Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇരുന്നൂറ് പവനും ലക്ഷ്വറി കാറും സ്ത്രീധനമെന്ന യുവാക്കളുടെ സ്വപ്‌നം പൂവണിയാൻ ബുദ്ധിമുട്ടാകും; ജൂവലറി പരസ്യ മോഡലിനെപ്പോലെ വിവാഹപ്പന്തലിൽ ഒരുങ്ങിയെത്തുന്ന വധുവും ഇനി ഓർമ്മ; ഇന്ത്യ ഒട്ടുക്ക് ഷോറൂമുകൾ തുറന്ന കേരളത്തിലെ ജുവലറി മുതലാളിമാർക്ക് കനത്ത തിരിച്ചടി; 'വീട്ടിൽ സ്വർണം വച്ചിട്ടെന്തിന്'.. എന്ന മോഹൻലാൽ ഡയലോഗ് മോദിയുടെ ഹൃദയത്തിൽ കൊണ്ടപ്പോൾ പണി കിട്ടിയവർ നിരവധി

ഇരുന്നൂറ് പവനും ലക്ഷ്വറി കാറും സ്ത്രീധനമെന്ന യുവാക്കളുടെ സ്വപ്‌നം പൂവണിയാൻ ബുദ്ധിമുട്ടാകും; ജൂവലറി പരസ്യ മോഡലിനെപ്പോലെ വിവാഹപ്പന്തലിൽ ഒരുങ്ങിയെത്തുന്ന വധുവും ഇനി ഓർമ്മ; ഇന്ത്യ ഒട്ടുക്ക് ഷോറൂമുകൾ തുറന്ന കേരളത്തിലെ ജുവലറി മുതലാളിമാർക്ക് കനത്ത തിരിച്ചടി; 'വീട്ടിൽ സ്വർണം വച്ചിട്ടെന്തിന്'.. എന്ന മോഹൻലാൽ ഡയലോഗ് മോദിയുടെ ഹൃദയത്തിൽ കൊണ്ടപ്പോൾ പണി കിട്ടിയവർ നിരവധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇൻകംടാക്‌സ് നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് കഴിഞ്ഞദിവസം ലോക്‌സഭയിൽ അവതരിപ്പിച്ച നിയമഭേദഗതി കള്ളപ്പണം സ്വർണമാക്കി സൂക്ഷിക്കുന്നവരെ കുടുക്കാൻ ഉദ്ദേശിച്ചുതന്നെയെന്ന് വ്യക്തമായതോടെ കറൻസി നിരോധനത്തിന് പിന്നാലെ രാജ്യത്താകെ ഇൻകംടാക്‌സ്-എൻഫോഴ്‌സ്‌മെന്റ് പരിശോധന ആരംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോകത്തുതന്നെ സ്വർണ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ് രാജ്യം. ഏതാണ്ട് ആയിരം മെട്രിക് ടണ്ണാണ് രാജ്യത്തെ ഉപഭോഗം. 

ഇതിൽ വലിയൊരു ശതമാനം കള്ളപ്പണം വെളുപ്പിക്കാനാണ് കാലാകാലമായി ഉപയോഗിക്കുന്നതെന്ന് വ്യക്തവുമാണെങ്കിലും ഇതുവരെ സ്വർണത്തിന്റെ ഉപയോഗത്തിന് കാര്യമായ നിയന്ത്രണമൊന്നും കൊണ്ടുവന്നിരുന്നില്ല. പക്ഷേ, ഇനി കളി മാറുമെന്നു തന്നെയാണ് നവംബർ 29ന് ലോക്‌സഭയിൽ മോദി സർക്കാർ അവതരിപ്പിച്ച് പാസാക്കിയെടുത്ത നിർദിഷ്ട ടാക്‌സേഷൻ നിയമം (രണ്ടാം ഭേദഗതി) ബിൽ, 2016ലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്. ബില്ലിനെ പറ്റി പ്രചരിക്കുന്ന ഊഹാപോഹങ്ങളെ ഭയക്കേണ്ടതില്ലെന്ന് ഇന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അനധികൃതമായി സ്വർണം കൈവശംവയ്ക്കുന്നവരെ പിടികൂടുകയെന്ന ലക്ഷ്യംതന്നെയാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.

1961ലെ ഇൻകംടാക്‌സ് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഉറവിടം വ്യക്തമാക്കാതെ കൈവശംവച്ചിട്ടുള്ള സ്വത്തിന് ടാക്‌സ് ഈടാക്കാനുള്ള വകുപ്പ് ശക്തിപ്പെടുത്തുന്നതാണ് ഭേദഗതി. ഇതുപ്രകാരം ഇത്തരത്തിലുള്ള സ്വത്ത്, അത് സ്വർണമോ മറ്റെന്തെങ്കിലുമോ ആണെങ്കിലും അതിന്റെ മൂല്യത്തിന്റെ 60 ശതമാനം നികുതിയും കൂടാതെ 25 ശതമാനം സർചാർജും ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

നികുതി വെട്ടിപ്പുകാർ കള്ളപ്പണം ബിസിനസിൽ നിന്ന് കിട്ടിയ പണമാണെന്നും മറ്റു സോഴ്‌സുകളിൽ നിന്ന് കിട്ടിയതാണെന്നുമെല്ലാം പറഞ്ഞ് ഒളിപ്പിക്കാൻ ശ്രമിക്കുന്നത് തടയാനാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇത്തരത്തിൽ സ്വത്ത് പരിശോധിക്കുന്ന ഉദ്യോഗസ്ഥന് അത് അനധികൃതമാണെന്ന് കണ്ടെത്തിയാൽ കണ്ടുകെട്ടാനും പിന്നീട് കൃത്യമായ വിവരങ്ങൾ നൽകി നിയമപരമായി നേടിയ പണം കൊണ്ട് സമ്പാദിച്ചതാണെന്ന് ബോധ്യപ്പെടുത്തിയാൽ തിരിച്ചുനൽകാനും അധികാരം നൽകുന്നതാണ് വ്യവസ്ഥകൾ. ഇതോടൊപ്പമാണ് സ്വർണത്തിന്റെ കാര്യത്തിലും വിശദീകരണം നൽകിയിട്ടുള്ളത്.

ഇതോടൊപ്പമാണ് ഒരാൾക്ക് കൈവശംവയ്ക്കാവുന്ന സ്വർണത്തിന്റെ പരിധിയും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നത്. വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം, അവിവാഹിതയ്ക്ക് 250 ഗ്രാം, പുരുഷന് നൂറു ഗ്രാം എന്നിങ്ങനെ സ്വർണം കൈവശം വയ്ക്കുന്നതിന് അനുവാദമുണ്ടാകും. ഇതിൽ കൂടുതൽ സ്വർണം പരിശോധനയ്ക്കിടെ കണ്ടെത്തിയാൽ അതിന് വ്യക്തമായ ഉറവിടം കാണിക്കേണ്ടിവരും.

ഈ പരിധി പ്രകാരമുള്ള സ്വർണം കൈവശംവച്ചാൽ ചോദ്യമൊന്നും ഉണ്ടാകില്ലെന്നും അല്ലെങ്കിൽ അത് പിടിച്ചെടുക്കുമെന്നും ഇതോടെ വ്യക്തമാകുന്നു. പക്ഷേ, ഇത്തരത്തിൽ ഉള്ള അധിക സ്വർണം നിങ്ങൾ നിയമപ്രകാരം സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയതാണെങ്കിലും ടാക്‌സ് നൽകേണ്ടതില്ലാത്ത കാർഷികവൃത്തിയിലെ ലാഭത്തിൽ നിന്ന് വാങ്ങിയതാണെങ്കിലും പരമ്പരാഗതമായി ലഭിച്ചതാണെങ്കിലും അത് അന്വേഷണ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ വിട്ടുകിട്ടും. അല്ലെങ്കിൽ മേൽപ്പറഞ്ഞതുപോലെ നിയമഭേദഗതി പ്രകാരമുള്ള 85ശതമാനം നികുതിയും സർചാർജും അടയ്‌ക്കേണ്ടിവരും.

പക്ഷേ, പുതിയ ടാക്‌സ് ഭേദഗതി ബില്ലിലെ നിർദേശങ്ങൾ പുറത്തുവന്നതോടെ വിഷയം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. അനുവദിച്ച പരിധിക്കു പുറത്ത് സ്വർണം കണ്ടാൽ അത് പഴയ സ്വർണം ഉരുക്കി പുതിയതു പണിതതാണെങ്കിൽ അതിന് എങ്ങനെ ഉറവിടം വെളിപ്പെടുത്താനാകുമെന്നും മറ്റുമുള്ള സംശയങ്ങളാണ് ഉയരുന്നത്. ഇനിയങ്ങോട്ട് വിവാഹവുമായി ബന്ധപ്പെട്ടും മറ്റും നൂറും ഇരുന്നൂറും അതിനുമേലും സ്വർണം വാങ്ങിക്കൂട്ടുന്നവർക്ക് അതിന് കഴിയില്ലെന്നുള്ളതും ചർച്ചയായിക്കഴിഞ്ഞു. വിവാഹവേളകളിൽ ദേഹം മൂടുന്നവിധത്തിൽ ആഭരണമണിഞ്ഞ വധുവിനെ ഇനി കാണാനാവില്ലെന്നും ഇരുന്നൂറു പവനും ലക്ഷ്വറി കാറും സ്ത്രീധനമെന്ന കാര്യമെല്ലാം ഇനി പഴങ്കഥകളാണെന്നും സോഷ്യൽ മീഡിയയിൽ പുതിയ നിയമ ഭേദഗതിയെപ്പറ്റി അഭിപ്രായങ്ങൾ ഉയർന്നു തുടങ്ങി.

പരമ്പരാഗതമായി കിട്ടിയ സ്വർണം ഉരുക്കി പുതിയ മോഡൽ ആഭരണം തീർക്കുന്നവർക്കാണ്, അവർ നിയമപ്രകാരം തന്നെയാണ് സ്വർണം കൈവശം വയ്ക്കുന്നതെങ്കിൽ കൂടി ഈ നിയമഭേദഗതി ഏറെ ദോഷകരമായി ബാധിക്കുകയെന്നതാണ് ഒരു വസ്തുത. പഴയ ആഭരണങ്ങൾ നൽകി പുതിയത് വാങ്ങുന്നതും എല്ലാവരുടേയും ശീലമാണ്. ഇതെല്ലാം എങ്ങനെ തെളിയിക്കുമെന്നതും ചർച്ചയായിക്കഴിഞ്ഞു. മാത്രമല്ല, ഇക്കാലമത്രയും ബില്ലുകൾ വാങ്ങി ജൂവലറിയിൽ നിന്ന് സ്വർണം വാങ്ങുന്ന ശീലവും ആർക്കുമില്ലായിരുന്നു.

ഇത്തരത്തിൽ നിക്ഷേപം എന്ന നിലയിൽ, ജോലിയിലൂടെ ടാക്‌സ് അടച്ച് നേടിയ പണത്തിൽ നിന്ന് മിച്ചംപിടിച്ച് വാങ്ങിയ സ്വർണമാണെങ്കിലും അതിന് കണക്കുകാണിക്കാൻ പലരും ബുദ്ധിമുട്ടുമെന്നതാണ് വസ്തുത. ഇത്തരം കാര്യങ്ങളിൽ ധനമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ലെന്ന് മാത്രമല്ല, പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ ഔചിത്യത്തിന് കാര്യങ്ങൾ വിടുമെന്ന സൂചനകളാണ് നൽകിയിട്ടുള്ളത്. ഇത് അഴിമതിക്കു വഴിവയ്ക്കുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

പുതിയ ഭേദഗതി വരുന്നതോടെ ഏറ്റവുമധികം പണികിട്ടുന്നത് രാജ്യത്താകെ, പ്രത്യേകിച്ചും കേരളത്തിൽ മുക്കിലും മൂലയിലും ബ്രാഞ്ചുകൾ തുടങ്ങിയ ജൂവലറിക്കാർക്കു കൂടിയാണ്. വലിയ തുകകൾക്ക് സ്വർണവിൽപന നടത്തുമ്പോൾ അതിന് കൃത്യമായ ബിൽ നൽകണമെന്ന് വ്യവസ്ഥ നേരത്തേ ഉണ്ടായിരുന്നെങ്കിലും ഇത്രയും കാലം മിക്ക ജൂവലറികളും അതിന് തയ്യാറായിരുന്നില്ല. ബിൽ ഇല്ലാതെ വാങ്ങിയാൽ തുക കുറച്ചുതരാമെന്ന് വ്യക്തമാക്കിയായിരുന്നു മിക്കയിടത്തും സ്വർണക്കച്ചവടം.

അടുത്തകാലത്താണ് ബിൽ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതരത്തിൽ ജൂവലറികൾ പരസ്യംപോലും നൽകിത്തുടങ്ങിയത്. കേന്ദ്രസർക്കാർ പിടിമുറുക്കുന്നുവെന്ന് വ്യക്തമായതോടെയാണ് ബിൽ നൽകൽ പ്രവണത തുടങ്ങിയത്. ഇത്തരത്തിൽ ബിൽ ഇല്ലാതെ സ്വർണം വാങ്ങിക്കൂട്ടിയവരും വിറ്റ ജൂവലറികളും കുടുങ്ങാനുള്ള സാധ്യതയാണ് പുതിയ നിയമഭേദഗതിയിലൂടെ തെളിയുന്നത്.

കറൻസി നിരോധനം നരേന്ദ്ര മോദി പ്രഖ്യാപിച്ച ദിവസം രാത്രി രാജ്യത്ത് പല കേന്ദ്രങ്ങളിലും ജൂവലറികൾ പാതിരാവരെ തുറന്നുവയ്ക്കുകയും കള്ളപ്പണം വാങ്ങി സ്വർണം കിലോക്കണക്കിന് വിൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂവലറികളിൽ പരിശോധന കർശനമാക്കുകയും കറൻസി നിരോധനം നടപ്പിലായതിന്റെ നാലുദിവസം മുൻപത്തേയും പിന്നീടുള്ള നാലുദിവസത്തേയും കണക്കുകൾ ഹാജരാക്കാനും കൈവശമുള്ള സ്വർണ സ്റ്റോക്ക് എത്രയെന്ന് വ്യക്തമാക്കാനും എക്‌സൈസ് ഇന്റലിജൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കള്ളപ്പണം സ്വർണത്തിന്റെ രൂപത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നവരെ പിടികൂടാനാണ് കേന്ദ്രസർക്കാർ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് വ്യക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP