Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202301Wednesday

രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ; സിയാൽ ഒരുക്കിയ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും; അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് ഓപ്പറേഷനുകൾക്ക് സജ്ജം; കാറിൽ നിന്ന് വിമാനത്തിലേയ്ക്ക് രണ്ട് മിനിട്ടിൽ എത്താം

രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ; സിയാൽ ഒരുക്കിയ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും; അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് ഓപ്പറേഷനുകൾക്ക് സജ്ജം; കാറിൽ നിന്ന് വിമാനത്തിലേയ്ക്ക് രണ്ട് മിനിട്ടിൽ എത്താം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ മറ്റാരു ബൃഹദ് സംരംഭത്തിന് തുടക്കമിടുന്നു. സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10 ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി .പിണറായി വിജയൻ നാടിന് സമർപ്പിക്കും. രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ എന്ന ആശയമാണ് ബിസിനസ് ജെറ്റ് ടെർമിനലിലൂടെ സിയാൽ സാക്ഷാത്ക്കരിക്കുന്നത്. ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ് വേ പ്രവർത്തിക്കും.

താരതമ്യേന കുറഞ്ഞ ചെലവിൽ ബിസനസ് ജെറ്റ് യാത്ര സാധ്യമാക്കുക എന്ന പദ്ധതിയും സിയാൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. നിലവിൽ സിയാൽ രണ്ട് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്;ആഭ്യന്തര യാത്രയ്ക്ക് ടെർമിനൽ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെർമിനൽ മൂന്നും. രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ, രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും. സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ആഭ്യന്തര, രാജ്യാന്തര ജെറ്റ് ഓപ്പറേഷനുകൾക്ക് സജ്ജമാണ്.

40,000 ചതുരശ്രയടി വിസ്തീർണത്തിൽ ആകർഷകമായ അകച്ചമയങ്ങളുമായി സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ പൂർത്തിയായിക്കഴിഞ്ഞു. സ്വകാര്യ കാർ പാർക്കിങ് ഇടം, ഡ്രൈവ് ഇൻ പോർച്ച്, ഗംഭീരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്സ്ചേഞ്ച് കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിങ് സംവിധാനം എന്നിവയും ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, അതി സുരക്ഷ ആവശ്യമുള്ള വി.ഐ.പി. അതിഥികൾക്കായി ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.

താരതമ്യേന കുറഞ്ഞചെലവിൽ ബിസിനസ് ജെറ്റ് യാത്ര ഒരുക്കുക എന്ന ആശയം ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയാണെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. ' രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ ബിസിനസ് ജെറ്റ് ടെർമിനൽ പരമാവധി ചെലവ് കുറച്ച് പണികഴിപ്പിച്ചിട്ടുള്ളതിനാൽ; ചാർട്ടേർഡ് വിമാന യാത്ര കാര്യക്ഷമവും ചെലവ് കുറവുള്ളതുമാകും. സിയാലിന്റെ പുതിയ ബിസിനസ് ജെറ്റ് ടെർമിനൽ ഇന്ത്യയുടെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ ആയിരിക്കും. വിനോദ സഞ്ചാരം, അന്താരാഷ്ട്ര ഉച്ചകോടികൾ, ബിസിനസ് കോൺഫറൻസുകൾ, ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ യാത്ര എന്നിവയുടെ സമന്വയമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഇത് ഉണർവ് പകരും. ബഹു.ചെയർമാന്റെയും ഡയറക്ടർ ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും മാർഗനിർദേശങ്ങൾ ഈ പ്രോജക്ട് പൂർത്തിയാക്കുന്നതിന് നിർണായകമായി '- സുഹാസ് കൂട്ടിച്ചേർത്തു. കോവിഡിനെത്തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പൂർത്തിയാക്കാൻ സിയാലിന് കഴിഞ്ഞിട്ടുണ്ട്. അരിപ്പാറ ജലവൈദ്യുത സ്റ്റേഷനും പയ്യന്നൂർ സൗരോർജ പ്ലാന്റും കഴിഞ്ഞ 12 മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യാനായി. വ്യോമയാന മേഖലയുടെ ഭാവി മുന്നിൽ കണ്ട്, നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്തിട്ടുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും വിജയകരമായി നടപ്പിലാക്കാനുമുള്ള സിയാലിന്റെ വികസന നയത്തിന്റെ ഭാഗമായാണ് ബിസിനസ് ജെറ്റ് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കിയത്. പരമാവധി കുറഞ്ഞചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോട് നീതിപുലർത്താൻ സിയാലിന് കഴിഞ്ഞിട്ടുണ്ട്. ആ ലക്ഷ്യത്തിൽ നിന്ന് ഒരു ചുവടുവയ്‌പ്പ് കൂടിയാണ് ബിസിനസ് ജെറ്റ് ടെർമിനൽ പദ്ധതി. 30 കോടി രൂപ മുടക്കി വെറും 10 മാസത്തിനുള്ളിലാണ് ഈ ടെർമിനൽ സിയാൽ പൂർത്തീകരിച്ചത്.

സവിശേഷതകൾ

* രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ. വിസ്തീർണം: 40,000 ചതുരശ്രയടി.

* അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് ഓപ്പറേഷനുകൾക്ക് സജ്ജം.

* അതിസുരക്ഷാ വിഭാഗത്തിലുള്ള അതിഥികൾക്കായി സേഫ് ഹൗസ്.

* സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിങ് കേന്ദ്രം.

* കാറിൽ നിന്ന് വിമാനത്തിലേയ്ക്ക് രണ്ട് മിനിട്ടിൽ എത്താം; രാജ്യത്തെ ഏറ്റവും കുറഞ്ഞ ദൂരം.

* വെറും 10 മാസംകൊണ്ട് നിർമ്മാണം പൂർത്തിയായി. ചെലവ് 30 കോടി രൂപ മാത്രം.

* ദൈവത്തിന്റെ സ്വന്തം നാടിനെ ലോകരാജ്യങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ സിയാലിന്റെ സമ്മാനം

* ജി-20 പോലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് വേദിയാകാൻ കൊച്ചിയെ പ്രാപ്തമാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP