Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202207Sunday

തമിഴ്‌നാട്ടിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ലുലു ഗ്രൂപ്പ്; 3500 കോടിയുടെ നിക്ഷേപം ഇറക്കമെന്ന് എം എ യൂസഫലി; പ്രഖ്യാപനം ദുബായിൽ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം; ലുലു ഗ്രൂപ്പു നിർമ്മിക്കുന്നത് രണ്ട് മാളുകളും ഒരു ഭക്ഷ്യ സംസ്‌ക്കരണ പാർക്കും

തമിഴ്‌നാട്ടിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ലുലു ഗ്രൂപ്പ്; 3500 കോടിയുടെ നിക്ഷേപം ഇറക്കമെന്ന് എം എ യൂസഫലി; പ്രഖ്യാപനം ദുബായിൽ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം; ലുലു ഗ്രൂപ്പു നിർമ്മിക്കുന്നത് രണ്ട് മാളുകളും ഒരു ഭക്ഷ്യ സംസ്‌ക്കരണ പാർക്കും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: തമിഴ്‌നാട്ടിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി മലയാളി വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് തമിഴ്‌നാട്ടിൽ നിക്ഷേപം നടത്താൻ യൂസഫലി സന്നദ്ധനായത്. തമിഴ്‌നാട്ടിൽ 3500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് യൂസഫലി വ്യക്തമാക്കി. രണ്ട് മാളുകളും ഒരു ഭക്ഷ്യസംസ്‌ക്കരണ പാർക്കും സ്ഥാപിക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. രണ്ട് മാളുകളിലുമായി പ്രത്യക്ഷത്തിൽ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് യൂസഫലി അറിയിച്ചു.

അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ദുബായ് സന്ദർശനം തുടരുകയാണ്. വ്യവസായം, കൃഷി, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാളുകളാണ് തമിഴ്‌നാടിന്റെ പ്രദർശനത്തിലുള്ളത്. ഇതിനായി അഞ്ച് കോടി രൂപ തമിഴ്‌നാട് സർക്കാർ വകയിരുത്തിയിരുന്നു. ആഗോള നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രിയായ ശേഷം സ്റ്റാലിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. യുഎഇയിലെത്തിയ സ്റ്റാലിൻ യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, വിദേശകാര്യ സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയോദി, തങ്കം തേനരശ്, അമൻ പുരി, എം എ യൂസഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇതിന് ശേഷമാണ് ലുലു ഗ്രൂപ്പും തങ്ങളുടെ നിക്ഷേപ താൽപ്പര്യങ്ങൾ അറിയിച്ചതും.

തമിഴ്‌നാട്ടിൽ വ്യവസായങ്ങൾ നടത്താൻ ഉതകുന്ന അന്തരീക്ഷമാണെന്നും അവിടെ സംസ്ഥാനത്ത് ജിഡിപി ഉയർന്ന നിലയിലാണെന്നും സ്റ്റാലിൻ പറഞ്ഞു. നിർമ്മാണ രംഗത്തും സേവന രംഗത്തും സംസ്ഥാനം കൂടുതൽ മുന്നോട്ടു പോയതായും സ്റ്റാലിൻ അവകാശപ്പെട്ടു. തമിഴ്‌നാട്ടിലും രണ്ട് മാളുകൾ കൂടി തുറക്കുന്നതോടെ ലുലു ഗ്രൂപ്പു ദക്ഷിണേന്ത്യയിൽ മാൾ ശൃംഖലയിൽ വൻ മുന്നേറ്റമാകും നടത്തുക.

20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ രാജ്യത്തെത്തന്നെ വമ്പൻ മാളുകളിൽ ഒന്നായ ലുലുമാൾ തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കഴക്കൂട്ടം കോവളം ബൈപാസിൽ ടെക്‌നോപാർക്കിനു സമീപമാണ് മാൾ. 5000 പേർക്കു നേരിട്ടും 5000 ലേറെ പേർക്കു പരോക്ഷമായും തൊഴിൽ നൽകുന്ന മാളിൽ 2 ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റും 80,000 ചതുരശ്ര അടിയിലുള്ള ഫൺട്യൂറ വിനോദകേന്ദ്രവുമാണു പ്രധാന ആകർഷണം. 300 രാജ്യാന്തര ബ്രാൻഡുകളും ലുലുവിലുണ്ട്.

ഇത് കൂടാതെ 1500 കോടിയുടെ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ലുലു ഗ്രൂപ്പ്. 500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന തിരുവനന്തപുരത്തെ ഹയാത്ത് റീജൻസി ഹോട്ടൽ അടുത്ത ജൂണിൽ തുറക്കും. 300 കോടി ചെലവിട്ടു നിർമ്മിക്കുന്ന കോഴിക്കോട് ലുലു മാൾ 2023 ജൂണിലും 250 കോടിയുടെ കോട്ടയത്തെ ലുലു മാൾ 2023 സെപ്റ്റംബറിലും പൂർത്തിയാകും. കയറ്റുമതി ലക്ഷ്യമിട്ട് 150 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൊച്ചിയിലെ മീൻ സംസ്‌കരണ കേന്ദ്രം അടുത്ത ഏപ്രിലിൽ തുറക്കും.

കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ നിന്നു നേരിട്ടു മീൻ ശേഖരിച്ചാണു കയറ്റി അയയ്ക്കുക. കളമശേരിയിൽ 250 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഫുഡ് പാർക്ക് 2023 ഡിസംബറിൽ പൂർത്തിയാകും. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖം നിർമ്മാണം പൂർത്തിയാകുമ്പോഴേക്കും ഇലക്ട്രോണിക് അസംബ്ലിങ് ഹബ് തുടങ്ങും. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP