Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാട്ടിലും കടലിലും നിന്ന് ആരെയും വിളിക്കാവുന്ന സാറ്റലൈറ്റ് ഫോണുകളുമായി ബിഎസ്എൽഎൽ; രണ്ടുവർഷത്തിനകം രാജ്യത്ത് സാധാരണക്കാർക്ക് ഒരു രൂപ നിരക്കിൽ ഉപഗ്രഹ ഫോൺ പദ്ധതി; ആദ്യഘട്ടത്തിൽ ഫോൺ സൈന്യത്തിനും പൊലീസിനും അടിയന്തിര സേവനങ്ങൾക്കും

കാട്ടിലും കടലിലും നിന്ന് ആരെയും വിളിക്കാവുന്ന സാറ്റലൈറ്റ് ഫോണുകളുമായി ബിഎസ്എൽഎൽ; രണ്ടുവർഷത്തിനകം രാജ്യത്ത് സാധാരണക്കാർക്ക് ഒരു രൂപ നിരക്കിൽ ഉപഗ്രഹ ഫോൺ പദ്ധതി; ആദ്യഘട്ടത്തിൽ ഫോൺ സൈന്യത്തിനും പൊലീസിനും അടിയന്തിര സേവനങ്ങൾക്കും

ന്യൂഡൽഹി: രാജ്യത്ത് സാറ്റലൈറ്റ് ഫോൺ സാർവത്രികമാക്കുന്ന പദ്ധതി നടപ്പാക്കാൻ ബിഎസ്എൻഎൽ ഒരുക്കം തുടങ്ങി. രണ്ടുവർഷത്തിനകം രാജ്യത്ത് സാധാരണക്കാർക്കും പ്രാപ്യമാകുംവിധം സാറ്റലൈറ്റ് ഫോൺ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. കാട്ടിലോ ഉൾക്കടലിനോ മലമുകളിലോ നിന്നൊക്കെ ഫോൺചെയ്യാമെന്നതാണ് സാറ്റലൈറ്റ് ഫോണിന്റെ പ്രത്യേകത. ടവറിൽ നിന്നല്ല മറിച്ച് ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് സിഗ്നൽ സ്വീകരിച്ച് പ്രവർത്തിക്കുന്നവയാണ് സാറ്റലൈറ്റ് ഫോണുകൾ.

ഇതിനായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ വ്യക്തമാക്കി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അടുത്ത 18-24 മാസങ്ങൾക്കുള്ളിൽ സാറ്റലൈറ്റ് ഫോൺ സർവ്വീസ് ആരംഭിക്കും. ഏത് അവസ്ഥയിലും പ്രവർത്തിക്കും എന്നതാണ് സാറ്റലൈറ്റ് ഫോണുകളുടെ മേന്മ. മൊബൈൽ ടവറുകളിൽ നിന്നുള്ള സിഗ്നൽ 25-30 കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് ലഭ്യമാക്കുക. എന്നാൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുന്നതിനാൽ സാറ്റലൈറ്റ് ഫോണുകൾക്ക് ഇത്തരമൊരു പരിമിതിയില്ല. ഒരു സാറ്റലൈറ്റിൽ നിന്ന് തന്നെ 35,700 കി.മീ വിസ്തൃതിയിൽ സിഗ്നലുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കും.

പറക്കുന്ന വിമാനത്തിൽ നിന്നോ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലിൽ നിന്നോ ഉൾക്കാട്ടിൽ നിന്നോ അങ്ങനെ ഏത് വിദൂരമേഖലയിൽ നിന്നും സാറ്റലൈറ്റ് ഫോണിലൂടെ കോൾ ചെയ്യാം. 14 ഉപഗ്രഹങ്ങൾ സ്വന്തമായുള്ള ഇന്മർസാറ്റ് എന്ന ആഗോള നെറ്റ് വർക്ക് കമ്പനിയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ സർവീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ സൈന്യം, പൊലീസ്, ദുരന്തനിവാരണസേന, റെയിൽവേ, മറ്റു പ്രധാന സർക്കാർ വകുപ്പുകൾ എന്നിവർക്കായിരിക്കും സാറ്റലൈറ്റ് ഫോണുകൾ ലഭിക്കുക. അതിന് ശേഷമായിരിക്കും പൊതുജനങ്ങൾക്കായി സാറ്റലൈറ്റ് ഫോണുകൾ ബിഎസ്എൽഎൽ പുറത്തിറക്കുക.

നിലവിൽ 40,000 രൂപ വരെയാണ് സാറ്റലൈറ്റ് ഫോണുകളുടെ വില. ഇന്ത്യയിൽ ഇവയുടെ നിർമ്മാണം നടക്കുന്നുമില്ല. എന്നാൽ പൊതുജനങ്ങൾക്കായി സാറ്റലൈറ്റ് ഫോൺ സേവനം ലഭ്യമാക്കുന്നതോടെ വിദേശകമ്പനികൾ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ തുറക്കുമെന്നും അതോടെ സാറ്റലൈറ്റ് ഫോണുകളുടെ വില കുറയുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അതുപോലെ തന്നെയാണ് കോൾ നിരക്കുകളുടെ കാര്യവും.

നിലവിൽ 30-35 രൂപയാണ് ഒരു സാറ്റലൈറ്റ് കോളിന് ഈടാക്കുന്നതെങ്കിലും വ്യാപകതോതിൽ സർവ്വീസ് ആരംഭിക്കുന്നതോടെ കോൾ ചാർജ്ജുകൾ ഒരു രൂപയായി കുറയുമെന്നാണ് ബിഎസ്എൻഎൽ അധികൃതർ പറയുന്നത്. അതേസമയം സാറ്റലൈറ്റ് ഫോണുകളിലൂടെയുള്ള സംഭാഷണം വിദേശ ഏജൻസികൾ ചോർത്താൻ സാധ്യതയേറെയാണെന്ന് ട്രായ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സാറ്റലൈറ്റ് ഫോണുകളുടെ ഗേറ്റ് വേ സംവിധാനം വിദേശത്താണെന്നതാണ് ഇതിന് കാരണം.

ഈ കാരണത്താൽ തന്നെ വിദേശ ഓപ്പറേറ്റർമാരുടെ കണക്ഷൻ ഇന്ത്യൻ സൈന്യം ഉപയോഗിക്കാറില്ല. പുതുതലമുറ ഫോണുകളിൽ ഉപയോഗിക്കാൻ സഹായിക്കുന്ന രീതിയിൽ ഇന്ത്യയിൽ തന്നെ സാറ്റലൈറ്റ് ഫോണുകൾക്കായി ഒരു ഗേറ്റ് വേ സ്ഥാപിക്കണമെന്ന് സുരക്ഷാസേനകൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ സാറ്റലൈറ്റ് ഫോൺ സർവീസിനായി ഇന്ത്യയിൽ തന്നെ ഗേറ്റ് വേ സ്ഥാപിക്കുമെന്നാണ് അനുപം ശ്രീവാസ്തവ പറയുന്നത്.

സർക്കാർ സ്ഥാപനമായ വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിൽ (വി എസ്എൻഎൽ) നിന്ന് ലൈസൻസ് സ്വന്തമാക്കിയ ടാറ്റ കമ്മ്യൂണിക്കേഷൻസാണ് നിലവിൽ രാജ്യത്ത് സാറ്റലൈറ്റ് ഫോൺ സർവീസ് നൽകുന്നത്. വി എസ്എൻഎല്ലുമായുള്ള കരാർ പ്രകാരം 2017 ജൂൺ 30 വരെയാണ് ടാറ്റ കമ്മ്യൂണിക്കേഷന്റെ സർവീസ് കാലാവധി. ഇതിനുശേഷം സാറ്റലൈറ്റ് ഫോൺ സർവീസിന്റെ നടത്തിപ്പ് ബിഎസ്എൻഎൽ ഏറ്റെടുക്കും.

ഔദ്യോഗിക കണക്ക് പ്രകാരം 1532 സാറ്റലൈറ്റ് ഫോൺ കണക്ഷനുകളാണ് രാജ്യത്തുള്ളത്. ഇവയിൽ ഭൂരിപക്ഷവും സൈന്യമാണ് ഉപയോഗിക്കുന്നത്. കപ്പൽ യാത്രകൾക്കായി 4143 കണക്ഷനുകൾ ടാറ്റ ടെലിസർവീസസും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP