Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലങ്കയണിഞ്ഞ് കാഞ്ഞങ്ങാട്! അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് നഗരി സാക്ഷിയായി; സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് കലാമേളയ്ക്ക് തിരി തെളിച്ചു; മുഖ്യാഥിതിയായി ജയസൂര്യ;മോഹിനിയാട്ടത്തോടെ തുടക്കം; ഗതാഗത കുരുക്ക് മത്സരാർത്ഥികൾക്ക് വില്ലൻ

ചിലങ്കയണിഞ്ഞ് കാഞ്ഞങ്ങാട്! അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് നഗരി സാക്ഷിയായി; സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് കലാമേളയ്ക്ക് തിരി തെളിച്ചു; മുഖ്യാഥിതിയായി ജയസൂര്യ;മോഹിനിയാട്ടത്തോടെ തുടക്കം; ഗതാഗത കുരുക്ക് മത്സരാർത്ഥികൾക്ക് വില്ലൻ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. സപ്താഭാഷ സംഗമഭൂമിയായ കാഞ്ഞങ്ങാട് കലാ മാമാങ്കത്തിന് തിരി തെളിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണനാണ്. കലകളുടെ ഉത്വസത്തിന് കവിത ചൊല്ലിയാണ് അദ്ദേഹം തുടക്കമിട്ടത്. നടൻ ജയസൂര്യ ചടങ്ങിൽ മുഖ്യാതിഥിയായി രാവിലെ 7.30 മുതൽ വിവിധ സാംസ്‌കാരിക പരിപാടികളോടെയാണ് കലയുടെ കേളികൊട്ടുണർന്നത്.

വാദ്യരത്‌നം മഡിയൻ രാധാകൃഷ്ണന്മാരരുടെ മേളപെരുക്കത്തോടൊപ്പം കാണികളും ആർപ്പുവിളിച്ചതോടെ കലയുടെ പൂരത്തിന് കൊടിയേറുകയായിരുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, നഗരസഭയിലെയും അജാനൂ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളിലായി തയ്യാറാക്കിയ മുപ്പതോളം വേദികളിലായാണ് നാലു ദിവസം രാപ്പകൽ ഭേദമന്യേ 239 ഇനം കലാമത്സരങ്ങൾ അരങ്ങേറുക.

കൃത്യം പത്ത് മണിക്ക് തന്നെ മുഴുവൻ വേദികളിലും നിശ്ചയിച്ച കലാമത്സരങ്ങൾക്ക് തുടക്കമായി. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് രചനാമത്സരങ്ങൾ നടക്കുന്നത്. കൃത്യസമയത്ത് തന്നെ വിശിഷ്ടാാഥിതികളെല്ലാം എത്തിയതോടെ പ്രധാനവേദിയിൽ ഉദ്ഘാടന സമ്മേളനവും ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം 11.30 ന് ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടമത്സരം ആരംഭിച്ചു.

പൊതു വിദ്യാദ്യാസ ഡയറക്ടർ കെ.ജീവൻ ബാബു കലോത്സവ നഗരിയിൽ പതാക ഉയർത്തിയതോടെയാണ് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറി. കുട്ടികൾക്കൊപ്പം ചെണ്ട കൊട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആസ്വാദകർക്ക് വിരുന്നൊരുക്കി. 28 വേദികളിലാണ് 239 മത്സര ഇനങ്ങൾ അരങ്ങേറുന്നത്. 10000 മത്സരാർഥികൾ പങ്കെടുക്കുന്നു.

ദേശീയപാതക്കരികിൽ ഐങ്ങോത്താണ് പ്രധാന വേദി. കാഞ്ഞങ്ങാട് മുതൽ നീലേശ്വരം വരെ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഉദ്ഘാടന ചടങ്ങ് നടക്കുന്ന സമയത്ത് പ്രശ്‌നം രൂക്ഷമായി. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, സ്പീക്കർ ശ്രീരാമകൃഷ്ണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി എന്നിവർക്കൊപ്പം നടൻ ജയസൂര്യയും പ്രധാനവേദിയിൽ ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. വേദിയിൽ നേരത്തേ തന്നെ വൻ ജനാവലിയായിരുന്നു.

ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്ക് സംഘാടകർ നേരത്തേ പ്രതീക്ഷിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ വലിയ വാഹനങ്ങൾ ചിത്താരി മുതൽ നീലേശ്വരം വരെ ദേശീയ പാതയിൽനിന്നും വഴി തിരിച്ചു വിടാനായിരുന്നു തീരുമാനം. ഇക്കാര്യം പൊലീസ് ഉറപ്പു നൽകിയതുമാണ്. എന്നാൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോഴും വലിയ വാഹനങ്ങൾ ഈ വഴി പോകുന്നുണ്ടായിരുന്നുവെന്ന് സംഘാടക സമിതി അംഗങ്ങൾ തന്നെ പറയുന്നു.

അതിനിടെ രോഗികളുമായി പോകുന്ന ആംബുലൻസുകളും അകപ്പെട്ടു പോകുന്നുണ്ട്. രൂക്ഷമായ ഗതാഗതക്കുരുക്കിൽ പലർക്കും അവസരം നഷ്ടപ്പെട്ടുപോകുമോ എന്ന ഭീതിയുമുയർന്നു. ഇടുങ്ങിയ ഒരു വാഹനം മാത്രം പോകുന്ന വഴികളാണ് പല വേദികളിലേക്കുമുള്ളത്. ഇത് വൺവേ ആക്കി പ്രശ്‌നം പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP