Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

കടമെടുത്ത് വികസനവും ഇനി സ്വപ്‌നമാകും; 1000 കോടി കൂടെ കടമെടുക്കുന്നതോടെ ആ പരിധിയും തീരും; ക്ഷേമ നിധികളിൽ നിന്ന് വാങ്ങുന്നത് ഡിസംബറിന് മുമ്പ് കൊടുത്തില്ലെങ്കിൽ അതും കേന്ദ്രം കടമെടുത്ത പരിധിയിലാക്കും; കേരളത്തിന്റെ പ്രതിസന്ധി അതിരൂക്ഷം

കടമെടുത്ത് വികസനവും ഇനി സ്വപ്‌നമാകും; 1000 കോടി കൂടെ കടമെടുക്കുന്നതോടെ ആ പരിധിയും തീരും; ക്ഷേമ നിധികളിൽ നിന്ന് വാങ്ങുന്നത് ഡിസംബറിന് മുമ്പ് കൊടുത്തില്ലെങ്കിൽ അതും കേന്ദ്രം കടമെടുത്ത പരിധിയിലാക്കും; കേരളത്തിന്റെ പ്രതിസന്ധി അതിരൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത മാസം കൂടി ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പിക്കും ഈ മാസത്തെ ശമ്പളവും അടുത്ത മാസത്തെ പെൻഷനും നൽകേണ്ടത് ഒക്ടോബറിലാണ്. ഇത് നൽകുന്നതിനായി സർക്കാർ 1,000 കോടി രൂപ കൂടി കടമെടുക്കും. റിസർവ് ബാങ്ക് വഴിയാണ് കടമെടുക്കുക. 1,000 കോടി രൂപ കൂടി കടമെടുത്തു കഴിഞ്ഞാൽ പിന്നെ എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. കടമെടുക്കാൻ കേന്ദ്രം അനുവദിച്ച തുക ഏതാണ്ട് ഇതോടെ തീരും. ഇത് കഴിഞ്ഞാൽ കടമെടുത്ത് മുമ്പോട്ട് പോക്ക് കേരളത്തിന് അസാധ്യമാകും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണത്തിനായി സർക്കാർ നെട്ടോട്ടത്തിൽ. ആണെന്നതാണ് വസ്തുത കിട്ടാവുന്ന സാമ്പത്തിക സ്രോതസുകളിൽ നിന്നെല്ലാം പണം സ്വരൂപിക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. ബിവറേജസ് കോർപ്പറേഷൻ, കെഎഫ്സി തുടങ്ങിയ സ്ഥാപനങ്ങളിലെ ലാഭവിഹിതം അടിയന്തരമായി നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ ബാങ്കുകളിൽ നിന്നും പണം സ്വരൂപിക്കുന്നിനുള്ള നീക്കത്തെക്കുറിച്ചും ആലോചിക്കുന്നു.സാമൂഹിക ക്ഷേമ പെൻ ഷൻ നല്കാൻ സഹകരണ ബാങ്കുകളോട് ആവശ്യപ്പെടും.

പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തുടരാമെന്ന ഉറപ്പിന്മേൽ 1,755 കോടി രൂപ സർക്കാരിന് ഈ വർഷം കിട്ടുന്നുണ്ട്. ഇതിന്റെ ഒരു പങ്ക് കടമെടുക്കാൻ ബാക്കിയുള്ളത് വരും മാസങ്ങളിൽ എടുക്കും. വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും 2,000 കോടി സമാഹരിക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റും വായ്പയും എടുത്താകും ക്ഷേമനിധി ബോർഡുകൾ സർക്കാരിനു പണം കൈമാറുക. ഈ തുക വൈകാതെ തിരിച്ചു കൊടുക്കാമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ട്. വായ്പയും ഒഡിയും നൽകാൻ മടിച്ചുനിന്ന ചില ബാങ്കുകൾ ഇപ്പോൾ സർക്കാരിനോടു സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

പെൻഷൻ നല്കാൻ ബാങ്കുകളിൽ നിന്നെടുത്ത വായ്പയ്ക്ക് സർക്കാർ നല്കിയ പലിശ കുറവായതിനാൽ ബാങ്കുകൾക്ക് നഷ്ടം ഉണ്ടായി. പുതുക്കിയ പലിശ നിരക്ക് അനുസരിച്ച് സഹകരണ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം വരെ സ്ഥിര നിഷേപത്തിന് പലിശ നല്കുന്നുണ്ട്. സർക്കാർ നല്കുന്ന കുറഞ്ഞ പലിശയ്ക്ക് പണം നല്കാൻ സഹകരണ ബാങ്കുകൾ വിസമ്മതിക്കാമെങ്കിലും സിപിഎം ഭരിക്കുന്ന ബാങ്കുകളിൽ നിന്ന് പണം നല്കാൻ നിർദ്ദേശം നല്കാൻ ആലോചിക്കുന്നു. ഇതിലൂടെ പെൻഷൻ നല്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കഴിയും.

ഈ വർഷം ഡിസംബർ വരെ 15,390 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ 13,500 കോടി രൂപ ഇതിനകം എടുത്ത് കഴിഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം 6,500 കോടി രൂപയാണ് കടമെടുത്തത്. പുതുതായി 1,000 കോടി രൂപ കൂടി കടമെടുക്കാനാണ് തീരുമാനം. ഇതോടെ കടമെടുപ്പ് പരിധിയും ഏതാണ്ട് കഴിയും. അതിന് ശേഷം എന്തു ചെയ്യുമെന്ന ആശങ്ക സംസ്ഥാന സർക്കാരിനുണ്ട്. കടമെടുപ്പ് പരിധി കൂട്ടാൻ വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് ആലോചന.

അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി തുടരുന്നതിനിടെ, ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താൻ സംസ്ഥാന സർക്കാർ നീക്കം. പക്ഷേ, പല ക്ഷേമനിധികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോർപ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാൽ അവരും സർക്കാരിന് പണം നൽകിയേക്കും. ഓണക്കാലത്തെ ചെലവുകളെത്തുടർന്ന് മറ്റ് ഇടപാടുകൾക്ക് പണമില്ലാതെവരുന്ന സ്ഥിതി ഒഴിവാക്കാനാണ് സർക്കാർ നീക്കം.

ഓണച്ചെലവുകൾക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകൾ ഒഴിച്ചുള്ള ബില്ലുകൾ മാറ്റിവെക്കുകയും ചെയ്തു. ട്രഷറിയിൽ നിയന്ത്രണത്തിന് അയവുനൽകാൻ ഇനിയുമായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിടാൻ മുൻ സർക്കാരുകളുടെ കാലത്തും ഇത്തരത്തിൽ ക്ഷേമനിധി ബോർഡുകളിൽനിന്ന് പതിവായി പണം സ്വീകരിച്ചിരുന്നു. എന്നാൽ, ഇങ്ങനെ കടമെടുക്കുന്നതും സർക്കാരിന്റെ വായ്പപ്പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചതോടെ ഇതു നിയന്ത്രിക്കാൻ സർക്കാർ നിർബന്ധിതമായി.

സാമ്പത്തികസ്ഥിതി അങ്ങേയറ്റം മോശമാവുമ്പോൾപ്പോലും ഇത്തരം താത്കാലിക ക്രമീകരണങ്ങൾ നടത്താൻ സംസ്ഥാനത്തിന് ആവുന്നില്ല. എന്നാൽ, ഈ പണം ഡിസംബറിനുമുമ്പ് തിരികെ ക്ഷേമനിധികൾക്ക് നൽകിയാൽ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയെ ബാധിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP