Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

2020 ന്റ ആരംഭത്തിൽ അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപിച്ചത് 17 ബില്ല്യൺ ഡോളർ; കൊറോണയുടെ കരിനിഴലും ഹോങ്കോംഗ് അധിനിവേശവും ചൈനയെ പാശ്ചാത്യലോകത്തുനിന്നും അകറ്റുമ്പോൾ ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്നത് ലോകോത്തര ബ്രാൻഡുകൾ; പാശ്ചാത്യ കോർപ്പറേറ്റുകൾക്ക് ഇന്ത്യ പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെ

2020 ന്റ ആരംഭത്തിൽ അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപിച്ചത് 17 ബില്ല്യൺ ഡോളർ; കൊറോണയുടെ കരിനിഴലും ഹോങ്കോംഗ് അധിനിവേശവും ചൈനയെ പാശ്ചാത്യലോകത്തുനിന്നും അകറ്റുമ്പോൾ ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്നത് ലോകോത്തര ബ്രാൻഡുകൾ; പാശ്ചാത്യ കോർപ്പറേറ്റുകൾക്ക് ഇന്ത്യ പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

2020 ന് മുൻപ് ഇന്ത്യയെന്നാൽ അത്ര പ്രധാനപ്പെട്ട രാജ്യമൊന്നുമായിരുന്നില്ല പാശ്ചാത്യ കമ്പനികൾക്ക്. അമേരിക്കയിലും മറ്റും നിരവധി ഇന്ത്യാക്കാർ ഐ ടി മേഖലയിലും മറ്റുമായി സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നിക്ഷേപത്തിന്റെ കാര്യത്തിൽ തണുത്ത മട്ടായിരുന്നു മിക്ക ലോകോത്തര ബ്രാൻഡുകൾക്കും. 2020-ൽ കാര്യങ്ങളാകെ മാറിമറിയുകയാണ്. ഈ വർഷം ആരംഭിച്ചതിനുശേഷം അമേരിക്കയിലെ സാങ്കേതിക ഭീമന്മാരായ ആമസോൺ, ഫേസ്‌ബുക്ക്, ഗൂഗിൾ എന്നീ കമ്പനികൾ മാത്രം ഇന്ത്യയിൽ നിക്ഷേപിച്ചത് 17 ബില്ല്യൺ ഡോളറായിരുന്നു. അമേരിക്കയിലെ വിവിധ മേഖലയിലെ കോർപ്പറേറ്റുകൾ ഇന്ത്യയിൽ നിക്ഷേപം നടത്തുവാൻ ആരംഭിച്ചതിന്റെ ഭാഗമായിരുന്നു അതും. ഇതുവരെ 20 ബില്ല്യൺ ഡോളറാണ് വിവിധ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്നത്.

കൊറോണ അതിതീവ്രമായി ബാധിച്ച ഒരു സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. എന്നാൽ ചൈനയുടെ ഇന്ത്യൻ മണ്ണിലേക്കുള്ള കടന്നുകയറ്റവും യുദ്ധ സന്നാഹവുമെല്ലാം അമേരിക്കയെ ഇന്ത്യയോട് കൂടുതൽ അടുപ്പിക്കുകയായിരുന്നു. ട്രംപിന്റെ ചൈനീസ് കോർപ്പറേറ്റുകളോടുള്ള വിരോധം ഇതിന് ആക്കം കൂട്ടി. ഹോങ്കോംഗിൽ പുതിയ കരിനിയമം നടപ്പാക്കിയതോടെ മിക്ക അമേരിക്കൻ കമ്പനികൾക്കും ചൈനയോടുള്ള താത്പര്യം കുറയുകയും ചെയ്തു. ചൈനയിൽ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുമ്പോൾ ഇവരിൽ മിക്കവരുടേയും പുറം ലോകത്തെ മുഖം ഹോങ്കോംഗ് കമ്പനി എന്നതായിരുന്നു.ഇതും ഇന്ത്യക്ക് സഹായകമായി.

Stories you may Like

എന്നാൽ, പെട്ടെന്ന് നിക്ഷേപങ്ങളുടെ കുത്തൊഴുക്കിന് കാരണമായത് നോട്ടു നിരോധനവും കൊറോണയും വെള്ളവും വളവും നൽകി വളർത്തിയ ഇന്ത്യയുടെ ഡിജിറ്റൽ എക്കോണമിയാണെന്ന് പറയേണ്ടിവരും. 700 മില്ല്യൺ ഇന്റർനെറ്റ് ഉപഭോക്താക്കൾ, ഉടൻ സൈബർ ലോകത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന അര ബില്ല്യൺ ജനങ്ങൾ വേറെ. സാങ്കേതികവിദ്യാ രംഗത്തെ ഒരു ഭീമനും തടുക്കാൻ കഴിയാത്ത പ്രലോഭനം തന്നെയാണത്. ദീർഘകാലയളവിലേക്ക് ഇന്ത്യ വലിയൊരു വിപണിയാകും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവിടത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ചൈനയിലേതിനേക്കാൾ കൂടുതൽ സുതാര്യവുമാണ്.

ചൈനയുടെ പതനം

അമേരിക്കൻ കമ്പനികളുടെ പ്രിയപ്പെട്ട നിർമ്മാണ ഇടം എന്ന പദവിയിൽ നിന്നുള്ള ചൈനയുടെ പതനം യഥാർത്ഥത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. ഗ്രേറ്റ് ഫയർവാൾ എന്നറിയപ്പെടുന്ന കടുത്ത സെൻസർ നിയമങ്ങൾ അമേരിക്കൻ കമ്പനികളെ പതുക്കെ പുറകോട്ട് വലിക്കാൻ തുടങ്ങിയപ്പോഴാണ് ഹോങ്കോംഗിൽ പുതിയ കരിനിയമവുമായി ചൈന എത്തിയത്. ഗൂഗിൾ, ഫേസ്‌ബുക്ക് എന്നിവ ഇവിടെ ഇപ്പോഴും ലഭ്യമാണെങ്കിലും ഇത് എത്രനാൾ തുടരുമെന്ന് പറയുവാനാകാത്ത അവസ്ഥയായി.

ചൈന നടപ്പാക്കിയ പുതിയ സുരക്ഷാ നിയമം ടെക്ക് പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം അധികൃതർക്ക് നൽകുന്നു. സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും, തങ്ങൾക്കിഷ്ടമില്ലാത്ത പോസ്റ്റുകൾ നീക്കം ചെയ്യുവാൻ ആവശ്യപ്പെടാനും അധികാരികൾക്ക് സാധിക്കും. ഫേസ്‌ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നീ കമ്പനികൾ തങ്ങളുടെ പക്കലുള്ള ഡാറ്റ ഹോങ്കോംഗ് സർക്കാരുമായി പങ്കുവയ്ക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞപ്പോൾ, ട്വിറ്റർ പൂർണ്ണമായും ഈ നഗരത്തെ പൂർണ്ണമായും കൈവിട്ടുകഴിഞ്ഞിരിക്കുന്നു.

ചൈനയുമായി വ്യാപാരം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ നിയമ വകുപ്പ് ഡയറക്ടറായമാർക്ക് ലെംലി പറയുന്നത്. ചൈനയുമായി ബിസിനസ്സ് ബന്ധം സ്ഥാപിച്ചാൽ ധാർമ്മികമായ വിട്ടുവീഴ്‌ച്ചകൾക്ക് തയ്യാറാകേണ്ടിവരുമെന്നൊരു ചിന്തയും അമേരിക്കൻ വ്യവസായിക സമൂഹത്തിൽ വളർന്ന് വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ചൈനീസ് സാങ്കേതികവിദ്യയെ കുറിച്ചുള്ള അവിശ്വാസം അമേരിക്കക്കാരിൽ രൂഢമൂലമാകാൻ തുടങ്ങിയതാണ് മറ്റൊരു ഘടകം. ചൈനീസ് സാങ്കേതിക കമ്പനിയായ വാവേയുടെ വിപുലീകരണ പദ്ധതികൾക്ക് തടയിടാൻ കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. മാത്രമല്ല ചൈനീസ് ആപ്പായ ടിക്ടോക് നിരോധിക്കാൻ ആലോചിക്കുന്നു എന്നും പ്രസ്താവിച്ചു. ഇന്ത്യ ടിക്ടോക്കും അതിനോടൊപ്പം ഒരു ഡസനിലധികം മറ്റ് ചൈനീസ് ആപ്പുകളും നിരോധിച്ച സാഹചര്യത്തിൽ അമേരിക്കയും ഇന്ത്യയും തമ്മിൽ യോജിപ്പിലെത്തുന്ന ഒരു മേഖലയായി മാറി ചൈനീസ് ആപ്പ് നിരോധനം.

അതിനിടയിലാണ് ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചു കടന്ന ചൈനീസ് സൈനികരോട് ഏറ്റുമുട്ടി 20 ഇന്ത്യൻ സൈനികർ വീരമൃത്യൂ വരിച്ചത്. ഇത് ഇന്ത്യയിൽ ചൈനാവിരോധം കൂടുതൽ ശക്തമാകാൻ കാരണമായി. ചൈനയുമായുള്ള ബന്ധം ഇന്ത്യക്ക് അത്ര എളുപ്പം മുറിക്കാൻ സാധിക്കില്ലെങ്കിലും, അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് കാരണമായി. ഇന്ത്യയും മറ്റ് സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളും ചൈനയും അമേരിക്കയുമായുള്ള ബന്ധത്തിൽ ഒരു സംതുലനം പാലിച്ചിരുന്നു. അമേരിക്ക നൽകുന്ന സംരക്ഷണം സ്വീകരിക്കുമ്പോഴും അവർ ചൈനയുമായായിരുന്നു കൂടുതൽ വ്യാപാരബന്ധം സ്ഥാപിച്ചിരുന്നത്. എന്നാൽ സമീപകാല സംഭവങ്ങളിലൂടെ ചൈന ഇന്ത്യയെ അമേരിക്കയുമായി കൂടുതൽ അടുപ്പിക്കുകയായിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിൽ സാങ്കേതിക വിദ്യാരംഗത്ത് ദീർഘനാളത്തെ ബന്ധമുണ്ട്. നിരവധി ഇന്ത്യൻ എഞ്ചിനീയർമാരാണ് സിലിക്കോൺ വാലിയിൽ അമേരിക്കൻ സ്വപ്നങ്ങൾക്ക് ജീവനേകുന്നത്. മാത്രമല്ല ഈ മേഖലയിലെ ഭീമന്മാരായ ഗൂഗിൾ, മൈകോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികളുടെ നേതൃരംഗത്തും ഇന്ത്യൻ സാന്നിദ്ധ്യമുണ്ട്. ഡിജിറ്റൽ ലോകത്ത് ഇന്ത്യയും അമേരിക്കയുംതമ്മിൽ സ്വാഭാവികമായ ഒരു അടുപ്പം ഉണ്ടെന്നർത്ഥം. മാത്രമല്ല, കൊറോണ പ്രതിസന്ധിയിൽ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോഗം കാര്യമായി വർദ്ധിച്ചു. ഇതും ഇന്ത്യൻ വിപണി ആകർഷകരമായി തോന്നാൻ അമേരിക്കൻ കോർപ്പറേറ്റുകൾക്ക് ഒരു കാരണമായി.

അമേരിക്കൻ സമ്പദ്വ്യവസ്ഥയെ മറ്റു രാജ്യങ്ങളിൽ നിന്നും അകറ്റി നിർത്താനാണ് ട്രംപ് ഇപ്പോൾ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, ലോക വ്യാപാര ഭൂപടത്തിൽ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുവാൻ അമേരിക്കൻ കമ്പനികൾക്ക് മറ്റ് വഴികൾ തേടേണ്ടതായി വരും. ലെംലിയുടെ അഭിപ്രായപ്രകാരം ഇന്ത്യയാണ് അമേരിക്കയ്ക്ക് അതിന് ഏറ്റവും യോജിച്ച പങ്കാളി.ചൈനയിലേതുപോലെകൊട്ടിയടക്കപ്പെട്ട ഒരു സാഹചര്യമല്ല ഇന്ത്യയിലുള്ളത്. വ്യാപാര വിഷയങ്ങളിൽ ചൈനയിലേതുപോലെ അത്ര ഇടപെടലുകൾ ഇന്ത്യൻ ഭരണകൂടം നടത്തുന്നുമില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അമേരിക്കക്കാർക്ക് സുപരിചിതമായ, സുതാര്യമായ ഒരു ബിസിനസ്സ് അന്തരീക്ഷമാണ് ഇന്ത്യയിലും നിലനിൽക്കുന്നത്.

അന്താരാഷ്ട്ര കരാർ ലംഘിച്ച്, ഹോങ്കോംഗ് പിടിച്ചെടുക്കാൻ കരിനിയമം നിർമ്മിച്ച ചൈന നാളെ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോകാൻ ഇടയുണ്ടെന്ന് കോർപ്പറേറ്റുകൾ ഭയപ്പെടുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള കരാറുകൾ ലംഘിക്കാൻ മടികാട്ടാത്തവർ, കേവലം ചില വ്യാപാരസ്ഥാപനങ്ങളുമായി ഉണ്ടാക്കിയ കരാറുകൾക്ക് എന്ത് വില നൽകുമെന്നും അവർ സംശയിക്കുന്നു. ഇതും ഇന്ത്യയിലേക്കുള്ള അമേരിക്കൻ നിക്ഷേപത്തിന്റെ കുത്തൊഴുക്കിന് കാരണമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP