Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളർ; ഇന്ന് കൊടുക്കേണ്ടത് വെറും 38 ഡോളറും; എന്നിട്ടും ഖജനാവിലേക്ക് പണം ഒഴുക്കാൻ പാവങ്ങളുടെ ചുമലിൽ അധിക ഭാരം നൽകി കേന്ദ്ര സർക്കാർ; കോവിഡു കാലത്ത് തുടർച്ചയായ ആറാം ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി; ഇന്നു മാത്രം പെട്രോളിന് 57 പൈസയുടെയും ഡീസലിന് 56 പൈസയുടെയും വർധന; ഇന്ധന വില വീണ്ടും ഉയരുമ്പോൾ ജനരോഷവും അതിശക്തം

2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളർ; ഇന്ന് കൊടുക്കേണ്ടത് വെറും 38 ഡോളറും; എന്നിട്ടും ഖജനാവിലേക്ക് പണം ഒഴുക്കാൻ പാവങ്ങളുടെ ചുമലിൽ അധിക ഭാരം നൽകി കേന്ദ്ര സർക്കാർ; കോവിഡു കാലത്ത് തുടർച്ചയായ ആറാം ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി; ഇന്നു മാത്രം പെട്രോളിന് 57 പൈസയുടെയും ഡീസലിന് 56 പൈസയുടെയും വർധന; ഇന്ധന വില വീണ്ടും ഉയരുമ്പോൾ ജനരോഷവും അതിശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 38 ഡോളറായി ഇടിഞ്ഞപ്പോഴും ഇന്ത്യയിൽ വില വർദ്ധന. ഏഴ് കൊല്ലമുമ്പ് ആഗോള വിപണിയിൽ ബാരലിന് 125 ഡോളറായിരുന്നു വില. അന്ന് ഇന്ത്യയിലെ പെട്രോൾ വില ലിറ്ററിന് 75 രൂപ. ഇന്ന് ബാരൽ വില ഡോളറിന് 38 ആകുമ്പോഴും അത്രയും വില ഇന്ത്യാക്കാർ നൽകണം.

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി എണ്ണക്കമ്പനികൾ തുടർച്ചയായ ആറാം ദിവസവും പാവങ്ങളെ പിഴിയുകയാണ്. ആറു ദിവസത്തിനിടെ പെട്രോൾ വില ലിറ്ററിന് 3.32 പൈസയും ഡീസൽ വില 3.26 രൂപയും കൂടി. ഇന്നു മാത്രം പെട്രോളിന് 57 പൈസയുടെയും ഡീസലിന് 56 പൈസയുടെയും വർധനയാണുണ്ടായത്. തുടർച്ചയായ 83 ദിവസങ്ങൾക്കുശേഷം ഞായറാഴ്ചയാണു വില ഉയർന്നു തുടങ്ങിയത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 74.97 രൂപയും ഡീസൽ വില 69.08 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 76.30 രൂപയും ഡീസൽ വില 70.42 രൂപയുമാണ്.

രാജ്യാന്തര വിപണയിൽ എണ്ണ വില കൂട്ടുമ്പോൾ നികുതി കൂട്ടി പെട്രോൾ-ഡീസൽ വില കേന്ദ്ര സർക്കാർ ഉയർത്തും. എണ്ണ കമ്പനികളിൽ നിന്ന് അങ്ങനെ നേട്ടം കേന്ദ്ര സർക്കാരിന് കിട്ടും. എണ്ണ വില പതിയെ ഉയരുമ്പോൾ അതിന്റെ ഗുണം നികുതി കുറച്ച് കേന്ദ്ര സർക്കാർ നൽകുകകയുമില്ല. ഇതിനൊപ്പം വില എണ്ണ കമ്പനികൾ കൂട്ടൂകയും ചെയ്യും. വലിയ ക്രൂരതയാണ് മോദി സർക്കാർ ഇന്ധന വില ഉയർത്തി കൊറോണക്കാലത്ത് ഇന്ത്യാക്കാർക്ക് നൽകുന്നത്. വില കുറയുമ്പോഴൊന്നും സാധാരണക്കാർക്ക് അതിന്റെ നേട്ടം കിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തിനുള്ളിൽ പുകയുന്നത്.

ലോക്ഡൗൺ കാലത്ത് ക്രൂഡ് വില 20 ഡോളറിന് താഴേക്ക് ഇടിഞ്ഞ് സമീപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അതിന്റെ പ്രയോജനം ജനത്തിന് കൊടുക്കാത്ത സർക്കാരും എണ്ണ കമ്പനികളും ആ നിലയിൽനിന്ന് നേരിയ തോതിൽ തിരിച്ചുകയറിയപ്പോൾ ദിനംപ്രതി വില വർധിപ്പിക്കുകയാണ്. ആഗോള വിപണിയിൽ എണ്ണ വില ഇടിഞ്ഞപ്പോൾ വില കുറയ്ക്കുന്നതിനു പകരം, 2020 മാർച്ചിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വർധിപ്പിക്കുക കൂടി ചെയ്തു. ഇതിനെതിരെ ആരും അതിശക്തമായ പ്രതിഷേധം ഉയർത്തുകയുമില്ല. കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നികുതിയുടെ നേട്ടം കിട്ടുമെന്നതു കൊണ്ടാണ് ഇത്.

ഇതിനിടെയാണ് ആഗോള വിപണിയിൽ ക്രൂഡ് വില വീണ്ടും കുറയാൻ തുടങ്ങിയത്. അമേരിക്കൻ സമ്പദ് വ്യവസ്ഥ ഈ വർഷം 6.5 ശതമാനം ഇടിയുമെന്ന യു.എസ്. ഫെഡറൽ റിസർവിന്റെ അനുമാനമാണ് ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഇടിയാൻ കാരണം. മാന്ദ്യത്തിൽനിന്ന് തിരിച്ചുകയറാൻ സമയമെടുക്കുമെന്നുള്ള ആശങ്കകൾക്കിടയിൽ യു.എസ്. ക്രൂഡ് ലഭ്യത റെക്കോഡ് നിലയിലേക്ക് ഉയർന്നതും അസംസ്‌കൃത എണ്ണവിലയിൽ പ്രതിഫലിച്ചു. എന്നാൽ വില കൂട്ടി പാവങ്ങളെ കഷ്ടപ്പെടുത്തുകയാണ് മോദി സർക്കാർ നേരിട്ട് ഭരിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികൾ.

ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ലോക്ഡൗണിൽ അയവു വന്നിട്ടുണ്ടെങ്കിലും പഴയ നിലയിലേക്ക് ഉപഭോഗം കൂടാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ, കാര്യമായ മുന്നേറ്റം സമീപഭാവിയിൽ ഉണ്ടാവില്ല. പക്ഷെ, ഇതിനിടയിലും വില ഉയർത്തി നേട്ടം വർധിപ്പിക്കാൻ ശ്രമിക്കുകയാണ് സർക്കാരും എണ്ണക്കമ്പനികളും. ക്രൂഡ് ഓയിൽ വില അന്തരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 138 ഡോളർ വരെ ഉയർന്നപ്പോൾ പെട്രോൾ വില 64 രൂപയാക്കിയതിന് എത്ര വലിയ വിമർശനമാണ് യു.പി.എ സർക്കാർ ഏൽക്കേണ്ടി വന്നത് എന്ന് ഓർമ്മയില്ലെ. അന്തരാഷ്ട്ര മാർക്കറ്റിൽ ഇന്നത്തെ ക്രൂഡിന്റെ വില 2 ഡോളറാണ്, പെട്രോളിന് നമ്മൾ നൽകുന്നതാകട്ടെ 73 രൂപയും. 2017 ജൂണിലാണ് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവിൽവന്നത്. 2010-ൽ എണ്ണവില നിയന്ത്രണത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. എണ്ണക്കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ അവസരം നൽകി. 2014-ൽ, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവർഷം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാൻ തുടങ്ങി. ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല. എന്നാൽ വില ഉയരുമ്പോൾ ആനുപാതികമായി കൂടുകയും ചെയ്തു. അങ്ങനെ അന്താരാഷ്ട്ര വിപണയിലെ മാറ്റം രാജ്യത്തെ ജനങ്ങൾ അനുഭവിച്ചതേ ഇല്ലെന്നതാണ് വസ്തുത.

ഒരു ബാരൽ എന്നാൽ 159 ലിറ്ററാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 32 ഡോളറാണ് ഇപ്പോഴത്തെ വില. ഈ കണക്ക് അനുസരിച്ച് ഒരു ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ നൽകുന്നത് 225 ഓളം രൂപ. അതായത് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണയിൽ 13.27 രൂപയേ ഉള്ളൂ. ചുരുക്കി പറഞ്ഞാൽ ഒരു കുപ്പി മിനറൽ വാട്ടറിനേക്കാൾ കുറവ്. തീവണ്ടികളിൽ വിതരണം ചെയ്യുന്ന ഒരു ലിറ്റർ കുപ്പി വെള്ളത്തിന് ഈടാക്കുന്നത് 15 രൂപയാണ്. പുറത്തെ കടകളിൽ പലവിലയ്ക്ക് കിട്ടും. എന്നാൽ ഇതൊന്നും 15 രൂപയിൽ താഴയുമില്ല. അങ്ങനെ പുറത്ത് 13.27 രൂപയ്ക്ക് കിട്ടുന്ന സാധനം ഇന്ത്യയിലെത്തുമ്പോൾ 75 രൂപയാകുന്നു. അതായത് അഞ്ച് ഇരട്ടി. ക്രൂഡോ ഓയിൽ സംസ്‌കരണത്തിന് ഇത്രയും തുകയാകുമെന്ന ന്യായം വിലപ്പോവുകയുമില്ല. അപ്പോൾ പിന്നെ എന്തിനാണ് ഈ കൊള്ള കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് ഉയരുന്ന ചോദ്യം.

2014ന്റെ മധ്യത്തോടെ തുടങ്ങിയ ആഗോള വില തകർച്ച നിലവിൽ 70 ശതമാനത്തോളം കുറവാണ് ഉണ്ടാക്കിയത്. എന്നാൽ, സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിക്കുന്നതിനാലാണ് ഇന്ത്യയിൽ വിലകുറയാത്തത്. 2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളറായിരുന്നു. 2015 ജനുവരിയിൽ അത് 44 ഡോളറിൽ താഴെയായി. ഇപ്പോൾ 38 ഡോളറും. മൊത്തം ആവശ്യത്തിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ സാമ്പത്തിക വർഷം രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ നേട്ടമുണ്ടാവും ആഗോള വിപണിയിലെ വിലയിടിവു മൂലം എന്നാണു കണക്കാക്കപ്പെടുന്നത്. പെട്രോളിയം സബ്‌സിഡിയിനത്തിലെ ലാഭം വേറെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ഇറക്കുമതി ബില്ലിലെ മൂന്നിലൊന്നും ക്രൂഡ് ഓയിലിന്റേത്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില ഇടിയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഇടിയും.

അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന കുറവനുസരിച്ച് എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്താൻ തുനിഞ്ഞാൽ എക്‌സൈസ് തീരുവ വർധിപ്പിച്ച് വില കുറയാതെ നോക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 25 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.അതായത് വില കൂടുമ്പോൾ കൂടിയ വില, വില കുറയുമ്പോൾ കുറഞ്ഞ വില എന്നായിരുന്നു പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം. വില കൂടിയപ്പോഴെല്ലാം അതിന്റെ ഭാരം ഉപഭോക്താവിന്റെ ചുമലിലേക്ക് തള്ളിയ സർക്കാർ പക്ഷേ, വിലയിടിവിന്റെ നേട്ടമത്രയും ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP