Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

ബൈക്ക് ഉന്തി നടന്ന ശോഭാ സുരേന്ദ്രൻ, കാളവണ്ടിയിൽ യാത്ര ചെയ്ത വി മുരളീധരൻ: ഇനി നമുക്കും എട്ട് കൊല്ലം മുമ്പത്തെ ഈ സമര മാർഗ്ഗം യാത്രകൾക്കായി തെരഞ്ഞെടുക്കാം; എന്തിനും മോദിയെ വിമർശിക്കുന്ന മന്ത്രി ഐസക് ഇതൊന്നും അറിയുന്നില്ലേ? വീണ്ടും ഇന്ധന വില വർദ്ധന; പെട്രോൾ 90 കടക്കാൻ ഒരുങ്ങുമ്പോൾ

ബൈക്ക് ഉന്തി നടന്ന ശോഭാ സുരേന്ദ്രൻ, കാളവണ്ടിയിൽ യാത്ര ചെയ്ത വി മുരളീധരൻ: ഇനി നമുക്കും എട്ട് കൊല്ലം മുമ്പത്തെ ഈ സമര മാർഗ്ഗം യാത്രകൾക്കായി തെരഞ്ഞെടുക്കാം; എന്തിനും മോദിയെ വിമർശിക്കുന്ന മന്ത്രി ഐസക് ഇതൊന്നും അറിയുന്നില്ലേ? വീണ്ടും ഇന്ധന വില വർദ്ധന; പെട്രോൾ 90 കടക്കാൻ ഒരുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബൈക്ക് ഉന്തി നടക്കുന്ന ശോഭാ സുരേന്ദ്രൻ, കാളവണ്ടിയിൽ യാത്ര ചെയ്യുന്ന വി മുരളീധരൻ, പാചകവാതക സിലിണ്ടറുമായി പ്രതിഷേധിക്കുന്ന സ്മൃതി ഇറാനി. ഈ പഴയ കാഴ്ചകളിലേക്ക് ഇനി നമുക്ക് മടങ്ങാം. അനുദിനം പെട്രോളും ഡീസലും വില കൂടുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഇനത്തിൽ പിഴിയുന്നതാ് ഇതിന് കാരണം. 35 രൂപയ്ക്ക് ലഭിക്കേണ്ട പെട്രോൾ തിരുവനന്തപുരത്ത് ഇന്ന് മുതൽ കിട്ടുക 88.83 പൈസയ്ക്ക്. അങ്ങനെ പുതു മാതൃക സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാർ. സെസും നികുതിയുമായി പാവങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ.

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും ഇന്ധന വില കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് വർധനവുണ്ടായത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 ഡീസലിന് 82.96 രൂപയായും ഉയർന്നു. പുതുവർഷം പിറന്ന ശേഷം ലിറ്റിന് 2.96 രൂപയുടെ വർധനയാണ് പെട്രോളിനുണ്ടായിട്ടുള്ളത്. ഡീസലിന് 3.13 രൂപയുടെ വർധനയും. വ്യാഴാഴ്ച കൊച്ചിയിൽ പെട്രോളിന് 86.81 രൂപയും ഡീസലിന് 81.03 രൂപയുമാണ് നിരക്ക്. ഫെബ്രുവരി ഒന്നുമുതൽ സി.എൻ.ജി. (പ്രകൃതി വാതകം) യുടെ വിലയും കൂടി. കിലോയ്ക്ക് രണ്ടുരൂപ വർധിച്ച് 59.50 രൂപയാണ് നിലവിലെ നിരക്ക്. ഇതോടെ പ്രതിഷേധം ഇരമ്പുകയാണ്. അന്താരാഷ്ട്ര വിപണയിൽ നേരിയ വില കൂടാൻ ഇിയും സാധ്യതയുണ്ട്. അതിനാൽ വില താമസിയാതെ 90 കടക്കും. പ്രതിപക്ഷവും ഇതിനെതിരെ പ്രതിഷേധിക്കുന്നില്ല. വിലക്കയറ്റ ദുരിതത്തിലേക്ക് ജനങ്ങളെ തള്ളി വിടുന്നതാണ് ഈ വില കൂടൽ.

വ്യാഴാഴ്ച ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ (എൽ.പി.ജി.) വില സിലിൻഡറിന് 25 രൂപയാണു വർധിച്ചത്. ഇതോടെ കൊച്ചിയിൽ വില 726 രൂപയായി. പാചകവാതക വിലയിൽ നൽകിയിരുന്ന സബ്സിഡി അടുത്തിടെ പൂർണമായും നിർത്തിയിരുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോ സിലിൻഡറിന് കഴിഞ്ഞദിവസം 191 രൂപ കൂട്ടിയിരുന്നു. അതിൽ ആറുരൂപ കുറച്ചു. ഇപ്പോൾ 1522.50 രൂപയാണ്. ദിനംപ്രതി ഉയരുന്ന ഇന്ധനവില ഓട്ടോ-ടാക്സി മേഖല മുതൽ മത്സ്യബന്ധന മേഖലയെ വരെ പ്രതിസന്ധിയിലാക്കി. മണ്ണെണ്ണ വില ഉയർന്നതിനാൽ മത്സ്യബന്ധനം ലാഭകരമല്ലാത്തതിനാൽ പലരും കടലിൽ പോകാത്ത അവസ്ഥയാണ്. റേഷൻ മണ്ണെണ്ണയുടെ വിലയും കൂടി. ലിറ്ററിന് മൂന്നുരൂപയാണു കൂടിയത്. ജനുവരിയിൽ ലിറ്ററിന് 34 ആയിരുന്നത് ഫെബ്രുവരിയിൽ 37 ആയി. മൂന്നുമാസത്തിനുള്ളിൽ ലിറ്ററിന് എട്ടുരൂപയുടെ വർധന. ഒറ്റയടിക്ക് ഇത്രയുംവർധന ചരിത്രത്തിലാദ്യം. മണ്ണെണ്ണ വില സബ്സിഡി ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്.

നിലവിലെ വിലക്കയറ്റം തുടർന്നാൽ പുതിയ റെക്കോഡുകളിലേക്ക് ഇന്ധനവിലയെത്തും. അന്താരാഷ്ട്ര വിപണിയിൽ അംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവർധനയ്ക്കു കാരണമായി പറയുന്നത്. ഇനിയും വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. കേന്ദ്ര സർക്കാരിനെ ഏത് വിഷയത്തിലും കടന്നാക്രമിക്കുന്ന കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് ഈ ക്രൂരത മാത്രം കാണുന്നില്ല. ഇതിന് പരിഹാരമായി സംസ്ഥാനത്തിന് കിട്ടുന്ന നികുതി കുറയ്ക്കാനും തയ്യാറല്ല. കേരളം വിചാരിച്ചാലും കുറഞ്ഞത് അഞ്ചു രൂപവരെ പെട്രോളിന് കുറയ്ക്കാവുന്നതാണ്. എന്നാൽ ഖജനാവ് പൂട്ടാതിരിക്കാൻ അതു മാത്രം ചെയ്യില്ല. മുതലാളിമാർക്ക് ഇളവുകൾ കൊടുക്കുന്ന കേന്ദ്ര സർക്കാരിന് പാവങ്ങളുടെ ദുരിതത്തെ കുറിച്ച് പുച്ഛമാണ്.

കേന്ദ്ര സർക്കാരിന്റെ എല്ലാം എതിർക്കുന്ന സംസ്ഥാന സർക്കാർ. പൗരത്വ നിയമത്തിലും കർഷക നിയമത്തിലും ബദലുകൾ മുമ്പോട്ട് വച്ച കേരളം. പക്ഷേ പെട്രോൾ വില വരുമ്പോൾ കേന്ദ്ര സർക്കാരിനെ തിരുത്താനോ സ്വയം മാതൃക കാട്ടാനോ ധനമന്ത്രി തോമസ് ഐസക്കും തയ്യാറല്ല. സംസ്ഥാനത്ത് ഇന്ധന വിലയിൽ തുടരുന്ന റെക്കോർഡ് വർധനയിൽ നടുവൊടിഞ്ഞു ജനം വലയുകയാണ്. ഇതിന്റെ പേരിൽ ഒരു സമരത്തിന് ഒരു രാഷ്ട്രീയക്കാരും തയ്യാറല്ല. അമിത നികുതിയാണ് എല്ലാത്തിനും കാരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അടിച്ചു പൊളിക്കാനുള്ള വഴി. അതുകൊണ്ട് തന്നെ പ്രതിഷേധവും സമരവും ഇടതുപക്ഷവും നടത്തുന്നില്ല.

ദിവസവും 100 രൂപയ്ക്ക് പെട്രോൾ അടിച്ചിരുന്നവർ മിനിമം 200 രൂപയ്ക്ക് അടിക്കാൻ നിർബന്ധിതരായി. നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രിക്കുമെന്നു സർക്കാരുകൾ അവകാശപ്പെടുമ്പോഴും ഇന്ധനവിലയിൽ നികുതിയിളവിനുപോലും കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാവുന്നില്ലെന്നു വിമർശനമുണ്ട്. പെട്രോളിനേയും ഡീസലിനേയും ജി എസ് ടിയുടെ പരിധിയിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെടാൻ രാഷ്ട്രീയ പാർട്ടികളും തയ്യാറല്ല. കാരണം എല്ലാ സർക്കാരുകളും ഈ നികുതി പണത്തിൽ കണ്ണം നട്ടിരിക്കുകയാണ്.

കേരളം ഉമ്മൻ ചാണ്ടി ഭരിക്കുന്ന സമയത്ത് വില കുതിച്ചുയരുമ്പോൾ ഖജനാവിലേക്ക് വരുന്ന അധിക നികുതി വേണ്ടെന്ന് വച്ച് ആശ്വാസം സാധാരണക്കാരിലേക്ക് പകർന്ന് നൽകിയിരുന്നു. എന്നാൽ ഇന്ന് അതിന് പിണറായി സർക്കാരും തയ്യാറല്ല. കുറഞ്ഞത് അഞ്ച് രൂപയെങ്കിലും പിണറായി സർക്കാർ വിചാരിച്ചാലും കുറയ്ക്കാവുന്നതേ ഉള്ളൂ. എന്നാൽ വില കൂടുമ്പോൾ അധിക വരുമാനത്തിന് വേണ്ടി അത് ധനമന്ത്രി തോമസ് ഐസക്കും ചെയ്യുന്നില്ല. സെസുകളിലൂടേയും മറ്റും ഭാരം കൂട്ടുന്നതും ചിന്തിക്കുന്നു. അങ്ങനെ മോദിക്കൊപ്പം പിണറായി സർക്കാരും ജനത്തെ കൊള്ളയടിക്കാൻ ഒപ്പം കൂടുന്നു.

എട്ട്് കൊല്ലമുമ്പ് ആഗോള വിപണിയിൽ ബാരലിന് 125 ഡോളറായിരുന്നു വില. അന്ന് ഇന്ത്യയിലെ പെട്രോൾ വില ലിറ്ററിന് 75 രൂപ. ഇന്ന് ബാരൽ വില ഡോളറിന് 56 രൂപ. എന്നാൽ വില 90 രൂപയും. രാജ്യാന്തര വിപണയിൽ എണ്ണ വില കൂട്ടുമ്പോൾ നികുതി കൂട്ടി പെട്രോൾ-ഡീസൽ വില കേന്ദ്ര സർക്കാർ ഉയർത്തും. എണ്ണ കമ്പനികളിൽ നിന്ന് അങ്ങനെ നേട്ടം കേന്ദ്ര സർക്കാരിന് കിട്ടും. എണ്ണ വില രാജ്യാന്തര വിപണിയിൽ പതിയെ ഉയരുമ്പോൾ അതിന്റെ ഗുണം നികുതി കുറച്ച് കേന്ദ്ര സർക്കാർ നൽകുകകയുമില്ല. ഇതിനൊപ്പം വില എണ്ണ കമ്പനികൾ കൂട്ടൂകയും ചെയ്യും. വലിയ ക്രൂരതയാണ് മോദി സർക്കാർ ഇന്ധന വില ഉയർത്തി കൊറോണക്കാലത്ത് ഇന്ത്യാക്കാർക്ക് നൽകുന്നത്. വില കുറയുമ്പോഴൊന്നും സാധാരണക്കാർക്ക് അതിന്റെ നേട്ടം കിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തിനുള്ളിൽ പുകയുന്നത്. പക്ഷേ ഏറ്റെടുക്കാൻ പ്രതിപക്ഷം പോലുമില്ല.

ലോക്ഡൗൺ കാലത്ത് ക്രൂഡ് വില 20 ഡോളറിന് താഴേക്ക് ഇടിഞ്ഞ് സമീപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അതിന്റെ പ്രയോജനം ജനത്തിന് കൊടുക്കാത്ത സർക്കാരും എണ്ണ കമ്പനികളും ആ നിലയിൽനിന്ന് നേരിയ തോതിൽ തിരിച്ചുകയറിയപ്പോൾ ദിനംപ്രതി വില വർധിപ്പിക്കുകയാണ്. ആഗോള വിപണിയിൽ എണ്ണ വില ഇടിഞ്ഞപ്പോൾ വില കുറയ്ക്കുന്നതിനു പകരം, 2020 മാർച്ചിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വർധിപ്പിക്കുക കൂടി ചെയ്തു. ഇതിനെതിരെ ആരും അതിശക്തമായ പ്രതിഷേധം ഉയർത്തുകയുമില്ല. കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നികുതിയുടെ നേട്ടം കിട്ടുമെന്നതു കൊണ്ടാണ് ഇത്.

2017 ജൂണിലാണ് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവിൽവന്നത്. 2010-ൽ എണ്ണവില നിയന്ത്രണത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. എണ്ണക്കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ അവസരം നൽകി. 2014-ൽ, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവർഷം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാൻ തുടങ്ങി. ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല. എന്നാൽ വില ഉയരുമ്പോൾ ആനുപാതികമായി കൂടുകയും ചെയ്തു. അങ്ങനെ അന്താരാഷ്ട്ര വിപണയിലെ മാറ്റം രാജ്യത്തെ ജനങ്ങൾ അനുഭവിച്ചതേ ഇല്ലെന്നതാണ് വസ്തുത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP