Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണം വെറുതേ ഇനി വീട്ടിൽ വയ്‌ക്കേണ്ട; അതിനെ ചെറിയൊരു വരുമാന മാർഗ്ഗമാക്കാം; സ്വർണബോണ്ട്, സ്വർണം പണമാക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി

സ്വർണം വെറുതേ ഇനി വീട്ടിൽ വയ്‌ക്കേണ്ട; അതിനെ ചെറിയൊരു വരുമാന മാർഗ്ഗമാക്കാം; സ്വർണബോണ്ട്, സ്വർണം പണമാക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി

ന്യൂഡൽഹി: സ്വർണബോണ്ട്, സ്വർണം പണമാക്കൽ പദ്ധതികൾ തുടങ്ങാൻ കേന്ദ്രമന്ത്രിസഭ അനുമതിനൽകി. വെറുതെ കിടക്കുന്ന സ്വർണം പുറത്തുകൊണ്ടുവരുകയും സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയുമാണ് ലക്ഷ്യം. വീടുകളിലും ട്രസ്റ്റുകളിലും വിവിധസ്ഥാപനങ്ങളിലും മറ്റും ഉപയോഗമില്ലാതെ കിടക്കുന്ന സ്വർണം പണമാക്കിമാറ്റാനുള്ളതാണ് 'ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീം' (ജി.എം.എസ്). നിലവിലെ 'ഗോൾഡ് ഡെപ്പോസിറ്റ് സ്‌കീം (ജി.ഡി.എസ്), 'ഗോൾഡ് മെറ്റൽ ലോൺ സ്‌കീം' (ജി.എം.എൽ.) എന്നിവ പരിഷ്‌കരിക്കും.

സ്വർണം വെറുതേ വീട്ടിൽ വയ്ക്കാതെ ഇനി സാധാരണക്കാർക്കും അതിൽ നിന്നു ചെറിയൊരു വരുമാനം എടുക്കാൻ കഴിയുമെന്നതാണ് സ്വർണം പണമാക്കൽ പദ്ധതിയുടെ പ്രത്യേകത. സ്വർണം വീട്ടിൽ വയ്ക്കുന്നതിന്റെ സുരക്ഷിതത്വ പ്രശ്‌നവും ബാങ്ക് ലോക്കറിൽ വയ്ക്കുന്നതിന്റെ ചെലവും ഒഴിവാക്കാം. സ്വർണം പണമാക്കുന്ന പദ്ധതിക്കു കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകി. സ്വർണം എടുക്കുന്നതു ബാങ്കുകൾ ആയിരിക്കില്ല. അതിന് ഓരോ സ്ഥലത്തും പ്രത്യേക ഏജൻസികളെ നിയോഗിക്കും. അവിടെ സ്വർണം കൊടുത്താൽ അത് ഉരുക്കി ശുദ്ധസ്വർണം (തനി തങ്കം) എത്രയെന്നു കണ്ടെത്തി അതിന്റെ മൂല്യത്തിനു മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. 91.6 തനിമയുള്ള സ്വർണം എന്നു പറഞ്ഞാൽ അതിനർഥം അതിൽ 91.6% തനി തങ്കവും (24 കാരറ്റ് സ്വർണം) ബാക്കി ആഭരണം ഉണ്ടാക്കാൻ ഉപയോഗിച്ച ചെമ്പു പോലുള്ള മറ്റു ലോഹവുമാണ്. അതിനാൽ 100 ഗ്രാം ആഭരണം കൊടുത്താൽ 91.6 ഗ്രാമിനു മാത്രമേ സ്വർണത്തിന്റെ മൂല്യം കിട്ടൂ.

എന്നാൽ സ്വർണാഭരണത്തിനു പകരം തനി തങ്കത്തിലുള്ള നാണയമോ ബിസ്‌കറ്റോ കൊടുത്താൽ അതിന്റെ മുഴുവൻ മൂല്യവും ലഭിക്കും. അവ ഏൽപ്പിക്കുന്ന ഏജൻസി ആഭരണം ഉരുക്കുകയാണു ചെയ്യുന്നത്. അതിനാൽ വികാരപരമായ അടുപ്പമുള്ള ആഭരണങ്ങൾ ഇങ്ങനെ പണമാക്കി മാറ്റാനാവില്ല. കൊടുത്ത ആഭരണം തിരികെ കിട്ടില്ല, സ്വർണം മാത്രമേ കിട്ടൂ. സ്വർണം ഉരുക്കി പരിശോധിച്ചശേഷം അതിന്റെ കൃത്യമായ മൂല്യത്തിന് ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റാണു ബാങ്കിൽ കൊടുക്കേണ്ടത്. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ മൂല്യത്തിനാണു പലിശ. പലിശനിരക്ക് എത്രയെന്നു നിശ്ചയിച്ചിട്ടില്ല. മൂന്നു ശതമാനം വരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.

ഇടപാടുകാർക്ക് സ്വർണനിക്ഷേപ അക്കൗണ്ടുകൾ തുറന്ന് സ്വർണാഭരണങ്ങളും മറ്റും ഒരു നിശ്ചിതകാലാവധിക്ക് നിക്ഷേപിക്കാം. സ്വർണഗ്രാമിന്റെ അടിസ്ഥാനത്തിലായിരിക്കും അക്കൗണ്ടുകൾ പ്രവർത്തിക്കുക. കാലാവധി കഴിയുമ്പോൾ നിക്ഷേപവും പലിശയും പണമായി ലഭിക്കും. നിക്ഷേപം 13 വർഷം, 57 വർഷം, 1215 വർഷം എന്നിങ്ങനെ. ബാങ്കുകളിലെ സ്ഥിരംനിക്ഷേപംപോലെ കാലാവധിക്കുമുമ്പ് അത് വീണ്ടെടുക്കുന്നതിന് പിഴ നൽകണം. നിക്ഷേപത്തിനുമേൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവ്. നിക്ഷേപിക്കുന്ന സ്വർണത്തിന്റെ പരിശുദ്ധി കണക്കാക്കാൻ പരിശോധനാകേന്ദ്രങ്ങളുണ്ടാവും. ഒരു നിക്ഷേപകന് കൊണ്ടുവരാവുന്ന ഏറ്റവും കുറഞ്ഞ അളവ് 30 ഗ്രാം സ്വർണം.

രാജ്യത്തെ ആകെയുള്ള സ്വർണശേഖരം 20,000 ടൺ. ഈവർഷം മാർച്ചോടെ 930 ടൺ സ്വർണം രാജ്യം ഇറക്കുമതി ചെയ്യുമെന്നാണ് കേന്ദ്രസർക്കാറിന്റെ കണക്ക്. ഇതിനായി 3,432 കോടി ഡോളർ (ഏകദേശം 2,28,300 കോടിരൂപ) ആണ് ചെലവാക്കേണ്ടിവരിക. സ്വർണം പണമാക്കിമാറ്റൽ പദ്ധതിയിലൂടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നാണ് കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ. വിദേശനാണ്യം ലാഭിക്കാനും ഇതിലൂടെ കഴിയും.

കേന്ദ്രസർക്കാറിന്റെയും റിസർവ് ബാങ്കിന്റെയും ഉത്തരവാദിത്വത്തിലാണ് സ്വർണബോണ്ടുകൾ പുറപ്പെടുവിക്കുക. സ്വർണത്തിന്റെ അളവ് ഗ്രാമിൽ രേഖപ്പെടുത്തിയിരിക്കും. 5, 10, 50, 100 ഗ്രാമിന്റെ ബോണ്ടുകൾ പുറത്തിറക്കും. ഒരുവർഷം ഒരാൾക്ക് വാങ്ങാൻ പറ്റുക പരമാവധി 500 ഗ്രാം സ്വർണത്തിന്റെ ബോണ്ടായിരിക്കും. ഇന്ത്യക്കാർക്കുമാത്രമേ ബോണ്ട് വാങ്ങാനാവൂ. പേപ്പർ രൂപത്തിലും 'ഡീമാറ്റ്' രൂപത്തിലും വാങ്ങാം. ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ് ഏജന്റുമാർ മുഖാന്തരം ബോണ്ടുകൾ വാങ്ങുകയും പിന്നീട് വീണ്ടെടുക്കുകയും ചെയ്യാം. കാലാവധി ചുരുങ്ങിയത് അഞ്ചുമുതൽ ഏഴുവർഷംവരെയാണ്. നിക്ഷേപ സുരക്ഷിതത്വത്തിനുവേണ്ടിയാണിത്.

കാലാവധി പൂർത്തിയാക്കുമ്പോൾ പണമായിമാത്രമേ ബോണ്ടുകൾ വീണ്ടെടുക്കാനാവൂ. ബോണ്ടിൽ കാണിച്ചിട്ടുള്ള സ്വർണത്തിന്റെ ഗ്രാമിലുള്ള അളവിന്, അതുവീണ്ടെടുക്കുമ്പോൾ എത്രയാണോ വേണ്ടത് ആ തുകയായിരിക്കും നൽകുക. നിക്ഷേപസമയത്തുള്ള സ്വർണത്തിന്റെ മൂല്യം കണക്കാക്കി പലിശ നൽകും. ബോണ്ട് പണമാക്കിമാറ്റുന്ന സമയത്ത്, സ്വർണത്തിന്റെ വില ബോണ്ടുവാങ്ങുന്ന സമയത്തേതിനേക്കാൾ എന്തെങ്കിലും സാഹചര്യത്തിൽ കുറഞ്ഞുപോയാൽ, നിക്ഷേപകർക്ക് വീണ്ടും മൂന്നുവർഷമോ കൂടുതൽ കാലമോ ബോണ്ട് തുടരാം. ബോണ്ടിന് കേന്ദ്രസർക്കാറിന്റെ സുരക്ഷിതത്വവും ഉറപ്പും ഉണ്ടാവുമെങ്കിലും സ്വർണത്തിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നത് ഭാവിയിൽ മൂല്യത്തെ ബാധിച്ചാൽ അതിന്റെ ഉത്തരവാദിത്വം നിക്ഷേപകനായിരിക്കും.

വായ്പ എടുക്കാനുള്ള ഈടായി സ്വർണബോണ്ട് ഉപയോഗിക്കാം. സാധാരണ സ്വർണവായ്പയ്ക്ക് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന അനുപാതം തന്നെയാവും ബോണ്ടുകളുടെ കാര്യത്തിലും നടപ്പാക്കുക. നിക്ഷേപകരുടെ താത്പര്യമനുസരിച്ച് വേണമെങ്കിൽ ബോണ്ടുകൾ എളുപ്പം വിൽക്കാനും കൈമാറാനും സ്വാധിക്കും. ബോണ്ടുകളിലൂടെ ലഭിക്കുന്ന പണവും ചെറിയ പലിശയും പ്രത്യേക 'സ്വർണ റിസർവ് ഫണ്ട്' വഴിയായിരിക്കും കൈകാര്യം ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP