Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് ജില്ലാ ബാങ്കുകളിൽ സീറോ ബാലൻസ് മിറർ അക്കൗണ്ട് നൽകും; നിക്ഷേപങ്ങൾ ജില്ല ബാങ്കുകളിലേക്ക് മാറ്റി പണം പിൻവലിക്കാം; റിസർവ്വ് ബാങ്കിന്റെ നിയന്ത്രണം മാറി കടക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമം വിജയിക്കണമെങ്കിൽ റിസർവ്വ് ബാങ്ക് കനിയണം

സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് ജില്ലാ ബാങ്കുകളിൽ സീറോ ബാലൻസ് മിറർ അക്കൗണ്ട് നൽകും; നിക്ഷേപങ്ങൾ ജില്ല ബാങ്കുകളിലേക്ക് മാറ്റി പണം പിൻവലിക്കാം; റിസർവ്വ് ബാങ്കിന്റെ നിയന്ത്രണം മാറി കടക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമം വിജയിക്കണമെങ്കിൽ റിസർവ്വ് ബാങ്ക് കനിയണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം ജില്ലാ ബാങ്ക് വഴി പിൻവലിക്കാൻ അക്കൗണ്ട് ഉടമകൾക്കു പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള നീക്കം വിജയിച്ചില്ലെങ്കിൽ അത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിലയിരുത്തൽ. ജില്ലാ സഹകരണ ബാങ്കുകളെ പോലും റിസർവ്വ് ബാങ്ക് അസ്ഥിരപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. റിസർവ്വ് ബാങ്കിന്റെ അംഗീകാരമില്ലാതെ സഹകരണ രംഗത്തുകൊണ്ടു വരുന്ന മാറ്റങ്ങൾ പ്രതിസന്ധിയിലേക്കേ കാര്യങ്ങൾ നീക്കൂവെന്നാണ് വിലയിരുത്തൽ. നോട്ട് അസാധുവാക്കലിനെ തുടർന്നാണ് കള്ളപ്പണത്തെ നിയന്ത്രിക്കാനെന്ന പേരിൽ സഹകരണ സ്ഥാപനങ്ങൾക്ക് റിസർവ്വ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്കായി അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് തയ്യാറായിട്ടില്ല.

പ്രാഥമിക സഹകരണ സംഘങ്ങളിലെ ഇടപാടുകാർക്കു ജില്ലാ ബാങ്കുകളിൽ പൂജ്യം ബാലൻസ് അക്കൗണ്ട് നൽകാനാണ് സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. പ്രാഥമിക ബാങ്കുകളിലെ അക്കൗണ്ടിന്റെ പതിപ്പായിരിക്കും ജില്ലാ ബാങ്കുകളിലെ ഇത്തരം 'മിറർ അക്കൗണ്ടുകൾ'. ഈ അക്കൗണ്ട് വഴി, റിസർവ് ബാങ്കിന്റെ നിയന്ത്രണമനുസരിച്ച് ആഴ്ചയിൽ 24,000 രൂപവരെ പിൻവലിക്കുകയും വായ്പ വാങ്ങുകയും ചെയ്യാം. പ്രാഥമിക സംഘങ്ങളിൽ നിന്നു പണം പിൻവലിക്കുന്നതിന് ഇപ്പോഴുള്ള നിയന്ത്രണം ഇതുവഴി ലഘൂകരിക്കാം.

സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഈ തീരുമാനം എടുത്തത്. ബാങ്കിങ് രംഗത്തെ സുപ്രധാന നയം മാറ്റമാണ് ഇത്. റിസർവ്വ് ബാങ്കിന്റെ അംഗീകാരമില്ലാതെ ഇത് പ്രഖ്യാപിക്കാൻ പോലുമാകില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സഹകരണ ബാങ്കുകൾ നിക്ഷേപമായി സ്വീകരിച്ചു സൂക്ഷിക്കുന്ന 1624 കോടി രൂപയുടെ അസാധു നോട്ടുകൾ ആർബിഐ അനുമതിയോടെ ഏറ്റെടുപ്പിക്കുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ റിസർവ്വ് ബാങ്കിനെ പ്രകോപിപ്പിക്കുന്ന തീരുമാനം ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. ഇത് ജില്ലാ സഹകരണ ബാങ്കുകളിലെ ഇടപാടുകാരേയും ഭയാശങ്കയിലാക്കുന്നുണ്ട്.

കള്ളപ്പണം തടയാൻ വേണ്ടിയാണ് പ്രാഥമിക സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്നത്. അവർക്ക് നോട്ട് മാറ്റി നൽകാത്തതും അതുകൊണ്ടാണ്. അക്കൗണ്ടുകാരുടെ വിവരങ്ങൾ പുറത്തുകൊണ്ടു വരാൻ വേണ്ടിയാണ് ഇത്. ഈ സാഹചര്യത്തിൽ പ്രാഥമിക സഹകരണ സംഘത്തിലെ പണം മറ്റൊരു വഴിയിലൂടെ പിൻവലിക്കാൻ അവസരമൊരുക്കുന്നത് തിരിച്ചടിയേ ഉണ്ടാക്കൂ. ജില്ലാ സഹകരണ ബാങ്കുകൾക്ക് നൽകിയിരിക്കുന്ന അംഗീകാരം പോലും റിസർവ്വ് ബാങ്ക് റദ്ദാക്കും. ഇത് സഹകരണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുമെന്നും പറയുന്നു. റിസർവ്വ് ബാങ്കിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പ്രാഥമിക സഹകരണ സംഘങ്ങളിൽ കെ വൈ സി ഏർപ്പെടുത്തിയാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ. ഇതിന് തയ്യാറാകാതെ കള്ളക്കളികൾക്ക് പോകുന്നത് ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു.

'മിറർ അക്കൗണ്ട്' എന്നറിയപ്പെടുന്ന ഈ സംവിധാനംവഴി റിസർവ് ബാങ്കിന്റെ നിയന്ത്രണമനുസരിച്ച് ആഴ്ചയിൽ 24,000 രൂപവരെ പിൻവലിക്കാം. വായ്പ അനുവദിക്കുകയും ചെയ്യാം. സഹകരണ ബാങ്കുകളിൽ കെ.വൈ.സി. (ഇടപാടുകാരനെ അറിയൽ) മാനദണ്ഡങ്ങളും ആദായനികുതി ചട്ടങ്ങളും കർശനമായി പാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു പ്രാഥമികസംഘത്തിന് ഇപ്പോൾ ആഴ്ചയിൽ 24,000 രൂപമാത്രമേ അക്കൗണ്ടുള്ള മറ്റ് ബാങ്കുകളിൽനിന്ന് പിൻവലിക്കാനാവൂ. അതിനാൽ, ഇടപാടുകാർക്ക് അക്കൗണ്ടിലുള്ള പണം നൽകാനോ വായ്പ കൊടുക്കാനോ തികയാത്ത സ്ഥിതിയായിരുന്നു. പുതിയതീരുമാനമനുസരിച്ച് പ്രാഥമിക സംഘത്തിലുള്ള അക്കൗണ്ടിന്റെ പതിപ്പ് ജില്ലാ ബാങ്കിൽ ഉണ്ടായാൽമതിയെന്നതാണ് സർക്കാർ നിലപാട്.

ഇതിലൂടെ വാണിജ്യബാങ്കുകളിലെപോലെ സഹകരണ ബാങ്ക് ഇടപാടുകാർക്കും ആഴ്ചയിൽ 24,000 രൂപവരെ പിൻവലിക്കാനാവും. പ്രാഥമിക സംഘങ്ങൾ വായ്പ അനുവദിച്ചാൽ അതും ജില്ലാ ബാങ്കുകളിലൂടെ പിൻവലിക്കാമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ ഇതിന് റിസർവ്വ് ബാങ്ക് അനുമതി നൽകാനിടയില്ലെന്നാണ് സൂചന. സഹകരണ ബാങ്കുകൾ പിടിച്ചടക്കാനുള്ള കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട് സഹകരണ നിക്ഷേപങ്ങൾക്ക് പലിശ കൂട്ടണം. പണരഹിത ഇടപാടുകൾക്ക് അംഗങ്ങൾക്ക് റൂപേ കാർഡ് നൽകണം. പ്രാഥമികസംഘങ്ങൾ ആക്ഷേപങ്ങൾ ഒഴിവാക്കാൻ മാർച്ചിനകം ഏകീകൃത സോഫ്റ്റ് വെയർ ഏർപ്പെടുത്തി കോർബാങ്കിങ് സംവിധാനത്തിലേക്ക് കടക്കാനും തിരുമാനിച്ചു.

സഹകരണ ബാങ്കുകളിൽ നിന്നും സംഘങ്ങളിൽ നിന്നും വിതരണം ചെയ്ത വായ്പകളുടെ തിരിച്ചടവിന് അടുത്ത മാർച്ച് 31 വരെ സാവകാശം അനുവദിക്കാൻ (മൊറട്ടോറിയം) മന്ത്രിസഭയും തീരുമാനിച്ചു. കുടിശിക വരുത്തിയതുമൂലം ജപ്തി നടപടികളിലേക്കു നീങ്ങിയിട്ടുള്ള വായ്പകൾക്കാണു മൊറട്ടോറിയം. കാർഷിക വായ്പകൾ അടക്കം സഹകരണ ബാങ്കുകളിൽ നിന്നും സംഘങ്ങളിൽ നിന്നും എടുത്തിട്ടുള്ള എല്ലാ വായ്പകൾക്കും ഇതു ബാധകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP