Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർമ്മലാ സീതാരമന്റെ നയതന്ത്രം ഫലിച്ചു; മോദി സർക്കാരിന് കോളടിച്ചു: സാമ്പത്തിക ഉത്തേജക നടപടികൾക്ക് ആശ്വാസവുമായി റിസർവ് ബാങ്കും; ഈ സാമ്പത്തിക വർഷം കരുതൽ ധന ശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് ആർബിഐ കൈമാറുക 1.76 ലക്ഷം കോടി രൂപ; കേന്ദ്ര ബാങ്ക് അംഗീകരിക്കുന്നത് കരുതൽ ധന ശേഖരം മൂന്ന് മുതൽ അഞ്ച് വർഷം കൊണ്ട് സർക്കാരിന് കൈമാറണമെന്ന ശുപാർശ; റിസർവ്വ് ആയി കരുതുന്ന ഒൻപത് ലക്ഷം കോടി രൂപയും ഖജനാവിലേക്ക്; സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ പുതുമാർഗ്ഗം  

നിർമ്മലാ സീതാരമന്റെ നയതന്ത്രം ഫലിച്ചു; മോദി സർക്കാരിന് കോളടിച്ചു: സാമ്പത്തിക ഉത്തേജക നടപടികൾക്ക് ആശ്വാസവുമായി റിസർവ് ബാങ്കും; ഈ സാമ്പത്തിക വർഷം കരുതൽ ധന ശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് ആർബിഐ കൈമാറുക 1.76 ലക്ഷം കോടി രൂപ; കേന്ദ്ര ബാങ്ക് അംഗീകരിക്കുന്നത് കരുതൽ ധന ശേഖരം മൂന്ന് മുതൽ അഞ്ച് വർഷം കൊണ്ട് സർക്കാരിന് കൈമാറണമെന്ന ശുപാർശ; റിസർവ്വ് ആയി കരുതുന്ന ഒൻപത് ലക്ഷം കോടി രൂപയും ഖജനാവിലേക്ക്; സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ പുതുമാർഗ്ഗം   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സർക്കാരിന്റെ സാമ്പത്തിക ഉത്തേജക നടപടികൾക്ക് ആശ്വാസവുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറും. ബിമൽ ജലാൻ സമിതി നിർദ്ദേശം ആർബിഐ സെൻട്രൽ ബോർഡ് അംഗീകരിച്ചു. ഇതോടെ മാർച്ചിനകം കേന്ദ്രസർക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക റിസർവ് ബാങ്കിൽ നിന്ന് ലഭിക്കും. ആർബിഐയുടെ അധിക കരുതൽ ധനശേഖരം കേന്ദ്ര സർക്കാരിന് ഘട്ടംഘട്ടമായി 3-5 വർഷം കൊണ്ട് കൈമാറണമെന്നാണ് ബിമൽ ജലാൽ സമിതിയുടെ റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക മൂലധന ഘടന വിലയിരുത്താൻ നിയമിച്ച ആറംഗ സമിതിയാണ് ഇത്. കരുതൽ ധനം കൈമാറുന്നതിൽ നേരത്തെ ഗവർണറായിരുന്ന ഊർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

കേന്ദ്ര ബാങ്കിന് ഒൻപത് ലക്ഷം കോടി രൂപയോളം അധിക മൂലധന ശേഖരമുണ്ടെന്നാണ് കണക്ക്. അധിക കരുതൽ ധനം സർക്കാരിന് ലഭ്യമാകുന്നതോടെ പൊതുഖജനാവിലേക്ക് പണമെത്തുകയും ഇത് ധനകമ്മി ലക്ഷ്യങ്ങൾ നിറവേറ്റാൻ സർക്കാരിനെ സഹായിക്കുകയും ചെയ്യും. നടപ്പു സാമ്പത്തിക വർഷം 3.3 ശതമാനമാണ് സർക്കാരിന്റെ ധനകമ്മി ലക്ഷ്യമിടൽ. കരുതൽ ധനശേഖരത്തിനു പുറമെ റിസർവ് ബാങ്കിൽ നിന്ന് ഈ സാമ്പത്തിക വർഷം 90,000 കോടിയുടെ ലാഭവിഹിതവും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. മുൻ സാമ്പത്തിക വർഷം ലാഭവിഹിതമായി 68,000 കോടി രൂപയാണ് ആർബിഐ കൈമാറിയിരുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഇടപെടലുകളും സർക്കാരിന് അനുകൂല തീരുമാനം എടുക്കാൻ ആർബിഐയെ പ്രേരിപ്പിച്ചിരുന്നു. ഇതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും കരുത്ത് കാട്ടുമെന്നണ് സൂചന. അടിസ്ഥാന വികസനത്തിനും തൊഴിലില്ലായ്മ ഇല്ലായ്മ ചെയ്യാനും മോദി സർക്കാരിന് പദ്ധതികൾ കൂടുതലായി ആവിഷ്‌കരിക്കാൻ കഴിയും.

മൊത്തം ആസ്തിയുടെ 28 ശതമാനമാണ് ആർബിഐയുടെ കരുതൽ ധനശേഖര അനുപാതം. ഇത് 14 ശതമാനമെന്ന ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്നും അതിനാൽ അധികമുള്ള തുക സർക്കാരിന് നൽകണമെന്നുമാണ്് ധനകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം. ആർബിഐ നിലനിർത്തേണ്ട അധിക കരുതൽ ധനശേഖരാനുപാതം സംബന്ധിച്ച് ഇതിനു മുൻപ് വി സുബ്രഹ്മണ്യം (1997), ഉഷ തോറാത്ത് (2004), വൈ എച്ച് മാലേഗം (2013) എന്നീ മൂന്നു സമിതികൾ പഠനം നടത്തിയിട്ടുണ്ട്. ഇതിൽ സുബ്രഹ്മണ്യം സമിതി 12 ഉം തോറാത്ത് സമിതി 18 ശതമാനവും കരുതൽ ശേഖരമാണ് ശുപാർശ ചെയ്തത്. തോറാത്ത് സമിതിയുടെ ശുപാർശകൾ അംഗീകരിക്കാത്ത ആർബിഐ ബോർഡ് സുബ്രഹ്മണ്യം സമിതിയുടെ നിർദ്ദേശങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നു.

രാജ്യത്തെ സമ്പദ്വ്യവസ്ഥ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി സമീപഭാവിയിൽ സംഭവിച്ചേയ്ക്കാവുന്ന സാമ്പത്തികമാന്ദ്യത്തിന്റെ സൂചനയെന്ന് സാമ്പത്തിക വിദഗ്ദ്ധർ. 2006ലെ ആഗോളസാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച ഇന്ത്യയ്ക്ക് ഇത്തവണ അതിന് സാധ്യമാകുമോ എന്ന ചർച്ചയും സജീവമാണ്. തന്ത്രപ്രധാനമായ മേഖലകളിലെല്ലാം തുടർച്ചയായ ഓരോ പാദത്തിലും തളർച്ചയാണ് നേരിടുന്നത്. കാറുകൾ, ഇരുചക്രവാഹനങ്ങൾ, ട്രാക്ടറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു. ട്രാക്ടറുകളുടെ വിൽപ്പനയിലുണ്ടായ കുറവ് കാർഷിക മേഖലയിലെ പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്. തൊഴിൽ മേഖലയിലെ പ്രതിസന്ധിയാണ് ഏറ്റവും രൂക്ഷമായി തുടരുന്നത്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നും പണം കിട്ടുന്നത് മോദി സർക്കാരിന് പുതിയ ഊർജ്ജമാകും. കരുതൽ ധനശേഖരത്തിന്റെ സിംഹഭാഗവും ഉപയോഗിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് നൽകാനാണ് മോദി സർക്കാരിന്റെ നീക്കം.

ആർബിഐക്ക് മൂന്ന് ട്രില്യൺ കരുതൽ ധനത്തിന്റെ ആസ്തിയുണ്ടെന്നായിരുന്നു ബിമൽ ജലാൽ സമിതിയുടെ കണ്ടെത്തൽ. ജിഡിപി നിരക്ക് 1.5 ശതമാനത്തിന്റെ കരുതൽധന വർധനവാണ് ആർബിഐക്കുള്ളത്. ആർബിഐയുടെ കരുതൽ ധനത്തിന്റെ പങ്ക് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നൽകണമെന്നാണ് സർക്കാറിന്റെ പക്ഷം. ആർബിഐയുടെ അധിക കരുതൽ മൂലവധനം ബജറ്റ് ലക്ഷ്യങ്ങൾക്കുള്ളതാണെന്നാണ് സർക്കാർ പറയുന്നത്. അതേസമയം കുറഞ്ഞ മൂലധന ക്രമം സ്വീകരിക്കണമെന്ന വാദമാണ് സാമ്പത്തിക വിദഗ്ദ്ധർ മുന്നോട്ട് വച്ചത്്. ഈ സാഹചര്യത്തിൽ മൂലധനക്രമം 6.25 ശതമാനത്തിൽ നിന്ന് 3.25 ശതമാനമായി കുറക്കാൻ സാധിക്കാൻ പറ്റിയാൽ കേന്ദ്ര ബാങ്കിന് കരുതൽ ധനം 1.3 ട്രില്യൺ അധിക ആസ്തി ഉണ്ടാക്കാൻ പറ്റുമെന്നാണ് വിലയിരുത്തൽ.

ലാഭത്തിൽനിന്ന് 50,000 കോടി രൂപ റിസർവ് ബാങ്ക് മുമ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. ഇതിനുപുറമേ കരുതൽധനത്തിൽനിന്ന് കൂടുതൽ പണം നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുള്ള ആവശ്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചതുകൊണ്ടാണ് ഉർജിത് പട്ടേലിന് ആർ.ബി.ഐ. ഗവർണർസ്ഥാനം രാജിവെക്കേണ്ടിവന്നത്. പിന്നീട് ശക്തികാന്ത ദാസ് പുതിയ ഗവർണറായി സ്ഥാനമേറ്റതോടെയാണ് പണത്തിനായുള്ള സമ്മർദം കേന്ദ്രം ശക്തിപ്പെടുത്തിയത്. റിസർവ് ബാങ്ക് നിയമത്തിന്റെ 47-ാം വകുപ്പിൽ ലാഭത്തിന്റെ ഒരു വിഹിതമാണ് ഓരോ വർഷവും കേന്ദ്രസർക്കാരിന് കൈമാറാൻ നിഷ്‌കർഷിക്കുന്നത്. എന്നാൽ, ചെലവുകഴിച്ചുള്ള മുഴുവൻ മിച്ചവും കേന്ദ്രത്തിന് നൽകുകയാണ് പൊതുവേ ആർ.ബി.ഐ. ചെയ്യുന്നത്.

നോട്ടുനിരോധനം കാരണമുള്ള അധികച്ചെലവുകാരണം ലാഭം കുറഞ്ഞതുകൊണ്ട് 2016-17 സാമ്പത്തികവർഷത്തെ ലാഭവിഹിതമായി 30,659 കോടി രൂപയേ നൽകിയിട്ടുള്ളൂ. 2018-19 സാമ്പത്തികവർഷത്തെ ലാഭവിഹിതമായാണ് 50,000 രൂപ നൽകിയത്. ചരക്ക്-സേവന നികുതിയിൽനിന്നുള്ള വരുമാനം ലക്ഷ്യത്തിലും താഴെപ്പോയതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിവിൽപ്പനയിൽനിന്ന് ഉദ്ദേശിച്ച തുക കിട്ടാത്തതുമാണ് കൂടുതൽ പണത്തിന് ആർ.ബി.ഐ.യെ സമീപിക്കാൻ കേന്ദ്രത്തെ നിർബന്ധിതരാക്കിയത്. രാജ്യത്തെ പാവപ്പെട്ടവർക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. കർഷകർക്ക് ഭൂവിസ്തൃതിയനുസരിച്ച് സഹായധനം നൽകാനും ആലോചനയുണ്ട്. ഇവ നടപ്പാക്കണമെങ്കിൽ ആർ.ബി.ഐ.യിൽനിന്ന് പണം കിട്ടിയേ തീരൂവെന്ന് തെരഞ്ഞെടുപ്പിന് മുമ്പും ആർബിഐയോടെ കേന്ദ്രം നിർദ്ദേശം വച്ചിരുന്നു.

ശക്തികാന്ത ദാസ് ഗവർണറായതോടെ കേന്ദ്രനിർദ്ദേശത്തിന് ആർ.ബി.ഐ. ഉടൻ വഴങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, മിച്ചധനം ചെലവഴിക്കുന്ന കാര്യത്തിൽ മാർഗരേഖ ആവിഷ്‌കരിക്കുന്നതിന് സമിതിയെ നിയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. മുൻ ആർ.ബി.ഐ. ഗവർണർ ബിമൽ ജലാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇങ്ങനെയാണ് രൂപം കൊണ്ടത്. ഈ സമിതിയും പണം കൈമാറാനായിരുന്നു ശുപാർശ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP