Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഒരു ലക്ഷം രൂപ നാട്ടിലേക്ക് അയക്കാൻ 12,000 രൂപ സേവന നികുതി അടയ്‌ക്കേണ്ടി വരുമോ? വ്യാജ പ്രചാരണങ്ങൾ ശക്തം; നികുതി ഈടാക്കുന്നത് പണം അയക്കുന്ന കമ്പനികളുടെ ഫീസിന് മാത്രം

ഒരു ലക്ഷം രൂപ നാട്ടിലേക്ക് അയക്കാൻ 12,000 രൂപ സേവന നികുതി അടയ്‌ക്കേണ്ടി വരുമോ? വ്യാജ പ്രചാരണങ്ങൾ ശക്തം; നികുതി ഈടാക്കുന്നത് പണം അയക്കുന്ന കമ്പനികളുടെ ഫീസിന് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

രു ലക്ഷം രൂപ നാട്ടിലേക്ക് അയക്കണമെങ്കിൽ 12,360 രൂപ സേവന നികുതി അടയ്‌ക്കേണ്ടി വരുമോ? സോഷ്യൽ നെറ്റ്‌വർക്കുകളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും ഈ അടുത്ത ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു ചോദ്യമാണിത്. അനേകം വായനക്കാർ ഇക്കാര്യത്തെക്കുറിച്ച് ഒരു വിശദീകരണം ആവശ്യപ്പെട്ട് മറുനാടൻ മലയാളിയെ ബന്ധപ്പെട്ടിരുന്നു. ഇതിനിടയിൽ ഗൾഫിൽ സ്വാധീനമുള്ള ചില പ്രമുഖ പത്രങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചതോടെ ഈ പ്രചരണത്തിന് വിശ്വാസ്യത വർദ്ധിച്ചു. പതിവുപോലെ പ്രവാസി സംഘടനകളും മണി എക്‌സ്‌ചേഞ്ച് കമ്പനികളും ഒക്കെ പ്രതികരണങ്ങളുമായി രംഗത്തിറങ്ങിയതോടെ പ്രവാസികളായ മലയാളികൾ മുഴുവൻ ആശങ്കാകുലരായി. ഇതേക്കുറിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായത് ഒരു അർദ്ധ സത്യത്തെ സോഷ്യൽ മീഡിയ അപകടകരമായ ഊഹാപോഹമായി വളർത്തി എന്നതാണ്.

വിദേശത്ത് നിന്നും നാട്ടിലേക്ക് അയക്കുന്ന പണവുമായി ബന്ധപ്പെട്ട് സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഇറക്കിയ ഒരു ഉത്തരവാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായത്. വാസ്തവത്തിൽ സേവന നികുതി ഈടാക്കാൻ ഉത്തരവിറക്കിയത് പണം നാട്ടിലേക്ക് അയക്കുമ്പോൾ ഇടനിലക്കാർ ഈടാക്കുന്ന ഫീസിന് മാത്രമായിരുന്നു. അതായത് മണി ട്രാൻസ്ഫർ സർവീസുകൾ ഈടാക്കുന്ന ട്രാൻസ്ഫർ ചാർജ്ജിന്റെ പുറത്താണ് സർവീസ് ടാക്‌സ് ചുമത്തുക എന്നർത്ഥം. ഇതുവഴി സാധാരണക്കാർക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള ചെലവിൽ നേരിയ വർദ്ധന ഉണ്ടാകും എന്നത് സത്യമാണെങ്കിലും ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന പോലെ ഭീതിതമായ ഒരു സാഹചര്യം അല്ല നിലവിലുള്ളത്. കസ്റ്റംസ് വകുപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയ ശേഷവും വേണ്ട രേഖകൾ പരിശോധിച്ച ശേഷവുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

Stories you may Like

രാജ്യത്തെ സർവ്വീസ് ടാക്‌സ് 12.36 ശതമാനം ആയതുകൊണ്ടാണ് നാട്ടിലേക്ക് പണം അയക്കാനുള്ള ഫീസ് കുത്തനെ ഉയർന്നു എന്ന പ്രചരണം ശക്തി പ്രാപിച്ചത്. വിദേശത്ത് നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഈ നിരക്ക് ഈടാക്കിയാൽ ഒരു ലക്ഷം രൂപ അയക്കാൻ 12360 രൂപ ഫീസ് നൽകേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. ഇത്തരത്തിൽ ഇത് പ്രചരിപ്പിച്ചതോടെ പ്രവാസികൾ വലിയതോതിൽ ആശയക്കുഴപ്പത്തിൽ ആകുകയായിരുന്നു. സോഷ്യൽ നെറ്റ് വർക്കിൽ ഇങ്ങനെ പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ പോർട്ടലുകൾ അതേപടി അത് പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. വിദേശ വിനിമയ ബിസിനസ്സ് ചെയ്യുന്ന യുഎഇ എക്‌സ്‌ചേഞ്ച് വെസ്‌റ്റേൺ യൂണിയൻ, മുത്തൂറ്റ്, എക്സ്‌പ്രസ്സ് മണി, ബിഎഫ്എസ് തുടങ്ങിയ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിന്റെ 12.36 ശതമാനം ആയിരിക്കും പുതിയ പരിഷ്‌കാരത്തിന്റ ഭാഗമായി വർദ്ധിക്കുക.

ഇപ്പോൾ നടത്തുന്ന വർദ്ധന നേരിയ തോതിലേ സാധാരണ പ്രവാസികളെ ബാധിക്കൂ എന്നാണ് സൂചന. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നാട്ടിലേക്ക് അയക്കാൻ ഇപ്പോൾ ഈടാക്കിയിരുന്ന തുക 500 രൂപയാണെന്ന് കരുതുക. എങ്കിൽ ഈ തുകയുടെ 12.36 ശതമാനമായ 61.8 രൂപയായിരിക്കും വർദ്ധിക്കുക. എന്നുവച്ചാൽ ഇപ്പോൾ 500 രൂപ നൽകുന്നതിന് പകരം പുതിയപരിഷ്‌കാരം അനുസരിച്ച് 561.80 രൂപ നൽകണം എന്നർത്ഥം. ഇത് വലിയൊരു വർദ്ധനയായി കണക്കാക്കാൻ പറ്റില്ല. സാധാരണഗതിക്ക് വിദേശത്ത് നിന്നും രണ്ട് മൂന്നു ലക്ഷം രൂപവരെ അയക്കാൻ ഇതിൽ കൂടിയ ഫീസ് ഈടാക്കാറില്ല. സ്ലാബ് സമ്പ്രദായം അനുസരിച്ചാണ് ഈ ഫീസ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ പ്രവാസികളെ ഇത് കാര്യമായി ബാധിക്കുകയില്ല. അതേ സമയം വളരെ കുറഞ്ഞ തുക സ്ഥിരമായി അയക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടാകും താനും. ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കാൻ അയക്കാവുന്ന പരമാവധി തുക അയക്കാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഓരോ തവണയും ഈ വർദ്ധന ഉണ്ടാകുന്നത് നിരാശാജനകം ആണ്. എന്നാൽ ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന പോലെ ആപത്ക്കരമല്ല പരിഷ്‌കാരം എന്ന് വ്യക്തമാക്കാൻ ആണ് ഇത് നിസ്സാരമാണ് എന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഓരോ രാജ്യത്തു നിന്നും നാട്ടിലേക്ക് പണം അയക്കുന്നതിന്റെ ഫീസ് വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് യുകെയിലുള്ള ഒരു പ്രവാസി പത്തുലക്ഷം രൂപ നാട്ടിലേക്ക് അയക്കുന്നു എന്നു കരുതുക. പതിനായിരം പൗണ്ട് വരെ അയയ്ക്കുന്നതിന് 10 പൗണ്ടാണ് ഫീസ് ഈടാക്കുക. പിന്നീട് അയയ്ക്കുന്ന ഓരോ ആയിരം പൗണ്ടിനും ഒരു പൗണ്ട് വീതം അധികം അടയ്ക്കണം. അതായത്, ഈ കേസിൽ ആകെ 11 പൗണ്ട് ആണ് ട്രാൻസ്ഫർ ചാർജ്ജ് വരിക. ഇന്ത്യൻ രൂപയിലേക്ക് ഈ തുക കൺവേർട്ട് ചെയ്താൽ പത്തുലക്ഷം രൂപ അയയ്ക്കുന്നതിന് യുകെയിൽ ഒരു പ്രവാസി ഒടുക്കേണ്ട ഫീസ് 1088.39 രൂപ മാത്രമാണ്. നിലവിൽ 12.36% ആണ് ഇന്ത്യയിൽ സേവനനികുതി. ആ നിരക്കിൽ പത്തുലക്ഷം രൂപയുടെ ട്രാൻസ്ഫറിന് സേവനനികുതിയായി നൽകേണ്ടിവരിക, 134 രൂപ 52 പൈസ മാത്രമാകും. എന്നുവച്ചാൽ പത്ത് ലക്ഷം രൂപ നാട്ടിലേക്ക് അയയ്ക്കാൻ വർദ്ധിച്ചിരിക്കുന്നത് 134.52 രൂപ മാത്രമാണ് എന്നർത്ഥം. അനുനിമിഷം വിനിമയ നിരക്കിൽ വ്യത്യാസം വരുന്നതിന് സാക്ഷികളാവുന്ന പ്രവാസികൾക്ക് ഈ വർദ്ധന ഒരു ഭാരമാവുകയില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. അതേ സമയം നികുതി രഹിതമായി രാജ്യത്തേക്ക് പണം നല്കുന്ന പ്രവാസികളിൽ നിന്നും ഒരു ഫീസ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയായി ഈടാക്കാനും സാധിക്കുന്നു. ഇതിൽ പ്രവാസികൾ അഭിമാനിക്കുകയാണ് വേണ്ടത്.

വാസ്തവത്തിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല കേന്ദ്രം ഈ നിയമം കൊണ്ടുവന്നത് എന്നാണ് വ്യക്തമാകുന്നത്. ഈ തുക ഇടനിലക്കാരായ കമ്പനികളിൽ നിന്നാണ് ഈടാക്കേണ്ടത് എന്നാണ് ഇത് സംബന്ധിച്ച് മറുനാടൻ മലയാളി ചോദ്യം ഉന്നയിച്ചപ്പോൾ സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. എന്നാൽ ഈ തുകയും ഇടനിലക്കാർ ഇടപാടുകാരിൽ നിന്ന് വസൂലാക്കുമെന്നാണ് സൂചന. പ്രധാന കമ്പനികൾ ഇപ്പോൾ തന്നെ ഇത് പ്രഖ്യാപിച്ച് കഴിഞ്ഞു.

പണമിടപാടിൽ മധ്യവർത്തികളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ ഇടപാടുകളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആൻഡ് കസ്റ്റംസ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. പണമെത്തിക്കുന്നതിന് മധ്യവർത്തിയായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ബാങ്കുകളോ മറ്റ് സ്ഥാപനങ്ങളോ പണം എത്തിക്കുന്നതിന് സ്വീകരിക്കുന്ന ഫീസ് സേവനനികുതിക്ക് വിധേയമായിരിക്കുമെന്ന് ബോർഡ് വ്യക്തമാക്കുന്നു.

2012 ജൂലൈയിൽ ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം പണവിതരണം സേവനത്തിന് കീഴിൽ വരാത്തതിനാലും പണമയക്കുന്നയാളും പണമയക്കുന്ന കമ്പനിയും വിദേശത്തായതിനാലും ഇത്തരം പണമിടപാടുകൾക്ക് ഇന്ത്യയിൽ സേവനനികുതി ബാധകമല്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലേക്ക് പണമയക്കുന്ന വിദേശകമ്പനികൾ ഇന്ത്യയിലെ ചില ബാങ്കുകളെയും മറ്റ് ധനകാര്യസ്ഥാപനങ്ങളെയും മധ്യവർത്തികളായി നിയമിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ബോർഡ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. സബിഇസി ടെക്‌നിക്കൽ ഓഫീസർ ഡോ. അഭിഷേക് ചന്ദ്ര ഗുപ്തയാണ് ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച സർക്കുലറിൽ ഒപ്പുവച്ചിരിക്കുന്നത്.

എന്നാൽ മണി ട്രാൻസ്ഫറിനു സേവനനികുതി ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ഹവാല പണമിടപാടുകൾ പോലെയുള്ള ദേശവിരുദ്ധ പ്രവർത്തികളും സാമ്പത്തിക കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കും എന്നാണ് ചില ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ലോക ബാങ്ക് ഡേറ്റ അനുസരിച്ച് 2011ൽ മാത്രം 64 ബില്യൻ ഡോളറാണ് വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇന്ത്യൻ പ്രവാസികൾ അയച്ചത്. മുൻപ് ഇത്തരമൊരു നികുതി സംബന്ധിച്ച നിർദ്ദേശം ഉണ്ടായ ഘട്ടത്തിൽ കേരളത്തിലെയും പഞ്ചാബിലെയും മുഖ്യമന്ത്രിമാർ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ബന്ധപ്പെട്ട് നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേ നിർദ്ദേശമാണ് ഇപ്പോൾ വീണ്ടും സർക്കുലറായി പുറത്തിറങ്ങിയിരിക്കുന്നത്.

യുഎഇയിൽ നൂറ്റിമുപ്പതോളം ഫോറിൻ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളാണുള്ളത്. ഇവയുടെ ശാഖകൾ എഴുന്നൂറിലധികമാണ്. ഫോറിൻ എക്‌സ്‌ചേഞ്ച് രംഗത്തു പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിന്റെ (എഫ്ഇആർജി) തീരുമാനപ്രകാരമാണു ദിർഹം അടിസ്ഥാനത്തിൽ കമ്മിഷൻ നിജപ്പെടുത്താൻ നടപടിയെടുത്തത്. ഒട്ടുമിക്ക എക്‌സ്‌ചേഞ്ചുകളും ഇതനുസരിച്ചു കംപ്യൂട്ടർ സംവിധാനങ്ങളിലും മാറ്റം വരുത്തി. യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച എഫ്ഇആർജിയിൽ ഒറ്റ ശാഖയുള്ള കമ്പനി മുതൽ നൂറിലേറെ ശാഖകളുള്ള യുഎഇ എക്‌സ്‌ചേഞ്ച് പോലുള്ള കമ്പനികളും അംഗമാണ്. ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഇആർജിയിൽ 58 കമ്പനികളാണുള്ളത്.

കമ്മിഷനു 12.36 ശതമാനം സേവനനികുതി ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മണി എക്‌സ്‌ചേഞ്ച് വൃത്തങ്ങൾ പറഞ്ഞു. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിൽ പകുതിയിലേറെ ഗൾഫ് മേഖലയിൽനിന്നാണ്. പണം അയയ്ക്കുന്നവരിൽ 80% വും സാധാരണ തൊഴിലാളികളും. കഴിഞ്ഞ വർഷം യുഎയിൽനിന്ന് ഇന്ത്യയിലേക്ക് അയച്ച പണം 1500 കോടി ഡോളറാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP