Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഒരിക്കൽ നിന്നു തിരിയാൻ ഇടമില്ലാതിരുന്ന ലണ്ടനിലെ ഗാറ്റ്‌വിക് എയർപോർട്ടിന്റെ ഞെട്ടിക്കുന്ന കാഴ്‌ച്ചകളാണിവ; അടുക്കിയിട്ടിരിക്കുന്ന വിമാനങ്ങളിൽ പലതും തുരുമ്പിച്ചേക്കും; മനുഷ്യൻ യാത്രയെ ഭയക്കുന്ന കാലത്ത് ഇവയ്ക്ക് എങ്ങനെ ശാപമോക്ഷം കിട്ടും?

ഒരിക്കൽ നിന്നു തിരിയാൻ ഇടമില്ലാതിരുന്ന ലണ്ടനിലെ ഗാറ്റ്‌വിക് എയർപോർട്ടിന്റെ ഞെട്ടിക്കുന്ന കാഴ്‌ച്ചകളാണിവ; അടുക്കിയിട്ടിരിക്കുന്ന വിമാനങ്ങളിൽ പലതും തുരുമ്പിച്ചേക്കും; മനുഷ്യൻ യാത്രയെ ഭയക്കുന്ന കാലത്ത് ഇവയ്ക്ക് എങ്ങനെ ശാപമോക്ഷം കിട്ടും?

സ്വന്തം ലേഖകൻ

യിരക്കണക്കിന് യാത്രക്കാർ ഒരു ദിവസം വരികയും പോവുകയും ചെയ്തിരുന്നതാണ് ഗാറ്റ്‌വിക് വിമാനത്താവളം. തിരക്കിൽ നിന്നുതിരിയാനുള്ള ഇടം തന്നെ കഷ്ടിയായിരുന്നു. അവിടം ഇന്ന് ഏതാണ്ട് വിജനമാണ്. വിവിധതരം വിമാനങ്ങൾ യാത്രകളില്ലാതെ അടുക്കിയിട്ടിരിക്കുന്നത് കാണുമ്പോൾ തോന്നുക ഇവിടം വിമാനങ്ങളുടെ ശ്മശാനഭൂമിയായി മാറിയിരിക്കുന്നു എന്നാണ്. സറേയിലൊടെ ഒരു ചെറിയ ഹെലികോപ്റ്ററിലെ യാത്രയിൽ കാണാനാവുക ഒരു ഹബ്ബിന് ചുറ്റും വട്ടമായി ഒതുക്കിയിട്ടിരിക്കുന്ന എട്ട് ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനങ്ങളാണ്. അതിനടുത്തായി ഇവരുടെ വേറെയും വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാം.

ഒരല്പം മാറി തിളങ്ങുന്ന ഓറഞ്ച് വർണ്ണത്തിലുള്ള ഈസിജറ്റ് വിമാനങ്ങൾ നിരത്തിയിട്ടിരിക്കുന്നു. തൊട്ടപ്പുറത്ത് ആകാശനീലിമയുടെ നിറമുള്ള ടുയിയും. നൂറിലധികം വിമാനങ്ങളാണ് വിവിധ വിമാനക്കമ്പനികളുടേതായി ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. കൊറോണബാധമൂലം ബ്രിട്ടനിലെ വിമാനയാത്രകൾ നിരോധിച്ചതുമുതൽ അവയെല്ലാം ഇവിടെ കിടപ്പാണ്.ലോകത്തിലെ വിനോദസഞ്ചാര മേഖലക്കും വ്യോമയാനമേഖലയ്ക്കും ഏറ്റ കനത്ത അടിയുടെ സൂചനയായി മാറിയിരിക്കുന്നു ഈ ചലനമറ്റ ആകാശ നൗകകൾ. ബ്രിട്ടനിൽ മാത്രം ഏകദേശം 2.6 ദശല്ക്ഷം ആളുകൾ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നു എന്നറിയുമ്പോഴാണ് ഇതിന്റെ ആഘാതം മനസ്സിലാകുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ ഒരു ദിവസം ഈ വിമാനത്താവളത്തിൽ വന്നിറങ്ങിയിരുന്നത് 1,46,000 യാത്രക്കാരായിരുന്നു. വരുന്നതും പോകുന്നതുമായ 889 വിമാനസർവ്വീസുകളും. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച ഇവിടെ വന്നതും പോയതും ആകെ 600 യാത്രക്കാർ മാത്രം, വെറും ഏഴ് വിമാനങ്ങളും. കഴിഞ്ഞ ആഴ്‌ച്ചയാണെങ്കിൽ ഒരു ദിവസം ഈ വിമാനത്താവളം കണ്ടത് 23 യാത്രക്കാരെ മാത്രമായിരുന്നു എന്നതുകൂടി അറിയുമ്പോഴാണ് ഞെട്ടൽ ഉണ്ടാകുന്നത്.

കൊറോണ നിശബ്ദമാക്കിയ ഈ ലോകത്ത് ആകാശയാത്രകൾ ഒഴിവാകാൻ തുടങ്ങിയപ്പോൾ ചലനം നിലച്ച വിമാനങ്ങൾക്ക് താവളമൊരുക്കുകയാണ് ഗാറ്റ്‌വിക്ക് ഇന്ന്. വിമാനത്താവളം എന്നതിനെക്കാൾ വിമാനങ്ങളുടെ ശ്മശാന ഭൂമി എന്ന വിശേഷണമാണ് ഇപ്പോൾ ഇതിന് കൂടുതൽ ചേരുക. 90 ശതമാനം ജീവനക്കാരേയും ഫർലോ ചെയ്ത വിമാനത്താവളം ലിക്വിഡിറ്റി അഭിവൃദ്ധിപ്പെടുത്തുവാൻ 300 ദശലക്ഷം പൗണ്ട് വായ്പയെടുക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ എത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണമെന്ന നിയമം പ്രാബല്യത്തിൽ വരുന്നതോടെ, സമീപ ഭാവിയിൽ പറന്നുയരാമെന്ന വിമാനങ്ങളുടെ സ്വപ്നങ്ങളും തകരുകയാണ്.

വിമാന സർവ്വീസുകളേയും വിമാനത്താവളങ്ങളേയും മാത്രമല്ല, വിനോദ സഞ്ചാരികളെ ആശ്രയിച്ച് കഴിയുന്ന നിരവധി ബിസിനസ്സ് സ്ഥാപനങ്ങളേയും ഈ പുതിയ ക്വാറന്റൈൻ നിയമം വിപരീതമായി ബാധിക്കും. ബ്രിട്ടൻ ഏതാണ്ട് അടച്ചുപൂട്ടിയ പ്രതീതിയായിരിക്കും ഈ നിയമം നൽകുക എന്ന ആരോപണവും ഉയരുന്നുണ്ട്.

ക്വാറന്റൈൻ നിയമത്തിനു പുറമേ, രോഗവ്യാപനത്തെ കുറിച്ച് ജനങ്ങൾക്കുള്ള ഭയവും യാത്രകൾ ഒഴിവാക്കുവാൻ കാരണമാകുന്നുണ്ട്. ഇത് കാണിക്കുന്നത് ഇതിൽ മിക്ക വിമാനങ്ങളും ഇനിയും മാസങ്ങളോളം ഇവിടെ ചലനമറ്റ് കിടക്കേണ്ടി വരുമെന്ന് തന്നെയാണ്. ഇത് സമ്പദ്ഘടനയിൽ ഏല്പിക്കുന്ന ആഘാതം ചില്ലറയാകില്ല.

 

വിമാന സർവ്വീസുകൾ മാത്രമല്ല, വിമാനത്താവളങ്ങൾ, വിമാന നിർമ്മാതാക്കൾ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും ഇനി വരും നാളുകളിലായിരിക്കും കൊറോണയുടെ യഥാർത്ഥ പ്രഹരണ ശേഷി അറിയുവാൻ പോകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP