Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

കോവിഡ് ശരണം കെടുത്തുമ്പോഴും പ്രതിസന്ധികളെ അവസരമാക്കാനുള്ള മിടുക്ക്; ഫോബ്‌സ് പട്ടികയിലെ ലോകത്തെ ശതകോടീശ്വരന്മാരുടെ സമ്പത്തും എണ്ണവും കൂടുമ്പോളും മലയാളികളിൽ മുമ്പൻ എം.എ.യൂസഫലി തന്നെ; 35,600 കോടി രൂപ ആസ്തിയുമായി യൂസഫലി ഇന്ത്യയിൽ 26 ാം സ്ഥാനത്ത്; ക്രിസ് ഗോപാലകൃഷ്ണൻ രണ്ടാമത് എത്തിയപ്പോൾ രവി പിള്ളയ്ക്കും ബൈജു രവീന്ദ്രനും മൂന്നാം റാങ്ക്

കോവിഡ് ശരണം കെടുത്തുമ്പോഴും പ്രതിസന്ധികളെ അവസരമാക്കാനുള്ള മിടുക്ക്; ഫോബ്‌സ് പട്ടികയിലെ ലോകത്തെ ശതകോടീശ്വരന്മാരുടെ സമ്പത്തും എണ്ണവും കൂടുമ്പോളും മലയാളികളിൽ മുമ്പൻ എം.എ.യൂസഫലി തന്നെ; 35,600 കോടി രൂപ ആസ്തിയുമായി യൂസഫലി ഇന്ത്യയിൽ 26 ാം സ്ഥാനത്ത്; ക്രിസ് ഗോപാലകൃഷ്ണൻ രണ്ടാമത് എത്തിയപ്പോൾ രവി പിള്ളയ്ക്കും ബൈജു രവീന്ദ്രനും മൂന്നാം റാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:കോവിഡും കഷ്ടപ്പാടും മൂലം ലോകമാകെ വലയുമ്പോഴും ശതകോടീശ്വരന്മാരുടെ സമ്പത്തിൽ കുതിപ്പ്. പ്രതിസന്ധികളെ അവസരമാക്കുന്ന അവരുടെ മിടുക്ക് തന്നെയാവാം കാരണം. അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഫോബ്‌സ് മാസിക പറയുന്നു. ഫോബ്‌സിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ മൂന്ന് സമ്പന്നർ ഒരുവർഷംകൊണ്ട് 100 ബില്യൺ ഡോളറിന്റെ വരുമാനമാണ് അധികമായി സമ്പാദിച്ചത്. ഇന്ത്യയിൽ കഴിഞ്ഞവർഷം 102 ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്. ഈ വർഷം ഇത് 140 ആയി ഉയരുകയും അവരുടെ സമ്പത്ത് ഇരട്ടിച്ച് 596 ബില്യൺ ഡോളറായതായും ഫോബ്സ് അറിയിച്ചു. ഫോബ്‌സ് പട്ടികയിൽ ഇടം പിടിച്ചത് കഴിഞ്ഞ വർഷം ആറ് മലയാളികൾ ആയിരുന്നെങ്കിൽ ഇത്തവണ 10 മലയാളികൾ ഇടം പിടിച്ചു.

എം.എ.യൂസഫലി ഏറ്റവും സമ്പന്നായ മലയാളി

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയിൽ ഒന്നാമതായി എത്തിയത്. ആഗോളതലത്തിൽ 589 ാം സ്ഥാനവും ഇന്ത്യയിൽ 26-ാ മനുമായാണ് യൂസഫലി പട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ വർഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.

യൂസഫലിയുടെ വിജയഗാഥ

ഗൾഫ് സ്വപ്നം കാണുന്ന മലയാളികൾ എന്നും കൊണ്ടാടുന്നതാണ് യൂസഫലിയുടെ വിജയഗാഥ. കേരളത്തിന്റെ ധിരുഭായി അംബാനി എന്ന വിളിപ്പേരുകിട്ടിയത് കഠിനാദ്ധ്വാനത്തിനുള്ള പ്രതിഫലമായി തന്നെ. ഗൾഫ് മേഖലയിലും മറ്റിടങ്ങളിലുമായി ലുലുഗ്രൂപ്പിന്റെ 152 സ്റ്റോറുകൾ. രണ്ട് ബില്യൻ ഡോളറോളം യൂസഫലി നിക്ഷേപിച്ചിരിക്കുന്നത് സ്വന്തം നാട്ടിലാണെന്നതും മറ്റൊരു സവിശേഷത. ഹോട്ടലുകൾ, മാളുകൾ, കൺവൻഷൻ സെന്റുകൾ അങ്ങനെ എന്തെല്ലാം. കേരളത്തിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റി വച്ചത് 26 ലക്ഷമാണ്.

എഡിൻബറ ആസ്ഥാനമായുള്ള പ്രശസ്ത പൈതൃക ഹോട്ടൽ സമുച്ചയം വാൽഡോഫ് അസ്റ്റോറിയ -ദി കലിഡോണിയൻ എം എ യൂസഫ് അലി സ്വന്തമാക്കിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. യുസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന് കീഴിലുള്ള നിക്ഷേപ കമ്പനിയായ ട്വന്റി 14 ഹോൾഡിങ്‌സ് ആണ് കലിഡോണിയൻ ഏറ്റെടുത്തത്. 12 കോടി ഡോളറിന്റേതായിരുന്നു ഇടപാട്. 100 വർഷത്തിലധികം പാരമ്പര്യം ഉള്ളതാണ് കലിഡോണിയൻ. അബുദാബിയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റായ എമിറേറ്റ്‌സ് ജനറൽ മാർക്കറ്റ് തുടങ്ങിയത്. ഗൾഫ് യുദ്ധം മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്ന കാലത്തായിരുന്നു. യുദ്ധകാലത്ത് എല്ലാവരും ഗൾഫിലെ ബിസിനസ് ഉപേക്ഷിക്കുമ്പോൾ ഒരു വിദേശി ഒരു വമ്പൻ സൂപ്പർ മാർക്കറ്റ് തുടങ്ങിയത് വലിയ വാർത്തയായി.

ചെറിയ തൊഴിലിൽ നിന്ന് തുടങ്ങിയാലും പരിശ്രമശാലിയെങ്കിൽ ഉയരങ്ങൾ കീഴടക്കാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് യൂസഫലി. പിതൃസഹോദരനായ എം.കെ.അബ്ദുള്ള തുടങ്ങിയ എം..കെ സ്റ്റോറിൽ ചേരാനായി ബോംബെയിൽ നിന്ന് യാത്ര തിരിക്കുമ്പോൾ ആരും കരുതിയില്ല അതൊരു ചരിത്രം സൃഷ്ടിക്കുമെന്ന്. യൂസഫലിക്ക് അന്ന് വയസ് 19. തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.

ക്രിസ് ഗോപാലകൃഷ്ണൻ മുതൽ കല്യാണരാമൻ വരെ

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. തിരുവനന്തപുരം സ്വദേശി ആയ ക്രിസ് ഗോപാലകൃഷ്ണൻ എന്ന സേനാപതി ഗോപാലകൃഷ്ണന് 330 കോടി ഡോളറാണ് ആസ്തി.

250 കോടി ഡോളർ വീതം ആസ്തിയുള്ള രവി പിള്ള, ബൈജു രവീന്ദ്രൻ എന്നിവരാണ് മൂന്നാം സ്ഥാനത്ത്.ഏറ്റവും കൂടുതൽ മലയാളികൾക്ക് ജോലി നൽകുന്ന രവി പിള്ള ചവറ സ്വദേശിയാണ്. മൂന്നുപതിറ്റാണ്ട് മുമ്പ് ജോലി തേടി ഗൾഫിലേക്ക് രവി പിള്ള പോയത്. 1978 ലാണ് സൗദിയിലെത്തിയത്. അക്കോബാർ എന്ന സ്ഥലത്ത് കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ചു. കഠിനാധ്വാനം. അർപ്പണ മനോഭാവം. ഈശ്വാനുഗ്രഹം. ഈ മൂന്നുമാണു തന്റെ വിജയരഹസ്യമെന്നു രവിപിള്ള ഉറച്ചുവിശ്വസിക്കുന്നു. ബൈജൂസ് ആപ് സ്ഥാപകനും സി.ഇ. ഒയുമായ ബൈജു രവീന്ദ്രൻ കഴിഞ്ഞ വർഷം പട്ടികയിൽ പുതുതായി ഇടം നേടിയ യുവ സംരംഭകനാണ്.

190 കോടി ഡോളർ ആസ്തിയോടെ ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളായ എസ്. ഡി. ഷിബുലാൽ, 140 കോടി ഡോളറുള്ള ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, 330 കോടി ഡോളർ ആസ്തിയോടെ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, 100 കോടി ഡോളർ ആസ്തിയുള്ള ടി.എസ്. കല്യാണരാമൻ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ മറ്റ് സമ്പന്നർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP