Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളപ്പണം വെളുപ്പിക്കാൻ വഴിതേടിയവർക്കു മുന്നിൽ പാതിരാത്രിവരെ തുറന്നുവച്ച് ജൂവലറികൾ; ഗ്രാമിന് അയ്യായിരം രൂപവരെ ഈടാക്കി രാജ്യത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്വർണവിൽപന തകൃതി; എളുപ്പം വിറ്റ് കാശാക്കാമെന്നതിനാൽ വാലിൽ തീപിടിച്ച് മഞ്ഞലോഹം

കള്ളപ്പണം വെളുപ്പിക്കാൻ വഴിതേടിയവർക്കു മുന്നിൽ പാതിരാത്രിവരെ തുറന്നുവച്ച് ജൂവലറികൾ; ഗ്രാമിന് അയ്യായിരം രൂപവരെ ഈടാക്കി രാജ്യത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്വർണവിൽപന തകൃതി; എളുപ്പം വിറ്റ് കാശാക്കാമെന്നതിനാൽ വാലിൽ തീപിടിച്ച് മഞ്ഞലോഹം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ തീരുമാനം ഏറ്റവുമധികം ഞെട്ടലുണ്ടാക്കിയത് കള്ളപ്പണം കറൻസിയാക്കി സൂക്ഷിച്ചവർക്കാണെന്ന് വ്യക്തമാണ്. ഇക്കൂട്ടർ ജൂവലറിയുടമകളുമായി കൂട്ടുചേർന്ന് പണംവെളുപ്പിക്കാൻ കരുനീക്കം തുടങ്ങിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൂഴ്‌ത്തിവയ്‌പ്പുകാരെ സഹായിക്കാൻ അവരുടെ കൈവശമുള്ള അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകൾ വാങ്ങി പകരം വ്യാപകമായി സ്വർണത്തിന്റെ വിനിമയം നടത്തുകയായിരുന്നു.

സ്വർണം ഗ്രാമിന് വൻവില ഈടാക്കിയായിരുന്നു വിൽപന. മോദിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെതന്നെ കള്ളപ്പണം വെളുപ്പിക്കാൻ സ്വർണമാക്കി മാറ്റുകയാണ് എളുപ്പമാർഗമെന്ന് കണ്ടായിരുന്നു ഈ കച്ചടവത്തിന് സാധ്യത തെളിഞ്ഞത്. സ്വർണം ഗ്രാമിന് 2860 രൂപയായിരുന്നു നോട്ടുകൾ അസാധുവാക്കുന്ന പ്രഖ്യാപനം വന്ന എട്ടാംതീയതിയിലെ വില നിലവാരം. അന്നു രാത്രിതന്നെ പല ജൂവലറികളിലും സ്വർണം കള്ളപ്പണത്തിന് പകരമായി വിനിമയം ചെയ്തത് ഗ്രാമിന് അയ്യായിരം രൂപയോളം ഈടാക്കിയാണ്.

മീററ്റ്, ആഗ്ര, ഡെറാഡൂൺ, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം സ്വർണക്കച്ചവടം തകൃതിയായി നടന്നിട്ടുണ്ട്. മുംബൈയിൽ പത്തുഗ്രാമിന് 37,000-38,000 രൂപ നിരക്കിൽ ഈടാക്കിയായിരുന്നു കച്ചവടം. മലാഡിലെ നടരാജ് മാർക്കറ്റിൽ രാത്രി വൈകിയും കച്ചവടം നടന്നു. അസാധുവാക്കിയ നോട്ടുകൾ അടുത്തമാസം അവസാനംവരെ മാറ്റിവാങ്ങാമെന്നതിനാൽ ഈ കച്ചവടം ഇനിയും ഉയരുമെന്നും ചിലയിടത്ത് പത്തുഗ്രാമിന് അമ്പതിനായിരം രൂപവരെ ഈടാക്കിയാണ് കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങളിലും ഈ കച്ചവടം തുടരുമെന്നാണ് റിപ്പോർട്ടുകൾ.

ഉയർന്ന വില നൽകി സ്വർണം വാങ്ങാൻ എത്തിയവർ എല്ലാവരും കള്ളപ്പണം സൂക്ഷിച്ചിരുന്നവരാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വർണം എത്രകാലം വേണമൈങ്കിലും രഹസ്യമായി സൂക്ഷിക്കാമെന്നതാണ് കള്ളപ്പണക്കാരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്. മോദിയുടെ കറൻസി നിയന്ത്രണ, നിരോധന പ്രഖ്യാപനം വന്നതോടെ ഇന്നലെ ഒറ്റയടിക്ക് സ്വർണവില ഉയരുകയും ചെയ്തിരുന്നു.

ഈ മാസം തുടക്കത്തിൽ ഒന്നാംതീയതി 2845 രൂപ ഗ്രാമിന് എന്ന നിലയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടങ്ങിയ സ്വർണ വിനിമയം ഇന്നലെ ഒറ്റയടിക്ക് ഉയർന്നു. കേരളത്തിൽ ഇന്നലെ മാസത്തെ ഏറ്റവുംവലിയ വിലയായ 2935 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്. പല ജൂവലറികളിലും ഇന്നലെ അസാധുവാക്കപ്പെട്ട ആയിരം, അഞ്ഞൂറ് നോട്ടുകളുമായി എത്തിയവർക്ക് സ്വർണം നൽകുകയും ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് വില വീണ്ടും കൂടിയിട്ടുണ്ട്. ആഗ്രയിൽ ഇന്നലെ 3,010, അഹമ്മദാബാദിൽ 3,136, എന്നിങ്ങനെ ഔദ്യോഗികമായിത്തന്നെ വലിയ വിലയാണ് ഇന്നലെ മുതൽ സ്വർണത്തിന് ലഭിച്ചുതുടങ്ങിയത്. ഇന്ന് സ്വർണവില വീണ്ടും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.

രാജ്യത്ത് കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും നോട്ടുകൾ സ്വീകരിച്ച് വൻകിടക്കാർക്കുവേണ്ടി വൻ സ്വർണക്കച്ചവടമാണ് അരങ്ങേറിയത്. കേരളത്തിനു പുറമെ ഡൽഹി, മുംബൈ യുപി, ഉത്തരാഘണ്ഡ് മേഖലകളിൽ ചില ജൂവലറികൾ കഴിഞ്ഞദിവസങ്ങളിൽ പാതിരാത്രി വൈകിയും ബിസിനസ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഡൽഹിയിലെ ഒരു ജൂവലറിക്കുവെളിയിൽ പണംമാറ്റി സ്വർണമാക്കാൻ കാത്തുനിന്നവരുടെ ക്യൂപോലും കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടുമണിവരെയും തുടർന്നിരുന്നു. പിന്നീട് പ്രശ്‌നമാകുമെന്ന് കണ്ട് കച്ചവടം അവസാനിപ്പിക്കുകയായിരുന്നു. പഴയ തീയതിയിൽ ബില്ലുകളിട്ട് നിലവിലെ കുറഞ്ഞ നിരക്കിൽ സ്വർണം വിറ്റതായി കാട്ടിയാൽത്തന്നെ ഔദ്യോഗികമായി പണം വെളുപ്പിക്കാൻ വഴിയുണ്ടാക്കാമെന്നിരിക്കെയാണ് ഈ കച്ചടവത്തിന്റെ സാധ്യത കള്ളപ്പണക്കാർ തേടുന്നതും ജൂവലറികൾ അതിന് കൂട്ടുനിൽക്കുന്നതും.

സ്വർണം തന്നെയാണ് എക്കാലത്തും സുരക്ഷിതമായ നിക്ഷേപമെന്ന് ഇന്ത്യൻ ബുള്ള്യൻ ആൻഡ് ജൂവലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് മേത്തയും വ്യക്തമാക്കി. ഇതോടെ പേപ്പർ കറൻസിക്കെതിരെ സ്വർണം വരുംദിവസങ്ങളിൽ സുരക്ഷിത നിക്ഷേപമായി മാറാനുള്ള സാധ്യതകൾ തെളിയുകയാണ്. അധ്വാനിച്ച് നേടിയ പണം കറൻസിയായി സൂക്ഷിക്കുന്ന കാര്യത്തിൽ മോദിയുടെ പ്രഖ്യാപനം സാധാരണക്കാർക്കിടയിലും വീണ്ടുവിചാരമുണ്ടാക്കുമെന്ന് വ്യക്തമാകുന്നുണ്ട്. പലരും കറൻസിയായാ അക്കൗണ്ടിലോ പണം സൂക്ഷിക്കുന്നതിനു പകരം സ്വർണമായി സമ്പാദ്യം സൂക്ഷിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞുതുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP