Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അക്കൗണ്ടിൽ പണമിടാത്തതിനും പിഴയടക്കുന്നത് രാജ്യത്തെ സാധാരണക്കാർ; മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഇടപാടുകാരിൽ നിന്നായി 22 പ്രമുഖ ബാങ്കുകൾ ഈടാക്കിയത് പതിനായിരം കോടിയോളം രൂപ; 18 പൊതുമേഖലാ ബാങ്കുകൾ അടിച്ചെടുത്തത് 6155.10 കോടി; നാല് സ്വകാര്യ ബാങ്കുകൾ ചേർന്ന് 3566.84 കോടി; വിവിധ ബാങ്കുകളുടെ മിനിമം ബാലൻസും അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള നടപടിക്രമങ്ങളും ഇങ്ങനെ

അക്കൗണ്ടിൽ പണമിടാത്തതിനും പിഴയടക്കുന്നത് രാജ്യത്തെ സാധാരണക്കാർ; മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഇടപാടുകാരിൽ നിന്നായി 22 പ്രമുഖ ബാങ്കുകൾ ഈടാക്കിയത് പതിനായിരം കോടിയോളം രൂപ; 18 പൊതുമേഖലാ ബാങ്കുകൾ അടിച്ചെടുത്തത് 6155.10 കോടി; നാല് സ്വകാര്യ ബാങ്കുകൾ ചേർന്ന് 3566.84 കോടി; വിവിധ ബാങ്കുകളുടെ മിനിമം ബാലൻസും അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള നടപടിക്രമങ്ങളും ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാത്ത ഇടപാടുകാരിൽ നിന്നും രാജ്യത്തെ 22 പ്രമുഖ ബാങ്കുകൾ ഈടാക്കിയത് പതിനായിരം കോടി രൂപയോളം. 2016 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 18 പൊതുമേഖലാ ബാങ്കുകൾ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകൾ 3566.84 കോടിയും രൂപ പിഴയീടാക്കി. മൊത്തം 9721.94 കോടിരൂപ.

റിസർവ് ബാങ്ക് മാർഗരേഖപ്രകാരം ജൻധൻ അക്കൗണ്ടുകളുൾപ്പെടെയുള്ള ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലൻസ് വേണ്ട. മാർച്ച് 31 വരെ ഇത്തരത്തിൽ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത് (35.27 കോടി ജൻധൻ അക്കൗണ്ടുകളടക്കം). ബാക്കിയുള്ള സേവിങ്‌സ് അക്കൗണ്ടുകൾക്കാണു മിനിമം ബാലൻസ് നിഷ്‌കർഷിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിൽ വിവിധ സേവനങ്ങൾക്കു പണം ഈടാക്കാൻ റിസർവ് ബാങ്ക് അനുമതിയുണ്ട്. 2015 ജൂലായ് ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാൽ, നിലവിൽ മിനിമം ബാലൻസ് വിവിധ ബാങ്കുകളിൽ വിവിധ തരത്തിലാണ്.

2017-18ൽ ബാങ്കുകൾ ഇത്തരത്തിൽ നേടിയത് 4989.55 കോടി രൂപയായിരുന്നു. ഇതിൽ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകൾ മാത്രം ഇടപാടുകാരിൽനിന്ന് ഈടാക്കിയത് 3550.99 കോടി രൂപയും. സ്വകാര്യ ബാങ്കുകളും മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇടപാടുകാരുടെ പോക്കറ്റടിക്കും. കഴിഞ്ഞ വർഷം 590.84 കോടി രൂപയാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കിയത്. ആക്സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തി.

എസ്.ബി.ഐ. 2017 ജൂണിൽ അക്കൗണ്ടിലെ മിനിമം ബാലൻസ് തുക അയ്യായിരമായി ഉയർത്തി. ആ വർഷം ഏപ്രിൽ-നവംബറിൽ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമുയർന്നതോടെ മിനിമം തുക മെട്രോനഗരങ്ങളിൽ 3000 ആയും സെമി അർബൻ കേന്ദ്രങ്ങളിൽ 2000 ആയും ഗ്രാമീണ മേഖലകളിൽ 1000 ആയും കുറച്ചു. പിഴയാകട്ടെ, 10 രൂപമുതൽ 100 രൂപവരെ നികുതിയുൾപ്പെടാതെ എന്ന നിലയിലുമാക്കി.

റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് ബാങ്കുകൾ മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് പിഴ വാങ്ങുന്നത്. പല ബാങ്കുകൾക്കും പല നിരക്കാണ്. 2017 ഏപ്രിലിൽ മിനിമം ബാലൻസില്ലാത്തവർക്ക് പിഴ ചുമത്തുന്ന സമ്പ്രദായം വീണ്ടും കൊണ്ടുവന്ന എസ്.ബി.ഐ, 2017-'18 സാമ്പത്തിക വർഷം മാത്രം ഈയിനത്തിൽ ഈടാക്കിയത് 2,400 കോടി രൂപയാണ്. എച്ച്.ഡി.എഫ്.സി, ഐ.സിഐ.സിഐ, കോട്ടക് മഹീന്ദ്ര, ഇൻഡസ്ഇന്റ് എന്നീ ബാങ്കുകൾ അക്കൗണ്ടിൽ 10,000 രൂപ മിനിമം ബാലൻസ് വേണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. പൊതുമേഖലയിൽപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്കിന് ഇത് 2,000 രൂപയും എസ്.ബി.ഐക്ക് 3,000 രൂപയുമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)
റെഗുലർ സേവിങ്സ് എക്കൗണ്ടുകൾ ഉള്ള ഉപഭോക്താക്കൾ ആവറേജ് ബാലൻസ് 3000 വരെ നിലനിർത്തണമെന്നാണ് ബാങ്ക് നിർദ്ദേശിക്കുന്നത്. എന്നാൽ ഈ തുക മെട്രോയിൽ താമസിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ ബാധകം. മെട്രോ, അർബൻ, സെമി അർബൻ, റൂറൽ എന്നിങ്ങനെ 1000 രൂപവരെയാണ് ഉപഭോക്താക്കളുടെ എക്കൗണ്ടിൽ ഉണ്ടായിരിക്കേണ്ടത്.

പഞ്ചാബ് നാഷണൽ ബാങ്ക്( പിഎൻബി)
ഗ്രാമീണ മേഖലയിലുള്ളവരൊഴിച്ച് പിഎൻബിയുടെ എല്ലാ എക്കൗണ്ട് ഉടമകളും 2000 രൂപ മിനിമം ബാലൻസ് നിലനിർത്തേണ്ടതാണ്.

എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കിൽ സേവിങ്സ് എക്കൗണ്ടുള്ളവർ മിനിമം മന്ത്ലി ബാലൻസ് ആയി 10,000 രൂപ വരെ നിലനിർത്തണം. നഗര പ്രദേശങ്ങളിലെ ബ്രാഞ്ചുകാർക്കാണ് ഇത് ബാധകം. സെമി-അർബൻ, റൂറൽ ബ്രാഞ്ചുകാർക്ക് 5000,2500 എന്നിങ്ങനെയാകും മിനിമം ബാലൻസ്.

ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ യും മിനിമം ബാലൻസിന്റെ കാര്യത്തിൽ എച്ച്ഡിഎഫ്സി യോടൊപ്പമാണ്. മെട്രോ, അർബൻ ബ്രാഞ്ചുകളിൽ ഉള്ളവർ10000രൂപയാണ് ഐസിഐസിഐ ബാങ്കിലും നിലനിർത്തേണ്ടത്.

നിഷ്‌ക്രിയ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാം

പലപ്പോഴും നിഷ്‌ക്രിയ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാത്തത് ഇടപാടുകാർക്ക് വലിയ ധനനഷ്ടം ഉണ്ടാക്കാറുണ്ട്. ക്ഷേമപെൻഷൻ, സ്‌കോളർഷിപ്, വ്യക്തിഗത വായ്പ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കു വേണ്ടി നിലവിലുള്ള അക്കൗണ്ടിനു പുറമേ മറ്റൊരു ബാങ്കിൽ കൂടി പലർക്കും അക്കൗണ്ട് തുടങ്ങേണ്ടി വരാറുണ്ട്. ബാങ്കിന്റെ സേവനം തൃപ്തികരമല്ലെങ്കിലോ ഉപാധികളുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെങ്കിലോ പുതിയൊരു ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുന്നവരുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പഴയ അക്കൗണ്ടിന്റെ കാര്യം സൗകര്യപൂർവം അവഗണിക്കുന്നതാണു പതിവ്. മിനിമം ബാലൻസ് ആവശ്യമുള്ള സേവിങ്‌സ് അക്കൗണ്ട് ആണെങ്കിൽ പിഴ ഈടാക്കിക്കൊണ്ടിരിക്കും. ഇക്കാര്യം ഓർക്കാതെ അപ്രതീക്ഷിതമായി എപ്പോഴെങ്കിലും ഇടപാടു നടത്തുകയും ഒരുമിച്ചു പണം നഷ്ടമാവുകയും ചെയ്യും. അതിനാൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അക്കൗണ്ടുകൾ അധികം ചെലവില്ലാതെ അവസാനിപ്പിക്കുന്നതാണു നല്ലത്.

അക്കൗണ്ട് അവസാനിപ്പിക്കും മുൻപ് ഓർക്കാൻ:

ഒരിക്കൽ അവസാനിപ്പിച്ച അക്കൗണ്ട് അതേ നമ്പറിൽ വീണ്ടും തുറക്കാൻ കഴിയില്ല. ഒട്ടും ആവശ്യം വരില്ല എന്ന സാഹചര്യത്തിൽ മാത്രം അക്കൗണ്ട് അവസാനിപ്പിക്കാം. അല്ലെങ്കിൽ പ്രത്യേക അപേക്ഷ നൽകി മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് അക്കൗണ്ട് ആക്കാം. ഹോം ബ്രാഞ്ചിൽ നേരിട്ടെത്തി അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള പ്രത്യേക ഫോം പൂരിപ്പിച്ചു നൽകണം. അക്കൗണ്ടിൽ നിക്ഷേപമെന്തെങ്കിലും ഉണ്ടെങ്കിൽ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റാം. സ്ഥിര നിക്ഷേപമുണ്ടെങ്കിൽ കാലാവധി കഴിയുന്നതു വരെ അക്കൗണ്ട് അവസാനിപ്പിക്കാൻ കഴിയില്ല.

മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിങ്‌സ് അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ പ്രത്യേക ചാർജുകളില്ല. അതേസമയം മറ്റ് അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ ചില ബാങ്കുകൾ ചാർജ് ഈടാക്കാറുണ്ട്. അക്കൗണ്ട് ആരംഭിച്ച കാലാവധി കണക്കാക്കിയാണ് ചാർജ് ഈടാക്കുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ടു വായ്പകൾ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എന്നിവ ബാക്കിയുണ്ടെങ്കിൽ അവ അവസാനിപ്പിക്കണം.എടിഎം കാർഡ്, ഉപയോഗിക്കാത്ത ചെക്ലീഫ്, ക്രെഡിറ്റ് കാർഡ് എന്നിവ തിരിച്ചേൽപിക്കണം. പണം പിൻവലിക്കാനുണ്ടെങ്കിൽ ഇവ തിരിച്ചേൽപിക്കുംമുൻപ് പണം പിൻവലിക്കണം.

ഏറ്റവും ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലുമുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തു സൂക്ഷിച്ചു വയ്ക്കാം. അക്കൗണ്ട് അവസാനിപ്പിച്ച് ഒരു വർഷമെങ്കിലും ഇതു സൂക്ഷിച്ചു വയ്ക്കാൻ ശ്രദ്ധിക്കണം. അപേക്ഷ നൽകിയതിനു ശേഷം അക്കൗണ്ട് അവസാനിപ്പിക്കപ്പെട്ടാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇ മെയിലിലേക്കോ ഇതു സംബന്ധിച്ച സന്ദേശമെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP