Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വളയുന്നിടത്തോളം വളഞ്ഞിട്ടും തല്ലിക്കൊണ്ടിരിക്കുമ്പോൾ മരണ ഭയം മൂർച്ഛിച്ച് രാജി; അതിസമ്പന്നർക്കായി റിസർവ്വ് ബാങ്കിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് അതിഭീകര തിരിച്ചടി; ഇന്ത്യയെ കാത്തിരിക്കുന്നത് അർജന്റീനയുടെ ഗതിയെന്നും റിപ്പോർട്ടുകൾ; റിസർവ്വ് ബാങ്കിലെ പ്രതിസന്ധി സാമ്പത്തിക മേഖലയെ ഞെട്ടിച്ചാൽ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകും; മുൻ ഗവർണ്ണറും ആഗോള സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്മോഹനെ തന്നെ രംഗത്തിറക്കി മുതലെടുക്കാൻ കോൺഗ്രസും

വളയുന്നിടത്തോളം വളഞ്ഞിട്ടും തല്ലിക്കൊണ്ടിരിക്കുമ്പോൾ മരണ ഭയം മൂർച്ഛിച്ച് രാജി; അതിസമ്പന്നർക്കായി റിസർവ്വ് ബാങ്കിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് അതിഭീകര തിരിച്ചടി; ഇന്ത്യയെ കാത്തിരിക്കുന്നത് അർജന്റീനയുടെ ഗതിയെന്നും റിപ്പോർട്ടുകൾ; റിസർവ്വ് ബാങ്കിലെ പ്രതിസന്ധി സാമ്പത്തിക മേഖലയെ ഞെട്ടിച്ചാൽ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകും; മുൻ ഗവർണ്ണറും ആഗോള സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്മോഹനെ തന്നെ രംഗത്തിറക്കി മുതലെടുക്കാൻ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കേന്ദ്ര സർക്കാരും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നതയ്ക്ക് അയവു വന്നെന്ന പ്രതീതി നിലനിൽക്കെ ഉർജിത് പട്ടേലിന്റെ രാജി സാമ്പത്തികരംഗത്ത് ഞെട്ടലായി. ആശങ്കയാർന്ന പ്രതികരണങ്ങളാണ് സാമ്പത്തിക മേഖലയിൽ നിന്നും ഓഹരി വിപണിയിൽ നിന്നും ഉയർന്നത്. റിസർവ്വ് ബാങ്കിന്റെ കരുതൽ ധനം സർക്കാരിന് വേണമെന്ന മോദി സർക്കാരിന്റെ പിടിവാശിയാണ് എല്ലാത്തിനും കാരണം. ഈ പ്രതിസന്ധി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നാണ് വിലയിരുത്തൽ. അർജന്റീനയെ പോലെ തകർന്നടിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നും വിലയിരുത്തലുണ്ട്. ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുൻ പ്രധാനമന്ത്രി ഡോ മന്മോഹൻ സിംഗിനെ മുമ്പിൽ നിർത്തിയാകും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഇടപെടലിലെ പരാജയങ്ങൾ കോൺഗ്രസ് ഉയർത്തിക്കാട്ടുക.

രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക നയങ്ങളെക്കുറിച്ചും അഗാധമായ അറിവുള്ള ഉർജിത് പട്ടേലിന്റെ രാജി സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണെന്ന് മന്മോഹൻ പ്രതികരിച്ചു കഴിഞ്ഞു. ഏറെ ആശങ്കയുണ്ടാക്കുന്ന വാർത്തയാണിത്. ധനക്കമ്മി മറികടക്കാൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ കണ്ണുവച്ചതായി ആർബിഐയുടെ ഡപ്യുട്ടി ഗവർണർ ഈയിടെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ നട്ടെല്ലായ റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയലാഭം നോക്കി കൈകടത്തുന്നത് ആപൽകരമാണെന്നും മന്മോഹൻ പറയുന്നു. ഊർജിത്തിന്റെ രാജി വരും ദിവസങ്ങളിലും കോൺഗ്രസ് ചർച്ചയാകും. സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ മന്മോഹൻ സിംഗിനുള്ള അറിവ് ഉപയോഗിച്ചാകും കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുക.

മോദി സർക്കാർ അധികാരമേറ്റ് അധികം താമസിയാതെയാണ് സർക്കാർ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെതിരെ പരസ്യപ്രസ്താവനകൾ നടത്തിയത്. ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ രഘുറാം രാജനെതിരേ പ്രമുഖ ബിജെപി അംഗങ്ങളും മന്ത്രിമാരുമെല്ലാം നിലകൊണ്ട അവസ്ഥയുണ്ടായി. രണ്ടാം തവണയും ഗവർണറാകാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് സർക്കാർ ഊർജിത് പട്ടേലിനെ പകരക്കാരനായി നിയമിക്കുകയാണ് ചെയ്തത്. എന്നിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. രഘുറാം രാജൻ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ രൂക്ഷമാക്കിയതെന്ന് സർക്കാരും ബിജെപിയും പറഞ്ഞുകൊണ്ടേയിരുന്നു. ഇതാണ് ഊർജിത് പട്ടേലിന്റെ രാജിക്കുള്ള പ്രധാന കാരണം. രഘുറാം രാജന്റെ രാജിയെത്തുടർന്ന് കേന്ദ്രസർക്കാർ നടപ്പാക്കിയ ആദ്യ സാമ്പത്തിക നീക്കം നോട്ട് നിരോധനമായിരുന്നു. ഊർജിത് പട്ടേൽ ഇതിനെതിരേ രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊർജിത് പട്ടേലിന്റെ വെളിപ്പെടുത്തലും വലിയ വിവാദമായിരുന്നു.

നാലര വർഷത്തെ ഭരണം കഴിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിസർവ് ബാങ്കിന് മൂന്നാമതൊരു ഗവർണറെക്കൂടി കണ്ടെത്തേണ്ടി വന്നിരിക്കുന്നു. ആദ്യത്തെ 2 വർഷത്തോളം നേരത്തേയുണ്ടായിരുന്ന രഘുറാം രാജൻ തുടർന്നത് കേന്ദ്ര സർക്കാരുമായി നിരന്തര ഇടപെടലായിരുന്നു. രഘുറാം രാജന് കാലാവധി നീട്ടാതെ മോദിയും ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും കൂടി കണ്ടെത്തിയത് ഉർജിത് പട്ടേലിനെ. തുടക്കത്തിൽ സർക്കാരുമായി ചേർന്ന് പോകാൻ അദ്ദേഹത്തിനായി. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങൾ അതിരുവിട്ടപ്പോൾ ഊർജ്ജിതിന് മുമ്പിൽ രാജി മാത്രമായി ഏക വഴി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രാജി വയ്ക്കുമ്പോൾ അത് മോദി സർക്കാരിന് വലയി പ്രതിസന്ധിയാണ്. റിസർവ് ബാങ്കിന്റെ സ്വയം ഭരണാധികാരം എത്രത്തോളം എന്നതാണ് ആദ്യ വിഷയം. ഒക്ടോബർ 26ന് ആർബിഐ ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ നൽകിയ മുന്നറിയിപ്പ് അതാണ്. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിൽ സർക്കാർ ഇടപെട്ടാൽ അർജന്റീനയുടെ ഗതിയാവും ഇന്ത്യയ്ക്കുമെന്ന വിലയിരുത്തലും ഊർജിത്തിന് രാജി ചർച്ചയാക്കും.

2010ൽ സർക്കാരിന്റെ ഇടപെടൽ അമിതമായതോടെ അർജന്റീന ഗുരുതര സാമ്പത്തികത്തകർച്ചയിലായി. ഇന്ത്യയിലും സർക്കാർ ഇതു തുടർന്നാൽ സാമ്പത്തിക മേഖലയാകെ തകരുമെന്നും റിസർവ് ബാങ്ക് തകരുമെന്നുമാണ് മുന്നറിയിപ്പുകൾ. റിസർവ് ബാങ്കിന്റെ ബോർഡാണോ അതോ ഉദ്യോഗസ്ഥരാണോ നയപരമായ തീരുമാനമെടുക്കേണ്ടതും ദൈനംദിന ഭരണം നടത്തേണ്ടതും എന്നതാണ് തർക്കം. ബോർഡാണ് അന്തിമതീരുമാനമെടുക്കേണ്ടത് എന്നാണ് മോദി സർക്കാരിന്റെ നിലപാട്. ഉദ്യോഗസ്ഥരാണ് നയങ്ങൾ തീരുമാനിക്കേണ്ടത് എന്നാണ് ഉർജിത് പട്ടേൽ ശഠിക്കുന്നത്. ഇതായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. നാണ്യപ്പെരുപ്പം തടയുക എന്നത് റിസർവ് ബാങ്കിന്റെ മുഖ്യ ചുമതലയാണെന്ന് ഉർജിത് പട്ടേൽ. അതിനാൽ പലിശ നിരക്ക് കുറയ്ക്കില്ല. ഇടക്കാലത്ത് കൂട്ടുകയും ചെയ്തു. സർക്കാർ ഇതിനോട് യോജിച്ചില്ല.

റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് ഒരു വിഹിതം വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് അടുത്ത തർക്കത്തിന് വഴി തെളിച്ചു. ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്ക് ഇതു ഗുണകരമല്ല. സമ്പന്നർക്ക് മാത്രം നേട്ടമുണ്ടാകുന്ന ഹ്രസ്വകാല ഇടപെടലാണ് ഇത്. ഇതിനിടെ കേന്ദ്ര സർക്കാരും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നതയ്ക്ക് അയവു വന്നെന്ന പ്രതീതി വന്നു. എന്നാൽ തീർത്തും അപ്രതീക്ഷിതമായുള്ള ഉർജിത് പട്ടേലിന്റെ രാജി സാമ്പത്തികരംഗത്ത് ഞെട്ടലായി. ഉർജിത് പട്ടേലിന്റെ രാജിയിൽ സങ്കടമുണ്ട്; പക്ഷേ, അദ്ഭുതമില്ല. ആത്മാഭിമാനമുള്ള ഒരു പണ്ഡിതനും എൻഡിഎ സർക്കാരിനൊപ്പം ജോലി ചെയ്യാൻ കഴിയില്ല. ഒരുതവണകൂടി അപമാനിതനാകുന്നതിന് മുൻപ് അദ്ദേഹം രാജിവച്ചത് നന്നായി എന്നാണ് കോൺഗ്രസ് പ്രതികരണം.

കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്ത 21 പാർട്ടികളും ഈ വിഷയത്തിൽ ഒരുമിച്ച് നിൽക്കും. വരും ദിവസങ്ങളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിക്കുന്ന സംഘം റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ രാജി സർക്കാരിനെതിരായ കുറ്റപത്രമായി സമർപ്പിക്കും. 'സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ച് മിണ്ടാതിരുന്ന' ആർബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകർച്ചയിലേക്ക് നയിച്ചതെന്ന് അരുൺ ജയ്റ്റ്ലി പരസ്യമായി ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള പോര് പരസ്യമാവുന്നത്. ഇത് ഊർജിത്തിനെ വേദനിപ്പിച്ചിരുന്നു. എല്ലാ അർത്ഥത്തിലും സഹകരിക്കാൻ ഊർജിത് ശ്രമിക്കുകയും ചെയ്തു. എന്നിട്ടും പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം മനസ്സ് കാട്ടിയില്ല. ഇതാണ് ഊർജിത്തിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം.

രാജിവെച്ചതിലൂടെ ഊർജിത് പട്ടേൽ തന്റെ പ്രതിഷേധം വ്യക്തമാക്കിയിരിക്കുന്നുവെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജനും പ്രതികരിച്ചിട്ടുണ്ട്. 'രാജി വെളിവാക്കുന്നത് ആശങ്കാജനകമായ സാഹചര്യമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവെച്ചിരിക്കുന്നത് ചില സാഹചര്യങ്ങളെ അവർക്ക് നേരിടാൻ കഴിയാതെ വന്നപ്പോഴാണ്. സർക്കാർ ആർബിഐയുടെ കാര്യങ്ങളിൽ ഇനി ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇതെല്ലാം കാണിക്കുന്നത്', രഘുറാം രാജൻ പറഞ്ഞു. ഊർജ്ജിത് പട്ടേലിനെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത് എന്താണെന്ന് സർക്കാർ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു. ഇത്തരം വിമർശനങ്ങൾ മോദിക്ക് തിരിച്ചടിയാണ്. വിദഗ്ധരുടെ പ്രതികരണങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ പോരിന് കോൺഗ്രസ് തയ്യാറെടുക്കും. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP