Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യക്കാരുടെ നിരാശ താൽക്കാലികം, 2026ൽ തിരികെ എത്തുമെന്നു ലണ്ടനിലെ സാമ്പത്തിക പഠന കേന്ദ്രം; അടുത്ത പത്തു വർഷം ലോകത്തെ നയിക്കുക അമേരിക്ക, ചൈന, ജപ്പാൻ, ഇന്ത്യ എന്നീ ചതുർബാഹുക്കൾ; യൂറോപ്പ് കുലം മുടിഞ്ഞ തറവാടാകും; ചൈനയിൽ മാന്ദ്യത്തിനു സാധ്യതയില്ല; സൗദിയും പാക്കിസ്ഥാനും ചേർന്ന അച്ചുതണ്ട് ഇന്ത്യൻ മേൽക്കോയ്മ അട്ടിമറിക്കാൻ ശ്രമം തുടരും; ബ്രെക്‌സിറ്റ് ബ്രിട്ടന് ഗുണമാകുന്ന കാലം; കാനഡക്കും ഓസ്ട്രേലിയക്കും നല്ല കാലം തന്നെ

ഇന്ത്യക്കാരുടെ നിരാശ താൽക്കാലികം, 2026ൽ തിരികെ എത്തുമെന്നു ലണ്ടനിലെ സാമ്പത്തിക പഠന കേന്ദ്രം; അടുത്ത പത്തു വർഷം ലോകത്തെ നയിക്കുക അമേരിക്ക, ചൈന, ജപ്പാൻ, ഇന്ത്യ എന്നീ ചതുർബാഹുക്കൾ; യൂറോപ്പ് കുലം മുടിഞ്ഞ തറവാടാകും; ചൈനയിൽ മാന്ദ്യത്തിനു സാധ്യതയില്ല; സൗദിയും പാക്കിസ്ഥാനും ചേർന്ന അച്ചുതണ്ട് ഇന്ത്യൻ മേൽക്കോയ്മ അട്ടിമറിക്കാൻ ശ്രമം തുടരും; ബ്രെക്‌സിറ്റ് ബ്രിട്ടന് ഗുണമാകുന്ന കാലം; കാനഡക്കും ഓസ്ട്രേലിയക്കും നല്ല കാലം തന്നെ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഏഴു ശതമാനം വളർച്ചയിൽ നിന്നിരുന്ന രാജ്യം വളരെ വേഗം അഞ്ചിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന ഭയത്തിന്റെ തോത് തീരെ ചെറുതല്ല. ഇന്ത്യയുടെ സർവ്വ മേഖലയിലും സാമ്പത്തിക തളർച്ചയുടെ സൂചനകൾ കാണിക്കുമ്പോൾ പിടിച്ചു നിൽക്കാൻ വൻലാഭത്തിൽ ഓടുന്ന പൊതുമേഖലാ കമ്പനികൾ സർക്കാർ വിൽക്കാനിടുന്നു, ബാങ്കുകളുടെ പലിശ നിരക്ക് കുറച്ചു സാധാരണക്കാർക്കും വായ്പ നൽകി പണത്തിന്റെ കറക്കം സുഗമമാക്കുന്നു. പണം എല്ലായിടത്തും എത്തുന്നു എന്നുറപ്പിക്കാൻ അടിസ്ഥാന വികസന മേഖലയിൽ 102 ലക്ഷം കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിട്ട് മണിക്കൂറുകൾ പിന്നിടുന്നതേയുള്ളൂ.

ഇതെല്ലം തെളിയിക്കുന്നത് ഇന്ത്യ സാമ്പത്തിക പ്രയാസത്തിന്റെ കാലഘട്ടത്തിലൂടെ നീങ്ങുന്നു എന്നു തന്നെയാണ്. എന്നാൽ ഈ ആശങ്കൾ വെറും താൽക്കാലികം എന്നാണ് ലണ്ടനിലെ സെന്റർ ഫോർ എക്കണോമിക്‌സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കേവലം ആറുവർഷത്തിനുള്ളിൽ ഇന്ത്യ ലോക നാലാം നമ്പറിൽ തിളങ്ങും എന്നാണ് ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം.

ഇന്ത്യയുടെ വളർച്ച വരച്ചിടുന്ന റിപ്പോർട്ടിൽ യൂറോപ്പിന്റെ തളർച്ചയും എടുത്തു പറയുന്നുണ്ട്. യൂറോപ്പിലെ ഒറ്റ രാജ്യം പോലും സാമ്പത്തിക മികവു കാട്ടുന്നില്ല എന്ന് വ്യക്തമാക്കുമ്പോൾ അമേരിക്കയുടെ പുറത്തു സമ്പത്തു കുമിഞ്ഞു കൂടുന്നത് ഏഷ്യൻ രാജ്യങ്ങളിൽ തന്നെ ആയിരിക്കുമെന്നാണ് റിപ്പോർട്ടിന്റെ കാതൽ. ഇതോടെ സാമ്പത്തിക ചലനം പടിഞ്ഞാറു നിന്നും കിഴക്കോട്ടു കേന്ദ്രീകരിക്കുന്ന പ്രവണത അടുത്ത ദശാബ്ദത്തിലും തുടരും എന്ന സൂചന കൂടിയാണ് ഈ റിപ്പോർട്ട് പങ്കിടുന്നത്. ജർമ്മനിക്കു മുകളിൽ ആധിപത്യം സ്ഥാപിച്ചാകും ഇന്ത്യയുടെ കുതിപ്പേന്ന് സിഇബിആർ റിപ്പോർട്ട് പറയുന്നു. ലോകത്തെ നിലവിലെ പല ഭീമന്മാരുടെയും തകർച്ചയും വരാനിരിക്കുന്ന ദശാബ്ദം പങ്കുവയ്ക്കുന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ്. ഇതിന്റെ രാഷ്ട്രീയ, സാമ്പത്തിക ആഘാതങ്ങളും ചെറുതാകില്ല. മുന്നിൽ നിന്നവർ പിന്നിലേക്ക് മാറുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ രാഷ്ട്രീമായ മേൽക്കോയ്മാകളുടെ ആധിപത്യ മനോഭാവവും അട്ടിമറിക്കാൻ കാരണമാകും.

ഈ നൂറ്റാണ്ടു തുടങ്ങുമ്പോൾ അമേരിക്ക, ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് എന്നതായിരുന്നു ലോക സാമ്പത്തിക ക്രമം. സ്വാഭാവികമായും ഈ രാജ്യങ്ങളുടെ ശബ്ദം ലോക വേദികളിൽ ഏവരുടെയും ശ്രദ്ധ നേടി. എന്നാൽ വരും ദശാബ്ദത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ സ്വരം ദുർബലമായി മാറും എന്നുറപ്പാണ്. ആ നിരയിലേക്ക് ഇന്ത്യയും ചൈനയും ജപ്പാനുമാണ് കടന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ മേൽക്കോയ്മ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം ഇപ്പോഴേ തുടങ്ങിയതായി സംശയിക്കേണ്ടിയിരിക്കുന്നത്.

ഇയ്യിടെ മലേഷ്യ മുൻകൈ എടുത്തു നടത്തിയ മുസ്ലിം രാജ്യങ്ങളുടെ സൗഹൃദ കൂട്ടായ്മയും കാശ്മീർ വിഷയം കൂടി ചർച്ച ചെയ്യാൻ സൗദി മുൻകൈ എടുത്തു പാക്കിസ്ഥാൻ വേദിയാകുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ എന്ന കൂട്ടായ്മയും സാമ്പത്തിക അച്ചുതണ്ട് കീഴ്‌മേൽ മറിയുന്നതിന്റെ ആദ്യ രാഷ്ട്രീയ സൂചകമായി മാറുകയാണ്. കശ്മീരിൽ നിലപട് കടുപ്പിച്ച ഇന്ത്യ അടുത്ത ലക്ഷ്യം പാക് അധീന കാശ്മീർ ആണെന്ന് പരസ്യമായി പറഞ്ഞതിനെ തുടർന്ന് കയ്യും കെട്ടിയിരിക്കാൻ പാക്കിസ്ഥാന് ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദം അനുവദിക്കുന്നില്ല എന്നതും പുതിയ ശാക്തിക ചേരികളുടെ ഉയിർപ്പിനു കാരണമായി മാറുന്നുണ്ട്.

പോയ വർഷം ലോക സമ്പദ് ഉൽപാദനത്തിൽ അമേരിക്ക 24.8 ശതമാനവും തങ്ങളുടെ അധീനതയിൽ ഉറപ്പിച്ചിരിക്കുക ആണെന്നും സി ഇ ബി ആർ റിപ്പോർട്ട് പറയുന്നത്. അടുത്ത പത്തുവർഷവും അമേരിക്ക തന്നെ മുന്നിൽ നിൽക്കുമെങ്കിലും 2033 ൽ ചൈന അമേരിക്കയുടെ മേൽ ആധിപത്യം കാട്ടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനു തടയിടാൻ ആവുന്നതെല്ലാം അമേരിക്ക ചെയ്യുമെങ്കിലും അനിവാര്യമായതു സംഭവിക്കാതിരിക്കില്ല എന്നതാണ് സമ്പദ് ചലന സൂചനകൾ വ്യക്തമാക്കുന്നത്. ചൈനായുടെ മുന്നേറ്റം ഇപ്പോഴത്തെ പ്രവചനം അനുസരിച്ചു മൂന്നു വർഷം കൂടി പിന്നോട്ടിറങ്ങിയിരിക്കുകയാണ്.

നേരത്തെ 2030ൽ തന്നെ ചൈന ലോക മുൻ നിര രാജ്യമാകും എന്നാണ് പറയപ്പെട്ടിരുന്നത്. ചൈനയുടെ മുന്നേറ്റം തടയാൻ സ്വാഭാവികമായും ഇന്ത്യയുടെ കൂടെ നിൽക്കുക എന്ന തന്ത്രം അമേരിക്ക പയറ്റുമ്പോൾ ഇന്ത്യയെ തളർത്താൻ മേഖലയിലെ ചെറു രാജ്യങ്ങളായ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ എന്നിവയടക്കം ഉള്ള രാജ്യങ്ങളെയും മലേഷ്യയും ഇന്തോനേഷ്യയും സൗദിയും പാക്കിസ്ഥാനും ചേരുന്ന ഒഐസി രാഷ്ട്രങ്ങളെയും കൂടെ കൂട്ടുക എന്നതാകും ചൈനയുടെ തന്ത്രവും. ഇതോടെ മേഖലയിൽ രാഷ്ട്രീയ അസ്വാരസ്യത ഒഴിഞ്ഞു നിൽക്കുന്ന സമയവും ഉണ്ടാകില്ലെന്ന് വ്യക്തം. അടുത്ത ദശാബ്ദം ഈ സാധ്യതയിൽ ഏഷ്യൻ രാജ്യങ്ങൾക്കു വളർച്ചയ്ക്കൊപ്പം തലവേദനയും സൃഷ്ടിക്കും.

അതേ സമയം ചൈനീസ് സമ്പദ് രംഗത്തെ കുറിച്ച് മേഖലയിലാകെ ആശങ്ക ഉണ്ടെങ്കിലും സാമ്പത്തിക മാന്ദ്യം അതിന്റെ രൂക്ഷതയിൽ ചൈനയെ ബാധിക്കില്ലെന്നാണ് സിഇബിആർ റിപ്പോർട്ട് പറയുന്നത്. മാത്രമല്ല സാമ്പത്തിക കുതിപ്പിൽ ശ്രദ്ധ നൽകിയിരുന്ന രാജ്യം അടുത്ത പത്താണ്ടു ജനങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലേക്കും കൂടുതൽ ശ്രദ്ധ നൽകുക. ലോക പദവിയിൽ മുന്നേറ്റം നടത്തുമ്പോൾ തീർച്ചയായും ഇക്കാര്യത്തിന് പ്രാധാന്യവുമുണ്ട്. ഫ്രാൻസിനെയും ബ്രിട്ടനേയും മറികടന്ന ഇന്ത്യക്കു മുന്നിൽ ജർമ്മനിയാണ് തടസമായി നിൽക്കുന്നത്.

എന്നാൽ 2026ൽ ജർമ്മനിയെ പിന്തള്ളി ഇന്ത്യ നാലാം നിരയിലേക്ക് എത്തുന്നതിനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്. ഇതോടെ ഇന്ത്യൻ, ചൈനീസ്, ജാപ്പനീസ് സമ്പദ് രംഗത്തിനു ലോകത്തിനു മേൽ ആധിപത്യ ശക്തിയായി നിലകൊള്ളാൻ കഴിയും. നിലവിലെ സാമ്പത്തിക ഞെരുക്കം മൂലം ഇന്ത്യൻ വളർച്ച രണ്ടു വർഷം പിന്നോട്ടിറങ്ങുകയാണ്. നേരത്തെ ഇന്ത്യയ്ക്കു നാലാം സ്ഥാനം കൽപിക്കപ്പെട്ടിരുന്നത് 2024ൽ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ബ്രിട്ടന് മേൽ വളരും എന്ന് കരുതിയിരുന്ന ഫ്രഞ്ച് സമ്പദ് ഘടനക്കു ബ്രക്‌സിറ്റ് നൽകിയ തിരിച്ചടി ഏറെ വലുതാണ്. പിന്നിട്ട വർഷങ്ങളിൽ തന്നെ ഫ്രാൻസ് സാമ്പത്തികമായി ബ്രിട്ടനു മേൽ വളരുമെന്ന് കരുത്തപ്പെട്ടിരുന്നെകിലും ബ്രക്‌സിറ്റ് സംഭവിക്കും എന്നായതോടെ ഫ്രഞ്ച് സമ്പദ് രംഗം ചുരുങ്ങുകയാണ്. ഇപ്പോൾ യൂറോപ്പിന്റെ ബാധ്യതകൾ ഫ്രാൻസിനും ജർമ്മനിക്കും ആയതോടെ വലിയ തോതിൽ ഉള്ള സാമ്പത്തിക ഭാരമാണ് ഇരു രാജ്യങ്ങൾക്കും സംഭവിക്കുക.

ഇത് ഫ്രാൻസിനെ ഏറെ പിന്നോട്ടടിക്കും. ഇതുകൊണ്ട് കൂടിയാണ് ബ്രക്സിറ്റ് വേണമെന്ന ആവശ്യം ആ രാജ്യത്തു സജീവമാകുന്നതും. ബ്രിട്ടീഷ് സമ്പദ് രംഗം 2034 ൽ ഫ്രാൻസിനേക്കാൾ നാലിലൊന്നു കൂടി വളർച്ച നേടി യൂറോപ്പിലെ കരുത്തരായി നിൽക്കാൻ ബ്രിട്ടന് അവസരം നൽകും എന്നതാണ്. ഇതോടെ ബ്രക്സിറ്റ് ദീർഘകാല ഭാവിയിൽ ബ്രിട്ടന് തുണയാകും എന്ന വാദം ഉന്നയിച്ചവർക്ക് ആശ്വസിക്കാൻ ഉള്ള വകകൂടി നൽകുകയാണ് സിഇബിആർ റിപ്പോർട്ട്.

മികച്ച വിദ്യാഭ്യാസം നേടിയ കുടിയേറ്റക്കാരെ ആകർഷിക്കുക വഴി കാനഡയും ഓസ്ട്രേലിയയും നേട്ടം ഉണ്ടാക്കുന്ന കാലം കൂടിയാണ് അടുത്ത ദശാബ്ദം. രണ്ടു രാജ്യങ്ങളിലും മലയാളികൾ വ്യാപകമായി കുടിയേറിക്കൊണ്ടിരിക്കുകയാണ്. ഇതോടെ മലയാളി ചെല്ലുന്നിടത്തേളം നല്ല കാലം എന്ന സ്ഥിതിയാകും. അടുത്ത പത്തു വർഷം കഴിയുമ്പോൾ ക്രമാഗതമായ സാമ്പത്തിക വളർച്ച ഉറപ്പാക്കി കാനഡ ലോക ക്രമത്തിൽ എട്ടാം സ്ഥാനത്തും ഓസ്ട്രേലിയ 13-ാം സ്ഥാനത്തും എത്തും എന്നാണ് നിഗമനം.

മലയാളി നഴ്സുമാർ കൂട്ടത്തോടെ എത്തുന്ന രണ്ടു രാജ്യങ്ങളാണ് കാനഡയും ഓസ്ട്രേലിയയും. ഓയിൽ വില തകർന്നാലും ഇന്ധന മേഖലയിലെ സുരക്ഷിതവും വൈവിധ്യവും ആയ നിക്ഷേപം വഴി റഷ്യയുടെ നിലവിലെ സ്ഥിതി കാര്യമായി തകരാറിൽ ആകില്ല എന്നതാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന പരാമർശം. നിലവിലെ പതിനൊന്നാം സ്ഥാനത്തു നിന്നും ഒരു പടി ഇറങ്ങി 12 സ്ഥാനത്തു നിൽക്കാൻ റഷ്യയും ഉണ്ടാകും, അടുത്ത പതിറ്റാണ്ടിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP