Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ദിനം ആഘോഷമാക്കി കൊച്ചിക്കാർ; 63,000 യാത്രക്കാരും 21 ലക്ഷം രൂപ വരുമാനവും നേടി മികച്ച തുടക്കം; പലയിടങ്ങളിലും ടിക്കറ്റ് എടുക്കാനുള്ള നിര ബിവറേജസിനെ പോലെ നീണ്ടു; യാത്രക്കാരിൽ കൂടുതൽ സെൽഫിയെടുക്കാൻ എത്തിയവർ

ആദ്യ ദിനം ആഘോഷമാക്കി കൊച്ചിക്കാർ; 63,000 യാത്രക്കാരും 21 ലക്ഷം രൂപ വരുമാനവും നേടി മികച്ച തുടക്കം; പലയിടങ്ങളിലും ടിക്കറ്റ് എടുക്കാനുള്ള നിര ബിവറേജസിനെ പോലെ നീണ്ടു; യാത്രക്കാരിൽ കൂടുതൽ സെൽഫിയെടുക്കാൻ എത്തിയവർ

കൊച്ചി: നാലു മിനിറ്റ് വൈകി 6.04-നാണ് പാലാരിവട്ടത്തു നിന്നും ആലുവയിൽ നിന്നും മെട്രോ ആദ്യ യാത്ര ആരംഭിച്ചത്. ഇരുപത് മിനിറ്റിൽ (6.24) ഇരു സ്റ്റേഷനിലും യാത്രക്കാരെ ഇറക്കി. അങ്ങനെ കൊച്ചിക്ക് ആവേശമായി മെട്രോ ഓടിത്തുടങ്ങി. ആദി ദിനത്തിലെ കണക്കുകൾ കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ പ്രതീക്ഷയാണ്. ജനം വരും ദിനങ്ങളിലും ഏറ്റെടുത്താൽ ലാഭമെന്ന ലക്ഷ്യത്തിലേക്ക് മെട്രോ താമസിയാതെ ഓഠിയെത്തും. ആദ്യ ദിനത്തിലെ യാത്രയിൽ കൊച്ചി മെട്രോയ്ക്ക് ലഭിച്ചത് 21 ലക്ഷം രൂപയാണ്. ടിക്കറ്റെടുത്തത് 64,000ത്തോളം പേരും.

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള റൂട്ടിൽ രാവിലെ 6.04-നാണ് സർവീസ് തുടങ്ങിയത്. ആലുവയിൽ നിന്നും പാലാരിവട്ടത്തു നിന്നും ഇതേ സമയത്തു തന്നെയായിരുന്നു സർവീസ്. രാത്രി പത്തിന് സർവീസ് അവസാനിച്ചു. രാവിലെ മുതൽ സ്റ്റേഷനുകളിലെല്ലാം നല്ല തിരക്കായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണി വരെ മാത്രം 29,277 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. വൈകീട്ടായതോടെ തിരക്ക് കൂടി. സെൽഫിയെടുക്കാനെത്തിയവരായിരുന്നു അധികവും. ഇതരജില്ലക്കാരും ധാരളമായെത്തി. പ്ലാറ്റ് ഫോമിലേക്കുള്ള യാത്രക്കിടെ, ഒന്നാം നിലയിലെ ചുവരിൽ ചിത്രങ്ങൾകൊണ്ട് അലങ്കരിച്ചിരുന്ന ഭാഗമായിരുന്നു യാത്രക്കാരുടെ 'സെൽഫിവേദി'. സ്റ്റേഷന്റെ ഓരോ ഭാഗത്തുനിന്നും സെൽഫി എടുത്തു സാമൂഹ്യമാധ്യമങ്ങളിൽ അപ്പപ്പോൾതന്നെ പോസ്റ്റുചെയ്തായിരുന്നു യാത്ര. പ്ലാറ്റ്‌ഫോമിലെത്തിയ യാത്രക്കാർക്കു ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ നൽകി. ട്രെയിനിന്റെ ഫോട്ടോയെടുക്കാൻ പലരും മഞ്ഞ സുരക്ഷാ വര മറികടന്നതു ജീവനക്കാർക്കു തലവേദനയായി.

ഇതിനൊപ്പം ആദ്യ ദിനത്തിൽ യാത്ര ചെയ്യാനെത്തിയവർക്കെല്ലാം ആശങ്കകൾ ഏറെയായിരുന്നു. ടിക്കറ്റെടുക്കുന്നതിൽ തുടങ്ങി ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ (എ.എഫ്.സി.) ഗേറ്റ് വഴി അകത്തുകടക്കുന്നതിലും ട്രെയിനിൽ കയറുന്നതിലുമെല്ലാം പലർക്കും അബദ്ധം പിണഞ്ഞു. ക്യൂ.ആർ.കോഡ് ടിക്കറ്റ് ഉപയോഗിക്കാനും ട്രെയിനിൽ കയറാനുമെല്ലാം മാർഗ നിർദേശങ്ങളുമായി ജീവനക്കാരുണ്ടായിരുന്നു. ടിക്കറ്റെടുത്തതിനെക്കാൾ കൂടുതൽ ദൂരം യാത്ര ചെയ്തതു മൂലം പലർക്കും പിഴയടയ്ക്കേണ്ടിയും വന്നു. പല സ്റ്റേഷനുകളിലായി ഉച്ചവരെ മാത്രം 15 പേർ പിഴയടച്ചതായാണ് കണക്ക്. രാത്രിയോടെ ഇതു കൂടുമെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. ടിക്കറ്റിലേതിനെക്കാൾ കൂടുതൽ ദൂരം യാത്ര ചെയ്യുക, സ്റ്റേഷനിൽ കൂടുതൽ സമയം ചെലവഴിക്കുക എന്നീ കുറ്റങ്ങളാണ് ഭൂരിഭാഗം പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എല്ലാ സ്റ്റേഷനിലും ടിക്കറ്റെടുക്കാൻ നീണ്ട ക്യാവായിരുന്നു. ബിവറേജസിലെ ക്യൂവിനെ ഓർമിപ്പിക്കുന്ന നീണ്ട നിര. ഇത് രാവിലെ മുതൽ ദൃശ്യമായിരുന്നു.

ആലുവയിൽ നിന്ന് പാലാരിവട്ടം വരെ ടിക്കറ്റെടുത്ത ശേഷം മടക്കയാത്രയ്ക്കുള്ള ടിക്കറ്റെടുക്കാതെ വേറെ ട്രെയിനിൽ കയറി ആലുവയിൽ തന്നെ ചെന്നിറങ്ങിയവരും കുടുങ്ങി. പിഴ സംബന്ധിച്ച കണക്ക് അടുത്ത ദിവസങ്ങളിലേ വ്യക്തമാകൂ എന്നും കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. തിരക്ക് മൂലം തിങ്കളാഴ്ച രണ്ട് സ്റ്റേഷനുകളിൽ മാത്രമാണ് കൊച്ചി വൺ സ്മാർട്ട് കാർഡ് വിതരണം ചെയ്തത്. ആലുവയിൽ രാവിലെ കാർഡിന്റെ വിതരണം തുടങ്ങിയെങ്കിലും പിന്നീടിത് നിർത്തിവച്ചു. പുളിഞ്ചോട്, അമ്പാട്ടുകാവ് സ്റ്റേഷനുകളിലാണ് തിങ്കളാഴ്ച കാർഡ് നൽകിയത്. വൈകീട്ട് ഏഴു മണിവരെ 40 കാർഡുകൾ മാത്രമാണ് നൽകിയത്. കാർഡ് നൽകുന്നതിന് ക്യു.ആർ.കോഡ് ടിക്കറ്റിനെക്കാൾ കൂടുതൽ സമയം വേണം. ഒരു കാർഡ് നൽകുന്നതിന് ആറു മിനിറ്റ് വരെ സമയമെടുക്കും. വ്യക്തിയുടെ പേരും ഫോൺനമ്പറും നൽകിയാണ് കാർഡിന് രജിസ്റ്റർ ചെയ്യേണ്ടത്. കാർഡിന്റെ വില 150 രൂപയാണ്. ആദ്യമായി ചാർജ് ചെയ്യുന്നതിന് 50 രൂപയും നൽകണം. 10,000 രൂപയ്ക്ക് വരെ ചാർജ് ചെയ്യാം. അഡ്രസ് തെളിയിക്കുന്നതിനുൾപ്പെടെ രേഖകൾ നൽകിയാൽ 50,000 രൂപയ്ക്കും ചാർജ് ചെയ്യാം.

ആദ്യ ദിനത്തിൽ യാത്രക്കാരെ ഏറെ കുടുക്കിയത് എ.എഫ്.സി. (ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റ് ) ആയിരുന്നു. ട്രെയിനിനു മുന്നിൽ സെൽഫിയെടുക്കാൻ നിന്നപ്പോൾ ട്രെയിനിന്റെ വാതിലടഞ്ഞത് മറ്റൊരു അബദ്ധം. വാതിലടഞ്ഞതോടെ കയറാൻ പറ്റാതെ വന്നവർ അടുത്ത ട്രെയിനിലാണ് യാത്ര തുടർന്നത്. അടുത്ത ദിവസങ്ങളിലെല്ലാം സ്റ്റേഷനുകളിൽ ഡ്യൂട്ടിക്ക് കൂടുതൽ ജീവനക്കാരുണ്ടാകുമെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. പാർക്കിങ്ങുമായി ബന്ധപ്പെട്ട് സ്റ്റേഷനുകളിലെല്ലാം പ്രശ്നങ്ങളുണ്ട്. മെട്രോ സ്റ്റേഷനുകളിൽനിന്ന് കെഎസ്ആർടിസിയുടെ ഫീഡർ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്നു കെഎംആർഎൽ അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിൽ സ്റ്റേഷനുമായി ബന്ധപ്പെടുത്തി കൂടുതൽ സർവീസുകൾ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP