Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വില കുറയുമെങ്കിലും പെട്രോളും ഡീസലും ജി എസ് ടിയിൽ എത്തിയാൽ നടുവൊടിയുക കേരളത്തിന്; നികുതി നഷ്ടത്തിലെ നഷ്ടപരിഹാര ബാധ്യതയും അടുത്ത വർഷം മുതൽ കേന്ദ്രത്തിനില്ല; തൊട്ടാൽ പൊള്ളുന്ന വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടാൻ മന്ത്രി ബാലഗോപാൽ; എല്ലാം യുപി-ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് തിരിച്ചറിഞ്ഞ് കേരളം

വില കുറയുമെങ്കിലും പെട്രോളും ഡീസലും ജി എസ് ടിയിൽ എത്തിയാൽ നടുവൊടിയുക കേരളത്തിന്; നികുതി നഷ്ടത്തിലെ നഷ്ടപരിഹാര ബാധ്യതയും അടുത്ത വർഷം മുതൽ കേന്ദ്രത്തിനില്ല; തൊട്ടാൽ പൊള്ളുന്ന വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടാൻ മന്ത്രി ബാലഗോപാൽ; എല്ലാം യുപി-ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് തിരിച്ചറിഞ്ഞ് കേരളം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ധനവില സകല പരിധിയും വിട്ടുയരുന്നതിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പടുത്തിയാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകും.വാറ്റ് വരുമാനത്തെ ഇത് കുത്തനെ ഇടിക്കും. തന്തപരമായാണ് കേന്ദ്ര നീക്കം. വിമാനത്തിനുള്ള ഇന്ധനം ജി എസ് ടിയിൽ വരുമെന്നാണ് സൂചന.

ജി എസ് ടി നടപ്പാക്കുന്ന ആദ്യ അഞ്ചു വർഷം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തും. അതിന് ശേഷം നഷ്ടപരിഹാരം കിട്ടില്ല. കോവിഡു കാലത്ത് കച്ചവടങ്ങൾ കുറഞ്ഞതോടെ ഈ അഞ്ചു വർഷത്തിൽ രണ്ടു കൊല്ലം പൂർണ്ണമായും നഷ്ടമായിരുന്നു. കേന്ദ്രവും സംസ്ഥാനവും പ്രതിസന്ധിയിലായി. വ്യാപാരം പച്ചപിടിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ജി എസ് ടിയിലെ പുതിയ ആലോചന. പെട്രോളും ഡീസലുമാണ് സംസ്ഥനത്തിന്റെ പ്രധാന വരുമാന മാർഗ്ഗം. ഇത് ജി എസ് ടിയിലാകുമ്പോൾ നികുതി വരുമാനം കുത്തനെ ഇടിയും. ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്തേണ്ട ബാധ്യത കേന്ദ്ര സർക്കാരിന് ഉണ്ടാവുകയുമില്ല.

നഷ്ടപരിഹാരം നൽകേണ്ട സമയത്തെല്ലാം പെട്രോളിനേയും ഡീസലിനേയും വാറ്റിൽ കേന്ദ്രം നിലനിർത്തി. ഈ സമയത്ത് ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ അത് കേന്ദ്ര സർക്കാരിന് വമ്പൻ പ്രതിസന്ധിയാകുമായിരുന്നു. ഇതിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണം. ഇത് മറികടക്കാൻ അഞ്ചു കൊല്ലം കേന്ദ്രം കാത്തിരുന്നു. അതിന് ശേഷം സംസ്ഥാനങ്ങളെ വലയ്ക്കാൻ ജി എസ് ടി ചർച്ചയും സജീവമാക്കി. കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും എൻഡിഎ അനുകൂല സംസ്ഥാനങ്ങളും വിചാരിച്ചാൽ ജി എസ് ടി നടപ്പാക്കാം. ഇതിനിടെയാണ് കേരളം എതിർക്കാനെത്തുന്നത്.

വെള്ളിയാഴ്ച ലഖ്നൗവിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. പെട്രോളിന്റേയും ഡീസലിന്റേയും വില കുറഞ്ഞാൽ അത് കേന്ദ്ര സർക്കാരിന്റെ നേട്ടമാക്കി മാറ്റാനും കഴിയും. അതിനിടെ പെട്രോളിനും ഡീസലിനും വില കുത്തനെ കുറയുമെന്നിരിക്കെ ഈ രണ്ട് ഉത്പന്നങ്ങളൊഴികെ മറ്റേതെങ്കിലും ഒന്നോ രണ്ടോ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ഗ്യാസ് ഉപഭോക്താക്കൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ഇതിനെ കേരളം എതിർക്കില്ല. എന്നാൽ പെട്രോളും ഡീസലും ജി എസ് ടിയിൽ വരുന്നതിനെ കേരളം അംഗീകരിക്കില്ല.

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഈ വാദത്തെ എത്ര സംസ്ഥാനങ്ങൾ പിന്തുണയ്ക്കുമെന്നതാണ് നിർണ്ണായകം. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ള ഇതര പാർട്ടികളുടെ നിലപാട് നിർണ്ണായകമാകും. കോൺഗ്രസ് പലപ്പോഴും പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് കേരളത്തിന് എത്രത്തോളം പിന്തുണ കിട്ടുമെന്നത് നിർണ്ണായകമാണ്. സമാനമായ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗൺസിൽ യോഗത്തിന് മുൻപ് കൂടിയാലോചന നടത്താനും സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. പെട്രോൾ-ഡീസൽ വില ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിച്ചുകൂടെ എന്ന് കേരള ഹൈക്കോടതി മുൻപ് ചോദിച്ചിരുന്നു. പെട്രോൾ, ഡീസൽ നികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനോട് കേന്ദ്രത്തിനും യോജിപ്പില്ലെന്നും സൂചനയുണ്ട്. എന്നാൽ ഉൾപ്പെടുത്താമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

വരാനിരിക്കുന്ന ഗുജറാത്ത്, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ധനവിലയും അതേത്തുടർന്നുള്ള വിലക്കയറ്റവും പ്രതിപക്ഷം പ്രചാരണവിഷയമാക്കും. ഈ സാഹചര്യത്തിൽ നികുതി വിഷയം ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിച്ചപ്പോൾ എതിർപ്പുയർന്നുവെന്ന് വരുത്തിത്തീർക്കലാവും കേന്ദ്രം ഉദ്ദേശിക്കുന്നത്. അതേസമയം ഏതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുമ്പോൾ അതിലൊന്ന് ഏവിയേഷന് ഉപയോഗിക്കുന്ന ഇന്ധനമാകാനുള്ള സാധ്യതയുണ്ട്.

ഇന്ധന വിലവർധനവ് കാരണം ടിക്കറ്റ് നിരക്ക് ഉൾപ്പടെ വർധിപ്പിക്കേണ്ടി വരുന്നുവെന്നും അതിനാൽ മേഖലയിൽ നഷ്ടമുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാറ്റ് നികുതി നാല് ശതമാനമായി കുറയ്ക്കണമെന്നും സംസ്ഥാനങ്ങൾക്ക് കത്ത് അയച്ച് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP