Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പന്നതയിൽ ഏഷ്യയിൽ അംബാനി കുടുംബത്തിന് എതിരാളികളില്ല; അംബാനി കുടുംബത്തിനുള്ളത് രണ്ടാം സ്ഥാനത്തുള്ള ഹോങ്‌കോങ്ങിലെ ക്വോക് കുടുംബത്തിനേക്കാൾ ഇരട്ടി സമ്പത്ത്; ശതകോടീശ്വര പട്ടികയിൽ നിന്നും അനിൽ അംബാനി പുറത്തായെങ്കിലും മുകേഷിന്റെ മിടുക്കിൽ റാങ്ക് കൈവിടാതെ ഇന്ത്യൻ വ്യവസായ കുടുംബം

സമ്പന്നതയിൽ ഏഷ്യയിൽ അംബാനി കുടുംബത്തിന് എതിരാളികളില്ല; അംബാനി കുടുംബത്തിനുള്ളത് രണ്ടാം സ്ഥാനത്തുള്ള ഹോങ്‌കോങ്ങിലെ ക്വോക് കുടുംബത്തിനേക്കാൾ ഇരട്ടി സമ്പത്ത്; ശതകോടീശ്വര പട്ടികയിൽ നിന്നും അനിൽ അംബാനി പുറത്തായെങ്കിലും മുകേഷിന്റെ മിടുക്കിൽ റാങ്ക് കൈവിടാതെ ഇന്ത്യൻ വ്യവസായ കുടുംബം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സമ്പത്തിൽ ലോകത്തെ ഒന്നാം നമ്പൻ വ്യവസായി ആകാനുള്ള കുതിപ്പിലാണ് മുകേഷ് അംബാനി. അദ്ദേഹം വെട്ടിപ്പിടിക്കുന്ന മേഖലകളിലൊക്കെ വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്. അതിസമ്പന്നതയിൽ ഏഷ്യയിൽ അദ്ദേഹത്തിന് എതിരാളികൾ ഇല്ലാത്ത അവസ്ഥയാണ്. ഏഷ്യയിലെ അതിസമ്പന് കുടുംബങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കയാണ് അംബാനി കുടുംബം. 76 ബില്യൺ ഡോളർ (55,84,59,78,00,000 രൂപ) ആസ്തിയുള്ള അംബാനി കുടുംബമാണ് ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സിന്റെ ഏഷ്യയിലെ 20 അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.

ഏഷ്യയിലെ ധനികരായ 20 കുടുംബങ്ങളുടെ ആകെ സമ്പത്തായ 463 ബില്യൺ ഡോളറിന്റെ 17 ശതമാനവും അംബാനി കുടുംബത്തിന്റെ സംഭാവനയാണ്. പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ ഹോങ്‌കോങ്ങിലെ ക്വോക് കുടുംബത്തിനേക്കാൾ രണ്ടിരട്ടി ധനവാന്മാരാണ് അംബാനി കുടുംബം. മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയിലെ ലീ കുടുംബത്തേക്കാൾ (സാംസങ് ഉടമകൾ) മൂന്നിരട്ടിയിലധികം ആസ്തിയും അംബാനിക്കുണ്ട്.

കോവിഡ് മഹാമാരിക്കാലത്ത് അംബാനിയുടെ സമ്പത്തിൽ വൻ വർധനയാണുണ്ടായത്. ഏവരും കോവിഡ് മഹാമാരിയോട് പൊരുതുന്ന വേളയിലും മുകേഷ് അംബാനിയുടെ ജിയോയിൽ വമ്പന്മാർ നിക്ഷേപമിറക്കിക്കൊണ്ടിരുന്നു. ഫേസ്‌ബുക്ക്, ഗൂഗിൾ, കെ.കെ.ആർ, ടി.പി.ജി, സിൽവർലേക്ക് എന്നീ വൻകിട കമ്പനികൾക്ക് ഓഹരി വിറ്റ് 20.2 ബില്യൺ ഡോളറാണ് കോവിഡ് കാലത്ത് അംബാനി സമാഹരിച്ചത്.

ഇതോടൊപ്പം തന്നെ റിലയൻസ് റീട്ടെയിലിന്റെ 10.09 ശതമാനം ഓഹരികൾ വിറ്റ് 47,000 കോടി രൂപയും സമാഹരിച്ചു. റീട്ടെയിൽ മേഖലയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായ ഇതിനായി രണ്ട് മാസമെടുത്തു.ഓയിൽ ആൻഡ് ഗ്യാസ് ബിസിനസിൽ മാത്രമാണ് അംബാനിയുടെ വരുമാനത്തിൽ ഇടിവ് നേരിട്ടത്.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാക്കിയതിലൂടെ 16 ബില്യൺ ഡോളറിന്റെ അധിക വരുമാനം ഉണ്ടാവുകയും ഇതിലൂടെ മറ്റ് കുടുംബങ്ങളുമായ അന്തരം വലിയ രീതിയിൽ കൂടുകയുമായിരുന്നു. സഹോദരൻ അനിൽ അംബാനി ശതകോടീശ്വര പട്ടികയിൽ നിന്നും പുറത്തായ സാഹചര്യത്തിലാണ് അംബാനി കുടുംബത്തിന്റെ വളർച്ചയെന്നതും ശ്രദ്ധേയം.

മുകേഷ് അംബാനിയുമായി കൈകോർത്ത് ഓൺലൈൻ ഭീമൻ ജെഫ് ബെസോസുമായി മുകേഷ് അംബാനി കൈകോർക്കുന്നു എന്ന വാർത്തകളും പുറത്തുവന്നെങ്കിലും ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. ഈ ഇടപാട് നടന്നാൽ ലോകത്തെ രണ്ടാം നമ്പർ കോടീശ്വരനായി മുകേഷ് അംബാനി മാറുമായിരുന്നു. ആമസോണിന് നിക്ഷേപമുള്ള ഫ്യൂച്ചർ ഗ്രൂപ്പ് നേരത്തെ അംബാനി വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് സഖ്യ സാധ്യത കൂടുതൽ തെളിഞ്ഞതെന്നും പറയുന്നു.

ഈ വർഷം വ്യത്യസ്തമായ മറ്റൊരു പ്ലാനും മുകേഷ് അംബാനി കൊണ്ടുവന്നു. താനും സഹോദരൻ അനിൽ അംബാനിയുമായുള്ള തർക്കങ്ങൾ തന്റെ ബിനിസിനെ എങ്ങനെ ബാധിച്ചുവെന്ന് നന്നായി അറിയാവുന്നതുകൊണ്ട് കുടുംബത്തിൽ തർക്കങ്ങൾ ഇല്ലാതെ മുന്നേറാനായി ഒരു 'ഫാമിലി കൗൺസിൽ' ആണ് അദ്ദേഹം ഉണ്ടാക്കിയത്. തന്റെ ബിസിസ്നസ് പുതിയ തലമുറയെ ചുമതലയേൽപ്പിക്കുന്നിന്റെ ഭാഗമായണ് ഈ നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു .മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരുൾപ്പടെ എല്ലാ കുടുംബാംഗങ്ങൾക്കും തുല്യ പ്രാതിനിധ്യംനൽകിയാണ് കുടുംബ സമിതിയുണ്ടാക്കുന്നത്. കുടുംബത്തിലെ മുതിർന്ന അംഗം, മൂന്നുമക്കൾ, ഉപദേശകരായി പ്രവർത്തിക്കാനായി പുറത്തുനിന്നുള്ളവർ എന്നിവരുൾപ്പെട്ടതാകും സമിതി.

റിലയൻസ് ഇൻഡസ്ട്രീസിന്റെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കുടുംബ സമിതിക്കായിരിക്കും നൽകുക. അടുത്തവർഷത്തോടെ സമിതിയുടെ രൂപീകരണ പ്രക്രിയ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 80 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അംബാനി കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കുന്നതിനും എല്ലാ അംഗങ്ങൾക്കും കൂട്ടായി ഒരുപൊതുവേദി രൂപപ്പെടുത്തുന്നതിനുമാണ് 63കാരനായ അംബാനിയുടെ ശ്രമം.

അടുത്ത തലമുറയുടെ കയ്യിൽ ബിസിനസ് സാമ്രാജ്യം ഭദ്രമാക്കുന്നതിനും തർക്കങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനും മുതിർന്നവർ ഉൾപ്പെടുന്ന സമിതിയുടെ രൂപീകരണം പ്രയോജനം ചെയ്യുമെന്നാണ് അംബാനി കരുതുന്നത്.1973ൽ പിതാവ് ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയൻസ് ഇൻഡസ്ട്രീസ്. ധീരുഭായ് അംബാനിയുടെ മരണശേഷം സഹോദരനുമായി ശത്രുതയുണ്ടാകാനിടയായ സാഹചര്യംകൂടി കണക്കിലെടുത്തിട്ടാകാം അംബാനിയുടെ ശ്രദ്ധയോടെയുള്ള നീക്കം. നിലവിൽ വ്യത്യസ്ത ബിസിനസുകളിൽ റിലയൻസ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതിനാൽ വിവിധകാര്യങ്ങളിൽ കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും സമിതി മുന്നിലുണ്ടാകും. റീട്ടെയിൽ, ഡിജിറ്റൽ, ഊർജം എന്നിവയുടെ ചുമതല മൂന്നുമക്കൾക്കായി വീതിച്ചുനൽകാനാണ് സാധ്യത. ആകാശും ഇഷയും 2014ലിലാണ് റിലയൻസ് ജിയോ ഇൻഫോകോമിന്റെയും റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെയും ഡയറക്ടർമാരായത്. ഇളയവനായ അനന്തിനെ മാർച്ചിൽ ജിയോ പ്ലാറ്റ്ഫോമിൽ അഡീഷണൽ ഡയറക്ടറായും നിയമിച്ചു. ആകാശും ഇഷയും ജിയോ പ്ലാറ്റ്ഫോമിന്റെ ബോർഡിലുണ്ട്. ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ഓഫ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ ഡയറക്ടർകൂടിയാണ് ഇഷ അംബാനി.

യുഎസിലെ ബ്രോൺ യൂണിവേഴ്സിറ്റിയിൽനിന്നാണ് ആകാശും അനന്തും ബിരുദംനേടിയത്. ഇഷയാകട്ടെ യേൽ യൂണിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽനിന്ന് മനഃശാസ്ത്രത്തിലും ബിരുദംനേടി. അടുത്തകാലത്തായി നടന്ന നിരവധി ഇടപെടലുകളിലൂടെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മൂന്നുമക്കളും റിലയൻസിന്റെ കൂടുതൽ ഓഹരികൾ സ്വന്തമാക്കിയിരുന്നു. മൂന്നുപ്രൊമോട്ടർമാരിൽനിന്നായി 3.2ശതമാനം ഓഹരികളാണ് ഇവർ സ്വന്തമാക്കിയത്. അവകാശ ഓഹരിയിലൂടെയും കുടുംബം വിഹിതം വർധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP