Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയത്തെ തുടർന്ന് അടച്ചിട്ടതും സിയാലിനെ പിന്നോട്ടടിച്ചില്ല; തുടർച്ചയായി രണ്ടാം സാമ്പത്തിക വർഷവും ഒരു കോടി യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളം; സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരിൽ 61.8 ശതമാനവും യാത്രക്കായി ആശ്രയിച്ചതും സിയാലിനെ; പ്രതിദിനം 27,948 ശരാശരി യാത്രക്കാർ

പ്രളയത്തെ തുടർന്ന് അടച്ചിട്ടതും സിയാലിനെ പിന്നോട്ടടിച്ചില്ല; തുടർച്ചയായി രണ്ടാം സാമ്പത്തിക വർഷവും ഒരു കോടി യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളം; സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരിൽ 61.8 ശതമാനവും യാത്രക്കായി ആശ്രയിച്ചതും സിയാലിനെ; പ്രതിദിനം 27,948 ശരാശരി യാത്രക്കാർ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പ്രളയത്തെത്തുടർന്ന് പതിനഞ്ചു ദിവസം അടച്ചിട്ടെങ്കിലും 2018-19 സാമ്പത്തിക വർഷത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരുകോടി യാത്രക്കാർ എന്ന നേട്ടം. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 2017-18 ലാണ് ഒരുസാമ്പത്തിക വർഷം ഒരു കോടി യാത്രക്കാർ എന്ന മികവ് കൈവരിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലും സിയാൽ നേട്ടം ആവർത്തിച്ചു.

2018-19 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടേയും മൊത്തം യാത്രക്കാരുടെ എണ്ണം 1.65 കോടിയോളമാണ്. ഇതിൽ സിയാലിന്റെ വിഹിതം 1.02 കോടി യാത്രക്കാർ. സംസ്ഥാനത്തെ വിമാനയാത്രക്കാരുടെ 61.8 ശതമാനം വരുമിത്. പ്രതിദിനം 27,948 ആണ് ശരാശരി യാത്രക്കാർ. വെള്ളപ്പൊക്കത്തെത്തുടർന്ന് ഓഗസ്റ്റ് 15 മുതൽ 15 ദിവസം കൊച്ചി വിമാനത്താവളം അടച്ചിട്ടിരുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ സിയാലിലൂടെ യാത്രചെയ്തവരുടെ കൃത്യം കണക്ക് 1,02,01,089 ആണ്. 2017-18-ൽ ഇത് 1,01,19,064 ആയിരുന്നു. 2018-19 ലെ സ്ഥിതിവിവരക്കണക്കിൽ 52.68 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 49.32 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരുമാണ്. ഇതാദ്യമായാണ് സിയാലിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാൾ ഉയരുന്നത്. ഇക്കാലയളവിലെ മൊത്തം ടേക് ഓഫ്/ ലാൻഡിങ് എണ്ണം 71,871 ആണ്. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 69,665 ആയിരുന്നു.

1999 ജൂൺ പത്തിനാണ് സിയാലിൽ ആദ്യ വിമാനമിറങ്ങിയത്. ആദ്യ സാമ്പത്തിക വർഷത്തിൽ (2000 മാർച്ച് വരെ) 4.95 ലക്ഷം പേർ സിയാൽ വഴി യാത്ര ചെയ്തു. വിമാനങ്ങളുടെ മൊത്തം ടേക്ക് ഓഫ്/ ലാൻഡിങ് എണ്ണം 6,437 ആയിരുന്നു. ആദ്യത്തെ പൂർണ സാമ്പത്തിക വർഷമായ 2001-02-ൽ യാത്രക്കാരുടെ എണ്ണം 7.72 ലക്ഷമായി ഉയർന്നു. 2002-03-ൽ യാത്രക്കാരുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു. പ്രവർത്തനം തുടങ്ങിയ വർഷം മുതലുള്ള മൊത്തം യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിടാൻ ഏഴ് പൂർണ സാമ്പത്തിക വർഷവും ഒരു അർധ സാമ്പത്തിക വർഷവും വേണ്ടിവന്നു. പിന്നീട് മൂന്ന് വർഷങ്ങൾ കൊണ്ട് അടുത്ത ഒരു കോടി യാത്രക്കാർ എന്ന നേട്ടത്തിലെത്തി.

തുടർന്ന് ഒരു കോടി പിന്നിടാൻ രണ്ടര സാമ്പത്തിക വർഷം മതിയായി. 2013-14-ൽ ഒരു സാമ്പത്തിക വർഷത്തിലെ യാത്രക്കാരുടെ എണ്ണം ആദ്യമായി 50 ലക്ഷം പിന്നിട്ടു. 2014-15-ൽ ഒരു സാമ്പത്തിക വർഷത്തിലെ യാത്രക്കാരുടെ എണ്ണം 77.57 ലക്ഷവും 2016-17-ൽ 89.41 ലക്ഷവുമായി. 2017-18 -ൽ ആദ്യമായി ഒരു സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാർ വിമാനത്താവളം ഉപയോഗിച്ചു. 2018-19 ലും ഒരു കോടിയലധികം യാത്രക്കാർ സിയാലിൽ എത്തി.

പ്രവർത്തനം തുടങ്ങിയ വർഷം മുതൽ 2019 മാർച്ച് 31 വരെ മൊത്തം 8.39 കോടി പേർ സിയാലിലൂടെ കടന്നുപോയി. 7,37,049 തവണ വിമാനങ്ങൾ വന്നുപോയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ഉൾക്കൊള്ളാൻ അത്യാധുനിക സജ്ജീകരണങ്ങളോടെ ഒന്നാം ടെർമിനൽ സിയാൽ നവീകരിച്ചിട്ടുണ്ട്. മാർച്ച് 21 മുതൽ ഒന്നാം ടെർമിനൽ പൂർണ നിലയിൽ പ്രവർത്തിച്ചുവരുന്നു. ഏപ്രിലിൽ നിലവിൽ വന്ന വേനൽക്കാല സമയക്രമമനുസരിച്ച് പ്രതിവാരം 1672 വിമാന സർവീസുകൾ സിയാലിനുണ്ട്. ഇന്ത്യയിലെ 23 നഗരങ്ങളിലേയ്ക്കും 16 വിദേശ നഗരങ്ങളിലേയ്ക്കും സിയാലിൽ നിന്ന് നേരിട്ട് വിമാന സർവീസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP