Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് ടോയ് ചെയിൻ സ്‌റ്റോർ ഹാംലീസിന്റെ ഉടമ ഇനി ഇന്ത്യക്കാരൻ; ബർബെറിയും അർമാനിയും ജിമ്മി ചൂവും സ്വന്തമാക്കിയ മുകേഷ് അംബാനി ബ്രിട്ടീഷ് വിപണിയിലെ സ്റ്റാർ ബ്രാൻഡുകൾ സ്വന്തമാക്കുമ്പോൾ ഇന്ത്യക്ക് അഭിമാനം

ബ്രിട്ടീഷ് ടോയ് ചെയിൻ സ്‌റ്റോർ ഹാംലീസിന്റെ ഉടമ ഇനി ഇന്ത്യക്കാരൻ; ബർബെറിയും അർമാനിയും ജിമ്മി ചൂവും സ്വന്തമാക്കിയ മുകേഷ് അംബാനി ബ്രിട്ടീഷ് വിപണിയിലെ സ്റ്റാർ ബ്രാൻഡുകൾ സ്വന്തമാക്കുമ്പോൾ ഇന്ത്യക്ക് അഭിമാനം

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടനിലെ പ്രധാന വാണിജ്യ സ്ഥാപനങ്ങളെല്ലാം സ്വന്തമാക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനാഢ്യനായ മുകേഷ് അംബാനി. ബ്രിട്ടന്റെ അഭിമാന ചിഹ്നങ്ങളിലൊന്നായ ടോയ് സ്‌റ്റോർ ശൃംഖല ഹാംലീസിനെയാണ് ഏറ്റവുമൊടുവിൽ അദ്ദേഹം വാങ്ങിയത്. 67 ദശലക്ഷം പൗണ്ട് മുടക്കിയാണ് അംബാനിയുടെ റിലയൻസ് ബ്രാൻഡ്‌സ് ഈ സ്ഥാപനം സ്വന്തമാക്കിയത്. ചൈനീസ് ഫാഷൻ കമ്പനി സി ബാനർ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലായിരുന്നു നിലവിൽ ഹാംലീസ്.

ബ്രിട്ടനിലെ ഏറ്റവും പഴയ ടോയ് സ്‌റ്റേർ ശൃംഖലയാണ് ഹാംലീസ്. 1760-ൽ സ്ഥാപിച്ച കമ്പനിക്ക് 18 രാജ്യങ്ങളിലായി 167 സ്റ്റോറുകളുണ്ട്. നാലുവർഷം മുമ്പ് ഹോങ്കോങ് ആസ്ഥാനമായുള്ള സി ബാനർ ഇന്റർനാഷണൽ 100 ദശലക്ഷം പൗണ്ട് മുടക്കിയാണ് ഹാംലീസിനെ സ്വന്തമാക്കിയത്. റിലയൻസ് ഇപ്പോൾത്തന്നെ ഇന്ത്യയിലെ 29 നഗരങ്ങളിലായി ഹാംലീസിന്റെ 88 സ്‌റ്റോറുകൾ നടത്തുന്നുണ്ട്. പെട്രോ കെമിക്കൽ മേഖലയിൽനിന്ന് വിവിധ മേഖലകളിലേക്ക് വ്യവസായ സാമ്രാജ്യം വളർത്തുന്നതിൽ തത്പരരനായ അംബാനിയുടെ ഏറ്റവും പുതിയ റീട്ടെയിൽ മേഖലയാണ് ഹാംലീസ്.

റീട്ടെയിൽ രംഗത്ത് ലോകപ്രശസ്ത ബ്രാൻഡുകൾ സ്വന്തമാക്കുന്നതിലാണ് അംബാനി ഇപ്പോൾ താത്പര്യം കാട്ടുന്നത്. കനാലി, ബർബറി, അർമാനി, ബോട്ടെഗ വനേറ്റ, ജസ്റ്റ് കവാലി, ജിമ്മി ചൂ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളിലൊക്കെ അംബാനിക്ക് ഇപ്പോൾ മുതൽമുടക്കുണ്ട്. പെട്രോ കെമിക്കൽ മേഖലയിൽനിന്ന് റിലയൻസിന് കിട്ടിക്കൊണ്ടിരിക്കുന്ന ആദായത്തിന് തുല്യമായ തുക റീട്ടെയിൽരംഗത്തുനിന്ന് 2028-ഓടെ ലഭിക്കുമെന്ന് അടുത്തിടെ അംബാനി വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ റീട്ടെയിൽ മാർക്കറ്റ് പിടിച്ചെടുക്കുകയാണ് അംബാനിയുടെ ലക്ഷ്യം. പ്രശസ്ത ബ്രാൻഡുകളുമായൊക്കെ കരാറിലെത്തുന്നത് അതിനുവേണ്ടിയാണ്. ആമസോണും വാൾമാർട്ടും പോലുള്ള കുത്തകകൾ ഇന്ത്യൻ വിപണിയിൽ റിലയൻസിന് വലിയ ഭീഷണിയുയർത്തുന്നുണ്ട്. അതിനുള്ള ശ്രമം കൂടിയാണ് ഹാംലീസിനെപ്പോലുള്ള വിഖ്യാത സ്ഥാപനങ്ങൾ സ്വന്തമാക്കുന്നതെന്നും വാണിജ്യ ലോകം വിലയിരുത്തുന്നു.

ലണ്ടനിലെ ഹാംലീസ് സ്‌റ്റോർ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദർശന കേന്ദ്രങ്ങളിലൊന്നാണ്. വർഷം 50 ലക്ഷം പേർ ഇവിടെയെത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തരമൊരു സ്ഥാപനത്തെ സ്വന്തമാക്കുന്നതിലൂടെ റിലയൻസ് എന്ന സ്ഥാപനത്തെ ആഗോളാടിസ്ഥാനത്തിൽ പരിചിതമാക്കുകയെന്ന ലക്ഷ്യവും അംബാനിക്കുണ്ട്. 18 രാജ്യങ്ങളിൽ സ്റ്റോറുകളുള്ള ഹാംലീസിനെ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാവും റിലയൻസിന്റെ അടുത്ത ലക്ഷ്യം.

റീട്ടെയിൽ ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ സ്ഥാപനമാണ് ഹാംലീസെന്ന് റിലയൻസ് ബ്രാൻഡ്‌സിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ ദർശൻ മേത്ത പറഞ്ഞു. റിലയൻസ് സ്വന്തമാക്കുന്ന ആദ്യ വിദേശ ബ്രാൻഡുകൂടിയാണ് ഹാംലീസ്. സ്പോർട്സ് ഉപകരണ നിർമ്മാതാക്കളായ നൈക്കിയുടെയും ടോയ് റീട്ടെയിൽ ചെയിൻ ദ എന്റർടെയ്‌നർ ആൻഡ് സ്മിത്ത്‌സിന്റെയും വലിയ വെല്ലുവിളിയെ മറികടന്നാണ് അംബാനി ഹാംലീസ് സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP