Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

ആറാം ക്ലാസിൽ തോറ്റപ്പോൾ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാൻ തുനിഞ്ഞ കുട്ടി; തോമസ് മാഷ് പ്രോത്സാഹിപ്പിച്ചപ്പോൾ പത്താം ക്ലാസിൽ ഒന്നാമനായി; 25,000 രൂപ മൂലധനത്തിൽ തുടങ്ങിയ ഐഡി ഫ്രഷ് ഫുഡിന് ഇന്ന് 100 കോടിയുടെ വിറ്റുവരവ്; സൈബർ ഇടത്തിലെ വിദ്വേഷ പ്രചരണം കൊഴുക്കുമ്പോൾ അറിയണം മുസ്തഫ എന്ന സംരംഭകന്റെ വിജയകഥ

ആറാം ക്ലാസിൽ തോറ്റപ്പോൾ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാൻ തുനിഞ്ഞ കുട്ടി; തോമസ് മാഷ് പ്രോത്സാഹിപ്പിച്ചപ്പോൾ പത്താം ക്ലാസിൽ ഒന്നാമനായി; 25,000 രൂപ മൂലധനത്തിൽ തുടങ്ങിയ ഐഡി ഫ്രഷ് ഫുഡിന് ഇന്ന് 100 കോടിയുടെ വിറ്റുവരവ്; സൈബർ ഇടത്തിലെ വിദ്വേഷ പ്രചരണം കൊഴുക്കുമ്പോൾ അറിയണം മുസ്തഫ എന്ന സംരംഭകന്റെ വിജയകഥ

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: പശുക്കൊഴുപ്പ് ഭക്ഷണ ചേരുവയായി ഉപയോഗിക്കുന്നു എന്ന പ്രചരണങ്ങൾക്കിരയാകുകയാണ് ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ. മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സോഷ്യമീഡിയയിലും വാട്ട്‌സ്ആപ്പിലും സംഘ്പരിവാർ വിദ്വേഷപ്രചാരണം വ്യാപകമാണ്. ഒരൊറ്റ ഹിന്ദു പോലും ഐഡി ഫ്രഷ് ഉത്പന്നങ്ങൾ ഉപയോഗിക്കരുത് എന്നുള്ള ക്യാമ്പയ്ൻ തന്നെ വന്നുകഴിഞ്ഞു.

ഐഡി ഇഡലി-ദോശ മാവുകൾ വിൽക്കുന്ന ചെന്നൈയിലെ എല്ലാ കടക്കാരോടും സൂപ്പർമാർക്കറ്റുകളോടും, അവർ പശുവിന്റെ എല്ലും കാളക്കുട്ടിയുടെ കുടലിൽ നിന്നുണ്ടാക്കുന്ന പ്രോട്ടീനും മാവിൽ ഉപയോഗിക്കുന്നുണ്ട്. മുസ്ലിം ജീവനക്കാർ മാത്രമുള്ള കമ്പനിയാണ് ഇതെന്ന് യഥാർത്ഥത്തിൽ എത്ര പേർക്കറിയാം. ഹലാൽ സർട്ടിഫൈഡുമാണ്. ഓരോ ഹിന്ദുവും ഐഡിയുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കണം എന്ന ട്വീറ്റാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സ്ഥാപനം ആരംഭിച്ച മുസ്തഫയുടെയും ബന്ധുക്കളുടെയും പേരെടുത്തു പറഞ്ഞും വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. ഈ സന്ദേശം പിന്നീട് ഫേസ്‌ബുക്കിലും വാട്‌സാപ്പിലും നിരവധി തവണ ഷെയർ ചെയ്യപ്പെട്ടു.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നറിയിച്ച് ഐഡി ഫ്രഷ് പ്രസ്താവന പുറത്തിറക്കി. ഐഡി ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്നത് തെറ്റിദ്ധാരണാജകനവും അടിസ്ഥാന രഹിതവുമായ വിവരമാണ്. കമ്പനിയുടെ ഉത്പന്നങ്ങളിൽ ഐഡി വെജിറ്റേറിയൻ ചേരുവകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഐഡി ഇഡലി ദോശമാവിൽ അരി, പരിപ്പ്, ഉലുവ, വെള്ളം എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് സമ്പൂർണമായി പ്രകൃതിദത്തമാണ്. അന്താരാഷ്ട്ര നിലവാരത്തിലാണ് തങ്ങൾ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്നും ഇവ രാസമുക്തവും ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റ് സംവിധാനത്തിന് അനുസൃതമാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

ഐഡി ഫ്രഷ് ഫുഡ് വന്ന വഴി

മുസ്തഫയും ബന്ധുക്കളായ കുറച്ചുപേരും ചേർന്ന് 2005 ഡിസംബറിലാണ് ഐഡി ഫ്രഷ് തുടങ്ങിയത്. 25000 രൂപയുടെ മൂലധനത്തിലായിരുന്നു കമ്പനിയുടെ തുടക്കം. ബന്ധുക്കളാായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പം കൂടി. അമ്പത് ശതമാനം ഓഹരി മുസ്തഫയ്ക്കും ബാക്കി അമ്പത് ശതമാനം മറ്റുള്ളവർക്കും. ബെംഗളൂരുവിൽ 550 ച. അടി മാത്രമുള്ള ഒരു സ്ഥലത്തായിരുന്നു കമ്പനിയുടെ തുടക്കം. ആകെയുള്ളത് രണ്ട് ഗ്രൈൻഡറും ഒരു മിക്‌സിയും ഒരു സീലിങ് മെഷിനും. കമ്പനിക്ക് ഐ ഡി ഫ്രഷ് എന്ന് പേരിട്ടു. സമീപത്തെ ഇരുപത് കടകളിൽ മാവ് വിൽക്കാനായിരുന്നു പദ്ധതി. ദിവസവും നൂറ് പായ്ക്ക് വിൽക്കാനായാൽ കൂടുതൽ മെഷിനുകൾ വാങ്ങാനായിരുന്നു ധാരണ. എന്നാൽ, പുതിയ ഉത്പ്പന്നം വിൽപ്പനയ്ക്ക് വയ്ക്കാൻ പല കടക്കാരും സമ്മതിച്ചില്ല. പല വിദ്യകളും പയറ്റിയാണ് ഇവരുടെ മനസ്സൊന്ന് മാറ്റിയെടുക്കാനായത്. മാസങ്ങൾക്കുള്ളിൽ തന്നെ ദിവസവും നൂറ് പായ്‌ക്കെന്ന ടാർജറ്റ് അവർ കൈവരിച്ചു. ആദ്യത്തെ മാസം 400 രൂപയായിരുന്നു ലാഭം. ടാർജറ്റ് കൈവരിച്ചതോടെ സ്ഥാപനം വിപുലീകരിച്ചു. മൂലധനം ആറു ലക്ഷമാക്കി. അടുക്കളയുടെ വലിപ്പവും ഉപകരണങ്ങളുടെ എണ്ണവും കൂട്ടി. അഞ്ച് ബന്ധുക്കൾക്ക് കൂടി ജോലിയും കൊടുത്തു.

നിത്യേനയുള്ള ഉത്പ്പാദനം 3,500 കിലോയായി. മാവ് വാങ്ങുന്ന കടകളുടെ എണ്ണം 400 ആയി. 30 ജീവനക്കാരുമായി. അടുത്ത വർഷം 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ച് കമ്പനി വീണ്ടും വിപുലീകരിച്ചു. ഹോസ്‌ക്കോട്ടെയിൽ 2500 ച. അടി വിസ്തീർണമുള്ള ഷെഡിലായി മാവ് നിർമ്മാണം. അമേരിക്കയിൽ നിന്ന് അഞ്ച് കൂറ്റൻ വെറ്റ് ഗ്രൈൻഡറുകൾ ഇറക്കുമതി ചെയ്യുകയും ചെയ്തു. അതേ വർഷം തന്നെ പൊറോട്ടയും ഉണ്ടാക്കിത്തുടങ്ങി.

കൃത്രിമമായ പ്രിസർവേറ്റീവുകളൊന്നും ചേർക്കാത്ത മാവിനും പൊറോട്ടയ്ക്കും ആവശ്യക്കാർ അനുദിനം വർധിച്ചു. കമ്പനിയുടെ പ്രരവർത്തനം ചെന്നൈ, മംഗളൂരു, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. രണ്ട് വർഷം മുൻപ് ഐഡി ഫ്രഷും മുസ്തഫയും ദുബായിലുമെത്തി. ഇന്ന് ദോശ മാവിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ദുബായിൽ നിന്നാണ്. ഇന്ന് ദിവസേന 50,000 കിലോ മാവാണ് കമ്പനി ഉണ്ടാക്കുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങൾ വിൽക്കുന്ന പ്രധാനപ്പെട്ട എല്ലാ ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ഇന്ന് ഐഡി ഫ്രഷിന്റെ ദോശമാവും ഇഡ്ഡലി മാവും ലഭിക്കും. പത്ത് വർഷം മുൻപ് ദിവസവും പത്ത് പായ്ക്കറ്റ് ഉണ്ടാക്കി വിറ്റവർ ഇന്ന് വിൽക്കുന്നത് പ്രതിദിനം അമ്പതിനായിരം പായ്ക്ക്. 1,100 ജോലിക്കാരുമായി. പിന്നാക്ക പ്രദേശങ്ങളിൽ നിന്നു വന്നവർ ഇന്ന് ഒരു മാസം വാങ്ങുന്നത് നാൽപ്പതിനായിരത്തോളം രൂപ. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി അഞ്ച് ഫാക്ടറികളും ഉണ്ട്.

ആരാണ് മുസ്തഫ?

വയനാട് കൽപ്പറ്റയ്ക്കടുത്ത് ചെന്നലോട് ജനിച്ച ഒരു സാധാരണ കുടുംബത്തിലെ അംഗം. ആറാം ക്ലാസിൽ തോറ്റപ്പോൾ ഇംഗ്ലീഷിനോടും ഹിന്ദിയോടും ഇനിയും തോൽക്കാനാവില്ലെന്ന് ചിന്തിച്ച് കൂലിപ്പണിക്ക് പോകാൻ തയാറായ ഒരു കുട്ടി. പക്ഷേ, കണക്കിൽ മിടുക്കനായ മുസ്തഫ പഠിത്തം നിർത്തുന്നതിനോട് തോമസ് സാറിന് ഒട്ടും യോജിപ്പുണ്ടായില്ല. മാഷിന്റെ വാക്ക് കേട്ട് മുസ്തഫ മടിച്ചു മടിച്ചാണ് പഴയ ക്ലാസിൽ പിന്നെയും വന്നിരുന്നത്.

കൂലിപ്പണിയെടുത്ത് കുടുബം പുലർത്താതെ മകൻ പിന്നെയും പഠിക്കാൻ പോവുന്നതിനോട് ഉപ്പയ്ക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. തോമസ് സാറിന് നന്നായി പണിപ്പെടേണ്ടിവന്നു. മനസ്സില്ലാ മനസ്സോടെ ക്ലാസിലെത്തിയ മുസ്തഫയെ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കടമ്പ കടത്തിക്കൊടുത്തതും തോമസ് സാർ തന്നെ. മാഷിന്റെ പ്രയത്‌നം വിഫലമായില്ല. ഏഴാം ക്ലാസിൽ ഒന്നാം റാങ്കുകാരനായിരുന്നു മുസ്തഫ. പത്താം ക്ലാസിൽ സ്‌കൂളിൽ ഒന്നാമനായി. പിന്നീട് കോഴിക്കോട് ഫാറൂഖ് കോളേജിൽ പ്രവേശനം ലഭിച്ചു. പഠിത്തത്തിനും താമസത്തിനുമുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും പഠനം പൂർത്തിയാക്കി.

അക്കൊല്ലം തന്നെ എഞ്ചിനീയറിങ് എൻട്രൻസ് എഴുതി. അറുപത്തിമൂന്നാം റാങ്കുകാരന് അന്നത്തെ റീജ്യണൽ എഞ്ചിനീയറിങ് കോളേജിൽ പ്രവേശനവും ലഭിച്ചു. കമ്പ്യൂട്ടർ സയൻസായിരുന്നു വിഷയം. കണക്കിലെ മിടുക്കും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും കൊണ്ട് വിദ്യാഭ്യാസ വായ്പയെടുത്താണെങ്കിലും കോഴ്‌സ് പൂർത്തിയാക്കി. 1995ൽ ബെംഗളരൂരിലെ സ്റ്റാർട്ടപ്പ് കമ്പനിയായ മാൻഹാട്ടൻ അസോസിയേറ്റ്‌സിൽ ചേർന്നു. അവിടെ നിന്ന് മോട്ടൊറോളയിൽ. കമ്പനി മുസ്തഫയെ പരിശീലനത്തിനായി അയർലൻഡിലേയ്ക്ക് അയച്ചു. പിന്നീട് വലിയ ശമ്പളത്തിന് ദുബായിലെ സിറ്റി ബാങ്കിലെത്തി.

സ്വന്തം കല്ല്യാണം കഴിഞ്ഞ് 2003ൽ മുസ്തഫ വീണ്ടും ഇന്ത്യയിലേയ്ക്ക് മടങ്ങി. വീട്ടുകാർക്കൊപ്പം ജീവിക്കുകയും പഠനം തുടരുകയുമായിരുന്നു ലക്ഷ്യം. ജനിച്ച നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹം മുസ്തഫയുടെ മനസ്സിൽ ഉദിച്ചത് ഇക്കാലത്താണ്. അങ്ങിനെയാണ് ഒരു വ്യവസായ സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഉണ്ടായതും ഐഡി ഫ്രഷ് ഫുഡ് തുടങ്ങുന്നതും. ഇന്ന് കമ്പനിയുടെ വിറ്റുവരവ് 100 കോടി രൂപയിലേറെയാണ്. കമ്പനിയിൽ ജോലി ചെയ്യുന്നതാവട്ടെ 1,100ൽപ്പരം ആളുകളും.

സോഷ്യമീഡിയ പ്രചരണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തും ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ

കമ്പനിക്കും അതിന്റെ ഉൽപ്പന്നങ്ങൾക്കും എതിരെ സോഷ്യമീഡിയയിലും വാട്ട്‌സ്ആപ്പിലും നടക്കുന്ന അപവാദപ്രചരണങ്ങൾക്കെതിരെ നിയമ നടപടിിക്ക് ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഐഡി ഫ്രഷിന്റെ ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി വാർത്ത പരന്നത്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് ഐഡി ഫ്രഷ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വാട്ട്‌സ് ആപ്പ് ഗ്രീവൻസ് സെല്ലിനും ബാംഗളൂർ സൈബർ ക്രൈം വിഭാഗത്തിനുമാണ് കമ്പനി അപവാദപ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകിയത്.

ഐഡി ഫ്രഷ് ആരോഗ്യദായകവും പ്രിസർവേറ്റീവ്‌സ് ഇല്ലാത്തതുമായ ഉൽപ്പന്നങ്ങൾ മാത്രമാണ് വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി പറയുന്നു. അരി, ഉഴുന്ന്, വെള്ളം, ഉലുവ എന്നിവ മാത്രമാണ് ഇഡ്‌ലി, ദോശ മാവുകളിൽ ഐഡി ഫ്രഷ് ഉപയോഗിക്കുന്നതെന്നും മറിച്ചുള്ള പ്രചരണങ്ങളിൽ കഴമ്പില്ലെന്നും അവർ പറയുന്നു. ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ് ഫുഡ് സേഫ്റ്റി സിസ്റ്റം സർട്ടിഫിക്കേഷൻ 22000 നേടിയിട്ടുണ്ടെന്നും കഴിഞ്ഞ 15 വർഷമായി ഭക്ഷ്യോൽപ്പന്ന രംഗത്ത് കരുത്തുറ്റ ബ്രാൻഡ് സൃഷ്ടിക്കാൻ ഐഡി ഫ്രഷിന് കഴിഞ്ഞിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP