Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫേസ്‌ബുക്കിന് വിറ്റ് മുകേഷ് അംബാനി; സുക്കർബർഗ് വാങ്ങിയത് 43,574 കോടി രൂപയുടെ ഓഹരികൾ; ഇത് ടെലിക്കോം വിപണിയിലേക്കുള്ള ഫേസ്‌ബുക്കിന്റെ വലിയ ചുവടുവെയ്‌പ്പ്; കോവിഡ് കാല മാന്ദ്യം പ്രതീക്ഷിക്കുന്ന റിലയൻസ് ലക്ഷ്യമിട്ടത് കടബാധ്യതകൾ കുറയ്ക്കാനുള്ള മാർഗ്ഗമായും; എണ്ണവിപണിയിലുണ്ടായ നഷ്ടം നികത്താനും ഇടപാടിലൂടെ അംബാനിക്കു സാധിക്കുമെന്ന് വിലയിരുത്തൽ

റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫേസ്‌ബുക്കിന് വിറ്റ് മുകേഷ് അംബാനി; സുക്കർബർഗ് വാങ്ങിയത് 43,574 കോടി രൂപയുടെ ഓഹരികൾ; ഇത് ടെലിക്കോം വിപണിയിലേക്കുള്ള ഫേസ്‌ബുക്കിന്റെ വലിയ ചുവടുവെയ്‌പ്പ്; കോവിഡ് കാല മാന്ദ്യം പ്രതീക്ഷിക്കുന്ന റിലയൻസ് ലക്ഷ്യമിട്ടത് കടബാധ്യതകൾ കുറയ്ക്കാനുള്ള മാർഗ്ഗമായും; എണ്ണവിപണിയിലുണ്ടായ നഷ്ടം നികത്താനും ഇടപാടിലൂടെ അംബാനിക്കു സാധിക്കുമെന്ന് വിലയിരുത്തൽ

ആവണി ഗോപാൽ

മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തെ ഞെട്ടിച്ച ഓഹരി ഇടപാടുമായി റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം മേഖലയിൽ ഫേസ്‌ബുക്കിനെയു പങ്കാളികളാക്കി. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്റെ ( 43,574 കോടി രൂപയുടെ) ഓഹരി, ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ ഫേസ്‌ബുക്ക് വാങ്ങി. ഫേസ്‌ബുക്ക് ഉടമ സുക്കർബർഗ്ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗം വളരുന്ന ഇന്ത്യൻ ടെലിക്കോം മേഖലയിലേക്കുള്ള ഫേസ്‌ബുക്കിന്റെ വമ്പൻ ചുവടുവെയ്‌പ്പാണ് ഇപ്പോഴത്തേത്. അതേസമയം കടബാധ്യതകൾ കുറയ്ക്കാനുള്ള ശ്രമമാണ് റിലയൻസ് ഓഹരി വിൽപ്പനയിലൂട ലക്ഷ്യമിടുന്നത്.

ഇപ്പോഴത്തെ ഇടപാട് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്‌ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നു. കൂടാതെ എണ്ണവിപണിയിലും ടെലികോം മേഖലയിലുമുണ്ടാകുന്ന നഷ്ടം ഗണ്യമായി കുറയ്ക്കാൻ പുതിയ ഇടപാടിലൂടെ റിലയൻസിന് സാധിക്കും. ഫേസ്‌ബുക്കുമായുള്ള കരാറിലൂടെ ജിയോയുടെ ഓഹരി മൂല്യം 4.62 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരു ടെക്‌നോളജി കമ്പനിയിലെ ഏതാനും ഓഹരികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഇന്ത്യയിലെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ എഫ്ഡിഐയാണെന്നും കരാർ സംബന്ധിച്ച് ആർഐഎൽ പറഞ്ഞു. വാണിജ്യ സേവനങ്ങൾ ആരംഭിച്ച് വെറും മൂന്നര വർഷത്തിനുള്ളിൽ വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച 5 ലിസ്റ്റുചെയ്ത കമ്പനികളിൽ ജിയോയും ഉൾപ്പെട്ടിട്ടുണ്ട്.

ഫേസ്‌ബുക്കിന്റെ പ്രതികരണം

'ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം ആവേശകരമാണെന്നും. നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്. ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു. ഒപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇനിയും കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. '- ഫേസ്‌ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.

ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ പ്രാപ്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രത്യേകിച്ചും ഇന്ത്യയിലുടനീളം 60 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകളാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഫേസ്‌ബുക്ക് വ്യക്തമാക്കി. നിക്ഷേപത്തോടൊപ്പം, ജിയോ പ്ലാറ്റ്ഫോമുകൾ, റിലയൻസ് റീട്ടെയിൽ, ഫേസ്‌ബുക്കിന്റെ വാട്സ്ആപ്പ് സേവനം എന്നിവയും വാണിജ്യ പങ്കാളിത്ത കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. പുതിയ സഹകരണത്തിലൂടെ റിലയൻസ് ഇൻഡസ്ട്രീസും ഫേസ്‌ബുക്കും ചൈനീസ് സൂപ്പർ ആപ്ലിക്കേഷനായ വീചാറ്റിന് സമാനമായ ഒരു മൾട്ടി പർപ്പസ് ആപ്ലിക്കേഷൻ സൃഷ്ടിക്കുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. വലിയ മുന്നേറ്റത്തോടെയുള്ള ചർച്ചകൾ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ നിർത്തി വച്ചിരിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. ഇതിനിടയിലാണ് പുതിയ നിക്ഷേപ വാർത്ത വരുന്നത്.

ഫേസ്‌ബുക്കിന്റെ കസ്റ്റമർ പ്ലാറ്റ്ഫോമും റിലയൻസിന്റെ ഷോപ്പിങ്-പേയ്മെന്റ് പ്ലാറ്റ്ഫോമും ചേർത്തു കൊണ്ടുള്ള വലിയൊരു ആപ്പിനാണ് ഇരുവരും തുടക്കമിടുക എന്നാണ് സൂചന. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്ലാറ്റ്ഫോമായിരിക്കും ഇതിനു വേണ്ടി പ്രാരംഭഘട്ടത്തിൽ ഉപയോഗിക്കുന്നത്. അതിന്റെ ഉപയോക്തൃ അടിത്തറ ഉപയോഗിച്ചുകൊണ്ട് പദ്ധതിക്കായി ധനസഹായം, സാങ്കേതിക അറിവ്, ഡൊമെയ്ൻ വൈദഗ്ദ്ധ്യം എന്നിവ ഇരുവരും കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. കോവിഡ് 19 മൂലം കാലതാമസം നേരിട്ട ചർച്ചകൾ അനുസരിച്ച്, ഒരു ആശയവിനിമയ പ്ലാറ്റ്ഫോം മാത്രമല്ല, ഉപയോക്താക്കൾക്ക് റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ അല്ലെങ്കിൽ ഷോപ്പ് വഴി പലചരക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുന്ന ഒരു ആപ്ലിക്കേഷൻ സൃഷ്ടിക്കുക എന്നതാണ് ആശയം. റിലയൻസിന്റെ എജിയോ ഡോട്ട് കോമിലൂടെ സാധനങ്ങൾ വിൽക്കാനും ജിയോ മണി ഉപയോഗിച്ച് പേമെന്റുകൾ നടത്താനുമാണ് ഉദ്ദേശിക്കുന്നത്.

ജിയോയുടെ വളർച്ച

മൂന്ന് വർഷം മുമ്പ് ജിയോ ആരംഭിച്ചതിനുശേഷം, കോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറുന്നതിനുള്ള വളർച്ച വേഗതത്തിൽ ആയിരുന്നു. ആകർഷകമായ മൊബൈൽ ഇന്റർനെറ്റ് നിരക്കുകളും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും (ചാറ്റ് സേവനങ്ങൾ,സിനിമകൾ, ഗെയിമുകൾ, സംഗീതം എന്നിവയുൾപ്പെടെ) 340 ദശലക്ഷം ഉപഭോക്താക്കളെ ജിയോയുടെ പുതുമ തേടിയെത്താൻ പ്രേരിപ്പിച്ചു.

ആർഐഎല്ലിന്റെ കടം കുറയ്ക്കാൻ ഫേസ്‌ബുക്കുമായുള്ള ഈ കരാർ സഹായിക്കും. 2016 ൽ 40 ബില്യൺ ഡോളറാണ് അംബാനി ജിയോയിൽ നിക്ഷേപിച്ചത്. 2021 മാർച്ചോടെ കമ്പനിയുടെ അറ്റ കടം പൂജ്യമായി കുറയ്ക്കാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസിന്റെ ലക്ഷ്യത്തിന്റെ ഫലമാണ് ഫേസ്‌ബുക്കുമായുള്ള കരാർ. ചില ബിസിനസുകളിലെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതിലൂടെ കടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ആർഐഎൽ കഴിഞ്ഞ മാസങ്ങളിൽ ആരംഭിച്ചിരുന്നു.

സാമ്പത്തിക വീണ്ടെടുക്കൽ

കൊറോണാനന്തര കാലഘട്ടത്തിൽ ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ സാമ്പത്തിക വീണ്ടെടുക്കൽ നടത്താനും, പുനരുജ്ജീവനത്തിനും ഫേസ്‌ബുക്കുമായുള്ള പങ്കാളിത്തം ഒരു പ്രധാന സംഭാവന നൽകുമെന്ന് ആർഐഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അംബാനി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റം വളരുന്നതിലും പരിവർത്തനം ചെയ്യുന്നതും തുടരുന്നതിൽ ഞങ്ങളുടെ ദീർഘകാല പങ്കാളിയായി ഫേസ്‌ബുക്കിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP