Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദേശനിക്ഷേപകർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പിൻവലിക്കുന്നത് 26 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം; ഇന്ത്യയിൽ നിന്നു മാത്രം 16 ബില്ല്യൺ ഡോളർ; കൊറോണ ഏഷ്യൻ സമ്പദ്ഘടനയെ ബാധിക്കുന്നതിങ്ങനെ

വിദേശനിക്ഷേപകർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പിൻവലിക്കുന്നത് 26 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം; ഇന്ത്യയിൽ നിന്നു മാത്രം 16 ബില്ല്യൺ ഡോളർ; കൊറോണ ഏഷ്യൻ സമ്പദ്ഘടനയെ ബാധിക്കുന്നതിങ്ങനെ

സ്വന്തം ലേഖകൻ

കോവിഡ് - 19 എന്ന മഹാമാരി ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സമ്പദ്ഘടനയിൽ കനത്ത ആഘാതമേൽപ്പിച്ചിട്ടുണ്ട്. നിരവധി ഉത്തേജന പാക്കേജുകളുമായി വികസിത രാജ്യങ്ങൾ അതിനെ മറികടക്കാൻ നെട്ടോടമോടുകയാണ്. അതിനിടയിലാണ് ഏഷ്യയിലെ വിവിധ വികസ്വര രാജ്യങ്ങളിൽ നിന്നായി 26 ബില്ല്യൺ ഡോളറിന്റെ വിദേശനിക്ഷേപങ്ങൾ പിൻവലിച്ചു എന്ന റിപ്പോർട്ട് വരുന്നത്. ഇന്ത്യയിൽ നിന്നും 16 ബില്ല്യൺ ഡോളറിന്റെ നിക്ഷേപമാണ് പിൻവലിക്കപ്പെട്ടത് എന്നും അതിൽ പറയുന്നു. ഇത് ഏഷ്യയിൽ കനത്ത സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കും എന്നാണ് കോൺഗ്രെഷണൽ റിസർച്ച് സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നത്ൽ..

ജർമ്മനി, ഫ്രാൻസ് , ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലായി 30 ദശലക്ഷത്തിലധികം പേർ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായങ്ങൾക്കായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. 2020 ആദ്യ പാദത്തിലെ റിപ്പോർട്റ്റ് കാണിക്കുന്നത് യൂറോ മേഖലയിലെ സമ്പദ്ഘടന 3.8% ചുരുങ്ങി എന്നാണ്. 1995 നു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണത്.

അതേ സമയം അമേരിക്കയിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ കാണിക്കുന്നത് 2020 ആദ്യപാദത്തിൽ ജി ഡി പി യിൽ 4.8% ത്തിന്റെ കുറവുണ്ടായി എന്നാണ്. 2008 ലെ ലോക സാമ്പത്തിക മാന്ദ്യകാലത്തെ തകർച്ച കഴിഞ്ഞാൽ പിന്നെയുള്ള ഏറ്റവും വലിയ തകർച്ചയാണത്. ആദ്യപാദത്തിൽ ഒരാഴ്‌ച്ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടായിരുന്നുള്ളു എന്നതുകൂടി ഓർക്കണം. എന്നാൽ രണ്ടാം പാദത്തിൽ ഏകദേശം ഒരു മാസത്തിലധികം ലോക്ക്ഡൗൺ ഉണ്ടായിരുന്നു എന്നതുകൂടി കൂട്ടിച്ചേർത്ത് വായിക്കുമ്പോഴാണ് തകർച്ചയുടെ യഥാർത്ഥ ആഴം മനസ്സിലാകുക.

ഈ മാഹാമാരിയുണ്ടാക്കിയ വെല്ലുവിളികൾ നേരിടുന്നതിന്റെ ഭാഗമായി വിവിധ സർക്കാരുകൾക്ക് ധന നയങ്ങളുംകമ്മി നയവും നടപ്പിലാക്കി ക്രെഡിറ്റ് വിപണിയേയും സാമ്പത്തിക ഇടപാടുകളേയും സജീവമാക്കി നിലനിർത്തേണ്ടതുണ്ട്. അതേ സമയം ഈ മഹാവ്യാധിയിൽ നിന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുവാനായി, വാക്സിൻ വികസനം പോലുള്ള പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണക്കേണ്ടതുമുണ്ട്.

ഇക്കാര്യത്തിൽ ഓരോ രാജ്യവും തങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസൃതമായ നയങ്ങൾ രൂപീകരിക്കുമ്പോൾ അത് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ വിപരീർതമായി ബാധിക്കുമെങ്കിലും, പ്രായോഗികമായി മറ്റൊരു സമീപനം എടുക്കുവാനാകാത്ത സാഹചര്യത്തിലാണ് മിക്ക രാഷ്ട്രങ്ങളും. വികസിത-വികസ്വര രാഷ്ട്രങ്ങൾക്കിടയിൽ മാത്രമല്ല, യൂറോസോണിലെ ഉത്തര ദക്ഷിണ മേഖലകൾക്കിടയിലും ഈ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്.ഇത് രാഷ്ട്രങ്ങൾ തമ്മിൽ നിലനില്ക്കുന്ന വിവിധ സഖ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തിയിട്ടുമുണ്ട്. മാത്രമല്ല, ഭാവിയിൽ ലോകത്തിന്റെ നേതൃസ്ഥാനത്തെത്താനുള്ള മത്സരവും പൊടിപൊടിക്കുന്നു.

ഐ എം എഫിന്റെ വിലയിരുത്തൽ അനുസരിച്ച്, പ്രധാന സാമ്പത്തിക വ്യവസ്ഥകളെല്ലാം തന്നെ തകർച്ചയെ അഭിമുഖീകരിക്കേണ്ടി വരും. ചൈന, ഇന്ത്യ, ഇന്തോനേഷ്യാ എന്നീ രാജ്യങ്ങൾക്ക് മാത്രമേ അല്പമെങ്കിലും വളർച്ച കൈവരിക്കാനാകൂ എന്നും റിപ്പോർട്ടിലുണ്ട്. മാത്രമല്ല, ലോക സംബദ്ഘടന പൂർവ്വസ്ഥിതിയിൽ എത്താൻ നേരത്തേ കണക്കുകൂട്ടിയതിനേക്കാൾ ഏറെ സമയം കൂടുതൽ എടുക്കും എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. രോഗവ്യാപനത്തെക്കുറിച്ച് ഇപ്പോഴും നിലനിൽക്കുന്ന ആശങ്ക, വിശ്വാസക്കുറവ്, ദീർഘനാൾ അടച്ചിട്ടതിനാൽ, ബിസിനസ്സ് രീതിയിലും വിപണിയിലും വരുന്ന മാറ്റങ്ങൾ എന്നിവയൊക്കെ ഇതിന് കാരണമാണ്.

രോഗ വ്യാപനമെന്ന ഭീതി നിരവധി ആളുകളെ സ്വയം നിശ്ചയിച്ച ക്വാറന്റൈനിൽ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് എയർലൈൻസ്, ക്രൂയിസ് ലൈനർ ട്രാവൽ എന്നീ മേഖലകളെ വിപരീതമായി ബാധിച്ചിട്ടുണ്ട്. സിനിമ, സ്പോർട്സ് വ്യവസായവും ഇതേ പ്രതിസന്ധി നേരിടും. കൊറോണാക്കാലത്തിന് ശേഷവും ഇവ പിടിച്ചു നില്ക്കാൻ കഷ്ടപ്പെടേണ്ടിവരും. പൊതുസ്ഥലങ്ങളിൽ ഒത്തുചേരാവുന്ന ജനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയത്, സ്‌കൂളുകൾ തുറക്കാത്തത്, രക്ഷകർത്താക്കളുടെ അവധി നയം തുടങ്ങിയവയും സാമ്പത്തിക തകർച്ചക്ക് ആക്കം കൂട്ടും എന്നാണ് കണക്കാക്കുന്നത്.

ഇതിൽ വ്യോമയാന മേഖലയിൽ മാത്രം ഈ വർഷം 113 ബില്ല്യണ ഡോളറിന്റെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളുടെ വരുമാനത്തിലും കാര്യമായ കുറവുകളുണ്ടാകും. ഏഷ്യൻ രാജ്യങ്ങൾക്ക് വലിയൊരു അടിയാകുവാൻ പോകുന്നത് ചൈനീസ് വിനോദ സഞ്ചാരികളുടെ കുറവായിരിക്കും. അതിവേഗം വളരുന്ന ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ലോക ടൂറിസം മേഖലക്ക് തന്നെ ഒരു പുതുജീവൻ നൽകിയിരുന്നു. അതുപോലെ തന്നെ, വ്യവസായിക പ്രവർത്തനങ്ങൾ കുറഞ്ഞതോടെ ഊർജ്ജോദ്പന്നങ്ങൾക്കും ആവശ്യം കുറഞ്ഞു. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം തുടങ്ങിയവയുടെ വിലയിൽ വൻ ഇടിവ് വരുത്തുവാൻ ഇത് പ്രാപ്തമാണ് . മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ഈ വിപണി ഏതാണ്ട് തകർന്നടിയുമെന്നും കണക്കാക്കുന്നു.

ചൈന, അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി കുറഞ്ഞതും വ്യവസായ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള കാർഷികോദ്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞത് പല ഭക്ഷ്യവസ്തുക്കളുടെയും ആഗോള വിലവർദ്ധനവിന് കാര്യമാകും. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ കാർഷികോപകരണ കയറ്റുമതിക്കാരായ ചൈന ഇക്കാര്യത്തിലും പുറകിൽ പോയത് ആഗോള കാർഷിക മേഖലക്കും തിരിച്ചടിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP