Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

മഹാപ്രളയത്തിൽ നഷ്ടം സംഭവിച്ചവരാണോ നിങ്ങൾ? ഇൻഷുറൻസ് ക്ലെയിമിന് അപേക്ഷിക്കുമ്പോൾ ഓർക്കാൻ ഒട്ടേറെയുണ്ടേ; പോളിസി സംബന്ധമായ രേഖകൾ വെള്ളം കയറി നശിച്ചവർ നിരാശരാകണ്ട; ആശങ്ക നീക്കാൻ സഹായവുമായി അധികൃതർ ഒപ്പം

മഹാപ്രളയത്തിൽ നഷ്ടം സംഭവിച്ചവരാണോ നിങ്ങൾ? ഇൻഷുറൻസ് ക്ലെയിമിന് അപേക്ഷിക്കുമ്പോൾ ഓർക്കാൻ ഒട്ടേറെയുണ്ടേ; പോളിസി സംബന്ധമായ രേഖകൾ വെള്ളം കയറി നശിച്ചവർ നിരാശരാകണ്ട; ആശങ്ക നീക്കാൻ സഹായവുമായി അധികൃതർ ഒപ്പം

മറുനാടൻ ഡെസ്‌ക്‌

സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഏവരേയും ഞെട്ടിച്ച് വീണ്ടും കനത്ത മഴയും പ്രളയവും വന്നിരിക്കുന്നത്. കഷ്ടപ്പെട്ടുണ്ടാക്കിയ വീടും വാഹനവും മറ്റ് സമ്പത്തും നശിച്ചതിന് പിന്നാലെ ദുരിത കയത്തിലായ ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയുള്ളതാണെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ ഇപ്പോൾ വ്യക്തമാക്കുകയാണ്. വേഗത്തിലല്ല ഇക്കാര്യം ഇൻഷുറൻസ് കമ്പനികളെ നഷ്ടം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതെങ്കിൽ ക്ലെയിം ലഭിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ടെന്നും ഇവർ ഓർമ്മിപ്പിക്കുന്നു. അതിനാൽ തന്നെ പ്രളയം മൂലം നഷ്ടം സംബന്ധിച്ച വിവരങ്ങൾ നിങ്ങൾ പോളിസി എടുത്തിരിക്കുന്ന കമ്പനികളെ ഉടൻ അറിയിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.

പ്രളയ ബാധിതരായ പോളിസി ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇൻഷൂറൻസ് കമ്പനികളോട് ഐആർഡിഐ ( ഇൻഷൂറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി) നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രത്യേക മാർഗ നിർദ്ദേശങ്ങളും ഐആർഡിഐ പുറത്തിറക്കിയിട്ടുണ്ട്. ക്ലെയിം നടപടികൾ വളരെ വേഗത്തിൽ പൂർത്തിയാക്കി നഷ്ടപരിഹാര തുക എത്രയും വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഇൻഷൂറൻസ് കമ്പനികൾ പ്രളയ ബാധിത പ്രദേശങ്ങളിൽ നോഡൽ ഓഫീസുകൾ സ്ഥാപിക്കുകയും ടോൾ ഫ്രീ നമ്പറുകൾ നൽകുകയും ചെയ്യണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

മാത്രമല്ല എല്ലാ ജനറൽ, ഹെൽത്ത് ഇൻഷൂറൻസ് കമ്പനികളും പ്രളയ ബാധിതർ ഫയൽ ചെയ്ത ക്ലെയിം സംബന്ധിച്ച് വളരെ വേഗത്തിൽ തീർപ്പ് ഉണ്ടാക്കി അർഹരായവർക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കിയെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇതിനായി കൂടുതൽ സർവേയർമാരെ നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടികൾ നടത്താനും ഇൻഷൂറൻസ് കമ്പനികളോട് ഐആർഡിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാര തുക ലഭ്യമാകുന്നതിന് മരണ സർട്ടിഫിക്കേറ്റ് ലഭിക്കാൻ പ്രയാസമാണെങ്കിൽ 2014 ലെ ജമ്മുകാശ്മീർ പ്രളയകാലത്ത് പിന്തുടർന്ന നടപടികൾ സ്വീകരിക്കാൻ ഇൻഷൂറൻസ് കമ്പനികളോട് ഐആർഡിഐ നിർദ്ദേശിച്ചിട്ടുണ്ട്.

മറ്റു വാഹനങ്ങളുമായുണ്ടാകുന്ന കൂട്ടിയിടി, ബ്രേക്ക് ഡൗൺ, കാറിൽ മഴവെള്ളം കയറിയുണ്ടാകുന്ന മാലിന്യം, എൻജിനിൽ വെള്ളം കയറി ഉണ്ടാകുന്ന തകരാർ(ഹൈഡ്രോസ്റ്റാറ്റിക് ലോക്ക് ഇൻ എൻജിൻ) തുടങ്ങിയവയൊക്കെയാണ് മഴക്കാലത്ത് കാറുകൾ നേരിടുന്ന വെല്ലുവിളി. ഉടമകൾ സാധാരണ എടുക്കുന്ന തേഡ് പാർട്ടി, കോംപ്രിഹെൻസിവ് ഇൻഷുറൻസുകളിൽ ആക്സിഡന്റും മാലിന്യം വൃത്തിയാക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു പരിരക്ഷയുണ്ട്. വാഹനത്തിന് ഉണ്ടാകുന്ന ടോട്ടൽ ലോസും ഇതിൽ ഉൾപ്പെടും. എന്നാൽ എൻജിനിൽ വെള്ളം കയറിയുള്ള തകരാറിന് ഇതിൽ പരിരക്ഷ ലഭിക്കില്ല.

സാധാരണ പോളിസിയിൽ കാറിന്റെ പ്ലാസ്റ്റിക്, ഫൈബർ, റബർ ഭാഗങ്ങൾ, പെയിന്റ് തുടങ്ങിയ കാലക്രമത്തിൽ മൂല്യശോഷണം സംഭവിക്കുന്ന ഭാഗങ്ങൾക്ക് അവയുടെ പഴക്കം(ഡിപ്രിസിയേഷൻ) അനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രമേ ലഭിക്കുകയുള്ളു. പ്രളയത്തിൽ പെട്ട കാറുകളുടെ ഇത്തരം ഭാഗങ്ങൾ മാറ്റുകയോ അറ്റകുറ്റപ്പണി ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ പോളിസി സെറ്റിൽ ചെയ്യുന്ന സമയത്ത് ഇവയുടെ അധിക വില കാറുടമ സർവീസ് സെന്ററിൽ അടയ്ക്കേണ്ടി വരുന്നു. ഈ അധിക ബാധ്യത ഒഴിവാക്കി, ഇത്തരം പാർട്സുകളുടെ മുഴുവൻ തുകയും ഇൻഷുറൻസ് കമ്പനിയിൽ നിന്നു കിട്ടുന്നതിന് ഡിപ്രിസിയേഷൻ ഷീൽഡ് (സീറോ ഡിപ്രിസിയേഷൻ) എന്ന ആഡ് ഓൺ കവറേജ് പോളിസിക്ക് ഒപ്പം എടുക്കുക.

ക്ലെയിം ഫയലിങ് പൂർത്തിയാക്കാൻ

എങ്കിലും ഇൻഷൂറൻസ് പരിരക്ഷ എടുത്തിട്ടുള്ളവർ ആസ്തികൾക്ക് സംഭവിച്ച നാശ നഷ്ടങ്ങൾ വിലയിരുത്തി വളരെ വേഗത്തിൽ ഇൻഷൂറൻസ് ക്ലെയിം ഫയൽ ചെയ്യാൻ ശ്രമിക്കണം. നഷ്ടങ്ങളെ കുറിച്ച് വളരെ വേഗത്തിൽ ഇൻഷൂറൻസ് കമ്പനികളെ അറിയിക്കണം. പാരതി നേരിട്ട് സമർപ്പിക്കുകയോ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയാക്കകയോ ചെയ്യാം.എത്ര വൈകുന്നുവോ ഇൻഷൂറൻസ് ക്ലെയിം നിരസിക്കപ്പെടാനുള്ള സാധ്യതയും അത്രത്തോളം കൂടും.

പോളിസി സംബന്ധിച്ചുള്ള ഡോക്യുമെന്റുകളിൽ ക്ലെയിം ഫയൽ ചെയ്യേണ്ട സമയപരിധിയെ കുറിച്ച് പറഞ്ഞിട്ടുണ്ടാവും. അതിനുള്ളിൽ ഫയൽ ചെയ്യാൻ ശ്രമിക്കുക. ക്ലെയിം ഫയൽ ചെയ്യാൻ കഴിയാതെ വരികയോ കാലതാമസം നേരിടുകയോ ചെയ്താൽ അതിന്റെ കാരണം ഇൻഷൂറൻസ് കമ്പനികളെ അറിയിക്കുക. കാരണം ന്യായമാണെങ്കിൽ ഇൻഷൂറൻസ് കമ്പനികൾ നഷ്ടപരിഹാരം ലഭ്യമാക്കാൻ തയ്യാറാകും.

പ്രളയത്തിൽ പോളിസി സംബന്ധമായ രേഖകൾ നഷ്ടപ്പെട്ടു എന്നു കരുതി വിഷമിക്കേണ്ടതില്ല. രേഖകൾ എല്ലാം നഷ്ടപ്പെട്ട കാര്യം അറിയിച്ചാൽ ഇൻഷൂറൻസ് കമ്പനികൾ നിങ്ങളെ സഹായിക്കും. ഫോൺ നമ്പർ പോലുള്ള അടിസ്ഥാന വിവരങ്ങൾ നൽകിയാൽ മിക്ക കമ്പനികൾക്കും നിങ്ങളുടെ പോളിസി വിവരങ്ങൾ എല്ലാം കണ്ടെത്താൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP