Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ഗഗൻയാന് പിന്നാലെ സൂര്യയാനവും ലക്ഷ്യമിടുന്ന ഇന്ത്യയെ നോക്കി അന്തംവിട്ട് ഒരുകാലത്ത് രാജ്യത്തെ അടക്കിവാണ ബ്രിട്ടീഷുകാർ; ഇന്ത്യ അതിവേഗം കുതിക്കുന്നെന്നും ഇനിയെങ്കിലും ദരിദ്ര രാജ്യമെന്നു വിളിക്കരുതെന്ന് ഐഎസ്ആർഒ; 124 കോടി രൂപ ഇന്ത്യ ചെലവിടുന്ന ആകാശയാത്ര നോക്കി അന്ധാളിപ്പോടെ ലോക ശക്തികൾ; സാമ്പത്തിക രംഗത്ത് ബ്രിട്ടനെയും കടത്തിവെട്ടിയ ഇന്ത്യ ലോകശക്തികളുടെ പട്ടികയിൽ ഇനി പിന്നോട്ടില്ല

ഗഗൻയാന് പിന്നാലെ സൂര്യയാനവും ലക്ഷ്യമിടുന്ന ഇന്ത്യയെ നോക്കി അന്തംവിട്ട് ഒരുകാലത്ത് രാജ്യത്തെ അടക്കിവാണ ബ്രിട്ടീഷുകാർ; ഇന്ത്യ അതിവേഗം കുതിക്കുന്നെന്നും ഇനിയെങ്കിലും ദരിദ്ര രാജ്യമെന്നു വിളിക്കരുതെന്ന് ഐഎസ്ആർഒ; 124 കോടി രൂപ ഇന്ത്യ ചെലവിടുന്ന ആകാശയാത്ര നോക്കി അന്ധാളിപ്പോടെ ലോക ശക്തികൾ; സാമ്പത്തിക രംഗത്ത് ബ്രിട്ടനെയും കടത്തിവെട്ടിയ ഇന്ത്യ ലോകശക്തികളുടെ പട്ടികയിൽ ഇനി പിന്നോട്ടില്ല

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോകത്തിന്റെ രണ്ടു വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥവും എന്നാൽ സമാനതകൾ ഉള്ളതുമായ ഓരോ പ്രഖ്യാപനങ്ങൾ ഉണ്ടായ ദിവസമാണ് ഇന്നലെ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സാമ്പത്തിക ഉപദേശക സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പർ പറയുന്നു, ഈ വർഷം ഇന്ത്യ ബ്രിട്ടന് മുന്നിൽ കടക്കുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ഉറപ്പിക്കാം. ഏകദേശം അതേസമയം തന്നെ കൊച്ചിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ സ്‌കൂൾ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവേ ഐഎസ്ആർഓ ചെയർമാൻ കെ ശിവൻ പറയുന്നു ഗഗൻ യാനിനു ശേഷം സൂര്യ സഞ്ചാരത്തിന് ലക്ഷ്യമിടുന്ന ഇന്ത്യയെ ഇനി എങ്കിലും ദരിദ്ര രാജ്യമെന്നു വിളിക്കരുതെന്ന്.

ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യം കോടിക്കണക്കിനു രൂപ ബഹിരാകാശ ഗവേഷണത്തിന് മുടക്കുന്നത് ശരിയല്ലെന്ന ലോക ശക്തികളുടെ വാക്കുകൾ കേട്ട് തഴമ്പിച്ച ഇന്ത്യൻ സമൂഹത്തിന്റെ പ്രതിധ്വനിയായി വിദ്യാർത്ഥികൾ ഇതേ ചോദ്യം ആവർത്തിച്ചപ്പോഴാണ് കെ ശിവൻ ഇക്കാര്യത്തിൽ രാജ്യത്തിന്റെ വീക്ഷണം പങ്കിട്ടത്. അമ്പതു വർഷം മുൻപ് ഇന്ത്യ കൂടുതൽ ദരിദ്രമായിരുന്ന കാലഘട്ടത്തിലാണ് ഐഎസ്ആർഓ ആരംഭിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ത്യൻ ജനത ഇപ്പോൾ അനുഭവിക്കുന്ന ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ രൂപപ്പെട്ടതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ബ്രിട്ടൻ അടക്കമുള്ള വൻശക്തി രാജ്യങ്ങൾ ഉപഗ്രഹ വിക്ഷേപത്തിനു പോലും ഇന്ത്യയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഐഎസ്ആർഓ ചെയർമാന്റെ വാക്കുകൾക്ക് അന്താരാഷ്ട്ര തലത്തിൽ പോലും പ്രാധാന്യമേറുകയാണ്.

ഇന്ത്യ ഗഗൻ യാൻ പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം ആളില്ലാത്ത ബഹിരാകാശ വാഹനവും തൊട്ടടുത്ത വർഷം മൂന്നു പേരുമായി സഞ്ചരിക്കുന്ന വാഹനവും ബഹിരാകാശത്ത് എത്തും. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി റോക്കറ്റ് വേഗതയിൽ സാധ്യമാകുന്നതാണ് ലോകം കൂടുതൽ അതിശയത്തോടെ വീക്ഷിക്കുന്നത്. ഇത്തരം പദ്ധതികൾ സാവധാനം ലോക ശക്തികൾക്കിടയിൽ ഇഴയുമ്പോഴാണ് ഇന്ത്യ ഈ കുതിപ്പ് നടത്തുന്നത് എന്നതാണ് കൂടുതൽ ആവേശം പകരുന്നത്.

ഏകദേശം 124 കോടി രൂപയാണ് ഈ പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നത്. പാവപ്പെട്ടവൻ ബിരിയാണി ആഗ്രഹിക്കുന്നതും കഴിക്കുന്നതും തെറ്റാണോ എന്നാണ് തമാശയായി ഈ ഗവേഷണ പദ്ധതിയുടെ സാംഗത്യം ചോദ്യം ചെയ്ത കുട്ടികളെ ഐഎസ്ആർഓ ചെയർമാൻ നേരിട്ടത്. ലോകം മുന്നോട്ടു കുതിച്ചപ്പോൾ ഇന്ത്യ പിന്നോട്ടിറങ്ങാതെ നിന്നതും ഇത്തരം ഗവേഷണ പദ്ധതികളിൽ പണം മുടക്കാൻ രാജ്യം സന്നദ്ധമായതു കൊണ്ടാണെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ഏകദേശം കൊച്ചിയിൽ അദ്ദേഹം സംസാരിച്ചതിന് ഒപ്പം തന്നെയാണ് ലണ്ടനിൽ നിന്നും ഓരോ ഇന്ത്യക്കാരനും ആവേശം പകരുന്ന മറ്റൊരു വാർത്തയും ലോകം കേട്ടത്. ലോക പഞ്ച ശക്തികളിൽ ഒരാളായി ഇന്ത്യ ഈ വർഷം ഉയർത്തപ്പെടുമ്പോൾ സ്ഥാന നഷ്ടം സംഭവിക്കുക ബ്രിട്ടന് ആണെന്നാണ് പ്രൈസ് വാട്ടർ കൂപ്പറിന്റെ നിരീക്ഷണം. ഇന്ത്യ മുന്നിൽ കയറുമ്പോൾ ഫ്രാൻസിനും പിന്നിൽ ഏഴാം സ്ഥാനത്തു ഇരിക്കാനാകും ബ്രിട്ടന്റെ നിയോഗം എന്നും വിലയിരുത്തപ്പെടുന്നു.

ഏറെ വർഷങ്ങളായി ഇന്ത്യൻ വളർച്ച നിരീക്ഷണം ചെയ്യുന്ന ലോക സാമ്പത്തിക സംഘടനയായ ലോക ബാങ്കിന്റെയും മറ്റും നിരീക്ഷണത്തിൽ ഇന്ത്യയുടെ മുന്നേറ്റം പ്രവചിക്കപ്പെടുമ്പോഴും ലോക ഓഡിറ്റിങ് സ്ഥാപങ്ങളായ പ്രൈസ്വാട്ടർ കൂപ്പേഴ്‌സും ഡിലോയ്റ്റും കെപിഎംജിയും നടത്തുന്ന കണ്ടെത്തലുകൾക്ക് ലോക ബിസിനസ് സമൂഹം നൽകുന്ന മാനങ്ങൾ ഏറെ വലുതാണ്. രാജ്യാന്തര നിക്ഷേപ ഒഴുക്കിൽ ഇത്തരം വെളിപ്പെടുത്തലുകൾ സൃഷ്ടിക്കുന്ന സ്വാധീനവും ഏറെ വലുതാണ്.

സാധാരണ തിരഞ്ഞെടുപ്പ് വർഷങ്ങളിൽ രാജ്യ വളർച്ച തടസ്സപ്പെടുന്ന മുൻകാല അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇന്ത്യ പങ്കിടുന്ന വളർച്ച വിശേഷങ്ങൾ. രണ്ടു വർഷം മുൻപ് ലോക ശക്തികളിൽ ഫ്രാൻസിനെ മറികടന്ന ഇന്ത്യ ഇപ്പോൾ ബ്രിട്ടനെ ലക്ഷ്യം വയ്്്ക്കുന്നത് കൗതുകത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. എന്നാൽ സ്ഥിര വളർച്ചയുടെയും നിക്ഷേപത്തിന്റെയും ജനസംഖ്യയുടെയും ഒക്കെ അടിസ്ഥാനത്തിൽ ലോക സാമ്പത്തിക പട്ടികയിൽ ഫ്രാൻസും ബ്രിട്ടനും കാലാകാലങ്ങളിൽ തങ്ങളുടെ സ്ഥാനങ്ങൾ പങ്കു വയ്ക്കപ്പെട്ടിരുന്നതെങ്കിൽ കൂടുതൽ സുസ്ഥിര വളർച്ച കാട്ടുന്ന ഇന്ത്യയെ ഇനി പിന്നോട്ടിറക്കുക അസാധ്യമാണെന്ന തിരിച്ചറിവും ലോക ശക്തികൾക്ക് ഞെട്ടൽ സമ്മാനിക്കുകയാണ്. എത്ര കഠിന അധ്വാനം ചെയ്യുന്ന വളർച്ച ലക്ഷ്യമിട്ടാലും ഫ്രാൻസിന്റെയും ബ്രിട്ടന്റെയും ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങൾ ആ രാജ്യങ്ങളെ കൂടുതൽ പിന്നോട്ടിറക്കുമോ എന്ന ആശങ്കയാണ് ഇതോടൊപ്പം വളരുന്നത്.

ഇപ്പോൾ ബ്രിട്ടൻ അസ്വസ്ഥതയോടെ നോക്കുന്ന ബ്രക്സിറ്റിനു ശേഷം രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ ഒരാൾക്കും കഴിയാതിരിക്കെ ഇന്ത്യക്കു പിന്നാലെ കൂടുതൽ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ ലോക ശക്തി പട്ടികയിൽ കുതിപ്പ് നടത്തുമോ എന്ന ആകാംഷയും ഉയരുകയാണ്. ഫ്രാൻസിൽ പൊട്ടിപുറപ്പെട്ടിരിക്കുന്ന പ്രസിഡന്റിനു എതിരായ യെല്ലോ വെസ്റ്റ് സമരം ഉൾപ്പെടയുള്ള ആഭ്യന്തര അസ്വസ്ഥകൾ അവർക്കു സമ്മാനിക്കുന്ന നഷ്ടങ്ങളും ചെറുതല്ലെന്നു ലോകം നിരീക്ഷിക്കുന്നു.

ആഭ്യന്തര രാഷ്ട്രീയ കുഴപ്പങ്ങളിലൂടെ ഏറെ നാളുകളായി ഫ്രാൻസിന്റെ സഞ്ചാരം പൗണ്ടും യൂറോയും തമ്മിലുള്ള വിനിമയത്തിൽ യൂറോ കാട്ടുന്ന സ്ഥിരത ഇക്കാര്യത്തിൽ ഫ്രാൻസിന് മുൻതൂക്കം നൽകും. ഇതിനിടയിലാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ സുസ്ഥിര രാഷ്ട്രീയ പാതയിൽ നീങ്ങുന്നതിന്റെ ഗുണം ലോകം തിരിച്ചറിയുന്നതും. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങൾ മുൻകാലങ്ങളിൽ ചെയ്തിരുന്നത് പോലെ ഏതു സർക്കാർ അധികാരത്തിൽ എത്തിയാലും സാമ്പത്തിക നയങ്ങളിൽ തുടർച്ച ഉണ്ടാകുന്നതും ഇന്ത്യൻ വളർച്ചയ്ക്ക് വേഗം നൽകുന്ന പ്രധാന കാരണങ്ങളിൽ ഒന്നായി മാറുകയാണ്.

പ്രൈസ് വാട്ടർ കൂപ്പർ ഇന്നലെ പുറത്തു വിട്ട കണക്കുകളിൽ ബ്രിട്ടന്റെ ജിഡിപി വളർച്ച 1.6 ശതമാനവും ഫ്രാൻസിന്റേത് 1.7 ശതമാനവും ആണെന്നിരിക്കെ ഇന്ത്യ 7.6 ശതമാനം വളർച്ചയാണ് ഈ വർഷം ലക്ഷ്യമിടുന്നത്. ലോക നിക്ഷേപക സ്ഥാപങ്ങൾക്കു ഈ കണക്കുകൾ കാണാതിരിക്കാനാവില്ല. ഇന്ത്യൻ വിപണിയുടെ ചെറിയൊരു അംശം പോലും ഇനിയും കടന്നു ചെന്നിട്ടില്ലാത്ത മേഖലകളിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപ സാധ്യതകളാണ് ബഹുരാഷ്ട്ര സ്ഥാപനങ്ങൾ സ്വപ്നം കാണുന്നത്.

ലോക സാമ്പത്തിക രംഗത്ത് കനത്ത ആഘാതങ്ങൾ സംഭവിക്കില്ല എന്ന ധാരണയിൽ ഇന്ത്യയ്ക്ക് കൂടുതൽ ഉറച്ച കാൽവയ്പുകളോടെ മുന്നോട്ടു പോകാം എന്നതാണ് പ്രൈസ് വാട്ടർ കൂപ്പർ നൽകുന്ന പ്രധാന പ്രതീക്ഷ. ആഗോള വിപണിയിൽ എണ്ണ വില സുസ്ഥിര പ്രകടിപ്പിക്കുന്നത് ഏറ്റവും വലിയ ഇറക്കുമതി രാജ്യം കൂടിയായ ഇന്ത്യക്കു ഗുണകരമായി മാറുകയാണ്. ഇത്തരത്തിൽ അനുകൂല ഘടകങ്ങൾ ഏറെയാണ് ഇന്ത്യക്കൊപ്പം.

അടുത്തിടെ ഇന്ത്യ നടത്തിയ സാമ്പത്തിക പരിഷ്‌ക്കരമായ ജിഎസ്ടി പോലുള്ള നടപടികൾ നേട്ടം നൽകുന്നതും അടുത്ത തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാരിന് ഭരണപരമായ അനായാസം നൽകുന്ന ഘടകം കൂടിയായിരിക്കും എന്നാണ് സാമ്പത്തിക ലോകത്തിന്റെ നിഗമനം. ലോക സാമ്പത്തിക കണക്കിൽ അമേരിക്ക (19.39 ട്രില്യൺ ഡോളർ), ചൈന (12.23 ട്രില്യൺ ഡോളർ), ജപ്പാൻ (4.87 ട്രില്യൺ ഡോളർ), ജർമനി (3.67 ട്രില്യൺ ഡോളർ) എന്നിവയാണ് ഇപ്പോൾ ഇന്ത്യക്കു മുന്നിൽ ഉള്ളത്. രണ്ടു വർഷം മുൻപ് നടന്ന ഈ കണക്കെടുപ്പിൽ ഇന്ത്യയുടെ വിഹിതം 2.59 ട്രില്യൺ ഡോളറും ബ്രിട്ടന്റേത് 2.62 ട്രില്യൺ ഡോളറും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP