്. ഏതാനും വർഷങ്ങളായി ഒന്നൊന്നായി അടഞ്ഞു കൊണ്ടിരിക്കുന്ന പാശ്ചാത്യ ലോകത്തിന്റെ വാതിലുകൾ വീണ്ടും തുറക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ എങ്ങനെ പ്രതീക്ഷിക്കാതിരിക്കും. അനേകം മലയാളി നഴ്‌സുമാർക്ക് അത്താണിയായ ബ്രിട്ടനാണ് കടുത്ത സമ്മർദ്ദത്തിനൊടുവിൽ എത്തിപ്പിടിക്കാനാവാത്ത ഇംഗ്ലീഷ് യോഗ്യതയിൽ കുറവ് വരുത്താൻ ആലോചിക്കുന്നത്. നാളുകളായി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ നടത്തി വന്നിരുന്ന ചർച്ചകൾക്കൊടുവിൽ ഈ ആഴ്ചയോടെ ആ തീരുമാനം ഉണ്ടാകുമെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

നാലു വിഷയങ്ങൾക്കും 7 ബാൻഡ് വീതം ഐഇഎൽടിഎസ് പാസായാൽ മാത്രമേ നിലവിലുള്ള നിയമം അനുസരിച്ച് ഒരു വിദേശിക്ക് യുകെയിലെ നഴ്‌സായി ജോലി ചെയ്യാൻ സാധിക്കൂ. വളരെ മിടുക്കായവർക്ക് പോലും ഏതെങ്കിലും ഒരു വിഷയത്തിൽ 6. 5 കടക്കാൻ കഴിയാതെ വന്നതോടെയാണ് പുനർവിചിന്തനം ആരംഭിച്ചത്. ഐഇഎൽടിഎസ് യോഗ്യത നിർബന്ധം ആക്കുകയും യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾക്ക് അത് ബാധകം ആക്കുകയും ചെയ്തതോടെ ബ്രിട്ടണിലേക്കുള്ള നഴ്‌സുമാരുടെ വരവ് പൂർണ്ണമായും ഇല്ലാതായി. ഇതോടെ ഏതാണ്ട് 40, 000 നഴ്‌സിങ് വേക്കൻസികളാണ് യുകെയിൽ രൂപപ്പെട്ടത്. തുടർന്നായിരുന്നു ഐഇഎൽടിഎസ് കുറയ്ക്കാനുള്ള ആലോചനകളുമായി നഴ്‌സിങ് റെഗുലേറ്ററി അഥോറിറ്റി രംഗത്ത് എത്തിയത്. ബ്രിട്ടീഷ് മലയാളിയുടെ പിന്തണയോടെ ഇതിന് വേണ്ടി നിവേദനങ്ങളും സമർപ്പിച്ചിരുന്നു.

നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന് മൂക്കുകയറിടാനായി നടപ്പിലാക്കി ഐഇഎൽടിഎസ് നിബന്ധന ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ നിന്നുമെത്തുന്ന നഴ്‌സുമാർക്ക് പോലും യുകെയിൽ ജോലി ചെയ്യുന്നതിന് തടസമായിത്തീർന്നതോടെയാണ് ഇതിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാൻ നഴ്‌സിങ് റെഗുലേറ്ററി അഥോറിറ്റി നിർബന്ധിതമായിരിക്കുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത ഇംഗ്ലീഷ് പരീക്ഷ നിബന്ധന മൂലം മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ നഴ്‌സുമാരെ പോലും നിയമിക്കുന്നതിനുള്ള ബുദ്ധിമുട്ട് വർധിച്ചതോടെ ടെസ്റ്റിൽ ഇളവ് വരുത്താനുള്ള ശക്തമായ ആവശ്യവുമായി എൻഎച്ച്എസ് എംപ്ലോയർമാരും മുന്നോട്ട് വന്നിരുന്നു.

ഇത്തരത്തിൽ ഐഇഎൽടിഎസിൽ ഇളവ് വരുത്തുന്നതിലൂടെ ഇന്ത്യ, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്‌സുമാരെ ബ്രിട്ടനിൽ നിയമിക്കുന്നത് എളുപ്പമാകുമെന്നും എൻഎച്ച്എസ് എംപ്ലോയർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഐഇഎൽടിഎസ് എന്ന കടുത്ത പരീക്ഷ പാസാകാൻ സാധിക്കുന്നില്ല എന്നതിന്റേ പേരിൽ മാത്രം നല്ല പോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കുന്നവരും ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ളവരുമായ ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലെ നഴ്‌സുമാർക്ക് പോലും എൻഎച്ച്എസിൽ നഴ്‌സായി ജോലി ചെയ്യാൻ അവസരം നിഷേധിക്കപ്പെടുന്നുവെന്ന് ജൂണിൽ ദി ഒബ്‌സർവർ തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമായതോടെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് പോലുള്ള ബദൽ പരീക്ഷകൾ ഐഇഎൽടിഎസിന് പകരമായി നടപ്പിലാക്കുന്ന കാര്യം എൻഎംസി ബുധനാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ഇംഗ്ലീഷിൽ പഠിച്ച് അടുത്തിടെ നഴ്‌സിങ് യോഗ്യത നേടിയവരെയും ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്ത് കുറഞ്ഞത് രണ്ട് വർഷം നഴ്‌സായി ജോലി ചെയ്ത് പരിചയമുള്ളവരെയും യുകെയിൽ ജോലി ചെയ്യാനായി അനായാസം അനുവദിക്കുന്ന സംവിധാനം പ്രാവർത്തികമാക്കാനും അധികൃതർ ആലോചിച്ച് വരുന്നുണ്ട്. പേഷ്യന്റ് ഓർഗനൈസേഷനുകളും എൻഎച്ച്എസ് ബോഡികളും യോജിക്കുകയാണെങ്കിൽ പുതിയ നിർദ്ദേശങ്ങൾ അടുത്ത മാസം തന്നെ നടപ്പിൽ വരുത്തുന്നതാണ്.

വിദേശികളായ പുതിയ തൊഴിലാളികളെ നിയമിക്കുമ്പോൾ കടുത്ത രീതിയിലുള്ള ഇംഗ്ലീഷ് പരീക്ഷ നടത്തണമെന്ന നിബന്ധന 2016ൽ പബ്ലിക്ക് സെക്ടർ ബോഡികൾക്ക് മേൽ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്നു. കഠിനാധ്വാനികളായവർക്ക് മെച്ചമുണ്ടാകുന്നതിനായി കുടിയേറ്റം കുറയ്ക്കുന്നതിനായി ഇത്തരം ടെസ്റ്റുകൾ അത്യാവശ്യമാണെന്നായിരുന്നു കാബിനറ്റ് മിനിസ്റ്ററായ മാത്യൂ ഹാൻകോക്ക് അന്ന് നിർദ്ദേശിച്ചിരുന്നത്. എൻഎംസി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് പോലും ഐഇഎൽടിഎസ് ടെസ്റ്റ് കർക്കശമാക്കിയതോടെ 2016 ജൂലൈയിൽ 1304 യൂറോപ്യൻ യൂണിയൻ നഴ്‌സുമാർ യുകെയിൽ രജിസ്ട്രർ ചെയ്തിരുന്നതിൽ ഈ വർഷം ഏപ്രിൽ ആകുമ്പോഴേക്കും 46 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.

ഐഇഎൽടിഎസിന്റെ എഴുത്ത് പരീക്ഷയിൽ വിജയിക്കാൻ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്നുമെത്തുന്ന നിരവധി നഴ്‌സുമാർ പോലും പാടുപെടുന്നുവെന്നാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ എച്ച്‌സിഎൽ വെളിപ്പെടുത്തിയത്. ഐഇഎൽടിഎസിൽ നേടേണ്ടുന്ന ചുരുങ്ങിയ സ്‌കോർ കുറയ്ക്കാൻ സാധിക്കുമോയെന്നും എൻഎംസി നിർബന്ധമായും ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും എച്ച്‌സിഎൽ ആവശ്യപ്പെടുന്നു. തെറ്റായ ടെൻസുകളും ഇംഗ്ലീഷിൽ ലേഖനം എഴുതുമ്പോഴുണ്ടാകുന്ന പിശകുകളുമാണ് ഐഇഎൽടിഎസിൽ നിരവധിപേർ പരാജയപ്പെടുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് എച്ച്‌സിഎൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജരായ തെരേസ വിൽസൻ വെളിപ്പെടുത്തുന്നത്.

അതിനാൽ നഴ്‌സിങ് പ്രഫഷൻ മിടുക്കോടെയും കാര്യക്ഷമതയോടെയും ചെയ്യാൻ സാധിക്കുന്ന നഴ്‌സുമാർക്ക് പോലും എൻഎച്ച്എസിൽ നിയമനം ലഭിക്കാത്ത ദുരവസ്ഥയുണ്ടെന്നും അവർ എടുത്ത് കാട്ടുന്നു. നിലവിൽ എൻഎച്ച്എസിൽ നഴ്‌സിങ് ക്ഷാമം മുമ്പില്ലാത്ത വിധത്തിൽ രൂക്ഷമായ സാഹചര്യത്തിൽ വിദേശത്ത് നിന്നുമുള്ള കഴിവുറ്റ നഴ്‌സുമാരെ ലഭിക്കുന്നതിന് ഇത്തരത്തിൽ തടസങ്ങൾ കൂടി ഉണ്ടായിരിക്കുന്നതിനാൽ കാര്യങ്ങൾ വഷളായിരിക്കുന്നുവെന്നും തെരേസ വിൽസൻ ആശങ്കപ്പെടുന്നു.

ഐഇഎൽടിഎസ് പാസാകുന്നതിനുള്ള വിഷമം മൂലം ഈ കടമ്പ കടക്കാനായി സ്റ്റാഫുകൾ എട്ട് മാസവും ഒരു വർഷവും വരെ എടുക്കുന്നുണ്ടെന്നും ഇതിന് നിരവധി തവണ ശ്രമിക്കേണ്ടി വരുന്നുവെന്നും എന്നിട്ടും വെറും 50 ശതമാനം പേർമാത്രമേ പാസാകുന്നുള്ളുവെന്നും അതിനാൽ റിക്രൂട്ട്‌മെന്റിന് കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നും എൻഎച്ച്എസ് ട്രസ്റ്റുകൾ എൻഎംസിയെ ബോധിപ്പിച്ചിരുന്നു. ഐഇഎൽടിഎസിന്റെ റൈറ്റിങ് പാർട്ട് പാസാകുന്നതിനാണ് മിക്ക ഉദ്യോഗാർത്ഥികളും കൂടുതൽ പ്രയാസം അനുഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നുംഅതിനാലാണ് അതിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും കുറച്ച് മുമ്പ് പുറത്തിറക്കിയ എൻഎംസി കൗൺസിൽ പേപ്പർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

റൈറ്റിങ് മാനദണ്ഡത്തിൽ മിനിമം നേടേണ്ടുന്ന സ്‌കോർ 6.5ആയി ചുരുക്കിയാൽ തന്നെ യുകെയിലേക്ക് കൂടുതലായി നഴ്‌സുമാർ കടന്ന് വരുന്ന ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയിടങ്ങളിലെ നഴ്‌സുമാർക്ക് ഐഇഎൽടിഎസ് പാസായി ഇവിടെ പ്രാക്ടീസ് ചെയ്യുന്നതിന് സാധിക്കുമെന്ന് ബ്രിട്ടീഷ് കൗൺസിലും കുറച്ച് മുമ്പ് നിർദ്ദേശിച്ചിരുന്നു. ഏതായാലും കഴിഞ്ഞ കുറച്ച് കാലമായി പല തുറകളിൽ നിന്നുമുള്ള ഇത്തരം സമ്മർദങ്ങളും നിർദ്ദേശങ്ങളും കാരണം ഐഇഎൽടിഎസിൽ ഇളവ് അനുവദിക്കുന്ന കാര്യം ഇപ്പോൾ എൻഎംസി കാര്യമായി ആലോചിച്ച് വരുന്നുവെന്നത് നഴ്‌സുമാരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP