Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി അധികാരത്തിൽ എത്തിയാൽ ഡോളറിന്റെ വില 40 ആവുമെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് സാക്ഷി !; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ രൂപ വീണപ്പോൾ ഒരു ഡോളർ കൊടുത്താൽ 70.73 രൂപ ലഭിക്കും; വെനിൻസുലയിലും അർജന്റീനയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് വരാതിരിക്കാൻ എങ്കിലും സർക്കാർ ഉണരുമോ? രൂപ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

മോദി അധികാരത്തിൽ എത്തിയാൽ ഡോളറിന്റെ വില 40 ആവുമെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് സാക്ഷി !; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ രൂപ വീണപ്പോൾ ഒരു ഡോളർ കൊടുത്താൽ 70.73 രൂപ ലഭിക്കും; വെനിൻസുലയിലും അർജന്റീനയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് വരാതിരിക്കാൻ എങ്കിലും സർക്കാർ ഉണരുമോ? രൂപ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മോദി സർക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാകുന്ന ഒന്നാണ് ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനേ ഇടിയുന്നത്. മോദി അധികാരത്തിലെത്തിയാൽ രൂപയുടെ മൂല്യം 40 ആവുമെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ചാ വിഷയമാകുന്നത്. വെള്ളിയാഴ്‌ച്ച രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 71 ൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചത് തന്നെ നഷ്ടത്തിലായിരുന്നു. ഇതിന് ശേഷം രൂപയുടെ മൂല്യം അൽപം വർധിച്ച് വന്നിരുന്നുവെങ്കിലും വിപണിയിൽ നേരിടുന്ന നഷ്ടം തുടരുമെന്നാണ് നിഗമനം. വൻകിട എണ്ണക്കമ്പനികളും പൊതു മേഖലാ ബാങ്കുകളും അടുത്തിടെ വൻ തോതിൽ ഡോളർ വാങ്ങിക്കൂട്ടിയിരുന്നു. ഇതാണ് രൂപയ്ക്ക് വൻ തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം ഇനി ഘട്ടംഘട്ടമായേ പലിശനിരക്ക് ഉയർത്തൂ എന്ന് പ്രഖ്യാപിച്ചതിനാൽ ആഗോളതലത്തിൽ ഡോളറിന്റെ അപ്രമാദിത്തം കുറഞ്ഞിരുന്നു. എന്നാൽ, ക്രൂഡോയിൽ വില വീണ്ടും ഉയരുന്നതാണ് ഇന്ത്യയിൽ ഡോളറിന്റെ ഡിമാൻഡ് കൂടാനും രൂപയുടെ മൂല്യം താഴാനും കാരണം. ക്രൂഡോയിൽ വാങ്ങൽ നടപടികൾ ഡോളറിലായതിനാലാണ്, എണ്ണക്കമ്പനികളും മറ്റും രൂപയെ വൻതോതിൽ കൈയൊഴിയുന്നത്.

അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിനാൽ ഇറാനിൽ നിന്ന് രാജ്യാന്തര വിപണിയിലേക്ക് എത്തുന്ന ക്രൂഡോയിലിന്റെ അളവ് കുറയും. ഈ ഭീതിമൂലം ക്രൂഡോയിൽ വില അനുദിനം കൂടുകയാണ്. ഇന്നലെ ബാരലിന് 69.86 ഡോളറിൽ നിന്ന് വില 70.08 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 77.45 ഡോളറായും ഉയർന്നു. ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക് വീണതും രൂപയെ തളർത്തുന്നുണ്ട്. രണ്ടുനാൾ മുമ്പ് റെക്കാഡ് ഉയരം കുറിച്ച സെൻസെക്‌സ് ഇന്നലെ 32 പോയിന്റും നിഫ്റ്റി 15 പോയിന്റും നഷ്ടം രേഖപ്പെടുത്തി. വിദേശ നിക്ഷേപകർ ഇന്നലെ മാത്രം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 1,500 കോടിയോളം രൂപയുടെ നിക്ഷേപം പിൻവലിച്ചതും രൂപയെ തളർത്തി.

എന്നാൽ രൂപയുടെ മൂല്യം ഇടിഞ്ഞത് ചില മേഖലകളിൽ നേട്ടം സൃഷ്ടിക്കുന്നുണ്ട്. കയറ്റുമതി ബിസിനസ് നടത്തുന്നവർക്കും പ്രവാസികൾക്കും അനേരിക്കയിൽ നിന്നും വരുമാനം നേടുന്ന കമ്പനികൾക്കും ഇപ്പോഴത്തെ അവസ്ഥ ലാഭം നൽകും. എന്നാൽ വിദേശ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ആവശ്യമായ ചെലവ് വർധിക്കുമെന്നതിനാൽ രൂപയുടെ മൂല്യമിടിഞ്ഞത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാകും. മാത്രമല്ല പെട്രോൾ, ഡീസൽ, സ്വർണം, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വില ഉയരും.വിദേശ യാത്രയ്ക്കും വിദേശത്തെ പഠനത്തിനും ചെലവേറുമെന്നുമാണ് വിലയിരുത്തൽ. രൂപയുടെ മൂല്യമിടിഞ്ഞത് ബിജെപി സർക്കാരിനും വൻ തിരിച്ചടിയാണ്. മോദി അധികാരത്തിൽ വരികയാണെങ്കിൽ രൂപയുടെ മൂല്യം 40 ആകുമെന്ന് ശ്രീ ശ്രീ രവിശങ്കർ പോസ്റ്റിട്ടതാണ് ഏറെ ചർച്ചകൾക്ക് വഴിവച്ചത്.

ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ്

 

വിനിമയ നിരക്കും മൂല്യം ഇടിയുന്ന അവസ്ഥയും, അറിയേണ്ടതിവ

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ നാണയവുമായി ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത് ആ നിരക്കിനെയാണ് വിനിമയ നിരക്കെന്ന് പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു നാണയത്തിന്റെ വില മറ്റൊരു നാണയത്തിൽ പ്രകടിപ്പിക്കുന്നതാണ് വിനിമയ നിരക്ക്.വിദേശനാണയത്തിൽ ഒരു യൂണിറ്റ് ലഭിക്കാൻ ആഭ്യന്തര നാണയത്തിന്റെ എത്ര യൂണിറ്റുകൾ നൽകണമെന്നതാണ് വിനിമയനിരക്ക് കൊണ്ട് സാധാരണ അർത്ഥമാക്കുന്നത്. പ്രധാനമായും രണ്ടു തരത്തിലുള്ള വിനിമയ നിരക്കുകളാണുള്ളത്. സ്ഥിര വിനിമയ നിരക്കും (Fixed Exchange Rate), അസ്ഥിര വിനിമയ നിരക്കും (Flexible Exchange Rate). ഇതിനു പുറമെ, നിയന്ത്രിത അസ്ഥിര വിനിമയ നിരക്ക് എന്ന സംവിധാനവുമുണ്ട്.

ഇതിൽ ആദ്യത്തെ സംവിധാനത്തിൽ ഒരു രാജ്യത്തെ കേന്ദ്രബാങ്ക് സ്വർണത്തിന്റെയോ മറ്റു നാണയത്തിന്റെയോ അടിസ്ഥാനത്തിൽ വിനിമയ നിരക്ക് തീരുമാനിക്കുന്നു. കേന്ദ്രബാങ്കിന്റെ നിർദ്ദേശപ്രകാരം മാത്രമേ തുല്യതാ മൂല്യത്തിൽ (Parity Value) മാറ്റം വരുത്താൻ പാടുള്ളൂ. സ്ഥിരവിനിമയ നിരക്കിൽ മൂന്ന് പ്രധാന ഗുണങ്ങളാണുള്ളത്: ഇടപാടുകളിലെ അനിശ്ചിതത്വവും അപകട സാധ്യതയും തടയാൻ കഴിയുമെന്നതിനാൽ ലോക വ്യാപാര വികസനത്തിന് ഇത് കൂടുതൽ സഹായകമാവുന്നു.പരസ്പരം ആശ്രയിച്ചുള്ള ലോക സമ്പദ്ഘടനയിൽ രാജ്യങ്ങളുടെ സ്ഥൂല സാമ്പത്തിക നയങ്ങളുടെ ഏകീകരണത്തിന് വഴിയൊരുക്കുന്നു.കാര്യമായ സാമ്പത്തിക കുഴപ്പങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നു.

രണ്ടാമത്തെ സംവിധാനത്തിൽ കേന്ദ്രബാങ്കിന്റെ ഇടപെടലുകൾ ഇല്ലാതെ ചോദന (Demand), പ്രദാന (Supply) ശക്തികളുടെ പ്രവർത്തനഫലമായാണ് നിരക്കുകൾ തീരുമാനിക്കപ്പെടുന്നത്. ഏതു ബിന്ദുവിൽ വച്ചാണോ വിദേശവിനിമയത്തിന്റെ ചോദനവും പ്രദാനവും സമതുലനത്തിൽ (Equilibrium) എത്തുന്നത് ആ ബിന്ദുവിൽ വച്ച് വിനിമയ നിരക്ക് തീരുമാനിക്കുന്നു. ചോദന - പ്രദാനങ്ങളിലുണ്ടാവുന്ന മാറ്റം വിനിമയ നിരക്കിനെയും ബാധിക്കുന്നു.ഇന്ത്യയിൽ ഡോളറിന്റെ ചോദനം ഉയരുകയും പ്രദാനം മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ഡോളറിന്റെ വിനിമയ നിരക്ക് രൂപയ്‌ക്കെതിരേ ഉയരുകയും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. നേരെ മറിച്ച് ഡോളറിന്റെ പ്രദാനം കൂടുകയും അതിന്റെ ചോദനം മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ഡോളറിന്റെ വിനിമയ നിരക്ക് താഴുകയും മൂല്യം കുറയുകയും ചെയ്യുന്നു. അതേസമയം ഇന്ത്യൻ രൂപയുടെ മൂല്യവും വിനിമയ നിരക്കും ഉയരുന്നു. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഗണ്യമായി ഉയരുമ്പോൾ രൂപയുടെ വിനിമയ മൂല്യം ഉയരുന്നു.

മൂന്നാമത്തെ നിയന്ത്രിത അസ്ഥിര സംവിധാനത്തിൽ രണ്ടാമത്തെ സംവിധാനത്തെപ്പോലെ കമ്പോളശക്തികളായ ചോദനത്തിന്റെയും പ്രദാനത്തിന്റെയും പ്രവർത്തനഫലമായിട്ടാണ് വിനിമയനിരക്ക് തീരുമാനിക്കപ്പെടുന്നത്. എന്നാൽ, വിനിമയമൂല്യത്തിൽ വലിയ ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ കേന്ദ്രബാങ്ക് വിദേശ വിനിമയ കമ്പോളത്തിൽ ഇടപെട്ട് ചാഞ്ചാട്ടത്തിൽ കുറവു വരുത്താൻ ശ്രമിക്കും. ഇന്ത്യയിൽ ഇപ്പോൾ പിന്തുടരുന്നത് നിയന്ത്രിത അസ്ഥിര വിനിമയ നിരക്ക് സംവിധാനമാണ്. അടിസ്ഥാനപരമായി കമ്പോളശക്തികളാണ് (ഡിമാൻഡ്, സപ്ലൈ) വിനിമയ നിരക്ക് തീരുമാനിക്കുന്നത്. വിനിമയ നിരക്ക് കൂടുമ്പോൾ രൂപയുടെ മൂല്യം കൂടുകയും കുറയുമ്പോൾ മൂല്യം ഇടിയുകയും ചെയ്യുന്നു.

ഇന്ത്യയിലേക്ക് വൻതോതിൽ വിദേശനിക്ഷേപം ഒഴുകിയെത്തിയതാണ് രൂപയുടെ മൂല്യം ഉയരുന്നതിന് കാരണമാകുന്നത്. വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുമ്പോൾ നിരക്ക് ഇടിയുകയും ചെയ്യുന്നു. വിദേശ കറൻസി വ്യാപാരം നടത്തുന്ന കമ്പോളത്തെയാണ് വിദേശവിനിമയ വിപണിയെന്നു പറയുന്നത്. ഇവിടെ രജിസ്റ്റർ ചെയ്ത ഡീലർമാർക്ക് മാത്രമേ വിദേശ കറൻസികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അനുമതിയുള്ളൂ. വ്യക്തികൾക്ക് നേരിട്ട് വിദേശ കറൻസി കൈകാര്യം ചെയ്യുന്നതിന് അധികാരമില്ലാത്തതിനാൽ ഇന്ത്യയിൽ തിരഞ്ഞെടുത്ത ബാങ്കുകളാണ് ഡീലർമാരായി പ്രവർത്തിക്കുന്നത്. ഇറക്കുമതിക്കാർ ബാങ്കുകളിൽ നിന്ന് വിദേശകറൻസി വാങ്ങുമ്പോൾ കയറ്റുമതിക്കാർ ബാങ്കുകൾക്ക് വിദേശ പണം നൽകുന്നു. മധ്യവർത്തികളുടെ ജോലി വഴി ബാങ്കുകൾ ലാഭം നേടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP