Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമതയുടെ പാർട്ടിക്കാർ തല്ലിയോടിച്ച ഭാഗ്യം ബിജെപിക്കാർ ആഘോഷമാക്കി; ബംഗാളിൽ നിന്നും ഗുജറാത്തിലെത്തിയ ടാറ്റ കോടീശ്വരന്മാരാക്കിയത് നിസ്സാര ശമ്പളക്കാരായ പ്യൂൺമാരെ വരെ; ഭൂമി ഏറ്റെടുക്കൽ ലഹളയ്ക്കിടയിൽ ഒരു സാനന്ദ് മാതൃക

മമതയുടെ പാർട്ടിക്കാർ തല്ലിയോടിച്ച ഭാഗ്യം ബിജെപിക്കാർ ആഘോഷമാക്കി; ബംഗാളിൽ നിന്നും ഗുജറാത്തിലെത്തിയ ടാറ്റ കോടീശ്വരന്മാരാക്കിയത് നിസ്സാര ശമ്പളക്കാരായ പ്യൂൺമാരെ വരെ; ഭൂമി ഏറ്റെടുക്കൽ ലഹളയ്ക്കിടയിൽ ഒരു സാനന്ദ് മാതൃക

അഹമ്മദാബാദ്: ഗുജറാത്തിലെ സാനന്ദിലെ ഫാക്ടറികളിലെ ചില ജോലിക്കാർ സമയം വൈകിയെത്തിയാൽ പോലും ചോദ്യം ചെയ്യാൻ മാനേജർമാർ മടിക്കുമെന്നുറപ്പാണ്. കാരണം ഇവരിൽ ചില തൊഴിലാളികൾ വിലയേറിയ കാറുകളിൽ ഫാക്ടറി മുറ്റത്ത് വന്നിറങ്ങുന്നവരും തങ്ങളേക്കാൾ സമ്പന്നരായ കോടീശ്വരന്മാരുമായതിനാൽ മാനേജർമാർ ഇവരുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. ടാറ്റയുടെ കാർഫാക്ടറിക്ക് വേണ്ടി ഇവിടെ ഭൂമിയേറ്റെടുക്കുമ്പോൾ അതിന്റെ ഉടമകൾക്ക് പൊന്നും വിലയാണ് ടാറ്റ നൽകിയിരിക്കുന്നത്. അതിനാൽ സാനന്ദിലെ തൊഴിലാളികളിൽ മിക്കവരും നിനച്ചിരിക്കാതെ കോടീശ്വരന്മാരായി തീർന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

നിസ്സാര ശമ്പളക്കാരായ പ്യൂൺമാർ വരെ ഇവിടെ ടാറ്റയ്ക്ക് ഭൂമി വിട്ട് കൊടുത്ത് കോടീശ്വരന്മാരായിരിക്കുകയാണ്. ബംഗാളിൽ ടാറ്റ കാർഫാക്ടറി സ്ഥാപിക്കാൻ ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചപ്പോൾ മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസുകാർ തല്ലിയോടിച്ചത് ഗുജറാത്തിലെ ബിജെപിക്കാർ ആഘോഷമാക്കിയതിന്റെ കഥ കൂടിയാണിത്. ഇന്ന് പലയിടത്തും കർഷകരുടെയും മറ്റും ഭൂമി വ്യവസായ ആവശ്യത്തിന് വേണ്ടി ഏറ്റെടുക്കുന്നതിനെ ചൊല്ലി കശപിശകൾ നടക്കുകയാണല്ലോ.. അവിടങ്ങളിലെല്ലാം ഭൂമിയേറ്റെടുക്കലിന്റെ ഈ സാനന്ദ് മാതൃക പകർത്തിയാൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാവും.

4000 ഹെക്ടർ ഭൂമി ടാറ്റ വ്യവസായത്തിനായി സാനന്ദിൽ ഏറ്റെടുത്തപ്പോൾ 2000 കോടി രൂപയാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ വാരിവിതറിയിരിക്കുന്നത്.തൽഫലമായി പ്രദേശത്തെ സാധാരണക്കാരിൽ സാധാരണക്കാരായ പലരും ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്മാരായിത്തീരുകയായിരുന്നു. ഇവരിൽ പലരും മെഷീൻ ഓപ്പറേറ്റർമാർ, ഫ്‌ലോർ സൂപ്പർവൈസർമാർ, സെക്യൂരിറ്റി ജീവനക്കാർ, തുടങ്ങിയ തസ്തികകളിൽ വിവിധ ഫാക്ടറികളിലും കമ്പനികളിലും ജോലി ചെയ്യുന്നവരുമാണ്. സാനന്ദിലെ രവിരാജ് ഫോയിൽസ് ലിമിറ്റഡിൽ ജോലി ചെയ്യുന്ന 300 ജോലിക്കാരിൽ 150 പേർക്കെങ്കിലും ബാങ്കിൽ ഒരു കോടിയിലധികം നിക്ഷേപമുള്ളവരാണ്. അവരുടെ ശമ്പളമാകട്ടെ മാസത്തിൽ വെറും 9000 രൂപയ്ക്കും 20,000 രൂപയ്ക്കും മധ്യേ മാത്രമാണ്.

ഇവിടെ തൊഴിലാളികളെ നിലനിർത്തുകയെന്നത് വളരെ വിഷമം പിടിച്ച കാര്യമാണെന്നാണ് രവിരാജ് ഫോയിൽസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജയ്ദീപ് സിങ് വഗേല പറയുന്നത്. അതിനാൽ ഇവിടുത്തെ കോടീശ്വരന്മാരായ ജോലിക്കാരെ തങ്ങൾ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇവരിൽ പലർക്കും ഈ ജോലി അവരുടെ പ്രാഥമിക വരുമാന ഉറവിടമല്ലെന്നും ചിലർക്കിത് ഒരു നേരമ്പോക്ക് മാത്രമായിത്തീർന്നിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

പശ്ചിമബംഗാളിലെ സിൻഗൂരിൽ സ്ഥാപിക്കാനിരുന്ന ടാറ്റ മോട്ടോർസിന്റെ നാനോ പ്ലാന്റ് 2008ൽ ഇവിടേയ്ക്ക് മാറ്റിയതിനെ തുടർന്നായിരുന്നു സാനന്ദിൽ ത്വരിതഗതിയിലുള്ള വ്യവസായ വൽക്കരണത്തിന് വഴിയൊരുങ്ങിയത്. ഏതാണ്ട് 200 ഓളം ചെറുതും വലുതുമായ കമ്പനികളാണ് ഗുജറാത്ത് ഇന്റസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നത്.ബോൽ, ഹിറാപൂർ, ഖോരാജ് പോലുള്ള ഗ്രാമങ്ങളിൽ നിന്നായിരുന്നു ഇതിന് വേണ്ടി ഭൂമി ഏറ്റെടുത്തിരുന്നത്.ഇതിലൂടെ വൻതുക ലഭിച്ച ഗ്രാമീണരിൽ പലരും ആ പണം ഭൂമിയിലും സ്വർണത്തിലും ബാങ്കിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. നാനോ പ്ലാന്റ് ഇവിടെ സ്ഥാപിക്കുന്നതിന് മുമ്പ് വെറും രണ്ട് ബാങ്കുകളുടെ ഒമ്പത് ബ്രാഞ്ചുകൾ മാത്രമായിരുന്നു സാനന്ദിൽ ഉണ്ടായിരുന്നത്. വെറും 104 കോടി രൂപയുടെ നിക്ഷേപം മാത്രമായിരുന്നു ഈ ബാങ്കുകളിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് 25 വ്യത്യസ്ത ബാങ്കുകളുടെ 56 ശാഖകളാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇവിടെ ഉയർന്ന് വന്നിരിക്കുന്നത്. അവയിലെ നിക്ഷേപമാകട്ടെ 3000കോടിയായി ഉയരുകയും ചെയ്തു.

ഇവിടെ കോടിപതികളായ ജോലിക്കാർ നിരവധി ഫാക്ടറികളിൽ ജോലി ചെയ്യുന്നുണ്ടെന്നും അതിനാൽ അവർ ജോലിയിൽ നിന്ന് വിട്ട് പോകുന്നത് തടയാൻ സ്ഥാപനങ്ങൾ പാടുപെടുന്നുന്നുണ്ടെന്നുമാണ് സാനന്ദ് ഇന്റസ്ട്രീസ് അസോസിയേഷൻ സെക്രട്ടറിയായ ശൈലേഷ് താക്കർ പറയുന്നത്. ഇത്തരത്തിൽ നിരവധി കോടിപതികൾ ജോലി ചെയ്യുന്ന സ്ഥാപനമായ നാമി സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറാണ് പരീക്ഷിത്ത് പട്ടേൽ. തങ്ങളുടെ സ്ഥാപനത്തിൽ സെക്യൂരിറ്റിക്കാരായും മെഷീൻ ഓപ്പറേറ്റർമാരായും കോടിപതികൾ അനേകം പേരുണ്ടെന്നാണ് പട്ടേൽ വെളിപ്പെടുത്തുന്നത്.

പലരും ഒരു സമയം പോക്കെന്ന നിലയിലാണ് ഇവിടെ ജോലി ചെയ്യുന്നതെന്നും പണത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം പറയുന്നു. തന്റെ മറ്റൊരു സ്ഥാപനമായ പരീക്ഷിത്ത് ഇന്റസ്ട്രീസ് ലിമിറ്റഡ് 2013ൽ ഡച്ച് കമ്പനിക്ക് വിറ്റതായും പട്ടേൽ പറയുന്നു. തങ്ങൾ ആ കമ്പനി വിൽക്കുമ്പോൾ അതിൽ 50 കോടിപതികളായ ജോലിക്കാർ ഉണ്ടായിരുന്നുവെന്നും പട്ടേൽ പറയുന്നു.വിലപിടിച്ച കാറുകളും ഗാഡ്ജറ്റുകളും മറ്റെല്ലാം ആഡംബര ജീവിതസാഹചര്യങ്ങളുമുള്ളവർ വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ പഠിച്ച പണി ചെയ്യാൻ ഫാക്ടറികളിലെത്തുകയാണ്‌ചെയ്യുന്നത്.

തനിക്ക് വൻ ഇത്തരത്തിൽ വൻ തുക നഷ്ടപരിഹാരമായി ലഭിച്ചപ്പോൾ താൻ 2011ലെ വേൾഡ് കപ്പ് ക്രിക്കറ്റ് കാണാൻ ജോലി രാജിവയ്ക്കുകയായിരുന്നുവെന്നാണ് ജഗദീഷ് വഗേലയെന്ന 38കാരൻ പറയുന്നത്. എന്നാൽ ടൂർണമെന്റ് കഴിഞ്ഞപ്പോൾ കൈ നിറയെ കാശുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ അസഹനീയമായിരുന്നുവെന്നാണ് വഗേല പറയുന്നത്. തുടർന്ന് താൻ രാജിവച്ച സ്ഥാപനത്തിൽ തന്നെ പമ്പ് ഓപ്പറേറ്ററായി വീണ്ടും ജോയിന്റ് ചെയ്യുകയായിരുന്നു അദ്ദേഹം. ചാൻദോഗർ, ശാന്തിപുര എന്നിവിടങ്ങളിൽ വ്യവസായഭൂമികളിൽ വഗേല പണം നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ഇയാൾക്ക് ലഭിക്കുന്ന മാസശമ്പളം വെറും 18,000 രൂപ മാത്രമാണ്.11,000 രൂപ മാത്രമുള്ള നരേന്ദ്ര സിങ് ബരാദിന് ബാങ്കിൽ നാല് കോടിയാണ് നിക്ഷേപമുള്ളത്.

ഇത്തരത്തിൽ പണം കിട്ടിയപ്പോൾ തന്റെ രണ്ട് ബന്ധുക്കൾ പെട്ടെന്ന് ജോലി വിട്ടെന്നും എന്നാൽ താൻ ജോലിയിൽ തുടരാൻ തീരുമാനിക്കുക ആയിരുന്നുവെന്നുമാണ് 29കാരനായ ബരാദ് പറയുന്നത്. ഇതിലൂടെ മുഷിപ്പ് ഒഴിവാക്കി എപ്പോഴും ബിസിയാകാമെന്നും അദ്ദേഹം പറയുന്നു.ഇതുപോലെ തന്നെ മറ്റൊരു നവകോടീശ്വരനായ ധർമേന്ദ്രസിംഗിന് രണ്ട് കോടി ഫിക്‌സഡ് നിക്ഷേപത്തിൽ നിന്നും മാസത്തിൽ 60,000 രൂപ പലിശ ലഭിക്കുന്നുണ്ട്. എന്നാലും 31 കാരനായ ഇദ്ദേഹം ഒരു ഗ്രൈൻഡിങ് മെഷീൻ ഓപ്പറേറ്ററായി ജോലിതുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP