Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുടർച്ചയായ 42ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടി; രൂപയുടെ മൂല്യം സർവ്വപരിധികളും വിട്ടു താഴോട്ട്; ഇതുവരെ പിടിച്ചു നിന്ന വിപണിക്കും ആത്മവിശ്വാസം നഷ്ടമായി; സാധാരണക്കാരനും സമ്പന്നനും ഒരേപോലെ ദുരിതം വിതച്ചു ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഭീതിതമായ തകർച്ചയിലേക്ക്; താൽക്കാലിക പ്രതിഭാസം എന്നു പറഞ്ഞു കൈയും കെട്ടി സർക്കാർ നോക്കി നിൽക്കുന്നു; അച്ഛേ ദിന്നിന് ഇറങ്ങിയ മോദി നാലു കൊല്ലം കൊണ്ട് ഇന്ത്യയെ തേച്ചൊട്ടിച്ചത് ഇങ്ങനെ

തുടർച്ചയായ 42ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടി; രൂപയുടെ മൂല്യം സർവ്വപരിധികളും വിട്ടു താഴോട്ട്; ഇതുവരെ പിടിച്ചു നിന്ന വിപണിക്കും ആത്മവിശ്വാസം നഷ്ടമായി; സാധാരണക്കാരനും സമ്പന്നനും ഒരേപോലെ ദുരിതം വിതച്ചു ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഭീതിതമായ തകർച്ചയിലേക്ക്; താൽക്കാലിക പ്രതിഭാസം എന്നു പറഞ്ഞു കൈയും കെട്ടി സർക്കാർ നോക്കി നിൽക്കുന്നു; അച്ഛേ ദിന്നിന് ഇറങ്ങിയ മോദി നാലു കൊല്ലം കൊണ്ട് ഇന്ത്യയെ തേച്ചൊട്ടിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജനജീവിതം എല്ലാ വിധത്തിലും ദുസ്സഹമാക്കി കൊണ്ട് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധനവ് തുടരുകയാണ്. രൂപയുടെ മൂല്യം സർവകാല തകർച്ച നേരിടുന്നതിനൊപ്പമാണ് ഇന്ധന വിലയും റെക്കോർഡിലെത്തുന്നത്. 2014ൽ ക്രൂഡ് ഓയിൽ വിലവർദ്ധനവിന് പിന്നാലെ വില 80 കടന്നിരന്നെങ്കിലും അത് വേഗം കുറയുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടാഴ്‌ച്ചക്കടുത്തായി 80 രൂപയ്ക്ക് മകളിലാണ് പെട്രോൾ വില. തുടർച്ചയായി വില ഉയരുന്ന സാഹചര്യം ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുകയാണ്. കേന്ദ്രസർക്കാറിനെതിരായ വികരമായി ഈ രണ്ട് കാര്യങ്ങളും മാറിയിട്ടുണ്ട്.

തുടർച്ചയായ 42 ാം ദിവസവുമാണ് ഇന്ധന വില വർദ്ധിക്കുന്നത്. അച്ഛേദിൻ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാറിന്റെ കീഴിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു എന്ന നിലയാണ് ഇപ്പോഴുള്ളത്. രൂപയുടെ ഇടിവു എണ്ണവില വർദ്ധനവും കൂടിയായപ്പോൾ ഓഹരി വിപണിയെയും ഇത് ബാധിച്ചു തുടങ്ങി. രൂപയുടെ വില റെക്കോർഡ് ഇടിവോടെ 72.67 വരെയെത്തി നിൽക്കുന്ന അവസ്ഥയാണ്. ഇതോടെ ബോംബെ ഓഹരിസൂചികയിൽ 467.65 പോയിന്റിന്റെയും നിഫ്റ്റി 151 പോയിന്റിന്റെയും തകർച്ചയും നേരിട്ടു. വിലയിടിവ് തടയാൻ യാതൊരു നടപടിയും റിസർവ് ബാങ്കോ ഇന്ത്യൻ ഗവൺമെന്റോ ചെയ്യുന്നില്ല. ഈ നിലയ്ക്ക് മുമ്പോട്ടു പോയാൽ രാജ്യത്തെ വ്യവസായ രംഗം ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങും.

ബന്ദ് ദിനത്തിലും വില ഉയർത്തി എണ്ണക്കമ്പനികളുടെ വെല്ലുവിളി

ഇന്ധനവിലവർധനയുടെ പേരിൽ രാജ്യമെങ്ങും പ്രതിപക്ഷം ബന്ദ് നടത്തി പ്രതിഷേധിച്ച ദിവസം പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂട്ടിയാണ് എണ്ണക്കമ്പനികൾ ജനങ്ങളെ പരിഹസിച്ചത്. ഇന്നലെ വീണ്ടും 15 പൈസ വീതം വർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോൾ വില ലീറ്ററിന് 82.95 രൂപയിലെത്തി. ഡീസലിന് 76.95 രൂപയും. മഹാരാഷ്ട്രയിൽ മറാഠ്വാഡ മേഖലയിൽ വില 90 രൂപ കടന്നു. മേഖലയിലെ പർഭണിയിൽ ഇന്നത്തെ വില 90.12 രൂപ. ആന്ധ്രപ്രദേശ് പെട്രോൾ, ഡീസൽ വില ലീറ്ററിന് രണ്ടുരൂപ കുറച്ചതും വില കുറയ്ക്കുന്നതു പരിഗണിക്കുമെന്നു കർണാടക വ്യക്തമാക്കിയതും മാത്രം ദേശീയ തലത്തിലെ ആശ്വാസവാർത്ത.

വെള്ളിയാഴ്ച നില അൽപം മെച്ചപ്പെടുത്തിയിരുന്ന രൂപയ്ക്ക് ഇന്നലെ രാവിലെ തന്നെ ഇടിവായിരുന്നു. ഡോളറിന് 72.18 രൂപ എന്ന തോതിൽ വ്യാപാരം തുടങ്ങിയ ശേഷം 72.67 വരെ താണതോടെ റിസർവ് ബാങ്ക് ഇടപെട്ടു. അൽപം മെച്ചപ്പെട്ട് 72.45ലാണു വ്യാപാരം അവസാനിപ്പിച്ചത്. ഓഗസ്റ്റ് 13നു ശേഷം ഒരു ദിവസം രൂപ ഇത്രയധികം താഴുന്നത് ആദ്യം. രൂപയുടെ മൂല്യത്തിൽ ഈ വർഷത്തെ ഇടിവ് 13 %. പ്രവാസികൾക്കും ഐടി ഉൾപ്പെടെ കയറ്റുമതി മേഖലയ്ക്കും മാത്രം നല്ല വാർത്ത. എങ്കിലും രൂപയുടെ വിലയിലെ വ്യതിയാനം ബിസിനസ് സാധ്യത കുറയ്ക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

രൂപയുടെ ഇടിവിന് കാരണം ചൈന യുഎസ് വ്യാപാര യുദ്ധവും

രൂപയുടെ തകർച്ചയാണ് ഓഹരി വിപണിക്കും തിരിച്ചടിയായത്. സെൻസെക്‌സ് 1.22 % കുറഞ്ഞു മൂന്നാഴ്ചത്തെ താഴ്ന്ന നിലവാരമായ 37,922.17ൽ എത്തി. നഷ്ടം 467.65 പോയിന്റ്. മാർച്ച് 16നു ശേഷം ഒരു ദിവസത്തെ ഏറ്റവും കനത്ത ഇടിവ്. നിക്ഷേപകരുടെ ആസ്തിയിലുണ്ടായ നഷ്ടം 1.96 ലക്ഷം കോടി രൂപ. നിഫ്റ്റി 151 പോയിന്റ് കുറഞ്ഞ് 11,438.10 ആയി. യുഎസ്‌ചൈന വ്യാപാരയുദ്ധം പുതിയ തലത്തിലെത്തുമെന്ന ആശങ്കയിലാണ് ആഗോള വിപണികൾ. ക്രൂഡോയിൽ വിലക്കയറ്റവും തകർച്ചയ്ക്ക് ആക്കംകൂട്ടി. ഏഷ്യൻ, യൂറോപ്യൻ വിപണികളും മാന്ദ്യത്തെ നേരിട്ടു.

രൂപയുടെ ഇടിവിന് കാരണമാകുന്നത് ആഗോള കാരണങ്ങളാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ അധപ്പതിച്ച അവസ്ഥയാണ് നിലനിൽക്കുന്നത്. ചൈന - യുഎസ് വ്യാപാര യുദ്ധം ഡോളറിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഡോളർ ബലപ്പെടുന്നത്. ട്രംപിന്റ കർക്കശ നിലപാടുകൾ ഡോളറിന്റെ ശക്തിയാർജ്ജിക്കലിന് കാരണമായിട്ടുണ്ട്. ഏപ്രിൽജൂൺ കാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 1580 കോടി ഡോളറിലെത്തിയിട്ടുണ്ട്. എണ്ണക്കമ്പനികൾ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടാൻ വേണ്ടി രൂപ വിറ്റഴിച്ചു. ഇതും വിലയിടിവിന് വഴിവെച്ചിട്ടുണ്ട്. യുഎസ് പലിശ നിരക്ക് ഉയർത്തിയതോടെ ഡോളറിലുള്ള നിക്ഷേപം ആകർഷകമായി.

കഴിഞ്ഞദിവസം റിസർവ് ബാങ്കിന്റെ ഇടപെടലിലൂടെ രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു. ഡോളറുമായുള്ള മത്സരത്തിൽ ഒരാഴ്ചയിലേറെയായി ഡോളറിന്റെ മൂല്യം മുന്നിലാണ്. ഒരു ഡോളർ വാങ്ങണമെങ്കിൽ ഇപ്പോൾ 72.62 രൂപ നൽകേണ്ട അവസ്ഥയായി. രൂപയുടെ വില കുറയാനുള്ള കാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് എണ്ണയുടെ വിലക്കയറ്റമാണ്. ലോകവ്യാപാരവിപണിയിൽ ഏറ്റവും അധികം തകർച്ച നേരിട്ട കറൻസിയും ഇന്ത്യയുടേതാണ്. ഡോളറിന് ഇനിയും വില ഉയരുമെന്ന അവസ്ഥയിൽ ഇറക്കുമതിക്കാർ ഡോളറുകൾ കൂടുതലായി കരുതിവയ്ക്കുന്നതും ഡോളറിന്റെ വില കയറാനും രൂപയുടെ വില ഇടിയാനുമുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഇന്ധന വിലവർധനയ്ക്കു പിന്നിൽ രാജ്യാന്തര കാരണങ്ങളാണെന്നു ബിജെപി. ഇന്നലത്തെ ബന്ദിനെയും തള്ളിക്കളയുടകാണ് ബിജെപി ചെയ്തത്. പാർട്ടികൾ നടത്തിയ ഭാരത് ബന്ദ് ജനങ്ങൾ തള്ളിക്കളഞ്ഞെന്നു മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ജനങ്ങൾക്കു താൽക്കാലിക ബുദ്ധിമുട്ടുണ്ടെന്നതു ശരി. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാണു വിലക്കയറ്റത്തിനു പിന്നിലെന്ന് അവർക്കു ബോധ്യമുണ്ട്. ബന്ദ് നടത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമം. ബിഹാറിൽ ആംബുലൻസ് തടഞ്ഞതു കാരണം മൂന്നു വയസ്സുള്ള കുഞ്ഞു മരിച്ചു. അതിന്റെ ഉത്തരവാദിത്തം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഏറ്റെടുക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

വായ്‌പ്പാ തിരിച്ചടവിൽ വന്നത് 70,000 കോടിയുടെ അധിക ബാധ്യത

രൂപയുടെ മൂല്യം തടയാൻ വേണ്ടി കേന്ദ്രം നടപടികളൊന്നും കൈക്കൊള്ളാതിരിക്കുന്ന അവസ്ഥായാണ്. ഇതോടെ ഇന്ത്യയുടെ വിദേശ വായ്‌പ്പാ തിരിച്ചടവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. രൂപയുടെ മൂല്യശോഷണം കാരണം ഹ്രസ്വകാല വിദേശവായ്പകളുടെ തിരിച്ചടവിൽമാത്രം ഇന്ത്യക്ക് വരും മാസങ്ങളിൽ 70,000 കോടി രൂപയുടെ അധികബാധ്യത വരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണവിഭാഗം കണക്കാക്കുന്നു.

ഇന്ത്യൻകമ്പനികളുടെ വിദേശവായ്പയും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപവും ചേർന്ന് തിരിച്ചടയ്‌ക്കേണ്ട തുക ഏതാണ്ട് 21,760 കോടി ഡോളർ വരുമെന്നാണ് 2017-ലെ കണക്ക്. ഇതിൽ 2018-ന്റെ രണ്ടാംപകുതിയിൽ തിരിച്ചടയ്‌ക്കേണ്ട തുക ഏതാണ്ട് 7.1 ലക്ഷം കോടി രൂപയായിരുന്നു. ഡോളറിന്റെ വിനിമയനിരക്ക് 65.1 രൂപയാണെന്ന് കണക്കാക്കിയാലുള്ള തുകയാണിത്.

ഡോളറിന്റെ വില 71.4 രൂപയാകുമ്പോൾ തിരിച്ചടയ്‌ക്കേണ്ട തുക 7.8 ലക്ഷം കോടി രൂപയായി ഉയരുമെന്ന് എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അതായത് 70,000 കോടി രൂപയുടെ അധികബാധ്യത. ഇതിനുപുറമേ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിത്തുകയിൽ 45,700 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP