Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിസ്ഥാന മേഖലയിൽ മാറ്റങ്ങൾ വരുത്തുകയും ജനപ്രിയ നടപടികളിലൂടെ മോദി ബ്രാൻഡ് വലുതാകുകയും ചെയ്തപ്പോൾ സാമ്പത്തിക ആസൂത്രണത്തിൽ അടിമുടി പിഴച്ചു; പിടിച്ചു നിൽക്കാൻ ഒരു നിവർത്തിയുമില്ലാതെ വിറ്റ് തുലയ്ക്കുന്നതു ലാഭത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വരെ; ഒരു ലക്ഷം കോടി സംഘടിപ്പിക്കാൻ കൊച്ചി റിഫൈനറീസും ഭാരത് പെട്രോളിയവും ഉൾപ്പെടെ അഞ്ച് പ്രധാന കമ്പനികൾക്ക് അന്ത്യവിധി; ഐഒസി അടങ്ങിയ കമ്പനികളുടെ ഓഹരിയും വിറ്റഴിക്കും; കിൻഫ്രാ പാർക്കും കൈവിട്ടേക്കും

അടിസ്ഥാന മേഖലയിൽ മാറ്റങ്ങൾ വരുത്തുകയും ജനപ്രിയ നടപടികളിലൂടെ മോദി ബ്രാൻഡ് വലുതാകുകയും ചെയ്തപ്പോൾ സാമ്പത്തിക ആസൂത്രണത്തിൽ അടിമുടി പിഴച്ചു; പിടിച്ചു നിൽക്കാൻ ഒരു നിവർത്തിയുമില്ലാതെ വിറ്റ് തുലയ്ക്കുന്നതു ലാഭത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വരെ; ഒരു ലക്ഷം കോടി സംഘടിപ്പിക്കാൻ കൊച്ചി റിഫൈനറീസും ഭാരത് പെട്രോളിയവും ഉൾപ്പെടെ അഞ്ച് പ്രധാന കമ്പനികൾക്ക് അന്ത്യവിധി; ഐഒസി അടങ്ങിയ കമ്പനികളുടെ ഓഹരിയും വിറ്റഴിക്കും; കിൻഫ്രാ പാർക്കും കൈവിട്ടേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക അച്ചടക്കം പാലിക്കാൻ മോദി സർക്കാരിന് കഴിയുന്നില്ല. ഇതിന്റെ ഫലമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ തീരുമാനം. അടിസ്ഥാന മേഖലയ്ക്കായി വൻ നിക്ഷേപം കേന്ദ്ര സർക്കാർ നടത്തിയതും സാമ്പത്തിക സ്ഥിതിയെ മാറ്റി മറിച്ചു. മുമ്പ് ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടും ഇന്ത്യ പിടിച്ചു നിന്നു. ഇതിന് കാലണം അന്ന് ഇന്ത്യ ഭരിച്ച മന്മോഹൻസിങ് എന്ന സാമ്പത്തിക വിദഗ്ധന്റെ ദീർഘവീക്ഷണമാണ്. ഈ സാമ്പത്തിക അടിത്തറിയെ അടിമുടി മാറ്റി പരീക്ഷിക്കുകയായിരുന്നു ഒന്നാം മോദി സർക്കാർ. ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയുടെ പരിഷ്‌കാരങ്ങളൊന്നും ഗുണം ചെയ്തില്ല. രണ്ടാം മോദി മന്ത്രിസഭയിൽ ധന വകുപ്പ് കിട്ടിയ നിർമ്മലാ സീതാരാമനും സാമ്പത്തിക ആസൂത്രണത്തിൽ വിജയമായില്ല. ഇതോടെ വിദേശകാര്യ ഇടപെടലിലൂടേയും മറ്റും മോദി ഉണ്ടാക്കിയ ആഗോള പ്രതിച്ഛായയ്ക്ക് അപ്പുറം രാജ്യത്തിന് ഗുണകരമായി സമ്പദ് വ്യവസ്ഥയെ മാറ്റാൻ കഴിയാത്ത സാഹചര്യം വന്നു. തൊഴിൽ ഇല്ലായ്മ നിരക്ക് ഇനിയും കൂടുമെന്ന സൂചനയാണ് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ നയം തെളിയിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപനയ്ക്കാണ് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയത്.

സാമ്പത്തിക ഞെരുക്കം രൂക്ഷമായിരിക്കെ, മാർച്ചോടെ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) വിൽക്കുമെന്നു നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കടവും നഷ്ടവും ഏറുന്നത് എയർ ഇന്ത്യയെയും പ്രവർത്തന ലാഭം ഇടിയുന്നതു ബിപിസിഎല്ലിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടെയാണു വിൽപനയുമായി ബന്ധപ്പെട്ട അനുബന്ധ നടപടികൾ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നു നിർമല സീതാരാമൻ വ്യക്തമാക്കിയത്. ഇതിന് തൊട്ടു പിന്നാലെയാണ് തീരുമാനങ്ങൾ പുറത്തു വരുന്നത്. ഈ ഓഹരി വിറ്റഴിക്കലിലൂടെ ഖജനാവിലേക്ക് കൂടുതൽ പണമെത്തുമെന്നും അത് വികസന പ്രക്രിയയ്ക്ക് ഉപയോഗിച്ച് കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കാനാണ് ശ്രമം. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കൊച്ചി റിഫൈനറി പൂർണമായും വിൽക്കാനുള്ള കേന്ദ്ര നീക്കത്തിലൂടെ പൊതുമേഖലയ്ക്കു നഷ്ടപ്പെടുന്നതു രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്ന്. ഏറ്റവും അത്യാധുനികമായ റിഫൈനറിയാണു സ്വകാര്യവൽക്കരിക്കപ്പെടുന്നത്. സൗദിയിലെ അരാംകോ ഉൾപ്പെടെയുള്ള ആഗോള എണ്ണ ഭീമന്മാർക്കു റിഫൈനറിയിൽ താൽപര്യമുണ്ടെന്നാണു റിപ്പോർട്ട്.

സാമ്പത്തിക പരിഷ്‌കാരമെന്ന പേരിൽ മോദി സർക്കാർ നടപ്പാക്കിയ നോട്ട്‌നിരോധനത്തിന്റെ മൂന്നാം വാർഷികത്തിലും ജനങ്ങളെ വിടാതെ പിന്തുടരുകയാണ് ആ ദുരിതം. നോട്ട് നിരോധനത്തിന്റെ ആഘാതത്തിൽനിന്ന് മോചനം നേടാനാകാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖല ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യജീവനുകളായും തൊഴിൽനഷ്ടമായും സമ്പത്തുനഷ്ടമായും നോട്ട് നിരോധനത്തിന് രാജ്യം നൽകിയ വില വളരെ വലുതാണ് .കള്ളപ്പവും ഭീകരവാദവും തുടച്ചുനീക്കാനെന്ന് പ്രഖ്യാപിച്ച് നടപ്പാക്കിയ നോട്ടുനിരോധനം പാടെ പരാജയപ്പെട്ടു. അസാധുവാക്കപ്പെട്ട നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ എറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട്‌നിരോധനത്തിന് ശേഷം കെടുതിയുടെ നേർക്കാഴ്ചകളും തീരുമാനത്തിലെ യുക്തിരാഹിത്യവും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാണ്. അതുകൊണ്ടു മാത്രമാണ് ലാഭം മാത്രം നൽകുന്ന സ്ഥാപനങ്ങളെ വിറ്റഴിക്കുന്നത്.

അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും കേന്ദ്രമന്ത്രിസഭ ബുധനാഴ്ച തീരുമാനിച്ചു. ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ.), ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ ഇന്ത്യാ ലിമിറ്റഡ് എന്നിവയിലുള്ള ഓഹരികളാണ് വിൽക്കുന്നത്. ഇതെല്ലാം വൻ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളാണ്. എങ്ങനെ ഒരു ലക്ഷം കോടി രൂപ കണ്ടെത്തുകയെന്നതാണ് പ്രധാനം. അല്ലാത്ത പക്ഷം വികസന പദ്ധതികൾ പോലും നിലയ്ക്കും. ഇത് മനസ്സിലാക്കിയാണ് ലാഭത്തിൽ ഓടുന്ന കമ്പനികൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത്. മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം നിലനിർത്തിക്കൊണ്ട് അവയിലെ സർക്കാർ ഓഹരിപങ്കാളിത്തം കുറയ്ക്കും. ഭാരത് പെട്രോളിയം കോർപ്പറേഷന്റെകീഴിൽ അസമിലുള്ള നുമാലിഗർ റിഫൈനറി ലിമിറ്റഡ് ഒഴികെ മറ്റുള്ളവയുടെ 53.29 ശതമാനം ഓഹരികൾ മാനേജ്മെന്റ് നിയന്ത്രണത്തോടെ വിൽക്കാനാണ് തീരുമാനം. നുമാലിഗർ പ്രത്യേക സ്ഥാപനമായി തുടരും. പിന്നീടത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറും.

37 ദശലക്ഷം ടൺ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ളതും 15,000-ത്തിലധികം റീട്ടെയിൽ പമ്പുകൾ ഉള്ളതുമായ ബി.പി.സി.എൽ. കഴിഞ്ഞവർഷം 7,132 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. ഷിപ്പിങ് കോർപ്പറേഷനിൽ സർക്കാരിനുള്ള 63.75 ശതമാനം ഓഹരികളിൽ 53.75-ഉം വിൽക്കും. ഇതോടെ കമ്പനിയുടെ നിയന്ത്രണാധികാരവും സർക്കാരിനു നഷ്ടമാകും. കണ്ടെയ്‌നർ കോർപ്പറേഷന്റെ 30.9 ശതമാനം ഓഹരികളും നിയന്ത്രണാധികാരവുമാണ് കൈമാറുന്നത്. ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ 74.23 ഓഹരികൾ എൻ.ടി.പി.സി.ക്കാണ് കൈമാറുക. നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ 100 ശതമാനം ഓഹരികളും എൻ.ടി.പി.സി.ക്ക് നൽകും. ബി.പി.സി.എൽ. സ്വകാര്യ മേഖലയ്ക്ക് വിൽക്കുന്നതിനെതിരേ കഴിഞ്ഞദിവസം കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാനുള്ള സാമ്പത്തിക കരുത്ത് കേന്ദ്ര സർക്കാരിനില്ല. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ബിപിസിഎൽ മഹാരത്‌ന കമ്പനിയും എസ്സിഐ, കോൺകോർ എന്നിവ നവരത്‌നാ കമ്പനികളുടെ വിഭാഗത്തിൽപ്പെടുന്നതുമാണ്.

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) ഉൾപ്പെടെയുള്ള തിരഞ്ഞടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഓഹരി 51 ശതമാനത്തിൽ താഴെയാക്കാനും സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകി. എന്നാൽ ഈ സ്ഥാപനങ്ങളുടെ ഭരണം കൈമാറ്റം നടത്തില്ല. ഐഒസിയിൽ കേന്ദ്ര സർക്കാരിന് 51.5 ശതമാനം ഓഹരിയാണ് ഉള്ളത്. സർക്കാർ സ്ഥാപനങ്ങളായ എൽഐസി, ഒഎൻജിസി, ഒഐഎൽ എന്നിവയ്ക്ക് 25.9 ശതമാനം ഓഹരിയുമുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപം റിഫൈനറിയിൽ നടക്കുന്നതിനിടെയാണു വിൽപന തീരുമാനം. 33,050 കോടി രൂപയാണ് ഏതാനും വർഷത്തിനിടെ ചെലവിട്ടു കൊണ്ടിരിക്കുന്നത്. 16,504 കോടി രൂപ ചെലവിട്ട സംയോജിത റിഫൈനറി വികസന പദ്ധതിയുടെ (ഐആർഇപി) സമർപ്പണം നടന്നത് ഈ ജനുവരിയിൽ. വിൽപനയുടെ സ്വഭാവം എന്തായാലും വികസന പദ്ധതികൾ തുടരുമെന്നാണു ബിപിസിഎൽ നിലപാട്. 16,546 കോടി മുതൽ മുടക്കുന്ന പെട്രോകെമിക്കൽ കോംപ്ലക്‌സിന്റെ ഭാഗമായി, 11,300 കോടി ചെലവിടുന്ന പോളിയോൾസ് പ്രോജക്ട് 2023 ഒടുവിൽ പൂർത്തിയാക്കും.

5246 കോടി രൂപ മുതൽ മുടക്കുന്ന പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് കമ്മിഷനിങ്ങിന് ഒരുങ്ങുകയാണ്. ഈ പദ്ധതിയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചു കിൻഫ്ര ആരംഭിക്കുന്ന പെട്രോകെമിക്കൽ പാർക്കിന്റെ ഭാവിയും വിൽപന നീക്കം അവ്യക്തമാക്കുകയാണ്. സംയോജിത റിഫൈനറി വികസന പദ്ധതി പൂർത്തിയായതോടെ റിഫൈനറിയുടെ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയിൽ) ശുദ്ധീകരണ ശേഷി 9.5 മില്യൺ ടണ്ണിൽ നിന്ന് 15.5 മില്യൺ ടണ്ണിലെത്തി. ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കാനും റിഫൈനറിക്കു കഴിയും. വിൽപന തീരുമാനം ആശങ്കയിലാക്കുന്നത് 2,500 സ്ഥിരം ജീവനക്കാരും 6,000 കരാർ ജീവനക്കാരും വിവിധ പദ്ധതികളിൽ ജോലി ചെയ്യുന്ന നൂറുകണക്കിനു താൽക്കാലിക തൊഴിലാളികളും ഉൾപ്പെടുന്ന വലിയൊരു വിഭാഗത്തെയാണ്. സ്ഥാപനത്തിന്റെ ഉടമസ്ഥത പൂർണമായും കൈമാറ്റം ചെയ്യപ്പെടുന്നതു തൊഴിൽ സുരക്ഷിതത്വത്തെ ബാധിക്കുമെന്നാണ് ആശങ്ക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP