Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

വീടിനകത്തും വെർട്ടിക്കലായി പച്ചക്കറി വളർത്താവുന്ന സംവിധാനം വിപണിയിൽ; സ്വീകരണമുറിയിൽ പച്ചക്കറി വളർത്താനുള്ള സംരംഭവുമായി മലയാളി വനിത; മായ വർഗീസിന്റെ പരീക്ഷണം ചർച്ചയാകുമ്പോൾ

വീടിനകത്തും വെർട്ടിക്കലായി പച്ചക്കറി വളർത്താവുന്ന സംവിധാനം വിപണിയിൽ; സ്വീകരണമുറിയിൽ പച്ചക്കറി വളർത്താനുള്ള സംരംഭവുമായി മലയാളി വനിത; മായ വർഗീസിന്റെ പരീക്ഷണം ചർച്ചയാകുമ്പോൾ

കൊച്ചി: കൃഷി ചെയ്യാൻ സ്വന്തമായി മണ്ണില്ലെന്നതിന്റെ പേരിൽ മറുനാടുകളിൽ നിന്നു വരുന്ന വിഷം മുക്കിയ പച്ചക്കറികൾ ഭക്ഷിക്കാൻ നിർബന്ധിതരായവർക്കുള്ള സന്തോഷവാർത്തയുമായി വീടിനകത്തും പച്ചക്കറിക്കൃഷി ചെയ്യാവുന്ന സംവിധാനം വിപണിയിലെത്തി. മലയാളിയായ മായ വർഗീസ് ദീർഘകാലത്തെ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വെർട്ടിഗ്രോവ് ആണ് വിപ്ലവകരമായ ഈ മുന്നേറ്റം സാധ്യമാക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വെർട്ടിക്കലായി പച്ചക്കറിക്കൃഷി ചെയ്യുന്ന സംവിധാനമാണിത്. സ്വന്തം ഭക്ഷണം സ്വയം ഉൽപ്പാദിപ്പിക്കൂ എന്ന മുദ്രാവാക്യവുമായി രംഗത്തു വന്നിരിക്കുന്ന ഗ്രോ യുവർ ഓൺ ഫൂഡ് എന്ന മായയുടെ സംരംഭമാണ് ലോകമെങ്ങും വിസ്മയമാകാൻ പോന്ന ഈ നൂതന കൃഷിമാർഗവുമായി രംഗത്തു വന്നിരിക്കുന്നത്.

ആരോഗ്യത്തിനും കാൻസർ പോലുള്ള രോഗങ്ങൾ ചെറുക്കാനും ധാരാളം ഇലക്കറികൾ ഭക്ഷണത്തിലുൾപ്പെടുത്തണമെന്ന അറിവാണ് ഇത്തരമൊരു  സ്ഥാനത്തെക്കുറിച്ചാലോചിക്കാൻ മായ വർഗീസിന് പ്രേരണയായത്. ഇലക്കറികൾ ലഭ്യമാണെങ്കിലും ഭൂരിപക്ഷവും രാസവള-കീടനാശിനി പ്രയോഗങ്ങളാൽ കൂടുതൽ അപകടത്തിലേയ്ക്ക് വഴി തെളിയിക്കുമെന്നു വന്നപ്പോൾ അതിനൊരു പ്രതിവിധി കണ്ടെത്തിയേ മതിയാകൂ എന്നു വാശിയായെന്ന് മായ പറയുന്നു.

ചെറിയ വീടുകളുടേയും ഫ്ളാറ്റുകളുടേയും ഉള്ളിൽപ്പോലും ലളിതമായി പച്ചക്കറി വിളയിക്കാമെന്നതാണ് വെർട്ടിഗ്രോയുടെ സവിശേഷത. 'ടെറസ്സിലും ബാൽക്കണിയിലുമെല്ലാം പച്ചക്കറിക്കൃഷി നടത്താനുള്ള ശ്രമം അടുത്ത കാലത്ത് വ്യാപകമായി ഉണ്ടായി, വിശേഷിച്ചും ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലെ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് ഒരുപാട് വീട്ടമ്മമാർ ഈ രംഗത്ത് ആത്മാർത്ഥമായശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ നമ്മുടെ ഭൂരിപക്ഷം ബാൽക്കണികളും ട്രെസ് ഉപയോഗിച്ച് മേൽക്കൂര കെട്ടിയവ ആയതിനാൽ ഗ്രോബാഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള കൃഷി പ്രായോഗികമല്ലാതായി. ട്രെസ് ഇല്ലാത്ത കേസുകളിൽ നമ്മുടെ കാലാവസ്ഥയിലെ കടുത്ത മഴയും വെയിലും വില്ലനായപ്പോൾ മറുവശത്ത് ആളുകളുടെ മടിയും ഇത് പരാജയപ്പെടാൻ കാരണമായി. അങ്ങനെ ആഗ്രഹമുണ്ടായിട്ടും പല പരീക്ഷണങ്ങളും ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഇത്തരത്തിൽപ്പെട്ട എല്ലാ പരാജയസാഹചര്യങ്ങളും കണക്കിലെടുത്താണ് വെർട്ടിഗ്രോവ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം എവിടെ കൃഷി ചെയ്യും, നല്ല വിത്തുകൾ എവിടെ കിട്ടും, ഏത് വളം എപ്പോൾ പ്രയോഗിക്കും, കീടങ്ങളെ എങ്ങനെ ചെറുക്കും, ദിവസേന എങ്ങനെ നനയ്ക്കും എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങൾ തുടക്കക്കാരേയും പിന്തിരിപ്പിക്കുന്നു. ഇതിനെല്ലാമുള്ള ഒറ്റഉത്തരമായാണ് വെർട്ടിഗ്രോ വികസിപ്പിച്ചെടുത്തത്. ഇതിനായി പോളിഹൗസ്, ഗ്രീൻഹൗസ് തുടങ്ങിയ ഒട്ടേറെ കൃഷിമാർഗങ്ങൾ പരീക്ഷിച്ചാണ് ഒടുവിൽ ഇങ്ങനെ ഒരു നൂതനമാർഗം വികസിപ്പിച്ചെടുത്തത്,' മായ പറയുന്നു.

മുപ്പതോളം പച്ചക്കറിച്ചെടികൾ വളർത്തണമെങ്കിൽ സാധാരണ നിലയിൽ ചുരുങ്ങിയത് 200 ച അടി സ്ഥലം ആവശ്യമുള്ളിടത്താണ് വെറും നാല് ച അടി സ്ഥലത്ത് ഇത്രയും ചെടികൾ നട്ടുവളർത്താൻ വെർട്ടിഗ്രോ സാധ്യമാക്കുന്നത്. മനോഹരമായ രൂപകൽപ്പനയും വിന്യാസവുമായതുകൊണ്ട് സിറ്റിങ് റൂമിലും ബെഡ്റൂമിലും വരെ വയ്ക്കാമെന്നതാണ് മറ്റൊരു നേട്ടം. അടിഭാഗത്ത് കാസ്റ്ററുകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ എളുപ്പത്തിൽ ഉരുട്ടിമാറ്റാനും സൗകര്യമുണ്ട്. സൗകര്യമനുസരിച്ചും സൂര്യപ്രകാശത്തിന്റെ ലഭ്യത നോക്കിയും ഇങ്ങനെ വെർട്ടിഗ്രോവിനെ മാറ്റിസ്ഥാപിക്കാം. തുക്കിയിടാവുന്ന മോഡലുകളിൽ പൂച്ചെടികളും വളർത്താം.

വീടു വിട്ടു യാത്ര ചെയ്യേണ്ടി വരുമ്പോൾ പരിചരണം ആരെ ഏൽപ്പിക്കും എന്ന ചോദ്യത്തിനും വെർട്ടിഗ്രോയിൽ ഉത്തരമുണ്ടെന്ന് മായ വർഗീസ് ചൂണ്ടിക്കാണിച്ചു. ഓട്ടോമേറ്റഡ് റീചാർജബ്ൾ ബാറ്ററി പവറിന്റെ സഹായത്തോടെ 7 ദിവസം വരെ മനുഷ്യസഹായമോ സാന്നിധ്യമോ ഇല്ലാത്തപ്പോഴും വെർട്ടിഗ്രോയിൽ ജലസേചനം നടക്കും. 'നല്ല വിളവും രോഗപ്രതിരോധശേഷിയുമുള്ള വിത്തിനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. പ്രത്യേകം ട്രീറ്റ് ചെയ്ത ഓർഗാനിക് മിശ്രിതത്തിലാണ് കൃഷി നടത്തുന്നത്. വീട്ടിലെ അടുക്കളമാലിന്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവ ഉപയോഗിച്ചുള്ള വെർമി-കമ്പോസ്റ്റ് സിസ്റ്റവും ഇതോടൊപ്പം ലഭ്യമാണ്,' മായ വർഗീസ് വിശദീകരിക്കുന്നു.

വീട്ടിലെ അടുക്കളമാലിന്യങ്ങൾ വൻതോതിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ നമ്മുടെ ഏറ്റവും വലിയ തലവേദനയായ മാലിന്യപ്രശ്നത്തിനും അങ്ങനെ വെർട്ടിഗ്രോവ് ഒരു പരിധി വരെ പരിഹാരമാവും,' കമ്പോസ്റ്റിങ് സംവിധാനത്തിൽ വെർട്ടിഗ്രോവിന് പിന്തുണ നൽകുന്ന ക്ലീൻസിറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരൻ ജോസ് ജോസഫ് മൂഞ്ഞേലി ചൂണ്ടിക്കാണിച്ചു. കമ്പോസ്റ്റ് സിസ്റ്റം പ്രത്യേകം ഘടിപ്പിച്ച മോഡലുകൾക്ക് ഒരു ച അടി സ്ഥലം മാത്രമേ അധികം വേണ്ടി വരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഈ മോഡലുകളിലും ഒരു തരത്തിലുമുള്ള ദുർഗന്ധവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് വെർട്ടിഗ്രോവ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. കമ്പോസ്റ്റ് കോളവും ഉരുട്ടി മാറ്റാൻ കാസ്റ്ററുകളുമുള്ള പെഡസ്റ്റൽ ടൈപ്പ്, കമ്പോസ്റ്റ് കോളം ഇല്ലാത്ത പെഡസ്റ്റൽ ടൈപ്പ്, കമ്പോസ്റ്റ് കോളം ഇല്ലാത്ത തൂക്കിയിടാവുന്ന ടൈപ്പ് എന്നിവയാണ് ഈ മൂന്നു മോഡലുകൾ. 30 ചെടികളുള്ള ഒരു സെറ്റിന് 6500 രൂപയാണ് വിലയെങ്കിലും പ്രാരംഭ ഓഫർ എന്ന നിലയിൽ ഇപ്പോൾ 4900 രൂപ നൽകിയാൽ മതിയാകും.

ഈ രീതിയിലൂടെ വിവിധ ഇനം ചീരകൾ, ലെറ്റിയൂസ്, പാലക്, പുതിന, മല്ലി, സെലറി, പേഴ്സ്ലി, ഒറിഗാനോ (കാട്ടുമറുവ), കാബേജ്, തുടങ്ങി എല്ലാ ഇലക്കറികൾക്കും പച്ചമുളകിനും പുറമെ മിക്കവാറും എല്ലാ പച്ചക്കറിയിനങ്ങളും വെർട്ടിഗ്രോയിൽ വളർത്തിയെടുക്കാമെന്നാണ് മായ പറയുന്നത്. കേരളത്തിൽ എവിടെയും ഇവ സ്ഥാപിച്ചു നൽകാൻ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രോ യുവർ ഓൺ ഫുഡിന്റെ നഴ്സറി പ്രൊഡക്ഷൻ യൂണിറ്റ് സജ്ജമായിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP