Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാകേഷ് ജുൻജുൻവാലയുടെ വിശ്വാസം നേടിയത് രണ്ട് കേരളാ കമ്പനികൾ; ഫെഡറൽ ബാങ്കിന്റെയും ജിയോജിത്തിന്റെയും ഓഹരികൾ വാങ്ങി; ചിലവു കുറഞ്ഞ ആകാശ് വിമാന കമ്പനി തുടങ്ങി ലക്ഷ്യം വെച്ചവയിൽ കേരളത്തിലെ സർവീസുകളും; അപ്രതീക്ഷിത വിയോഗം കണ്ണൂർ വിമാനത്താവളത്തിനും തിരിച്ചടി

രാകേഷ് ജുൻജുൻവാലയുടെ വിശ്വാസം നേടിയത് രണ്ട് കേരളാ കമ്പനികൾ; ഫെഡറൽ ബാങ്കിന്റെയും ജിയോജിത്തിന്റെയും ഓഹരികൾ വാങ്ങി; ചിലവു കുറഞ്ഞ ആകാശ് വിമാന കമ്പനി തുടങ്ങി ലക്ഷ്യം വെച്ചവയിൽ കേരളത്തിലെ സർവീസുകളും; അപ്രതീക്ഷിത വിയോഗം കണ്ണൂർ വിമാനത്താവളത്തിനും തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ഓഹരി വിപണിയിൽ പണം എവിടെ നിക്ഷേപിക്കണമെന്ന് കൃത്യമായ ബോധ്യമുള്ള വ്യക്തിയായിരുന്നു അന്തരിച്ച രാകേഷ് ജുൻജുൻവാല. ജുൻജുൻവാലയുടെ വിശ്വാസം നേടിയ കമ്പനികളുടെ കൂടത്തിൽ നിരവധി പ്രമുഖരുണണ്ട്. ജുൻജുൻവാലയ്ക്ക് ഓഹരികളിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ളത് റിയൽ എസ്റ്റേറ്റ്/ കൺസ്ട്രക്ഷൻ മേഖലയിലാണ്. പോർട്ട്ഫോളിയോയുടെ 13 ശതമാനം നിക്ഷേപവും ഈ മേഖലയിലാണ്. ഇതിനു പുറമെ 6 ശതമാനം വീതം നിക്ഷേപം ധനകാര്യ, ഫാർമ, ബാങ്കിങ്, കൺസ്ട്രക്ഷൻ & കോൺട്രാക്ടിങ് മേഖലയിൽ നടത്തിയിട്ടുണ്ട്. അതുപോലെ 3 ശതമാനം വീതം നിക്ഷേപം കംപ്യൂട്ടേർസ്, സോഫ്റ്റ്‌വെയർ, ഫൂട്ട്വെയർ, ഓട്ടോമൊബീൽ, പാക്കേജിങ് മേഖലകളിലെ ഓഹരികളിലുമുണ്ട്.

അതേസമയം ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിൽ ഇടം പിടിച്ച രണ്ട് കേരള കമ്പനികളുമുണ്ട്. ജിയോജിത്ത് ഫിനാൻഷ്യൽ മൂലധന വിപണിയുമായി ബന്ധപ്പെട്ട ധനകാര്യ സേവനങ്ങൾ നൽകുന്നതും കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതുമായ മുൻനിര ബ്രോക്കറേജ് സ്ഥാപനവുമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാളാണ് ജുൻജുൻവാല. 2004 മുതൽ അദ്ദേഹം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികൾ കൈവശം വെച്ചിരിക്കുന്നു.

ജൂൺ പാദത്തിൽ പുറത്തുവന്ന രേഖകൾ പ്രകാരം ജിയോജിത്തിന്റെ 7.5 ശതമാനം ഓഹരികളാണ് ജുൻജുൻവാലയുടെ കൈവശമുള്ളത്. ഇതിന്റെ വിപണി മൂല്യം 85 കോടിയോളം രൂപയാണ്. അതേസമയം വളരെയധികം ചാക്രിക സ്വഭാവമുള്ള മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും 2004 മുതൽ ജിയോജിത്ത് ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥിരമായി ഉയർന്ന തോതിൽ ഡിവിഡന്റ് നൽകുന്ന കമ്പനിയുമാണിത്. ജിയോജിത്തിന് കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം. ഫെഡറൽ ബാങ്ക് എറണാകുളം ആലുവ കേന്ദ്രമാക്കി സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ജുൻജുൻവാല സ്വന്തമാക്കിയിട്ട് മൂന്ന് വർഷത്തിലേറെയായി.

രാകേഷ് ജുൻജുൻവാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി ഫെഡറൽ ബാങ്കിന്റെ 3.65 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്. അതായത് 7,57,21,060 ഓഹരികളാണ് ഇവരുടെ പക്കലുള്ളത്. ഇതിന്റെ വിപണിമൂല്യം 840 കോടി രൂപയോളം വരും. ഗൾഫ് രാജ്യങ്ങളിലും നേരിട്ട് ശാഖകളുള്ള ഫെഡറൽ ബാങ്കിന് മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തിൽ ഭൂരിഭാഗവും കൈയടക്കാൻ സാധിച്ചിട്ടുണ്ട്. ഐഡിബിഐ ബാങ്കുമായി ചേർന്ന് ഇൻഷൂറൻസ് മേഖലയിൽ സംയുക്ത സംരംഭവും ഫെഡ്ഫിന എന്ന ബ്രാൻഡിൽ എൻബിഎഫ്‌സി മേഖലയിൽ സ്വന്തം ഉപകമ്പനിയും നടത്തുന്നുണ്ട്. അതേസമയം മുടങ്ങാതെ ഡിവിഡന്റ് നൽകുന്ന ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 0.75 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 82.80 രൂപ നിരക്കിലുമാണ്.

അതേസമയം അദ്ദേഹം രൂപം നൽകിയ ആകാശ് എയർ കേരളത്തെയും കാര്യമായി തന്നെ ലക്ഷ്യം വെച്ചിരുന്നു. കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നും കൂടുതൽ സർവീസുകൾ ആകാശ് പ്രതീക്ഷിച്ചിരുന്നു. ഈ വർഷം ഡിസംബറിൽ ഇന്ത്യയിൽ നിന്നും ആരംഭിക്കുന്ന 16 ആഭ്യന്തര സർവീസുകളിലൊന്ന് കണ്ണൂർവിമാനത്താവളത്തിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷ കിയാലിനുണ്ടായിരുന്നു. കേരളത്തിൽ കൊച്ചിയെയും തിരുവനന്തപുരത്തെയും കരിപ്പൂരിനെയും പരിഗണിച്ചുകഴിഞ്ഞാൽ അടുത്ത വിമാനസർവീസ് കണ്ണൂരിൽ നിന്നുമാരംഭിക്കുമെന്ന സൂചന ആകാശ എയർ അധികൃതർ നൽകിയിരുന്നു.

കണ്ണൂരിൽ ഇൻഡിഗോ മാത്രമാണ് ഇപ്പോൾ ആഭ്യന്തരസർവീസിന്റെ ഭൂരിഭാഗവും കൈയാളുന്നത്. ആകാശ വന്നാൽ ഇതിൽ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. വിദേശവിമാനസർവീസുകളില്ലാത്ത കണ്ണൂരിന് ആഭ്യന്തരസർവിസ് വർധിപ്പിച്ചാൽ മാത്രമെ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ആകാശ എയറിന്റെ കടന്നുവരവ് കിയാലിന് പ്രതീക്ഷയേകിയത്. വ്യോമയാന മേഖല തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് ഇതുപോലൊരു സംരഭമെന്തിന് എന്ന ചോദ്യം മാധ്യമപ്രവർത്തകരിൽ നിന്നുൾപ്പെടെ വിവിധ കോണുകളിൽ നിന്നുയർന്നപ്പോൾ താൻ പരാജയപ്പെടാൻ തയ്യാറാണെന്നായിരുന്നു രാകേഷ് ജുൻജുൻവാലയുടെ മറുപടി.

വിമാനയാത്ര ജനകീയമാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഹവായ് ചെരുപ്പിടുന്നവർക്ക് സാധ്യമായ ആകാശയാത്രയെന്നതായിരുന്നു ആകാശ എയർസർവീസിന്റെ ലക്ഷ്യമായി തുടക്കത്തിലെ പറഞ്ഞിരുന്നത്. കടുത്ത വെല്ലുവിളികൾ നേരിടുന്ന രംഗങ്ങളിൽ നിക്ഷേപം നടത്തുന്നതിലും അതിസാഹസികതയോടെ അതുവിജയിപ്പിക്കുന്നതുമായിരുന്നു രാകേഷിന്റെ ശൈലി.ആകാശ എയർസർവീസിലും അദ്ദേഹം അത്ഭുതംസൃഷ്ടിക്കുമെന്നായിരുന്നു ഇന്ത്യൻ വ്യോമയാന മേഖലയുടെ പ്രതീക്ഷ. ആകാശ് എയർസർവീസിലൂടെ പിടിച്ചു നിൽക്കാമെന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പ്രതീക്ഷയുംഅനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP