Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

പരമ്പര്യ വ്യവസായങ്ങൾ ലാഭകരമല്ലെന്ന് കാണിച്ച് അടച്ചുപൂട്ടിയത് രത്തൻ ടാറ്റയെ ചൊടിപ്പിച്ചു; യൂറോപ്പിലെ ഉരുക്ക് ബിസിനസ് നേരിടുന്ന കടുത്ത പ്രതിസന്ധി ആഗോള വിലാസം നഷ്ടമാക്കി; വ്യക്തിപരമായ സ്വരചേർച്ചയില്ലായ്മ്മയും സൈറസ് മിസ്ത്രിയുടെ കസേര തെറിപ്പിച്ചു; 17 കോടി ശമ്പളം വാങ്ങിയ മിസ്ത്രി ഒരു സുപ്രഭാതത്തിൽ 'പിച്ചക്കാരനായി'

പരമ്പര്യ വ്യവസായങ്ങൾ ലാഭകരമല്ലെന്ന് കാണിച്ച് അടച്ചുപൂട്ടിയത് രത്തൻ ടാറ്റയെ ചൊടിപ്പിച്ചു; യൂറോപ്പിലെ ഉരുക്ക് ബിസിനസ് നേരിടുന്ന കടുത്ത പ്രതിസന്ധി ആഗോള വിലാസം നഷ്ടമാക്കി; വ്യക്തിപരമായ സ്വരചേർച്ചയില്ലായ്മ്മയും സൈറസ് മിസ്ത്രിയുടെ കസേര തെറിപ്പിച്ചു; 17 കോടി ശമ്പളം വാങ്ങിയ മിസ്ത്രി ഒരു സുപ്രഭാതത്തിൽ 'പിച്ചക്കാരനായി'

മറുനാടൻ ഡെസ്‌ക്

മുംബൈ: ഇന്നലെ വരെ ടാറ്റ ഗ്രൂപ്പ് ബിസിനസ് സ്ഥാപനങ്ങളുടെ സർവ്വപ്രതാപിയായ അധികാരിയായിരുന്നു ചെയർമാൻ സൈറസ് മിസ്ത്രി. 17 കോടി ശമ്പളം കൈപ്പറ്റിയിരുന്ന, ശതകോടികളുടെ ലാഭവിഹിതങ്ങളുടെ ഉടമയായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രഭാതത്തിൽ 'പിച്ചക്കാരനാകുന്നതിന്' തുല്യമാണ് ഇപ്പോഴത്തെ പടിയിറക്കം. സൈറസ് മസ്ത്രിയെ ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റിയതിന്റെ ഞെട്ടൽ ഇനിയും ലോക വാണിജ്യ മേഖലയ്ക്ക്ാ മാറിയിട്ടില്ല. മിസ്ത്രിയുടെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പിലെ മിക്ക കമ്പനികളും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ പുറത്താക്കൽ. എന്നാൽ, രത്തൻ ടാറ്റയും സൈറസ് മസ്ത്രിയും തമ്മിലുള്ള വ്യക്തിപരമായ സ്വരച്ചേർച്ചയില്ലായ്മ്മയും അദ്ദേഹത്തിനെതിരെ ഉയർന്ന ചില ആരോപണങ്ങളും പുറത്താക്കൽ നടപടിയിലേക്ക് നയിച്ചുവെന്നാണ് ടാറ്റാ ഗ്രൂപ്പിനുള്ളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.

ടാറ്റയുടെ ടിസിഎസ് ഒഴികെ മിക്ക പ്രധാന ടാറ്റ സംരംഭങ്ങളും ഓഹരി നിക്ഷേപകർക്കു നിരാശയാണു സമ്മാനിച്ചതെന്ന് പറയുന്നുത്.ടാറ്റ സ്റ്റീൽ, ടാറ്റ പവർ തുടങ്ങിയ വൻ കമ്പനികൾ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. താരതമ്യേന ചെറു കമ്പനികളായ ടാറ്റ എൽക്‌സി, ടാറ്റ കമ്യൂണിക്കേഷൻസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കെമിക്കൽസ് എന്നിവയുടെ ഓഹരി വില വൻ വർധന നേടിയെങ്കിലും മിസ്ത്രിക്ക് നേട്ടമായി ഭവിച്ചില്ല. ടിസിഎസും ജാഗ്വാർ ലാൻഡ് റോവറും മാത്രമാണ് സ്ഥിരമായി ലാഭം നേടുന്നത്. അതേസമയം ലാഭകരമല്ലാത്ത, ബിസിനസ് അടച്ചുപൂട്ടാൻ തീരുമാനിച്ചത് പലരെയും ചൊടിപ്പിച്ചിരുന്നു. കേവലം ലാഭം ഉണ്ടാക്കുക എന്നതിൽ ഉപരിയായി ചില മൂല്യങ്ങളിൽ ടാറ്റ വിശ്വസിച്ചിരുന്നു. എന്നാൽ, മിസ്ത്രിയുടെ കീഴിൽ ഇത്തരം മൂല്യങ്ങളെല്ലാം കൈവിട്ട് ലാഭത്തിന് പിന്നാലെ പാഞ്ഞു. ഇതിനായി ടാറ്റയുടെ പാരമ്പര്യ വ്യവസായങ്ങളെ കൈവിടുകയെന്ന ശൈലിയാണ് ചെയർമാൻ സ്വീകരിച്ചത്.

യൂറോപ്പിലെ ഉരുക്കു ബിസിനസ് കയ്യൊഴിയാനുള്ള തീരുമാനമാണു സൈറസ് മിസ്ത്രി കൈക്കൊണ്ട മുഖ്യ തീരുമാനങ്ങളിലൊന്ന്. യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലെ ഏതാനും പ്ലാന്റുകൾ വിറ്റഴിച്ച കമ്പനി യുകെയിലെ മുഖ്യ ബിസിനസ് വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കേയാണു മിസ്ത്രിയുടെ പുറത്താകൽ. ടാറ്റ ഗ്രൂപ്പിലെ ഇന്ത്യൻ ഹോട്ടൽസ് ബോസ്റ്റണിലെ താജ് ഹോട്ടൽ വിറ്റഴിച്ചിരുന്നു. ബെൽമോണ്ട്, ബ്ലൂസിഡ്‌നി തുടങ്ങിയ ഹോട്ടൽ ബിസിനസുകളും കയ്യൊഴിഞ്ഞു. മൊബൈൽ ടെലികോം രംഗത്തു ചെറിയ സാന്നിധ്യം മാത്രമായൊതുങ്ങുന്ന ടാറ്റ ജപ്പാൻ കമ്പനിയായ ഡോകോമോയുമായി നിയമയുദ്ധത്തിലുമാണ്. ആഗോള ഭീമനെന്ന ടാറ്റയുടെ ഇമേജിന് കോട്ടം തട്ടുന്ന സംഭവങ്ങളായിരുന്നു പല വിറ്റഴിക്കലുകളും.

ഇതൊക്കെ നടന്നതു മിസ്ത്രിയുടെ കാലത്താണെങ്കിൽ, അതിനു മുൻപു നടന്ന വിദേശ ഇടപാടുകൾ പലതും ടാറ്റ ഗ്രൂപ്പിന്റെ ആഗോളവിലാസം പുഷ്ടിപ്പെടുത്തുകയായിരുന്നു.ടെറ്റ്‌ലിയെ ടാറ്റ ടീ ഏറ്റെടുത്തതും കോറസിനെ ടാറ്റ സ്റ്റീൽ ഏറ്റെടുത്തതും ജാഗ്വാർ ലാൻഡ്‌റോവറിനെ ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തതും ഇതിൽപ്പെടും. ഉയർന്ന ലാഭം ഉണ്ടാക്കാവുന്ന മുഖ്യ ബിസിനസുകളിൽ ശ്രദ്ധയൂന്നാനും മറ്റുള്ളവ കയ്യൊഴിയാനുമായിരുന്നു മിസ്ത്രിയുടെ ശ്രമം. എന്നാൽ ഇത് ഒട്ടേറെ എതിർപ്പുകൾ ക്ഷണിച്ചു വരുത്തി. വൈവിധ്യമാർന്ന ഒട്ടേറെ ബിസിനസ് സംരംഭങ്ങളുള്ള വലിയ ഗ്രൂപ്പിനെ നയിക്കാനുള്ള അനുഭവ സമ്പത്തോ ശേഷിയോ മിസ്ത്രിക്ക് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഗവേഷണ ഏജൻസിയായ ഇൻഗവേൺ റിസർച്ച് സർവീസസിന്റേത്. പദവിക്കു ചേരുംവിധം വളർത്തിയെടുക്കാതെ പെട്ടെന്നു ചുമതലയേൽപിച്ചത് വിനയായിട്ടുണ്ടാകാം. ഇന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികൾ ചാഞ്ചാട്ടം നേരിടുമെന്ന വിലയിരുത്തലാണ് ഓഹരി വിപണി നിരീക്ഷകർക്ക്.

കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റ ഗ്രൂപ്പിലെ 27 ലിസ്റ്റഡ് കമ്പനികളിൽ ഒൻപതെണ്ണം നഷ്ടം രേഖപ്പെടുത്തി. ഏഴെണ്ണത്തിന്റെ വിറ്റുവരവ് കുറഞ്ഞു. മൊത്തം വിറ്റുവരവ് മുൻകൊല്ലം 10800 കോടി ഡോളർ (7.2 ലക്ഷം കോടി രൂപ)ആയിരുന്നത് 10300 കോടി ഡോളറായി. കടബാധ്യതയാകട്ടെ 2340 കോടി ഡോളറിൽ നിന്ന് 2450 കോടി ഡോളറാവുകയും ചെയ്തു. ടാറ്റ കമ്പനികളുടേയും മാതൃകമ്പനിയായ ടാറ്റ സൺസിന്റെ ബോർഡ് യോഗത്തിൽ ചെയർമാൻ സൈറസ് മിസ്ത്രിക്കെതിരെ ആറു വോട്ടുകളാണു വീണത്. രണ്ടു ബോർഡ് അംഗങ്ങൾ മാത്രമേ മിസ്ത്രിയെ പിന്തുണച്ചുള്ളു. ഒൻപത് ഡയറക്ടർമാരുള്ള ബോർഡിൽ അവസാന വോട്ട് മിസ്ത്രിയുടേതായിരുന്നെങ്കിലും ഭൂരിപക്ഷ വോട്ട് പ്രകാരം മിസ്ത്രി പുറത്തായി.

ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തു തന്നെ അത്യപൂർവമാണ് ഇങ്ങനെ ചെയർമാനെ പെട്ടെന്നു മറ്റുള്ളവർ ചേർന്നു പുറത്താക്കുന്നത്. അധികാരമേറ്റ് മൂന്നു വർഷവും പത്തു മാസവുമാവുമ്പോൾ സൈറസ് മിസ്ത്രി എന്ന നാൽപ്പത്തെട്ടുകാരൻ കഴിവു തെളിയിക്കാത്തയാൾ എന്നു പേരെടുത്തിരുന്നു. നൂറോളം കമ്പനികളുള്ള ടാറ്റ സാമ്രാജ്യത്തിൽ രണ്ടു കമ്പനികൾ മാത്രമായണ് ലാഭമുണ്ടാക്കുന്നതെന്നത് ചെയർമാനെ പുറത്താക്കുന്നതിനു കാരണമായി. ഷാപ്പൂർജി പല്ലോൻജി എന്ന വൻകിട ബിസിനസ് ഗ്രൂപ്പിൽ നിന്നാണു സൈറസ് മിസ്ത്രിയുടെ വരവ്. രത്തൻ ടാറ്റ സ്ഥാനം ഒഴിയാൻ തീരുമാനിച്ചപ്പോൾ പുതിയ ചെയർമാനെ കണ്ടെത്താൻ വിദഗ്ധ സമിതിയെ വച്ചു. മിക്ക കുടുംബാംഗങ്ങൾക്കും സന്താനങ്ങളില്ലാത്ത ടാറ്റ കുടുംബത്തിൽ രത്തനു പകരക്കാരനില്ലായിരുന്നു.

ടാറ്റ സൺസിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് സൈറസിന്റെ പിതാവ് ഷാപ്പൂർജി പല്ലോൻജി. മുൻ ചെയർമാൻ ജെആർഡി ടാറ്റയുടെ ഇളയ സഹോദരൻ ഡിആർഡി ടാറ്റ തന്റെ ഓഹരി ഷാപ്പൂർജി പല്ലോൻജിക്കു വിൽക്കുകയായിരുന്നെന്നാണു ടാറ്റാ കുടുംബ പുരാണം. 12.5% ഓഹരി അങ്ങനെ ടാറ്റ കുടുംബത്തിനു പുറത്തായി. ഷാപ്പൂർജി പല്ലോൻജി മിസ്ത്രിക്കും സ്വന്തമായൊരു ബിസിനസ് സാമ്രാജ്യമുണ്ട്. 1865 മുതൽ അദ്ദേഹത്തിന്റെ കുടുംബം മുംബൈയിൽ കെട്ടിട നിർമ്മാണത്തിൽ വൻകിട കരാർ രംഗത്തുണ്ട്. വിദേശത്തും സജീവം. ടെക്‌സ്‌റ്റൈലും ഷിപ്പിങ്ങും വൈദ്യുതി നിലയവും മുതൽ ബയോ ടെക്‌നോളജി വരെ നീളുന്ന ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന് 16000 കോടിയിലേറെ വാർഷിക വരവുണ്ട്.

പക്ഷേ ടാറ്റ വേറൊരു തരം ആഢ്യ സാമ്രാജ്യമാണ്. മുമ്പ് ടാറ്റ കുടുംബക്കാരനല്ലാത്ത ഒരാൾ മാത്രമേ ചെയർമാനായിട്ടുള്ളു. നൗറോജി സക്‌ലത്‌വാല. ആറു വർഷം മാത്രമേ ചെയർമാൻ സ്ഥാനത്തു തുടർന്നുള്ളു. 1938ൽ മരിച്ചു. സൈറസ് മിസ്ത്രി അകാലത്തിൽ പുറത്തായി. പക്ഷേ തീരുമാനം കോടതിയിൽ നേരിടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ കുടുംബക്കാരനല്ലാത്ത മേധാവിക്ക് ടാറ്റ സാമ്രാജ്യ സാർവഭൗമനായി തുടരാൻ കഴിയുമോ എന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്. ടാറ്റ കുടുംബക്കാരൻ നോയൽ ടാറ്റ രംഗത്തുണ്ട്.

ഇന്ത്യയിൽ ആധുനിക വ്യവസായവൽക്കരണത്തിനു തുടക്കംകുറിച്ച ജാംഷെഡ്ജി ടാറ്റയും പിൻഗാമികളും ചേർന്നു പോറ്റിവളർത്തിയ വ്യവസായ സാമ്രാജ്യത്തിന്റെ വാർഷിക വിറ്റുവരവ് 6.5 ലക്ഷം കോടി രൂപയിലധികമാണ്. ആറുലക്ഷത്തിലേറെ ജീവനക്കാർ വിവിധ ടാറ്റ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നു. പുതിയ സ്ഥാനം ഏറ്റെടുത്തതായി രത്തൻ ടാറ്റ വിവിധ സ്ഥാപന മേധാവികളെ ഔദ്യോഗികമായി അറിയിച്ചു. കമ്പനിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് താൻ സ്ഥാനമേറ്റെടുക്കുന്നതെന്ന് ടാറ്റ കത്തിൽ പറയുന്നു.

പുതിയ ചെയർമാനെ കണ്ടെത്തുന്നതിനായി ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും നാലു മാസത്തിനുള്ളിൽ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ മാറ്റാനുള്ള തീരുമാനം ഇന്നു നടന്ന യോഗത്തിലാണ് ബോർഡ് കൈക്കൊണ്ടത്. ഗ്രൂപ്പിന്റെ എമരിറ്റസ് ചെയർമാനായ രത്തൻ ടാറ്റയെ ഇടക്കാല ചെയർമാനായി നിയമിച്ചുകൊണ്ടായിരുന്നു ബോർഡ് തീരുമാനമെടുത്തത്.

സൈറസ് മിസ്്ര്രതി ഗ്രൂപ്പിന്റെ ചെയർമാനായി സ്ഥാനമേറ്റതോടെ പുതിയ നേതൃനിരയ്ക്ക് അദ്ദേഹം രൂപം കൊടുക്കുകയും െചയ്തിരുന്നു. താരതമ്യേന പ്രായം കുറഞ്ഞവരെ ഉത്തരവാദിത്വം കൂടുതൽ ഏല്പിക്കുകയെന്ന രീതിയായിരുന്നു അദ്ദേഹം പിന്തുടർന്നത്. അതിനിടെ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താൻ സമ്മർദ നടപടികളും മിസ്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി. 2025ഓടെ ലോക ജനസംഖ്യയുടെ 25 ശതമാനത്തിലേക്ക് ടാറ്റാ ഗ്രൂപ്പിനെ എത്തിക്കാൻ മിസ്ത്രി ആലോചിച്ചെങ്കിലും കൃത്യമായ പദ്ധതിരേഖ ഉണ്ടായിരുന്നില്ല.

മിസ്ത്രിയുടെ കാലത്ത് ടാറ്റാഗ്രൂപ്പ് ഇരട്ടി വളർന്നിട്ടുണ്ട്.എന്നാൽ നേരത്തെ സ്ഥാനമൊഴിഞ്ഞ രത്തൻ ടാറ്റയുടെ 21 വർഷത്തെ നേതൃത്വത്തിൽ ഗ്രൂപ്പ് 50 മടങ്ങ് അധികം വളർച്ച നേടിയതായാണ് കണക്കുകൾ. അര നൂറ്റാണ്ടോളം ടാറ്റാ ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ച രത്തൻ ടാറ്റാ തന്റെ എഴുപത്തിയഞ്ചാം വയസ്സിലാണ് വിശ്രമ ജീവിതത്തിനായി വിട പറഞ്ഞത്. എന്നാൽ വീണ്ടും ഇടക്കാല ചെയർമാനായി തിരിച്ചു വരികയാണ് അദ്ദേഹം. എന്തായാലും പകരക്കാരനായി ടാറ്റ കുടുംബത്തിൽ നിന്നു തന്നെയുള്ള നോയൽ ടാറ്റ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP