Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മോദിയുടെ തണലിൽ അദാനിയുടെ കുതിപ്പ് ശരവേഗത്തിൽ; ഒരു വർഷം കൊണ്ട് നേടിയത് 44000 കോടി; ഇന്ത്യൻ കോടീശ്വരന്മാരിൽ പത്താം സ്ഥാനത്ത്; അംബാനിയെയും മറികടന്ന് മുന്നേറാൻ ഒരുങ്ങുന്ന തുറമുഖ ഓപ്പറേറ്ററുടെ അത്ഭുത വളർച്ചയുടെ കഥ

മോദിയുടെ തണലിൽ അദാനിയുടെ കുതിപ്പ് ശരവേഗത്തിൽ; ഒരു വർഷം കൊണ്ട് നേടിയത് 44000 കോടി; ഇന്ത്യൻ കോടീശ്വരന്മാരിൽ പത്താം സ്ഥാനത്ത്; അംബാനിയെയും മറികടന്ന് മുന്നേറാൻ ഒരുങ്ങുന്ന തുറമുഖ ഓപ്പറേറ്ററുടെ അത്ഭുത വളർച്ചയുടെ കഥ

ഹരി ക്കമ്പോളത്തിലെ കുതിച്ചുചാട്ടം പല ഇന്ത്യൻ ധനിക ബിസിനസുകാരെയും റെക്കോഡ് ഉയരത്തിലേക്കു നയിച്ചിരിക്കാം. എന്നാൽ ഗുജറാത്ത് ആസ്ഥാനമായ ഗൗതം അദാനിയോളം വളർച്ച കൈവരിച്ച ആരുമുണ്ടാവില്ല. വെറും ഒരു വർഷത്തിനുള്ളിൽ 152% ആണ് അദാനിയുടെ സ്വത്തുപൊലിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിക്ക് സഞ്ചരിക്കാൻ സൗജന്യമായി സ്വകാര്യ വിമാനം അനുവദിച്ച ഈ വ്യവസായി ഇന്ന് ഒരു വർഷം കൊണ്ട് സ്വരുക്കൂട്ടിയത് 44,000 കോടി രൂപയുടെ ആസ്തിയാണ്.

ചൈന ആസ്ഥാനമായ ലക്ഷ്വറി പബ്ലിഷിങ് ആൻഡ് ഇവന്റ്സ് ഗ്രൂപ്പ് ആയ ഹുരൂൺ ഗ്രൂപ്പ് വർഷം തോറും പുറത്തുവിടുന്ന ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ പുതുതായി സ്ഥാനം പിടിച്ചയാളാണ് അദാനി. അതിൽ പ്രത്യേകിച്ചു പുതുമയൊന്നുമില്ല. നമുക്കു് നേരത്തെ അറിയാവുന്ന കാര്യം ആധികാരികമായി രേഖപ്പെടുത്തപ്പെട്ടു എന്നേയുള്ളൂ. ഇന്ത്യ ഇൻകോർപ്പറേറ്റഡിലെ വമ്പൻ കളിക്കാരിൽ ഒരാളാണ് നിലവിൽ ഗൗതം അദാനി. ആ നിരയിലേക്കു് അദ്ദേഹം എങ്ങനെ എത്തിച്ചേർന്നു എന്നറിയുന്നതിലേ, ഒരു കൗതുകം അവശേഷിക്കുന്നുള്ളൂ.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കൽക്കരി വ്യാപാരി മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഓപ്പറേറ്ററുമാണ് അദാനി. ബിസിനസുകാരൻ എന്ന നിലയിലെ ഈ ആകാശം മുട്ടുന്ന വിജയം ഭരണാധികാരികളുമായുള്ള ആഴമേറിയ ബന്ധങ്ങളുടെയും കൃത്യമായ ഉദ്ദേശ്യത്തോടെ തന്നെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലുള്ള പ്രാവീണ്യത്തിന്റെയും ഫലമാണ്. വലിയ വിമർശനങ്ങൾ ഇക്കാര്യത്തിലൊക്കെ ഉയർന്നിട്ടുണ്ടെങ്കിലും അദാനി അവയ്ക്കൊന്നിനും ചെവികൊടുക്കുന്നുമില്ല. മുകൾത്തട്ടിലേക്കുള്ള അദാനിയുടെ പൊടുന്നനെയുള്ള ആരോഹണം ഇന്ത്യയുടെ പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ ഉയർച്ചയ്ക്ക് ഒപ്പമാണ് എന്നത് ശ്രദ്ധേയം.

വെറും പന്ത്രണ്ടുവർഷംകൊണ്ടാണ് ഗുജറാത്തിൽ നിന്ന് നൂറുകോടി ഡോളർ മതിക്കുന്ന സാമ്രാജ്യം ഗൗതം അദാനി പടുത്തുയർത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ കടന്നുവരവിനോട് അടുത്തുനിൽക്കുന്ന കാലാവധി. വാണിജ്യവും വ്യവസായവും സർക്കാരിന്റെ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്ന 1980കളിൽ ഇറക്കുമതി-കയറ്റുമതി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന അദാനി, ഇന്ന് 75,659 കോടി രൂപയുടെ ബിസിനസിന് ഉടമയാണ്.

അക്കങ്ങൾ ഇവിടെ കഥ പറയും: 13 വർഷം മുമ്പ് മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയാവുമ്പോൾ അഞ്ചുരൂപ മാത്രം വിലയുണ്ടായിരുന്ന അദാനി എന്റർപ്രൈസസിന്റെ ഓഹരിക്ക് ഇന്ന് 786 രൂപയാണ് വില. 2013 സെപ്റ്റംബർ 13ന് മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസിന്റെ ഓഹരി മൂല്യം 265% ആണ് കുതിച്ചുകയറിയത്. കമ്പനിയുടെ ടേൺഓവർ ആവട്ടെ, 20 മടങ്ങു വളർന്ന് 55,067 കോടിയായി.

അദാനി അവരുടെ പ്രത്യേക സാമ്പത്തിക മേഖല പണിയുന്നതും ഇന്ത്യയിലെ തങ്ങളുടെ താപവൈദ്യുത നിലയങ്ങൾക്ക് തുടർച്ചയായി ആവശ്യമായ കൽക്കരിയുടെ ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും കൽക്കരി ഖനികൾ വാങ്ങുന്നതും ഗൾഫ് ഓഫ് കച്ചിൽ ഏഷ്യയിലെ ഏറ്റവും വലിയ കൽക്കരി ഇറക്കുമതി തുറമുഖമായ മുന്ദ്ര പോർട്ട് സ്ഥാപിക്കുന്നതും മറ്റും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്. ആ തുറമുഖം ഇന്ന് വാഹനങ്ങളും രാസവസ്തുക്കളും മുതൽ ഊർജ്ജാവശ്യത്തിനുള്ള കൽക്കരി വരെ സകലതും കൈകാര്യം ചെയ്യുന്നു. സംസ്ഥാന സർക്കാർ നട്ടുനനച്ചു പരിപാലിക്കുന്ന പണം കായ്ക്കുന്ന മരം എന്നാണ് പെടാവിലയ്ക്കു ലഭ്യമായ ഭൂമിയിൽ കെട്ടിപ്പടുത്ത ഈ തുറമുഖത്തെ രാഷ്ട്രീയ എതിരാളികൾ ആക്ഷേപിക്കുന്നത്.

അദാനിയാവട്ടെ, ഈ ആരോപണങ്ങൾ തള്ളിക്കളയുന്നു. താൻ ചതുരശ്ര മീറ്ററിന് 15 രൂപ ശരാശരി മുടക്കിയാണ് മോദി സർക്കാരിന്റെ കാലത്ത് ഭൂമി വാങ്ങിയതെന്നും എന്നാൽ അതിനു മുമ്പ് 90കളിൽ കോൺഗ്രസ് ഗുജറാത്ത് ഭരിക്കുമ്പോൾ തനിക്ക്‌ ചതുരശ്ര മീറ്ററിന് 10 പൈസയ്ക്ക് (Rs. 0.1 per sq.mt) ഭൂമി ലഭിച്ചിരുന്നുവെന്നും ഏപ്രിലിൽ സിഎൻഎൻ ഐബിഎന്നിനു നൽകിയ അഭിമുഖത്തിൽ അദാനി അവകാശപ്പെട്ടിരുന്നു. ഭൂമി വികസിപ്പിക്കുന്നതിനു മുമ്പും അതിനു ശേഷവുമുള്ള അതിന്റെ മൂല്യം താരതമ്യപ്പെടുത്തുന്നത് നീതിയല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

"മോദി അധികാരത്തിലെത്തുന്നതിനു പത്തുവർഷം മുമ്പ് - അന്നത്തെ കോൺഗ്രസ് ഭരണത്തിന്റെ കീഴിൽ - അദാനി ഗ്രൂപ്പ് ഇവിടെ ഭൂമി വാങ്ങിത്തുടങ്ങിയതാണ്. അന്നുമുതൽ തന്നെ മുന്ധ്ര തുറമുഖം വികസിപ്പിച്ചു തുടങ്ങിയിരുന്നു. ചതുരശ്ര മീറ്ററിന് ഒരു രൂപയായിരുന്നു (sic) അന്നുവില. മോദി സർക്കാരിന്റെ കാലത്ത് അത് 15 രൂപയാക്കി ഉയർത്തി.കൃഷിയോഗ്യമല്ലാത്ത തരിശ്ശുനിലമായിരുന്നു, ഇത്. ഭൂമിയുടെ ഡവലപ്മെന്റ് കോസ്റ്റ്‌ അതിഭീമമായിരുന്നു. ഒരുതരത്തിലുള്ള മുൻഗണനയും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല," അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വികസനത്തിലുള്ള മോദിയുടെ ഊന്നൽ തന്റെ സാമ്രാജ്യത്തിനു തീർച്ചയായും പ്രയോജനം ചെയ്തിട്ടുണ്ടെന്ന് അദാനി സമ്മതിക്കും. എന്നാൽ ഒരുതരത്തിലുമുള്ള അനർഹമായ ആനുകൂല്യം തങ്ങൾ കൈപ്പറ്റിയിട്ടില്ലെന്ന് അതേ ശ്വാസത്തിൽ അദ്ദേഹം വിശദീകരിക്കും. അദാനിയുടെ വീക്ഷണത്തിൽ ഭരണകൂടത്തോടു ചേർന്ന് പ്രവർത്തിക്കുന്നത് ഒരു തരത്തിലും തന്നെ ഒരു ശിങ്കിടി മുതലാളിത്തത്തിന്റെ പ്രതിനിധിയാക്കുന്നില്ല.

"ശിങ്കിടി മുതലാളിത്തം (crony capitalism) ഉണ്ടാകാൻ പാടില്ല. ഞാൻ തീർച്ചയായും അത് അംഗീകരിക്കുന്നു. പക്ഷെ എങ്ങനെയാണ് നിങ്ങൾ ശിങ്കിടി മുതലാളിത്തത്തെ വർണ്ണിക്കുന്നത് എന്നതു വേറെ കാര്യമാണ്," വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് ഈ വർഷമാദ്യം നൽകിയ അഭിമുഖത്തിൽ അദാനി പറയുന്നു. "നിങ്ങൾ അടിസ്ഥാനപരമായി, സർക്കാരുമായി അടുത്തു പ്രവർത്തിക്കുന്നു എന്നതിനാൽ മാത്രം അത് ശിങ്കിടി മുതലാളിത്തം ആവുന്നില്ല." ഗുജറാത്തിനെ ഒരു ഭീമൻ വ്യാവസായിക ഊർജ്ജകേന്ദ്രമാക്കി വളർത്താൻ സഹായകമായ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കമ്പനികളുടെ ഉടമയായ ഗൗതം അദാനി അഭിമുഖത്തിൽ പറഞ്ഞു.

"കച്ചവടത്തിൽ നിന്നും ചരക്കുനീക്കത്തിലേക്ക്, വലിയ സ്വപ്നങ്ങൾ കണ്ട് തീർത്തും ജൈവീകമായ രീതിയിൽ അളവുവർദ്ധിപ്പിച്ചുള്ള അദാനിയുടെ വളർച്ച തീർത്തും ഇന്ത്യൻ രീതിയാണെന്നു പലരും വാദിക്കും. എന്നാൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കുമറിയാം, അഴിമതി നടപ്പുരീതിയാണെന്നും പണമടങ്ങിയ സ്യൂട്ട് കേസുകൾ ധാരാളമായി കടത്താറുണ്ടെന്നും..." ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ പറയുന്നു. മറ്റുവാക്കുകളിൽ പറഞ്ഞാൽ രാഷ്ട്രീയ സ്വാധീനമില്ലാതെ ഇന്ത്യയിൽ ആരും വലുതാകുന്നില്ല. അതുകൊണ്ടാണ്, ഗുജറാത്ത് നിക്ഷേപകാന്തിക സംസ്ഥാനമാകുമ്പോഴും, അദാനിയെ പോലെയുള്ള വ്യവസായികളെ അതിരുകടന്ന് പ്രീതിപ്പെടുത്തുന്നതിൽ പലപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുന്നത്.

ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നതിനു നൽകേണ്ടിവരുന്ന വിലയാകാം ഭരണകൂട പരിലാളനം. എന്നാൽ അതെല്ലായ്‌പ്പോഴും നല്ല നയത്തിനു പകരമാവില്ല. പാരിസ്ഥിതിക ക്ലിയറൻസുകൾ കൂടാതെ വലിയ തോതിലുള്ള ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ ഗുജറാത്തിൽ അദാനി ഗ്രൂപ്പ് നടപ്പിലാക്കുമ്പോൾ മോദി സർക്കാർ അതു കണ്ടില്ലെന്നു നടിച്ച് മുഖം തിരിച്ചിരുന്നു. കണ്ടൽക്കാടുകൾ വെട്ടിവെളുപ്പിക്കുക, വേണ്ടവണ്ണം ട്രീറ്റ് ചെയ്യാത്ത അഴുക്കുവെള്ളം ഒഴുക്കിവിട്ട് ഉള്ള ജലംകൂടി മലിനമാക്കുക തുടങ്ങി തീരദേശ പരിപാലന നിയമമൊട്ടാകെ കാറ്റില്പറത്തി, മുന്ദ്ര പോർട്ട് പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലെ തീരദേശമാകെ നാശോന്മുഖമാക്കിയതിനെച്ചൊല്ലി പാരിസ്ഥിതിക പ്രവർത്തകരും അദാനിയും തമ്മിൽ വലിയ ഈശാപോശകളാണുണ്ടായത്.

ഗുജറാത്ത് ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും സെസിനുള്ളിൽ ഫാക്റ്ററികൾ തുടങ്ങിയ കമ്പനികളോട് അവ നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തതിനെ തുടർന്ന് മുന്ദ്രയിലെ അദാനിയുടെ വളർന്നു പന്തലിച്ചുകൊണ്ടിരുന്നു പ്രത്യേക സാമ്പത്തിക മേഖല ഏറെക്കുറെ നിശ്ചലാവസ്ഥയിലായിരുന്നു. അദാനി തുടർന്ന് സുപ്രീം കോടതിയിൽ​അപ്പീൽ​നൽകിയെങ്കിലും കീഴ്‌ക്കോടതി വിധി അസ്ഥിരപ്പെടുത്താൻ വിസമ്മതിച്ച അവർ നിലവിലുള്ള പ്രവർത്തനങ്ങൾ​മാത്രം തുടരാൻ അനുവദിക്കുകയും കൂടുതൽ വിപുലീകരണമോ നിർമ്മാണപ്രവർത്തനങ്ങളോ പാടില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അദാനി പോർട്ട്സിനും സ്പെഷ്യൽ​ഇക്കണോമിക് സോണിനും ആവശ്യമായ പാരിസ്ഥിതിക ക്ലിയറൻസ് നൽകണമോ വേണ്ടയോ എന്നു വ്യക്തമായി പരിശോധിച്ച ശേഷം നിയമവിധേയമായ തീരുമാനം എടുക്കാൻ അപ്പെക്സ് കോടതി കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിനു നിർദ്ദേശം നൽകുകയുമുണ്ടായി.

എന്നിരിക്കിലും, മോദി കേന്ദ്രത്തിൽ​അധികാരമേറ്റ് രണ്ടുമാസം കഴിഞ്ഞപ്പോൾ, സർക്കാർ ആവശ്യമായ പാരിസ്ഥിതിക ക്ലിയറൻസുകളെല്ലാം നൽകി അദാനിയുടെ എല്ലാ ലംഘനങ്ങളേയും നിയമപരമാക്കി. ജൂലൈ 16ന് വന പരിസ്ഥിതി മന്ത്രാലയം പ്രത്യേക സാമ്പത്തിക മേഖയ്ക്ക് പാരിസ്ഥിതിക ക്ലിയറൻസ് നൽകി. അതും കടന്ന്, കടൽ​വെള്ളം ശേഖരിച്ച് ഉപ്പുരസം മാറ്റി​ശുദ്ധീകരിക്കാനും മാലിന്യങ്ങളെ തിരിച്ചൊഴുക്കാനും പൈപ്പ്‌ലൈൻ സ്ഥാപിക്കാനും ഉള്ള​പദ്ധതിക്കായി കോസ്റ്റൽ റെഗുലേഷൻ സോൺ സംബന്ധമായ നിയന്ത്രണങ്ങൾ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.

ഇത്തരം ചോദ്യങ്ങൾ മാറ്റിനിർത്തുമ്പോൾ തന്നെ, ബിസിനസുകാരൻ എന്ന നിലയിലെ അദാനിയുടെ കഴിവ് അനന്യമാണ്; വിജയം അർഹിക്കുന്നതും. കോളജ് ഡ്രോപ് ഔട്ട് എന്ന നിലയിൽ​നിന്നും സ്വന്തം കഴിവുകൊണ്ട് സംരംഭകനായി മാറുകയും നിർദ്ദിഷ്ട സമയത്തിനുള്ളിൽ അധികച്ചെലവില്ലാതെ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിൽ മികച്ച ട്രാക് റെക്കോഡ് ഇടുകയും ചെയ്ത ചരിത്രമുണ്ട്, അദാനിക്ക്. വ്യാവസായിക ധനം പലപ്പോഴും പാരമ്പര്യസിദ്ധമായ ഇന്ത്യയിൽ പൂജ്യത്തിൽ​നിന്നു തുടങ്ങിയ അദാനി 9 ബില്യൻ ഡോളർ വരുമാനമുള്ള ഊർജ്ജ, ഖനന, തുറമുഖ ഭീമനായി വളരുകയും അതുകൊണ്ടൊന്നും അടങ്ങില്ല എന്നു തുടരെ വെളിവാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായി മാറുക എന്ന ലക്ഷ്യത്തോടെ 12,500 കോടി രൂപയുടെ വൈദ്യുത പ്ലാന്റ് ഒഡീഷയിൽ​സ്ഥാപിക്കാനുള്ള പദ്ധതി അദാനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2017-ഓടെ ഒഡീഷയിൽ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനും 2019 ഓടെ പ്ലാന്റ് പൂർണ്ണ പ്രവർത്തനക്ഷമത കൈവരിക്കാനുമാണ് പ്ലാൻ. നിലവിൽ തങ്ങളുടെ ഊർജ്ജപദ്ധതികളുടെ നടത്തിപ്പിനായി പ്രതിവർഷം 100 മില്യൻ ടൺ കൽക്കരിയാണ് കമ്പനി ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. 2020ഓടെ അദാനി ഗ്രൂപ്പിന്റെ കൽക്കരി ഇറക്കുമതി ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ചുരുക്കിപ്പറഞ്ഞാൽ അതിസമ്പന്നപ്പട്ടികയിലെ മറ്റുള്ള പേരുകാർക്ക് അധൈര്യപ്പെടാൻ വളരെ വളരെ കാരണങ്ങളുണ്ടെന്നുതന്നെ!

(കടപ്പാട്: ഫസ്റ്റ് പോസ്റ്റ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP