Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്തുലക്ഷം രൂപയിൽക്കൂടുതൽ പണവുമായി യാത്ര ചെയ്യുകയോ വീട്ടിൽ സൂക്ഷിക്കുകയോ ചെയ്താൽ കനത്ത പിഴയും കേസ്സും; ഒരുലക്ഷം രൂപയിൽ കൂടുതൽ കൊടുത്ത് എന്തുവാങ്ങിയാലും പാൻകാർഡ് നിർബന്ധം; കള്ളപ്പണത്തിന് തടയിടാൻ കടുത്ത നടപടികൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്രം

പത്തുലക്ഷം രൂപയിൽക്കൂടുതൽ പണവുമായി യാത്ര ചെയ്യുകയോ വീട്ടിൽ സൂക്ഷിക്കുകയോ ചെയ്താൽ കനത്ത പിഴയും കേസ്സും; ഒരുലക്ഷം രൂപയിൽ കൂടുതൽ കൊടുത്ത് എന്തുവാങ്ങിയാലും പാൻകാർഡ് നിർബന്ധം; കള്ളപ്പണത്തിന് തടയിടാൻ കടുത്ത നടപടികൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി: കള്ളപ്പണത്തെ നേരിടാൻ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാവുന്നതും കൈവശം വെക്കാവുന്നതുമായ പരമാവധി തുക 10 ലക്ഷം രൂപയായി നിജപ്പെടുത്തുന്ന കാര്യം ആദായനികുതി വകുപ്പ് ആലോചിക്കുന്നു. ഇതിന് പുറമെ, ഒരുലക്ഷം രൂപയ്ക്ക് മേലുള്ള എല്ലാ ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കുന്ന കാര്യവും ആലോചിച്ച് വരുന്നു.

യാത്രാവേളയിലോ വീട്ടിൽനിന്നോ പത്തുലക്ഷം രൂപയിൽക്കൂടുതൽ പണം കണ്ടെത്തുകയാണെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരും. ദൈനം ദിന ആവശ്യങ്ങൾക്ക് പരമാവധി ചെലവാക്കേണ്ടിവരുന്ന തുക പരിഗണിച്ചശേഷമാണ് പത്തുലക്ഷം എന്ന നിജപ്പെടുത്തിയിട്ടുള്ളതെന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനൊപ്പം, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി വൻതോതിലുള്ള പണം രാജ്യത്തിന്റെ ഒരുഭാഗത്തുനിന്ന് മറ്റൊരുഭാഗത്തേയ്ക്ക് നീങ്ങുന്നത് തടയാനും ഇത് സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.

കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്. വിദേശത്തെ ബാങ്കുകളിലുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുവരുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അവകാശപ്പെട്ടിരുന്നു. സ്വിറ്റ്‌സർലൻഡുൾപ്പെടെയുള്ള ബാങ്കുകളിലുള്ള കള്ളപ്പണനിക്ഷേപം കണ്ടെത്താൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. ഈ അന്വേഷണ സംഘമാണ് പുതിയ നിർദ്ദേശങ്ങൾ സുപ്രീംകോടതിയിൽ നൽകുന്നത്. ഇത് നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവത്തോടെ ആലോചിക്കുന്നുമുണ്ട്.

നിലവിൽ ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. വൻതോതിലുള്ള പണം കണ്ടെത്തുകയാണെങ്കിൽ, അതിന്റെ സ്രോതസ് വ്യക്തമാക്കുക മാത്രമേ വേണ്ടൂ. എന്നാൽ, പരിധി വരുന്നത് നഗരങ്ങളിലും പട്ടണങ്ങളിലും നല്ലതാണെങ്കിലും ഗ്രാമപ്രദേശങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണമെന്ന് നികുതി രംഗത്തെ വിദഗ്ദ്ധർ പറയുന്നു. മികച്ച ബാങ്കിങ് സൗകര്യങ്ങളില്ലാത്ത ഗ്രാമങ്ങളിലെ ധനാഢ്യർക്ക് ഈ പരിധി നിശ്ചയിക്കൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്നും അവർ പറയുന്നു.

ഒരുലക്ഷം രൂപയ്ക്കുമുകളിലുള്ള എല്ലാ ഇടപാടുകളിലും പാൻകാർഡ് നിർബന്ധമാക്കണമെന്നത് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിൽനിന്നുള്ള നിർദേശമാണ്. പാൻകാർഡിന് പകരം ആധാർ കാർഡുൾപ്പെടെയുള്ള മറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കച്ചവടക്കാരനും പാൻകാർഡിലെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം.

നിലവിൽ ഒരാൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി തുക നിജപ്പെടുത്തി നിയമമില്ല. കള്ളപ്പണം ഒഴുകാൻ കാരണം ഇതാണെന്ന് വിലയിരുത്തലുണ്ട്. പത്ത് ലക്ഷം രൂപ പരിധിവരുമ്പോൾ പണം ബാങ്കുകളിൽ നിക്ഷേപിക്കേണ്ടി വരും. എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന മോദി സർക്കാരിന്റെ നയവും ഈ നിയമനിർമ്മാണത്തിന് കരുത്ത് പകരുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക് കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP