Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് മണിക്കൂറിൽ ഒരു ദശലക്ഷം യൂറോയുടെ നഷ്ടം; ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന സകല എയർലൈനുകളുടെയും അവസ്ഥ ഇങ്ങനെ തന്നെ; സർക്കാരുകൾ സഹായിച്ചില്ലെങ്കിൽ കൊറോണ കഴിഞ്ഞാലും ആർക്കും പറക്കാനാവില്ല; ലോകം എമ്പാടുമുള്ള വിമാന കമ്പനികളുടെ തകർച്ച കണക്കുകൂട്ടിയതിനേക്കാൾ ഭയാനകം; കൂടുകളിൽ അടയ്ക്കപ്പെട്ട വെറും മൃഗങ്ങളായി മനുഷ്യർ മാറുമ്പോൾ സംഭവിക്കുന്നത്

ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് മണിക്കൂറിൽ ഒരു ദശലക്ഷം യൂറോയുടെ നഷ്ടം; ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന സകല എയർലൈനുകളുടെയും അവസ്ഥ ഇങ്ങനെ തന്നെ; സർക്കാരുകൾ സഹായിച്ചില്ലെങ്കിൽ കൊറോണ കഴിഞ്ഞാലും ആർക്കും പറക്കാനാവില്ല; ലോകം എമ്പാടുമുള്ള വിമാന കമ്പനികളുടെ തകർച്ച കണക്കുകൂട്ടിയതിനേക്കാൾ ഭയാനകം; കൂടുകളിൽ അടയ്ക്കപ്പെട്ട വെറും മൃഗങ്ങളായി മനുഷ്യർ മാറുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ലോകമാകെ സ്തംഭിപ്പിച്ചുകൊണ്ട് കൊറോണ എന്ന കൊലയാളി വൈറസ് താണ്ഡവമാടുമ്പോൾ, കൂടുകളിൽ അടയ്ക്കപ്പെട്ട വെറും മൃഗങ്ങളായി മനുഷ്യർ മാറിയപ്പോൾ, നഷ്ടം സംഭവിക്കാത്ത ഒരു മേഖലയും വ്യവസായ ലോകത്തില്ലെന്നാണ് പറയുന്നത്. എന്നാൽ, ഭീമമായ നഷ്ടം നേരിടുന്നത് വ്യോമയാന മേഖലതന്നെയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗവ്യാപനം തടയുവാൻ ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം തന്നെ പ്രഖ്യാപിച്ച ലോക്ക്ഡൗണും യാത്രാനിരോധനങ്ങളുമാണ് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പുതിയ ബുക്കിംഗുകൾ ലഭിക്കാതിരിക്കുകയും, ബുക്ക് ചെയ്യപ്പെട്ടിരുന്ന ടിക്കറ്റുകൾ കാൻസൽ ചെയ്യപ്പെടുകയും തുടങ്ങിയതോടെ വരുമാനമില്ലാതെ ചെലവ് മാത്രമായി മാറി വിമാനക്കമ്പനികൾക്ക്. ആദ്യമാദ്യം, കാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്ക് പണം മടക്കിൻ നൽകാതെ, മറ്റൊരു അവസരത്തിൽ യാത്ര ചെയ്യാവുന്ന ട്രാവൽ വൗച്ചറുകൾ നൽകുകയായിരുന്നു മിക്ക കമ്പനികളെങ്കിലും അമേരിക്ക ഉൾപ്പടെയുള്ള മിക്ക രാജ്യങ്ങളും ടിക്കറ്റ് കാൻസൽ ചെയ്യുന്നവർക്ക് പണം മടക്കി നൽകണമെന്ന കർശന നിലപാടെടുത്തതോടെ ഇവർ കൂടുതൽ സമ്മർദ്ദത്തിലാവുകയായിരുന്നു.

ലാഭത്തിൽ നടന്നുകൊണ്ടിരുന്ന ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ 700 വിമാനങ്ങളാണ് ഇപ്പോൾ വിവിധ വിമാനത്താവളങ്ങളിലെ പാർക്കിങ് ലോട്ടുകളിൽ വിശ്രമിക്കുന്നത്. ഇത് അവരുടെ ലിക്വിഡിറ്റി റിസർവിൽ ഉണ്ടാക്കുന്ന നഷ്ടം ഒരു മണിക്കൂറിൽ ഏകദേശം 1.1 ദശലക്ഷം ഡോളറാണ്. ജൂൺ മാസം മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കാൻ ഉദ്ദേശിക്കുന്ന കമ്പനി ഇതിനോടകം തന്നെ ജർമ്മനി, ആസ്ട്രിയ, സ്വിറ്റ്സർലാൻഡ്, ബെൽജിയം സർക്കാരുകളെ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ട്. എല്ലാം കൂടി 10 ബില്ല്യൺ ഡോളറിന്റെ സഹായ പാക്കേജാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

ലുഫ്താൻസയെ മാത്രമല്ല, ലോകത്തെ മിക്ക വിമാനക്കമ്പനികളേയും കൊറോണ തകർത്തെറിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക അന്താരാഷ്ട്ര വിമാന സർവ്വീസുകളും കാൻസൽ ചെയ്യേണ്ടിവന്ന എയർ കാനഡ 5,100 ജീവനക്കാർക്കാണ് താത്ക്കാലികമായ ലേ ഓഫ് നൽകിയത്. അമേരിക്കൻ എയർലൈൻസ് സർക്കാരിന്റെ 12 ബില്ല്യൺ ഡോളർ പാക്കേജിന് അപേക്ഷ നൽകിയിട്ടുണ്ട്. മറ്റൊരു പ്രമുഖ വിമാന സർവ്വീസായ ബ്രിട്ടീഷ് എയർവേയ്സ് ഏകദേശം 23,000 ജീവനക്കാർക്കാണ് നിർബന്ധിത അവധി നൽകിയത്. സിംഗപ്പൂർ എയർലൈൻസിന് ചില പ്രത്യേക തലത്തിലുള്ള ആളുകൾക്ക് ശമ്പളമില്ലാത്ത അവധിയാണ് നൽകേണ്ടിവന്നത്.

വിമാന സർവ്വീസുകൾ സാമ്പത്തിക ഞെരുക്കത്തിൽ ചക്രശ്വാസം വലിക്കുമ്പോൾ പല വിമാന നിർമ്മാണക്കമ്പനികളും സമാന സാഹചര്യം അഭിമുഖീകരിക്കുകയാണ്. എയർ ബസിന് ഉദ്പാദനം നാലിലൊന്നായി കുറയ്ക്കേണ്ടി വന്നിട്ടുണ്ട്. ഓർഡറുകൾ പലതും റദ്ദായതോടെ ബോയിങ് പുതിയ നിയമനങ്ങൾ എല്ലാം നിർത്തിവച്ചു. മറ്റു പ്രമുഖ വിമാന നിർമ്മാതാക്കളും ഇതേ സാഹചര്യത്തിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

കാൻസലേഷൻ ഫീസിൽ നഷ്ടം നികത്താൻ ഒരുങ്ങി വിനോദ സഞ്ചാര മേഖല

ലോകത്തിന്റെ പലയിടങ്ങളിലേക്കായി വിനോദ സഞ്ചാരത്തിനൊരുങ്ങിയവരൊക്കെ യാത്ര റദ്ദ് ചെയ്യുവാൻ തുടങ്ങിയതോടെ വിനോദ സഞ്ചാരമേഖലയും നട്ടം തിരിയുകയാണ്. ഭീമമായ തുക കാൻസലേഷൻ ഫീസ് ഇനത്തിൽ ഈടാക്കിയാണ് ഈ മേഖലയിലെ മിക്ക കമ്പനികളും അതിജീവനത്തിന് ശ്രമിക്കുന്നത്. നിയമപരമായി, ഒരു യാത്ര കാൻസൽ ചെയ്യുമ്പോൾ മുഴുവൻ തുകയും തിരികെ ലഭിക്കാൻ ഉപഭോക്താവിന് നിയമപ്രകാരം അർഹതയുണ്ടെങ്കിലും, അതിൽ ഒരു ഭാഗം മടക്കി നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മറ്റുചില കമ്പനികൾ.

ചില കമ്പനികൾ, ഉപഭോക്താക്കൾക്ക് ആവശ്യമില്ലാത്ത ക്രെഡിറ്റ് നോട്ടുകളും വൗച്ചറുകളും അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്‌ച്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹോളിഡേ പാക്കേജിനായി നൽകിയ തുകയുടെ ഒരു ഭാഗം, ട്രിപ്പ് കാൻസൽ ആയാലും തിരിച്ചു നൽകേണ്ടതില്ലെന്ന നിയമവിരുദ്ധമായ നയം ചില കമ്പനികൾ സ്വീകരിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പാക്കേജ് ട്രാവൽ റെഗുലേഷനുകൾ പ്രകാരം, റദ്ദ് ചെയ്ത യാത്രയുടെ മുഴുവൻ തുകയും 14 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് ലഭിച്ചിരിക്കണം.

വിമാനക്കമ്പനികളിൽ നിന്നും ഹോട്ടലുകൾ പോലുള്ള മറ്റിടങ്ങളിൽ നിന്നും കാൻസൽ ചെയ്ത സേവനങ്ങൾക്കായി മുൻകൂർ നൽകിയ പണം തിരികെ ലഭിക്കാത്തതാണ് ട്രാവൽ ഏജൻസികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അവരുടെ പ്രശ്നങ്ങൾ മനസ്സിലാകുമെങ്കിലും, അതിനായി നിഷ്‌കളങ്കരായ ഉപഭോക്താക്കൾ കബളിക്കപ്പെടുന്നത് അനുവദിക്കാനാവില്ല എന്നാണ് ഉപഭോക്തൃ സംഘടനകളുടെ നിലപാട്.

25% ജീവനക്കാരെ താത്ക്കാലികമായി പിരിച്ച് വിട്ട് എയർ ബി എൻ ബിയും

വിനോദ സഞ്ചാര മേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന എയർ ബി എൻ ബിയും പുതിയ സാഹചര്യത്തിൽ കടുത്ത നടപടികൾക്ക് ഒരുങ്ങുകയാണ്. ലോകമാകമാനമായി വ്യാപിച്ചു കിടക്കുന്ന ഈ സേവന ദാതാക്കളും 25% ജീവനക്കാരെ താത്ക്കാലികമായി പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഫലമായി ലോകമാകമാനം ഏകദേശം 1,900 പേർക്ക് തൊഴിൽ നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്.

കമ്പനിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എഴുത്തിലൂടെയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. 7,500 ജീവനക്കാരുള്ളതിൽ 1,900 പേർക്കാണ് മെയ്‌ 11 ശേഷം ജോലി നഷ്ടപ്പെടുക. എല്ലാ ജീവനക്കാർക്കും 14 ആഴ്‌ച്ചത്തെ ശമ്പളം ലഭിക്കും. എന്നാൽ യു എസിലെ ജീവനക്കാർക്ക് നിയമം അനുശാസിക്കുന്ന, അവർ കമ്പനിക്ക് വേണ്ടി ജോലി ചെയ്ത് ഓരോ വർഷത്തിനും ഓരോ ആഴ്‌ച്ചത്തെ വേതനം വീതം കൂടുതൽ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP