Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എ ലെവൽ പരീക്ഷയിൽ ഇംഗ്ലീഷ് കുട്ടികളെ തോൽപിച്ചു മലയാളി വിദ്യാർത്ഥികൾ; ഏറ്റവും ഉയർന്ന സ്‌കോർ നേടിയത് കണ്ണൂരുകാരി നയൻതാര; ബ്രിട്ടനിലെ ഒരു നിശബ്ദ മലയാളി വിപ്ലവം

എ ലെവൽ പരീക്ഷയിൽ ഇംഗ്ലീഷ് കുട്ടികളെ തോൽപിച്ചു മലയാളി വിദ്യാർത്ഥികൾ; ഏറ്റവും ഉയർന്ന സ്‌കോർ നേടിയത് കണ്ണൂരുകാരി നയൻതാര; ബ്രിട്ടനിലെ ഒരു നിശബ്ദ മലയാളി വിപ്ലവം

ജോലി തേടി യു കെയിൽ എത്തിയ മലയാളികളുടെ പുതിയ തലമുറ വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തു വന്ന ബ്രിട്ടനിലെ ഏറ്റവും പ്രധാന പരീക്ഷയായ എ ലെവലിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടിയിരിക്കുന്ന സമൂഹമായി മലയാളി സമൂഹം മാറിയിരിക്കുന്നു. പരീക്ഷ എഴുതിയ മിക്ക മലയാളികളും യു കെയിലെ തന്നെ മികച്ച സ്‌കോർ ആണ് നേടിയത്. മൂന്ന് വിഷയം മാത്രമെ എടുത്തു പഠിക്കേണ്ടതുള്ളൂ എന്നായിട്ടും അഞ്ചെണ്ണം എടുത്ത് പഠിച്ച കണ്ണൂർ പുൽകിരിമ്പാ സ്വദേശിയായ നയൻതാര ശശിധരനാണ് യു കെയിലെ തന്നെ ഏറ്റവും അധികം മാർക്ക് നേടിയ കുട്ടികളിൽ ഒരാൾ. തിരഞ്ഞെടുത്ത അഞ്ച് വിഷയങ്ങൾക്കും എ സ്റ്റാർ നേടിയ നയൻതാര ബ്രിട്ടന്റെ മുഴുവൻ കൈയടി നേടിയെടുത്തു. മറ്റനേകം കുട്ടികളും ഉയർന്ന സ്‌കോർ വാങ്ങി മലയാളി സമൂഹത്തിന് അഭിമാനം പകർന്നിട്ടുണ്ട്.

എ ലെവൽ പോലെ പ്രാധാന്യമുള്ള ഇവിടുത്തെ പത്താം ക്ലാസിനു തുല്ല്യമായ ജിസിഎസ്ഇ പരീക്ഷയിലും യുകെയിലെ മലയാളികുട്ടികൾ ഉന്നതവിജയം കരസ്ഥമാക്കാറുണ്ട്. ജി സി എസ് ഇ പരീക്ഷയിൽ മികച്ച വിജയം കൊയ്‌തെടുത്ത മലയാളി പ്രതിഭകളിൽ ഒട്ടു മിക്കവരും തന്നെ ഇപ്പോൾ എ ലെവലിലും അതെ പ്രകടനം കാഴ്‌ച്ചവച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ മലയാളി കുട്ടികളുടെ പ്രതിഭയുടെ മിടുക്കിൽ പല സ്‌കൂളുകളും ഇപ്പോൾ അഭിമാനം പങ്കിടുകയാണ്. യുകെയിലെ ഷ്രൂസ്‌ബറിയിൽ താമസിക്കുന്ന നയൻതാര ശശിധരൻ, ഇപ്‌സ്വിചിലെ സ്മിതി, സന്ദർലണ്ടിലെ അഞ്ജന വർഗീസ്, ബാസിൽഡണിലെ ഗൗതം മേനോൻ, ആഷ്‌ഫോഡിലെ ക്രിസ്റ്റി എന്നിവരൊക്കെ ഉന്നത വിജയമാണ് കരസ്ഥമാക്കിയത്.

മലയാളികളിൽ ഒന്നാം സ്ഥാനത്ത് നയൻതാര; പുസ്തകപ്രേമിക്ക് 5 എ സ്റ്റാർ

പ്രശസ്തമായ 4 യൂണിവേഴ്‌സിറ്റികൾ ഒന്നിച്ചു ഒരു മലയാളി കുട്ടിയെ തേടി എത്തിയ കാര്യമാണ് ഷ്രൂസ്‌ബറിയിലെ നയൻ താരയ്ക്ക് പങ്കു വയ്ക്കാൻ ഉള്ള പ്രധാന വിശേഷം. അഞ്ചു വിഷയങ്ങളിൽ ഒന്നിച്ചു എ സ്റ്റാർ നേടിയ ഈ മിടുക്കിയെ കൈവിട്ടു കളയാൻ യൂണിവേഴ്‌സിറ്റികൾക്ക് താല്പര്യം ഇല്ല എന്നതാണ് തമാശ. തീർച്ചയായും മലയാളി കുട്ടികൾക്കിടയിൽ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയിരിക്കുന്നത് നയൻതാര തന്നെ ആയിരിക്കണം.

യൂണിവേഴ്‌സിടി കോളേജ് ഓഫ് ലണ്ടൻ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിടി, ന്യുകാസിൽ യൂണിവേഴ്‌സിറ്റി, ലിവർപൂൾ യൂണിവേഴ്‌സിറ്റി എന്നിവർ ഒന്നിച്ചു മെഡിസിൻ പഠന വാഗ്ദാനം നൽകിയതിൽ ഓക്‌സ്‌ഫോർഡ് തിരഞ്ഞെടുക്കുകയാണ് നയൻതാര. ഇംഗ്ലിഷ് സാഹിത്യം, ബയോളജി, കെമിസ്ട്രി, ഐ ടി, എക്‌സ്റ്റെന്റ് പ്രൊജെക്റ്റ് എന്നിവയിലാണ് നയന്റെ എ സ്റ്റാർ. ക്ലാസിക് സാഹിത്യത്തോട് പ്രണയം കൂടിയ പെൺകുട്ടിക്ക് ഇംഗ്ലിഷ് സാഹിത്യത്തിൽ ഉയർന്ന വിജയം കിട്ടിയത് ഒട്ടും അത്ഭുതമില്ലാത്ത കാര്യം.

ശശിധരൻ റോസമ്മ ദമ്പതികളുടെ മകളായ നയൻതാര പഠിച്ച വിഷയങ്ങളിൽ മുഴുവൻ എ സ്റ്റാർ നേടിയാണ് സ്‌കൂളിനും മലയാളികൾക്കും അഭിമാനമായി മാറിയത്. നാട്ടിൽ അവധിക്കു പോയാൽ പോലും രാമായണം, മഹാഭാരതം, പുരാണം, വില്ല്യം ഷെക്‌സ്പിയാർ, മാക്‌സിം ഗോർകി തുടങ്ങി വായിക്കുവാൻ കഴിയുന്ന ഏതു പുസ്തകവും സ്വന്തമാക്കിയെ നയൻതാര മടങ്ങാറുള്ളൂ. ടെൽഫോടിലെ ന്യു കോളേജിൽ നിന്നാണ് നയൻതാര ഉന്നത ജയം സ്വന്തമാക്കിയത്. ആറാം ക്ലാസ് വരെ തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ പഠിച്ച നയൻതാര മൂന്നു മാസം വെയ്ൽസിലെ ടിവിൻ എന്ന സ്ഥലത്തും പഠിച്ചിരുന്നു. തുടർന്നാണ് ഷ്രൂസ്‌ബറിയിലേക്ക് താമസം മാറ്റുന്നത്. നാട്ടിൽ ഫുഡ് ഇൻസ്‌പെക്ടർ ഓഫീസിൽ ജോലി ചെയ്തിരുന്ന ശശിധരൻ ഇപ്പോൾ ജോലിയിൽ നിന്നു താൽക്കാലിക അവധി എടുത്തിരിക്കുകയാണ്. എഴാം ക്ലാസ്സിൽ പഠിക്കുന്ന സുമൻ താര ആണ് ഏക സഹോദരി. അമ്മ റോസമ്മ ബർച്ചസ്റ്റർ ഹോമിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്നു. എൻ ജി ഓ യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റി അംഗവും സ്റ്റേറ്റ് കൗൺസിലരും ആയിരുന്നു ശശിധരൻ.

ഗ്രാമർ സ്‌കൂളിലേക്ക് കൂട് മാറി സ്മിജി വിജയത്തിന് തിളക്കം കൂട്ടി

ഇപ്‌സ്വിചിലെ സ്മിജി സജി ജി സി എസ് ഇ പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ സ്റ്റാർ നേടിയിരുന്നെങ്കിലും ഇനിയുള്ള പഠനം ഗ്രാമർ സ്‌കൂളിൽ ആക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. ആ തീരുമാനം അക്ഷരം പ്രതി ശരിയെന്നു തെളിയിക്കുകയാണ് ഇപ്പോൾ പുറത്തു വന്ന റിസൾറ്റ്. കോൾചെസ്റ്റർ ഗ്രാമർ സ്‌കൂളിലെ മികച്ച വിജയങ്ങളിൽ ഒന്നാണ് സ്മിജി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇവിടെ പഠിച്ച അഫ്ഹം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിജയങ്ങളിൽ ഒന്നാണ് സ്വന്തമാക്കിയിരുന്നത്. ഒരു സ്‌കൂളിനു തുടർച്ചയായി രണ്ടാം വർഷവും പെരുമ നില നിർത്താൻ മലയാളി കുട്ടികൾ കാരണമായി എന്നതും ചെറിയ കാര്യമല്ല.

നാലു വിഷയങ്ങളിൽ ഫുൾ മാർക്ക് വാങ്ങിയാണ് സ്മിജി കേംബ്രിഡ്ജിൽ മെഡിസിൻ പഠനത്തിനു തയ്യാറെടുക്കുന്നത്. ഇന്നലെ കേരളത്തിൽ അവധിക്കാലം പൂർത്തിയാക്കി വന്നു ബാഗേജും മറ്റും അടുക്കി ഒതുക്കുന്നതിനിടയ്ക്കാണ് വിജയ വാർത്ത വന്നു കയറിയത്. കെമിസ്ട്രി, ബയോളജി, മാത്സ്, ഫർതർ മത്സ് എന്നിവയിൽ നൂറു മേനി കണ്ടെത്തിയ സ്മിജി അല്പം പിന്നോക്കം നിന്ന വിഷയങ്ങൾ ജനറൽ സ്റ്റഡീസും ക്രിട്ടിക്കൽ തിന്കിങ്ങും ആണ്. ഭാവി പഠനത്തിനു പ്രയോജനപ്പെടും വിധം അവ അത്ര പ്രാധാന്യം ഉള്ള വിഷയങ്ങൾ അല്ലാത്തതിനാൽ തന്നെ ഗൗരവം കൊടുത്തില്ല എന്ന് മാത്രം. പഠനത്തിനൊപ്പം മറ്റു കാര്യങ്ങളിലും സജീവ ആണ് സ്മിജി. കരെട്ടയിൽ ബ്ലു ബെൽറ്റും കീ ബോർഡിൽ ഗ്രേഡ് നാലും ഈ മിടുക്കിയുടെ നേട്ടങ്ങൾക്കൊപ്പം ഉണ്ട്. അടൂര അറപ്പുരയിൽ കുടുംബാംഗം ആണ് പിതാവ് സജി. ഇപ്‌സ്വിച് ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം സ്റ്റാഫ് നേഴ്‌സ് ആണ് അമ്മ സ്മിത. എട്ടാം ക്ലാസിലേക്ക് പ്രവേശം നേടിയ സനൽ സജിയാണ് ഏക സഹോദരൻ.

വിജയ വഴികളിൽ വീണ്ടും കാലിടറാതെ അഞ്ജന വർഗീസ്

രണ്ടു വർഷം മുൻപ് സ്‌കൂളിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ് സന്ദർലന്റ് സെന്റ് ആന്റണീസ് കത്തോലിക് സ്‌കൂൾ വിദ്യാർത്ഥിനി അഞ്ജന വർഗീസ് ജിസിഎസ്ഇയിൽ സ്വന്തമാക്കിയത്. ആ നേട്ടം ഇത്തവണയും ആവർത്തിച്ചു. മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ സ്വന്തമാക്കിയാണ് അഞ്ജന വീണ്ടും അഭിമാന താരമാകുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ എ സ്റ്റാർ നേടിയ അഞ്ജന കണക്കിൽ എ ഗ്രേഡും സ്വന്തമാക്കിയാണ് ന്യുകാസിൽ യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ പ്രവേശനം നേടിയിരിക്കുന്നത്. ഇന്നലെ രാവിലെ സന്ദർലന്റ് എഫ് എം റേഡിയോ അഞ്ജനയുടെ വിജയം പുറത്തു വിട്ടതിനു പിന്നാലെ സന്ദർലന്റ് ഏകോ പ്രാദേശിക പത്രവും വിജയം ആഘോഷിക്കാൻ അഞ്ജനയെ തേടി എത്തിയിരുന്നു. ജി സി എസ ഇ പരീക്ഷയിൽ 11 വിഷങ്ങളിൽ എ സ്റ്റാറും രണ്ടെണ്ണത്തിൽ എ യും നേടിയാണ് അഞ്ജന സ്‌കൂളിലെ താരമായത്.

സന്ദർലന്റ് മലയാളി സംഘടനയ്ക്ക് നെതൃതം നല്കിയ വർഗീസ് ഔസേഫിന്റെയും ഷീബ വർഗീസിന്റെയും മകളാണ് അഞ്ജന. ഡ്യൂക്ക് ഓഫ് എഡിൻബറോ അവാർഡും നേടിയിട്ടുണ്ട് ഈ മിടുക്കി. നേരത്തെ തന്നെ ഡോക്ടർ ആകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള അഞ്ജന തന്റെ ആഗ്രഹ സഫലീകരണത്തോട് ഏറെ അടുത്ത് എത്തിയിരിക്കുകയാണ്. അഞ്ജനയ്ക്ക് അജയ് എന്ന സഹോദരനുമുണ്ട്.

ചേച്ചി ആരതി കാട്ടിയ വഴിയെ അനുജൻ ഗൗതമും

മറുനാടൻ മലയാളിയുടെ സഹോദരസ്ഥാപനമായ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ ന്യുസ് പെഴ്‌സൺ ഓഫ് അവാർഡ് നേടിയും ആരതി മേനോന്റെ സഹോദരനാണ് ഗൗതം. രണ്ടു വർഷം മുൻപ് എ ലെവൽ റിസൾട്ട് റിപ്പോർട്ട് ചെയ്തപ്പോൾ ഏറ്റവും മികച്ച വിദ്യാർത്ഥിനി എന്ന വിശേഷണത്തോടെയാണ് ആരതിയെ തേടി അവാർഡ് എത്തിയത്. ആറു വിഷയങ്ങൾ തിരഞ്ഞെടുത്തു 3 എ സ്റ്റാറും 3 എ യും സ്വന്തമാക്കിയാണ് എ ലെവൽ പാസായി ഗൗതം ഓക്‌സ്‌ഫോഡിൽ മെഡിസിൻ പഠനത്തിനു ചേരുന്നത്. ചേച്ചി ആരതി ലണ്ടൻ ഇമ്പീരിയൽ കോളേജിൽ മെഡിസിൻ പഠിക്കുമ്പോൾ അനുജൻ ഓക്‌സ്‌ഫോഡിൽ മെഡിസിൻ പഠനം നടത്തും എന്ന കൗതുകവും ഇവരുടെ പരീക്ഷ വിജയത്തിന്റെ ബാക്കി പത്രമാണ്.

പാട്ടും ഉപകരണ സംഗീതവും കഥയും നാടകവും കരാട്ടെയും എല്ലാം ചേർന്ന ഒരു ഹീറോ ലൈഫ് ആണ് ഗൗതമിന്റെത്. ഇതിനൊക്കെ എവിടെ സമയം കിടുന്നു എന്ന കാര്യത്തിൽ മാത്രമേ അത്ഭുതപ്പെടെണ്ടൂ. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ ഗൗതം ക്രികറ്റ്, പിയാനോ, ഗിത്താർ എന്നിവയിലെല്ലാം തന്റെ വൈഭവം പ്രകടമാക്കിയിടുണ്ട്. ലണ്ടനിലെ പ്രമുഖ സാംസ്‌ക്കാരിക സംഘടന ആയ കലയുടെ സജീവ അംഗമാണ് ഗൗതം. ദ്യുക് ഓഫ് എടിൻബാറോ ഏക്‌സ്‌പെടിഷൻ സിൽവർ മെഡൽ ജേതാവ് ആയ ഗൗതം ലണ്ടൻ അക്കാഡമി ഓഫ് മ്യുസിക് ആൻഡ് ഡ്രാമയുടെ സിൽവർ മെഡൽ ജേതാവ് കൂടിയാണ്.

ചെംസ് വുഡ് കിങ് എഡ്വേഡ് ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിയാണ് ഗൗതം. ബസ്സില്‌ടോൻ ആശുപത്രിൽ സർജൻ ആയ ജയചന്ദ്രൻ മേനോനും കാർഡിയോളജിസ്റ്റ് ആയ അമ്മ സുധ അയ്യരും ഭാവിയിലെ മികച്ച ഒരു ഡോക്ടറെ ആണ് ഗൗതമിൽ നിന്നു പ്രതീക്ഷിക്കുന്നത്. ചേച്ചി ആരതി പ്രശസ്തമായ ലണ്ടൻ ഇമ്പീരിയൽ കോളേജിൽ നാലാം വർഷ വൈദ്യ ശാസ്ത്ര വിദ്യാർത്ഥിനിയാണ്.

വാക്ക് തെറ്റിക്കാതെ ക്രിസ്റ്റി

ആഷ്‌ഫോഡ് നോർട്ടൺ നാച്ച്ബുൾ സ്‌കൂളിൽ നിന്നും എ ലെവൽ പരീക്ഷയിൽ രണ്ട് എ പ്ലസും രണ്ട് എ യും കരസ്ഥമാക്കിയാണ് ക്രിസ്റ്റി വർഗിസ് മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ മെഡിസിന് സീറ്റുറപ്പിച്ചത്. രണ്ട് വർഷം മുമ്പ് നടന്നജി.സി.എസ്.ഇ പരീക്ഷയിൽ ക്രിസ്റ്റി പത്ത് എസ്റ്റാറും മൂന്ന് എ യും തുടർന്ന് നടന്ന ഏഎസ് ലെവൽ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഏയും ലഭിച്ചിരുന്നു.

ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റായിരുന്ന രാജു വർഗീസിന്റെയും ഓമന വർഗീസിന്റെയും മകനാണ് ക്രിസ്റ്റി. പഠനത്തിന് പുറമേ ആത്മീയ, ജീവകാരുണ്യ സാംസ്‌കാരിക കലാപരിപാടികളിലും ഏറെ സജീവമാണ് ക്രിസ്റ്റി. ഹൺസ്ലിലോ സെന്റ് ജോൺസ് മാർതോമാ ഇടവകാംഗവും കെന്റ് പ്രാർത്ഥാനാ സംഘത്തിന്റെ ഗായക സംഘാംഗവുമായ ക്രിസ്റ്റി കീബോർഡിൽ വിദഗ്ധനുമാണ്. കൂടാതെ വിൽസ്‌ബ്രോ ക്രിക്കറ്റ് ക്ലബ് അംഗം, സെന്റ് ജോൺസ് ആമ്പുലൻസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്നയാളും ആഷ്‌ഫോർ മലയാളി അസോസിയേഷന്റെ കലാമേളകളിലെ നിറസാന്നിധ്യവുമാണ് ക്രിസ്റ്റി.

നിരന്തരമായ പ്രാർത്ഥനയും കഠിനാദ്ധ്വാനവുമാണ് ക്രിസ്റ്റിക്ക് ഉന്നത വിജയം നേടാൻ കഴിഞ്ഞതിന്റെ പിന്നിലെന്ന് മാതാപിതാക്കൾ പറഞ്ഞു. ഏക സഹോദരൻ ജസ്റ്റിൻ വർഗീസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ജ്യേഷ്ഠന്റെ പാത പിന്തുടരണമെന്നാണ് ആഗ്രഹമെന്ന് ജസ്റ്റിൻ പറഞ്ഞു.

അയൽവാസികളായ സഹപാഠികൾക്ക് മധുരമൂറും വിജയം

അധികം മലയാളികൾ താമസം ഇല്ലാത്ത ഇടത്തരം പട്ടണം ആയ ന്യുബറിയിൽ രണ്ടു സഹപാഠികൾ കണ്ടെത്തിയ മികച്ച വിജയം കുടുംബ സുഹൃത്തുക്കൾക്കും മലയാളി അസോസിയേഷനും എല്ലാം ഒന്ന് പോലെ ആഹ്ലാദം പകരുകയാണ്. രണ്ടു വിഷയങ്ങളിൽ എ സ്റ്റാർ കണ്ടെത്തിയ പ്രിൻസും എലിസബത്തും സൗഹൃദ വഴികളിൽ തന്നെ മാർക്കും തുല്ല്യമായി വീതം വച്ചിരിക്കുകയാണ്. കൂടുതൽ കൗതുകമായത് ഇരുവരും ഓരോ വിഷയങ്ങളിൽ എ യും ബി യും ഗ്രേഡും നേടി എന്നതാണ്. അതും ഒരേ വിഷയങ്ങളിൽ.

ബയോളജിയിലും കണക്കിലും എ സ്റ്റാർ നേടിയ ഇരുവരും തുടർപഠനം മെഡിസിൻ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. കെമിസ്ട്രിയിൽ എ ഗ്രേഡ് നേടിയ ഇരുവരും ഫർതർ മാത്സിൽ ബി ഗ്രേഡും സ്വന്തമാക്കിയിട്ടുണ്ട്. എലിസബത്ത് ലണ്ടൻ ഇമ്പീരിയൽ കോളേജിൽ അഡ്മിഷൻ ഉറപ്പിച്ചു കഴിഞ്ഞു. പ്രിൻസ് ഇതുവരെ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തിട്ടില്ല. മികച്ച യൂണിവേഴ്‌സിറ്റി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം ഗ്യാപ് എടുത്തു അടുത്ത വർഷം മികച്ച യൂണിവേഴ്‌സിറ്റിയിൽ സീറ്റ് കണ്ടെത്തി പഠനം തുടരാനും ആണ് ഉൽസാഹിയായ പ്രിൻസിന്റെ ശ്രമം. ജിജു യൊവെലിന്റെയും ഷേർളി ജിജുവിന്റെയും മൂത്ത മകനാണ് പ്രിൻസ്. ഏക സഹോദരൻ പാട്രിക് ജിജു സ്‌കൂളിൽ പഠിക്കുന്നു. കുര്യൻ ഫിലിപ്പിന്റെയും ശാലിനി ഫിലിപ്പിന്റെയും മകളാണ് എലിസബത്ത്. ഇളയ സഹോദരൻ ജോഷ്വ ഫിലിപ്. മികച്ച വിജയം സ്വന്തമാക്കിയ ഇരുവരെയും അനുമോദനങ്ങൾ കൊണ്ട് മൂടുകയാണ് ന്യുബറി മലയാളികൾ.

കേംബ്രിഡ്ജ് കാത്തിരിക്കുന്നു, അബിനെ തേടി

ഇത്തവണ റിസൾട്ട് വന്നപ്പോൾ പെൺകുട്ടികൾക്കൊപ്പം തന്നെ മികച്ച വിജയം കണ്ടെത്താൻ ആൺകുട്ടികൾക്കും കഴിഞ്ഞു എന്നത് പ്രത്യേകതയ്യായി. ബാസിൽഡനിൽ നിന്നും ഗൗതം മേനോൻ നേടിയത് പോലെ തിളക്കമാർന്ന വിജയം കണ്ടെത്തിയിരിക്കുകയാണ് കെന്റിലെ അബിൻ വർഗീസ് എന്ന മിടുക്കനും. ചാത്തം ഗ്രാമർ സ്‌കൂൾ ഫോർ ബോയ്‌സിൽ നിന്നും എ ലെവൽ പാസായ അബിൻ മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ സ്വന്തമാക്കി മെഡിസിൻ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്. മറ്റൊരു വിഷയത്തിൽ എ ഗ്രേഡും അബിന് ലഭിച്ചിട്ടുണ്ട്. മിടുമിടുക്കർ മാത്രം തുടർ പഠനം നടത്തുന്ന കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ തന്നെ മെഡിസിന് ചേരാൻ കഴിഞ്ഞു എന്നതാണ് എ ലെവൽ പരീക്ഷ വിജയം അബിന് നല്കിയ സമ്മാനം. ഇപ്പോൾ കെന്റിലെ ഗിള്ളിൻഹമിലാണ് അബിനും മാതാപിതാക്കളും താമസിക്കുന്നത്. ഭാവിയിൽ മികച്ചൊരു സർജൻ ആകണം എന്ന ആഗ്രഹമാണ് ഈ യുവാവ് പങ്കു വയ്ക്കുന്നത്. വർഗീസ് സെബാസ്റ്റ്യൻ, ലിറ്റി വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരൻ ജോസഫ് വർഗീസും

സ്വപ്ന സാഫല്യം അശ്വതിക്കരികിൽ

തന്റെ മോഹസാഫല്യം അടുത്തെത്തുന്ന സന്തോഷമാണ് എ ലെവൽ റിസൾട്ട് പുറത്തു വന്നതോടെ ഈസ്റ്റ് ഹാമിലെ അശ്വതി ബിജു പങ്കിടുന്നത്. ഉറുസിലിൻ അക്കാദമിയിൽ നിന്നും രണ്ടു എ സ്റ്റാർ നേടിയ അശ്വതി ഭാവിയിൽ ഡോക്ടർ ആകാനുള്ള തയ്യാറെടുപ്പിലാണ്. യൂണിവേഴ്‌സിറ്റി ഓഫ് യോർകിൽ ആകും അശ്വതിയുടെ തുടർ പഠനം. ബയോളജിയിലും സോഷ്യോളജിയിലും എ സ്റ്റാർ നേടിയ അശ്വതിക്ക് കെമിസ്ട്രിയിൽ ബി ഗ്രേഡും ലഭിച്ചു. ജി സി എസ് ഇ യിൽ 9 വിഷയങ്ങൾക്ക് എ സ്റ്റാർ നേടിയാണ് അശ്വതി വിജയം കണ്ടെത്തിയത്. ഒരു പാട് കഠിനാധ്വാനവും ഉറക്കമില്ലാത്ത രാത്രികളും ഒടുവിൽ സന്തോഷത്തിലേക്ക് വഴി മാറുന്ന ദിവസം കൂടിയാണ് അശ്വതി ഇപ്പോൾ ആസ്വദിക്കുന്നത്. പഠന കാലത്ത് എപ്പോഴും അച്ഛൻ ബിജുവും അമ്മ രജിതയും അനുജത്തി ഐശ്വര്യയും നല്കിയ പിന്തുണ ഏറെ സഹായകം ആയി എന്നും അശ്വതി മനസ് തുറക്കുന്നു. അടുത്ത വർഷം ഐശ്വര്യയും എ ലെവൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയാണ്. കോട്ടയം കൂട്ടിക്കൽ ചെമ്പൻകുളം കുടുംബാംഗമാണ് അശ്വതിയുടെ പിതാവ്.

ഷിമോൺ കണക്കിന്റെ വഴിയെ

അക്കങ്ങളെ എന്നും കൂട്ട് പിടിച്ച ഷിമോനെ കണക്കു ചതിച്ചില്ല. കണക്കിനോപ്പം ഫിസിക്‌സിലും ബയോളജിയിലും എ ഗ്രേഡ് നേടിയ ഷിമോൺ കണക്കിനോപ്പം തന്നെ യാത്ര തുടരാനുള്ള തയ്യാറെടുപ്പിലാണ്. സറെ യൂണിവേഴ്‌സിറ്റിയിൽ കണക്കിൽ ഉന്നത പഠനത്തിനു ചേരുന്ന ഷിമോൺ ഭാവിയിൽ തന്റെ കരിയർ സാമ്പത്തിക സേവന രംഗത്ത് കണ്ടെത്താനാകും എന്ന പ്രതീക്ഷ ആണ് പങ്കിടുന്നത്. രേയ്‌ഗേറ്റ് കോളേജിൽ നിന്നും ആണ് ഷിമോൺ തന്റെ എ ലെവൽ പൂർത്തിയാക്കിയിരിക്കുന്നത്. സറെയിൽ ബിസിനെസ് ചെയ്യുന്ന സോജൻ കരിങ്ങനമറ്റത്തിന്റെയും എൽസമ്മയുടെയും മകനാണ് ഷിമോൺ. ചങ്ങനാശ്ശേരി സ്വദേശികളായ ഇവർ ഇപ്പോൾ കെറ്റർഹമിൽ ആണ് താമസം. ഷിമോന്റെ സഹോദർ നഗലും ബിസിനെസ് സംബന്ധമായ വിഷയങ്ങളാണ് ഉന്നത പഠനത്തിനു തിരഞ്ഞെടുത്തിരിക്കുന്നത്. മൂത്ത സഹോദരന സ്‌റെഫാൻ ബ്രൈറ്റൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അടുത്തിടെയാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP