Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈന വിടാൻ താൽപര്യമുള്ള കമ്പനികൾക്ക് വാതിലുകൾ തുറന്നിട്ട് ഇന്ത്യ; ചൈന-അമേരിക്ക വ്യാപാര യുദ്ധത്തിനിടെ നിക്ഷേപകരെ പിടിക്കാൻ തന്ത്രം മെനഞ്ഞ് നിർമ്മല സീതാരാമൻ; ബിസിനസ് മേധാവിമാരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കൂടുക്കാഴ്‌ച്ച സംഘടിപ്പിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകും; മറുവശത്ത് ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള ചർച്ചകളുമായി അതിവേഗം മുന്നോട്ടും; ചൈനയെ ഒതുക്കാൻ വൻ കളികളുമായി ഇന്ത്യൻ കർമ്മ പദ്ധതി വരുന്നു

ചൈന വിടാൻ താൽപര്യമുള്ള കമ്പനികൾക്ക് വാതിലുകൾ തുറന്നിട്ട് ഇന്ത്യ; ചൈന-അമേരിക്ക വ്യാപാര യുദ്ധത്തിനിടെ നിക്ഷേപകരെ പിടിക്കാൻ തന്ത്രം മെനഞ്ഞ് നിർമ്മല സീതാരാമൻ; ബിസിനസ് മേധാവിമാരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കൂടുക്കാഴ്‌ച്ച സംഘടിപ്പിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകും; മറുവശത്ത് ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള ചർച്ചകളുമായി അതിവേഗം മുന്നോട്ടും; ചൈനയെ ഒതുക്കാൻ വൻ കളികളുമായി ഇന്ത്യൻ കർമ്മ പദ്ധതി വരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുഎസ്-ചൈന വ്യാപാരയുദ്ധം കൊഴുക്കുന്നതിനിടെ ചൈനയെ ഒതുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഇന്ത്യ. ചൈന വിടാൻ താൽപര്യമുള്ള കമ്പനികൾക്കും നിക്ഷേപകർക്കും വാതിലുകൾ തുറന്നിട്ട് ഇന്ത്യ. ചൈനയിൽ നിന്ന് നിക്ഷേപം പുറത്തേക്ക് മാറ്റാൻ താൽപര്യമുള്ള അന്താരാഷ്ട്ര കമ്പനികൾക്ക് അനുയോജ്യ കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ചൈന വിടുന്ന ബിസിനസ് മേധാവിമാരെ ഇന്ത്യയിലേക്ക് ക്ഷണിക്കും. ഇവർക്കായി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ തീരുമാനം യുഎസ്- ചൈന വ്യാപാര യുദ്ധം കണക്കിലെടുത്തുകൊണ്ടുള്ളതു മാത്രമാവില്ലെന്നും മറ്റ് വിഷയങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് കർമ്മ പദ്ധതി സർക്കാർ തയ്യാറാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യൻ വിപണിയിലേക്ക് കമ്പനികളെ ക്ഷണിക്കാനുള്ള ആവാസ വ്യവസ്ഥയാണ് രാജ്യത്ത് രൂപീക്കാൻ സർക്കാർ ആലോചിക്കുന്നത്. ചൈന വിട്ടാൽ അടുത്ത നിക്ഷേപ കേന്ദ്രമായി പരിഗണിക്കാവുന്ന വിയറ്റ്‌നാമിലെ അവസരങ്ങൾ ഒട്ടും ആകർഷണീയമല്ലെന്നും ഇത് ഇന്ത്യയ്ക്ക് അവസരമാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ- യുഎസ് വ്യാപാരക്കരാർ ഉടൻ പ്രാവർത്തികമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യയെ ഒരു ബിസിനസ് കേന്ദ്രമാക്കി ഉയർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഞാനവരെ നേരിൽകണ്ട് എന്തുകൊണ്ട് ഇന്ത്യ ഒരു മികച്ച നിക്ഷേപകേന്ദ്രമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തും. നിലവിൽ ചൈനയും യു.എസും തമ്മിലുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയല്ല സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്നും മന്ത്രി വ്യക്തമാക്കി. മറ്റുപലകാരണങ്ങൾ കൊണ്ടും കമ്പനികൾ ചൈനയിൽനിന്ന് മാറാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അവർക്ക് ഏറ്റവും അനുയോജ്യമായ ഇടം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം മറുവശത്ത് ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള ചർച്ചകൾ അതിവേഗം മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ചർച്ചകൾക്ക് ഉടൻ തന്നെ പരിസമാപ്തി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രി നിർമലാ സീതാരാമനും യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മുച്ചിനും തമ്മിൽ ഐ.എം.എഫ് ആസ്ഥാനത്ത് ചർച്ച നടക്കുകയാണ്. സ്റ്റീവൻ അടുത്ത മാസം തുടർ ചർച്ചകൾക്കായി ഇന്ത്യ സന്ദർശിക്കും. 2024ൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാൻ ഒരുങ്ങുന്ന ഇന്ത്യ 1.4 ട്രില്യൺ ഡോളർ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ചെലവഴിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനെ പല വിഷയങ്ങളിലും പരസ്യമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് ഇപ്പോൾ സാമ്പത്തകമായി തിരിച്ചടികളുടെ കാലമാണ്. ചൈനയുടെ സമ്പദ്ഘടന മൂന്നു പതിറ്റാണ്ടിനിടെ ഏറ്റവും താഴ്ന്ന വളർച്ചാനിരക്കിലാണ് ഇപ്പോൾ. യുഎസുമായുള്ള വ്യാപാരയുദ്ധത്തിന്റെ ആശങ്കയ്ക്കിടെയാണു ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ തകർച്ച നേരിടുന്നത്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവളർച്ച ആറു ശതമാനമാണ്. 1992നു ശേഷം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്. തൊട്ടുമുൻപത്തെ പാദത്തിലെ 6.2% വളർച്ചാനിരക്കാണു വീണ്ടും താഴ്ന്നതെന്നു വെള്ളിയാഴ്ച സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 6.1% വളർച്ചാനിരക്കാണു പ്രവചിച്ചിരുന്നത്. ഒന്നുംരണ്ടും സ്ഥാനത്തുള്ള സാമ്പത്തിക ശക്തികൾ ഏറ്റുമുട്ടിയിലുള്ള ദോഷമോർത്തു കഴിഞ്ഞയാഴ്ച യുഎസും ചൈനയും താൽക്കാലിക വെടിനിർത്തലിലേക്കു പോയിരുന്നു. ഇതിനു പിന്നാലെയാണു വളർച്ചാനിരക്കു താഴ്ന്നുവെന്ന റിപ്പോർട്ടു പുറത്തുവന്നത്.

നികുതി ഒഴിവാക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി സമ്പദ്ഘടന ഉത്തേജിപ്പിക്കാനുള്ള ശ്രമത്തിലാണു ചൈന. കോടിക്കണക്കിനു രൂപയാണു നികുതിയിളവായി സർക്കാർ നൽകിയത്. പണം വിപണിയിലെത്തിച്ചു ജനങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ സജീവമാക്കാനും പദ്ധതിയുണ്ട്. വാർഷിക വളർച്ചാനിരക്ക് ഇപ്പോഴും 6% 6.5% ഇടയിലാണു ചൈനീസ് സർക്കാർ ലക്ഷ്യം വച്ചിട്ടുള്ളത്. ഇതിനിടെയാണ് ചൈനയിലെ നിക്ഷേപകരെ ലക്ഷ്യമിട്ട് ഇന്ത്യയുടെ കരുനീക്കങ്ങളും.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോർപ്പറേറ്റ് നികുതി ഇളവ് അടക്കം ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ കമ്പനികൾക്കുള്ള കോർപറേറ്റ് നികുതി കുറച്ചിട്ടുണ്ട്. മറ്റു ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ഇന്ത്യൻ കമ്പനികൾക്ക് കോർപറേറ്റ് നികുതി 22 ശതമാനമായാണ് കുറച്ചത്. സെസും സർചാർജുകളടക്കം 25.17 ശതമാനം നികുതി അടച്ചാൽ മതി. നേരത്തെ 30 ശതമാനമായിരുന്നു ഇത്. മേക്ക് ഇൻ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താൻ ഉൽപാദന മേഖലയിലെ പുതിയ കമ്പനികൾക്കും ഇളവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP