Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുകിട വ്യവസായരംഗത്ത് വളർച്ചാനിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലെന്ന് മുഖ്യമന്ത്രി; കൊച്ചിയിൽ ബിസിനസ് ടു ബിസിനസ് മീറ്റിന് തുടക്കമായി

ചെറുകിട വ്യവസായരംഗത്ത് വളർച്ചാനിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലെന്ന് മുഖ്യമന്ത്രി; കൊച്ചിയിൽ ബിസിനസ് ടു ബിസിനസ് മീറ്റിന് തുടക്കമായി

കൊച്ചി: ചെറുകിട, ഇടത്തരം വ്യവസായ രംഗത്തെ വളർച്ചാനിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 12 ശതമാനം വളർച്ചയാണ് സംസ്ഥാനം നേടിയിരിക്കുന്നത്. നയങ്ങളിലും നിലപാടുകളിലും വ്യവസായ സൗഹൃദപരമായി സർക്കാരും വ്യവസായ വകുപ്പും കൈക്കൊണ്ട സമീപനമാണ് ഈ നേട്ടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി കൊച്ചിയിയിൽ സംഘടിപ്പിച്ച ത്രിദിന ബിസിനസ് ടു ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 80 ശതമാനം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ്.

ഈ മേഖലയ്ക്ക് പൂർണപിന്തുണ നൽകും. യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ പര്യാപ്തമായ വിദ്യാർത്ഥി സംരംഭക നയമാണ് സർക്കാർ നടപ്പാക്കുക. ഇതിന് മുന്നോടിയായി ആരംഭിച്ച സ്റ്റാർട്ടപ്പ് വില്ലേജ് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സംസ്ഥാന ബജറ്റിന്റെ ഒരു ശതമാനം തുക യുവസംരംഭകരെ പിന്തുണയ്ക്കാനായി മാറ്റിവച്ച ആദ്യ സംസ്ഥാനമാണ് കേരളം. പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ സംരംഭകത്വത്തിലേക്ക് നയിക്കുന്നതിന് മാർഗനിർദ്ദേശം നൽകുന്നതിനുള്ള പ്രത്യേക പദ്ധതിക്കും സർക്കാർ രൂപം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ തടസമാകില്ല. ചെറുകിട, ഇടത്തരം വ്യവസായങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിപണി കേന്ദ്രീകൃതമാകണം.

മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്തണം. ഉൽപ്പാദനപ്രക്രിയയിലെ ചെലവ് കുറയ്ക്കണം. കൂടുതൽ തൊഴിലവസരങ്ങളും ദേശീയ, രാജ്യാന്തര തലത്തിൽ വിപണനശൃംഖലയും ലക്ഷ്യമിട്ടാണ് ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തുന്നത്. തെറ്റുകൾ ഒഴിവാക്കിയും അറിവും പരിചയസമ്പത്തും പങ്കിട്ടും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ബഹുദൂരം മുന്നേറാനാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിന്റെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള അവസരമാണ് ബിസിനസ് ടു ബിസിനസ് മീറ്റെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഏറ്റവും ഉചിതമായ വ്യവസായങ്ങൾ ചെറുകിട, ഇടത്തരം മേഖലകളിലാണ് നടപ്പാക്കാനാകുക. ഈ മേഖലയും വിവരസാങ്കേതികരംഗവുമാണ് സംസ്ഥാനത്ത് ഏറ്റവുമധികം വളർച്ച കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമെന്ന പദവിയിലേക്ക് കുതിക്കുകയാണ് കേരളം. വ്യവസായ ക്ലസ്റ്റർ പദ്ധതി നടപ്പാക്കുന്നതിനും കേന്ദ്രം മാതൃകയാക്കുന്നത് കേരളത്തെയാണ്. ബിസിനസ് ടു ബിസിനസ് മീറ്റ് ഇനി മുതൽ എല്ലാ വർഷവും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രി കെ. ബാബു, എംഎ‍ൽഎമാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, ഡയറക്ടർ പി.എം. ഫ്രാൻസിസ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ദേശീയ വൈസ് പ്രസിഡന്റ് പങ്കജ്.ആർ.പട്ടേൽ, സംസ്ഥാന കൗൺസിൽ ചെയർമാൻ ജോർജ് മുത്തൂറ്റ്, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫിക്കി, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, കിൻഫ്ര, കെ.എസ്.ഐ.ഡി.സി, സിഡ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് മൂന്നു ദിവസത്തെ ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 352 ബയർമാരും 17 വിദേശരാജ്യങ്ങളിൽ നിന്നും 116 ബയർമാരും അടക്കം 468 ഇടപാടുകാരാണ് മീറ്റിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഏഴ് വിഭാഗങ്ങളിലായി നടക്കുന്ന ബിസിനസ് സംഗമത്തിൽ ഭക്ഷ്യസംസ്‌കരണം, കൈത്തറി, റബർ, മര അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ആയുർവേദം, ഇലക്ട്രിക്കൽ ഇലക്‌ട്രോണിക്‌സ്, കരകൗശലം, ബാംബു തുടങ്ങിയവ ഉൾപ്പെടുന്നു. 150 സ്റ്റാളുകളിലായാണ് ഇവയുടെ പ്രദർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP