Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വർക്ക്-ഫ്രം-ഹോം വർഷാവസാനം വരെ നീട്ടി ഫേസ്‌ബുക്കും ഗൂഗിളും; ടോറോണ്ടോയിലെ സ്മാർട്ട് സിറ്റി പദ്ധതി നിർത്തിവച്ച് ഗൂഗിൾ; കൊറോണാനന്തരകാലത്തെ പുതിയ തൊഴിൽ സംസ്‌കാരം ടെക്നോ പാർക്കുകളേയും സൈബർ സിറ്റികളേയും അപ്രസക്തമാക്കുമോ?

വർക്ക്-ഫ്രം-ഹോം വർഷാവസാനം വരെ നീട്ടി ഫേസ്‌ബുക്കും ഗൂഗിളും; ടോറോണ്ടോയിലെ സ്മാർട്ട് സിറ്റി പദ്ധതി നിർത്തിവച്ച് ഗൂഗിൾ; കൊറോണാനന്തരകാലത്തെ പുതിയ തൊഴിൽ സംസ്‌കാരം ടെക്നോ പാർക്കുകളേയും സൈബർ സിറ്റികളേയും അപ്രസക്തമാക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊറോണാ ലോക്ക്ഡൗണിന് ശേഷം ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ് പല ബിസിനസ്സ് സ്ഥാപനങ്ങളും. ടെക്നോളജി ഭീമന്മാരായ ഫേസ്‌ബുക്കും ഗൂഗിളും അക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഈ രണ്ട് കമ്പനികളും പുതിയ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് എന്നാണ് സൂചന. ഗൂഗിൾ ജൂൺ 1 മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഫേസ്‌ബുക്ക് പ്രവർത്തനം പുനരാരംഭിക്കാൻ ആലോചിച്ചിരുന്നത് ജൂലായ് 6 മുതൽക്കും. എന്നാൽ ഇപ്പോൾ ഇവർ രണ്ടുപേരും പറയുന്നത്, ആവശ്യമുള്ളവർക്ക് വർക്ക്-ഫ്രം-ഹോം സൗകര്യം ഈ വർഷം അവസാനം വരെ എടുക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നാണ്.

ഓഫീസിൽ തിരിച്ചെത്തി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജൂലായ് മുതൽ അത് ആരംഭിക്കാനാകുമെന്ന് ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചായ് പറഞ്ഞു. ആവശ്യത്തിനുള്ള സുരക്ഷാ നടപടികൾ കമ്പനി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഭൂരിഭാഗം ജീവനക്കാർക്കും വീടുകളിൽ ഇരുന്നും അവരുടെ ജോലി ചെയ്യാൻ സാധിക്കും എന്നതിനാൽ അവർക്ക് അങ്ങനെ ചെയ്യുവാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണിന് ശേഷമുള്ള തിരിച്ചുവരവിൽ ഫേസ്‌ബുക്ക് ചില പുതിയ നടപടികൾ പരീക്ഷിക്കുകയാണെന്നാണ് ഒരു കമ്പനി വക്താവ് പറഞ്ഞത്. വീട്ടിൽ ഇരുന്ന് ജോലിചെയ്യുവാൻ സൗകര്യവും താത്പര്യവും ഉള്ള ജീവനക്കാർക്കെല്ലാം അത്തരത്തിൽ പ്രവർത്തിക്കുവാൻ ഈ വർഷം അവസാനം വരെ സമയം നൽകുമെന്നാൺ' കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചത്. ഇത് മാറ്റങ്ങളുടെ കാലഘട്ടമാണെന്നും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കൂടിയാണ് ഇതിൽ ഒരു തീരുമാനമെടുക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

കൊറോണയുടെ ആരംഭകാലത്ത് ആദ്യമായി ജീവനക്കാർക്ക് വർക്ക്-ഫ്രം-ഹോം സൗകര്യം നൽകിയ കമ്പനികളിൽ ഒന്നാണ് ഫേസ്‌ബുക്ക്. ഈ സൗകര്യം നൽകുക മാത്രമല്ല, അവർക്ക് ഈ സൗകര്യം മുതലാക്കുന്നതിന് 1000 ഡോളർ പ്രത്യേക ബോണസും പ്രഖ്യാപിച്ചിരുന്നു.കൂടുതൽ ജീവനക്കാർ വർക്ക്-ഫ്രം-ഹോം സൗകര്യം ഉപയോഗിച്ചാൽ കമ്പനികൾക്ക് സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള നിബന്ധനകൾ കൃത്യമായി പാലിച്ച് സുരക്ഷ വർദ്ധിപ്പിക്കാനാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

അതേ സമയം, വർഷങ്ങളായി ഗൂഗിൾ ആലോചിച്ചുകൊണ്ടിരുന്ന, ടോറണ്ടോയിലെ ഡിജിറ്റൽ-ഫസ്റ്റ് സ്മാർട്ട് സിറ്റി പ്രൊജക്ട് കമ്പനി ഉപേക്ഷിക്കുന്നതായി അറിയിച്ചു. മുൻപെങ്ങുമില്ലാത്തത് പോലുള്ള സാമ്പത്തിക അനിശ്ചിതത്വമാൺ ഇതിന് കാരണമെന്ന് കമ്പനി അറിയിച്ചു. ഗൂഗിളിന്റെ സഹോദര സ്ഥാപനമായ സൈഡ്വാക്ക് ലാബ്സിനായിരുന്നു ഇതിന്റെ നിർമ്മാണ ചുമതല. ഓട്ടോറൺ കാറുകൾ, മാലിന്യം ശേഖരിക്കുവാനും സംസ്‌കരിക്കുവാനും സാങ്കേതിക വിദ്യയുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം, ആളുകളുടെ നീക്കങ്ങൾ എന്നിവ നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പടെയുള്ള ഒരു സമ്പൂർണ്ണ സാങ്കേതിക നഗരമായിരുന്നു ഗൂഗിൾ ഇവിടെ പദ്ധതിയിട്ടിരുന്നത്.

ഈ സ്വപ്ന പദ്ധതിയിൽ നിന്നുള്ള ഗൂഗിളിന്റെ പിന്മാറ്റം സമീപ ഭാവിയിൽ വന്നുചേരാവുന്ന വലിയ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കൊറോണക്കാലത്ത് അത്യാവശ്യമായിരുന്ന വർക്ക്-ഫ്രം-ഹോം ഒരു പുതിയ തൊഴിൽ സംസ്‌കാരത്തിന് വഴി തെളിച്ചു. നേരത്തേയും ഇത്തരത്തിലുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഇത് ഇത്ര വ്യാപകമായിരുന്നില്ല. വർക്ക്-ഫ്രം-ഹോം വ്യാപകമാവുകയും, അത് ജീവനക്കാരുടെ കാര്യക്ഷമതയേയോ, ജോലികളുടെ പൂർത്തീകരണ സമയത്തേയോ കാര്യമായി ബാധിച്ചില്ലെന്ന തിരിച്ചറിവാണ് കൊറോണയ്ക്ക് ശേഷവും കൂടുതൽ കമ്പനികളെ വർക്ക്-ഫ്രം-ഹോം സൗകര്യം തുടർന്ന് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചെലവുകൾ പോലെത്തന്നെ, വൈദ്യൂതി ചാർജ്ജ് ഉൾപ്പടെയുള്ള പല ചെലവുകളും ഇതിലൂടെ കമ്പനികൾക്ക് ഒഴിവാക്കാനാകും. മാത്രമല്ല, കമ്പ്യുട്ടർ ഉൾപ്പടെയുള്ള മൂലധനചെലവും കാര്യമായി കുറയ്ക്കാനാകും. ഇതൊക്കെ ഉദ്പന്നത്തിന്റെ നിർമ്മാണ ചെലവിൽ പ്രതിഫലിക്കും. ഇനിവരും കാലത്തെ വിപണിയിലെ കടുത്ത മത്സരം കണക്കാക്കുമ്പോൾ, ഇത്തരത്തിൽ ഓരോ രീതിയിലും നിർമ്മാണചെലവ് കുറയ്ക്കുന്നത് ഉല്പന്നത്തിന്റെ വില കുറച്ച് വിപണിയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ കമ്പനികളെ സഹായിക്കും. അതുകൊണ്ട് തന്നെ, ഈ രണ്ട് ഭീമന്മാർ തുറന്നിട്ട വഴിയിലൂടെ ഐ ടി മേഖലയിലെ മറ്റു കമ്പനികളും നീങ്ങും എന്നു തന്നെയാണ് വിപണി നിരീക്ഷകർ കരുതുന്നത്.

ഇത് സംഭവിച്ചാൽ, കൂറ്റൻ കെട്ടിടങ്ങളും മറ്റും ആവശ്യമേ അല്ലാതാകും. ലോകത്താകമാനമുള്ള ടെക്നോ പാർക്കുകളും സൈബർ സിറ്റികളുമൊക്കെ വിജനമാകുവാൻ ഏറെ സമയം വേണ്ടിവരില്ല. അങ്ങിനെ വന്നാൽ അത് ബാധിക്കുക, ഈ മേഖലകളിൽ ജോലിചെയ്യുന്ന ടെക്കികൾ അല്ലാത്തവരെയായിരിക്കും. ഓഫീസ് പരിപാലനത്തിനും മറ്റും ജീവനക്കാരുടെ ആവശ്യമില്ലാതെ വരുന്നതോടെ നിരവധി തൊഴിൽ നഷ്ടങ്ങൾ ഈ മേഖലയിൽ ഉണ്ടാകും. മാത്രമല്ല, ജീവനോപാധിക്കായി ഇത്തരം മേഖലകളെ പരോക്ഷമായി ആശ്രയിക്കുന്ന ചെറുകിട കച്ചവടക്കാർക്ക്, പ്രത്യേകിച്ച് ചെറിയ കഫറ്റേരിയ, റെസ്റ്റോറന്റ് തുടങ്ങിയവയിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽ നഷ്ടം ഉറപ്പാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP